ഭാഗം 36
ഓഗസ്റ്റ് 23-ാം തീയതി ബുധനാഴ്ച, ഉച്ചയ്ക്ക് ശേഷം മകനോടും കൊച്ചുമകളോടുമൊപ്പം ഒട്ടാവായിലുള്ള 'ഓർലിയൻസ് പ്രിൻസസ് ലൂയിസ് വാട്ടർഫാൾസ്' കാണുവാനായി ഞങ്ങൾ പോയി. ഒട്ടാവാനഗരത്തിലെ പ്രാന്തപ്രദേശമായ ഓർലിയൻസ് കമ്മ്യൂണിറ്റിയിലെ ഒരു സമീപസ്ഥലമാണ് 'ഫാളിംഗ് ബ്രൂക്ക്'. ഇവിടുത്തെ പ്രകൃതിദത്തമായ സൗന്ദര്യങ്ങളിലൊന്നാണ് പ്രിൻസസ്സ് ലൂയിസ് വെള്ളച്ചാട്ടം.
നിബിഡമായ സസ്യജാലങ്ങളും കുന്നുകളും ഇതിനെ സാധാരണ കാഴ്ചയിൽ നിന്നും മറച്ചിരിക്കുന്നു. ഉയർന്ന സ്ഥലത്ത് കാർ പാർക്ക് ചെയ്തിട്ട്, പ്രകൃതിദത്ത പാതയിലൂടെ മലയുടെ അടിവാരത്തിലേക്ക് നടന്ന് വെള്ളച്ചാട്ടത്തിന്റെ സമീപം ഞങ്ങൾ എത്തി. ആഴത്തിലുള്ള മലയിടുക്കിലൂടെ ശക്തിയിൽ താഴേക്ക് പതിക്കുന്ന വെള്ളത്തിന്റെ ചാട്ടം ശരിക്കും ഞങ്ങളെ അമ്പരപ്പെടുത്തി. വെള്ളച്ചാട്ടത്തിന്റെ അടിയിൽ നിന്ന് മുകളിലേക്ക് നോക്കി, അതിന്റെ ഭംഗി ആസ്വദിക്കുകയും പാറക്കെട്ടുകളുടെ ഇടയിലൂടൊഴുകുന്ന തെളിനീരിൽ ഇറങ്ങി നിൽക്കുകയും ചെയ്തു. പ്രിൻസസ് ലൂയിസ് ഡ്രൈവിന്, വടക്കും ബ്രൂകിഡ്ജിന്, തൊട്ടു കിഴക്കുമുള്ള പ്രകൃതിദത്ത വെളളച്ചാട്ടത്തിന് നൽകിയ പേരാണ്, പ്രിൻസസ് ലൂയിസ് വെള്ളച്ചാട്ടം. ഇത്, ഫാളിംഗ് ബ്രൂക്കിന്റെ വടക്കേ അറ്റത്ത് നിന്ന് ഒട്ടാവാനദിയിലേക്ക് ഒഴുകുന്നു. വെള്ളച്ചാട്ടത്തിലേക്ക് ഒരു ചെറിയ ചരിവുണ്ട്. തിരക്കേറിയ റോഡിനും പ്രാന്തപ്രദേശങ്ങൾക്കും വളരെ അടുത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. വസന്തകാലമാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല സമയം. പ്രിൻസസ് ലൂയിസ് ഫാൾസ് എന്ന പേരിനെക്കുറിച്ച് ചില വിവാദങ്ങൾ പ്രചരിച്ചിരുന്നു. ഏകദേശം 1880 ൽ വിക്ടോറിയ രാജ്ഞിയുടെ ആറാമത്തെ മകളായ ലൂയിസ് രാജകുമാരി, ജലഛായ ചിത്രങ്ങൾ വരയ്ക്കാനായി, ഒരു ബോഗ്ഗിയിൽ ഇവിടെ വരാറുണ്ടായിരുന്നത്രേ.
ഇന്നത്തെ ക്വീൻ സ്ട്രീറ്റിന് തെക്കോട്ടുളള മോൺട്രിയലിലേക്കുള്ള വഴി, പണ്ടൊരു ട്രെയിൻ ട്രാക്കായിരുന്നു. വെള്ളച്ചാട്ടത്തിന് താഴെ, പഴയ റെയിൽപാലവും നടപ്പാതയും ഇപ്പോഴും കാണാവുന്നതാണ്. പ്രകൃതിയുടെ മനോഹരമായ കാഴ്ചകളും മനസ്സിൽ നിറച്ചു കൊണ്ട്, അവിടെ നിന്നും ഞങ്ങൾ മടങ്ങി. അടിവാരത്തു നിന്ന്, മുകളിലേക്കുള്ള കയറ്റം, അതിസാഹസികമായിരുന്നു. തിരിച്ചുപോകുന്ന വഴി, ഇവിടുത്തെ ഒരു പ്രശസ്ത കടയായ വാൾമാർട്ടിൽ കയറി, ആവശ്യമായ സാധനങ്ങളും വാങ്ങി ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.
വെളളിയാഴ്ചയും ഉച്ച ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങി. ഒട്ടാവായിലെ 'കാനഡാ ഏവിയേഷൻ ആൻഡ് സ്പെയിസ് മ്യൂസിയം' സന്ദർശിക്കാനായിരുന്നു, അന്ന് ഞങ്ങൾ പോയത്. കാനഡയുടെ ദേശീയ വ്യോമയാന ചരിത്ര മ്യൂസിയമാണിത്. ഒട്ടാവായിലെ, റോക്ക് ക്ലിഫ് എയർപോർട്ടിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മ്യൂസിയത്തിന്റെ പ്രധാന കെട്ടിടത്തിന് ത്രികോണാകൃതിയിലുള്ള ഘടനയാണ്. ഇടത് വശത്തുള്ള ചതുരാകൃതിയിലുള്ള വെളുത്ത കെട്ടിടം, 2005 ൽ തുറന്ന സ്റ്റോറേജ് കെട്ടിടമാണ്. സൈനിക വിമാനങ്ങളടങ്ങിയ നിരവധി കനേഡിയൻ വാർ മ്യൂസിയം ശേഖരങ്ങൾ ഇവിടെയുണ്ട്. ഇവയിൽ ഒന്നാം ലോകമഹായുദ്ധകാലത്തെ വളരെ പഴക്കമുളള ട്രോഫികളും ഉൾപ്പെടുന്നു. 51 കാനഡ ഏവിയേഷൻ മ്യൂസിയം സ്ക്വാഡ്രൺ, റോയൽ കനേഡിയൻ എയർ കേഡറ്റുകൾ എന്നിവയും ഈ മ്യൂസിയത്തിലുണ്ട്. കാനഡയുടെ വ്യോമയാന ത്തിന്റെ സംഭാവനയായ, എയ്റോസ്പേസ് ടെക്നോളജി ഉൾപ്പെടുത്തി വിപുലീകരിച്ചതോടെ, ബഹിരാകാശ പറക്കൽ ഉൾപ്പെടെയുള്ള മ്യൂസിയത്തിന്റെ ശേഖരവും വളർന്നു. 130 ലധികം വിമാനങ്ങളും സിവിൽ, മിലിട്ടറി സേവനങ്ങളിൽ നിന്നുള്ള എഞ്ചിനുകൾ, പ്രൊപ്പല്ലറുകൾ തുടങ്ങിയ പുരാവസ്തുക്കളും ഇവിടെ അടങ്ങിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച വ്യോമയാന മ്യൂസിയങ്ങളിൽ ഒന്നായി ഇന്നിത് പരിഗണിക്കപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ നിന്നുള്ള ലാൻകാസ്റ്റർ ബോംബർ, ലൈഫ് ഇൻ ഓർബിറ്റ്, ദി ഇന്റർനാഷണൽ എന്നീ പ്രസിദ്ധമായ വിമാനങ്ങളുടെ അവശേഷിക്കുന്ന ഏറ്റവും വലിയ ഭാഗങ്ങൾ മ്യൂസിയത്തിന്റെ ഹൈലൈറ്റുകളാണ്. ഇങ്ങനെയൊരു മ്യൂസിയം, ആദ്യമായിട്ടാണ് ഞാൻ സന്ദർശിക്കുന്നത്. ധാരാളം അറിവു പ്രദാനം ചെയ്യുന്ന വ്യത്യസ്ത കാലഘട്ടങ്ങളിലെ വിമാനങ്ങളുടേയും ഹെലികോപ്ടറുകളുടേയും ശേഖരങ്ങൾ, വളരെയധികം ജിജ്ഞാസയോടെ ചുറ്റിനടന്ന് കണ്ടു.
എല്ലാ ദിവസങ്ങളിലും പ്രവേശനഫീസ് ഈടാക്കുന്നുണ്ടെങ്കിലും വൈകുന്നേരം നാല് മുതൽ അഞ്ച്മണി വരെയുള്ള സമയങ്ങളിൽ ഇവിടുത്തെ പ്രവേശനം സൗജന്യമാണ്. അന്ന് നാല് മണി കഴിഞ്ഞിരുന്നതിനാൽ ഞങ്ങൾക്കും ടിക്കറ്റെടുക്കേണ്ടി വന്നില്ല. മുകളിലത്തെ നിലയിൽ മനോഹരമായി സജ്ജീകരിച്ചിരിക്കുന്ന സ്പെയ്സ് മ്യൂസിയവും, കൗതുകത്തോടൊപ്പം വളരെയേറെ അറിവുകളും പകർന്നുതന്നു. വ്യോമയാന ചരിത്രത്തെക്കുറിച്ചും നൂറ് വർഷങ്ങൾക്ക് മുമ്പ് എങ്ങനെയാണ് ആദ്യത്തെ വിമാനങ്ങൾ നിർമിച്ചതെന്നതിനെക്കുറിച്ചും അറിയാൻ കഴിഞ്ഞതിൽ അഭിമാനം തോന്നി. അവിടെ നിന്നും പുറത്തിറങ്ങി, മരങ്ങളും പുൽത്തകിടികളും നിറഞ്ഞ പാർക്കിലൂടെ കുറച്ചു നേരം ഞങ്ങൾ നടന്ന്, പച്ചപ്പ് നിറഞ്ഞ പ്രകൃതി ഭംഗി ആവോളം ആസ്വദിച്ചു. മരുമകളുടെ ഓഫിസിലെത്തി അവളേയും പിക്ക് ചെയ്തു കൊണ്ട്, സഫാരി ഗ്രിൽ എന്ന ആഫ്രിക്കൻ റെസ്റ്റോറന്റിൽ കയറി ഡിന്നർ കഴിച്ചു. പരമ്പരാഗതമായ രീതിയിൽ പാചകം ചെയ്തിട്ടുള്ള വ്യത്യസ്തമായ രൂചിക്കൂട്ടുകൾ നിറഞ്ഞ ഭക്ഷണമായിരുന്നു അത്. എട്ട് മണിയോടു കൂടി അവിടെ നിന്നുമിറങ്ങി, ഒൻപത് മണിക്ക് നടക്കാനിരിക്കുന്ന ലൈറ്റ് ഷോ കാണുവാനായി ഞങ്ങൾ, പാർലമെന്റ് ഹില്ലിലേക്ക് പോയി.
(തുടരും)