ഭാഗം 5
കാറ്റും മഴയുമൊക്കെ ആയിരുന്നതിനാൽ ബുധനാഴ്ച ഞങ്ങൾ പുറത്തേക്കൊന്നും ഇറങ്ങിയില്ല. മകൾക്കിഷ്ടമുള്ള ഭക്ഷണങ്ങളൊക്കെ പാകം ചെയ്ത് വീട്ടിൽത്തന്നെ കഴിഞ്ഞുകൂടി.
ഒരു മാസത്തോളമായി ഡണ്ടിയിൽ നടന്നു വരുന്ന വാഗസ് സർക്കസ് കാണാൻ, അടുത്ത ദിവസം മകളോടും കൂട്ടുകാരോടുമൊപ്പം ഞങ്ങളും പോയി. രണ്ട് ദിവസങ്ങൾക്ക് മുൻപ് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഡണ്ടിലേക്കിന് അല്പം അകലെയായുള്ള വിശാലമായ ഗ്രൗണ്ടിൽ മനോഹരമായി സജ്ജീകരിച്ച വളരെ വലിയൊരു ടെന്റിനുള്ളിലായിരുന്നു സർക്കസ് അരങ്ങേറിയത്.
വൈകുന്നേരം 6 മണി മുതൽ 9 മണിവരെ നടന്ന മാസ്മരികമായ പ്രകടനങ്ങൾ ആകാംക്ഷയോടെ ഞങ്ങൾ കണ്ടിരുന്നു. പരിചയസമ്പന്നരായ കലാകാരന്മാരുടെ ഉദ്വേഗജനകമായ വിവിധയിനം അത്ഭുത പ്രകടനങ്ങളിൽ കാണികൾ കോരിത്തരിച്ചു. സദസ്സിനെ പ്രകമ്പനം കൊള്ളിക്കുന്ന സംഗീത നാദലയങ്ങളിൽ എല്ലാവരും മുഴുകിയിരുന്നു.
രസികനായ ജോക്കറിന്റെ ചടുലമായ തമാശകൾ കാണികളെ കുടുകുടെ ചിരിപ്പിച്ചു. ചരടിലൂടെയുള്ള നടത്തവും സൈക്കിൾ പ്രകടനങ്ങളും ഊഞ്ഞാലാട്ടങ്ങളും തലകുത്തിമറിയലുമെല്ലാം അമിതമായ ഹൃദയമിടിപ്പോടെ ഞങ്ങൾ നോക്കിയിരുന്നു.. മാന്ത്രിക കാഴ്ചകളിൽ മുഴുകിയിരുന്നതിനാൽ സമയം കടന്നുപോയത് അറിഞ്ഞതേയില്ല.
സർക്കസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അനുഭവപ്പെട്ട ശക്തമായ കാറ്റിൽ, എല്ലാവരും തണുത്തു വിറച്ചു. വീട്ടിലേക്ക് നടന്നുപോകാമെന്ന് ആദ്യം കരുതിയെങ്കിലും തണുപ്പും കുളിരും കാരണം ഒരു ടാക്സി ബുക്ക് ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ വന്ന് മുന്നിൽ നിർത്തിയ വണ്ടിയിൽ ഞങ്ങൾ കയറി. വീട്ടിലെത്തി ഫ്രഷായതിന് ശേഷം ഭക്ഷണവും കഴിച്ച് സുഖമായി കിടന്നുറങ്ങി.
പിറ്റേ ദിവസം വെള്ളിയാഴ്ചയായിരുന്നു, മകളുടെ ഗ്രാജുവേഷൻ സെറിമണി. ഡണ്ടി യൂണിവേഴ്സിറ്റിയിൽ നിന്നും 2023 മാർച്ച് അവസാനത്തോടു കൂടി വിവിധയിനം കോഴ്സുകളിൽ പഠിച്ചിറങ്ങിയ ആയിരത്തി അഞ്ഞൂറോളം കുട്ടികളുടെ
കോൺവെക്കേഷൻ, യൂണിവേഴ്സിറ്റിയുടെ സമീപത്തുളള Caird hall എന്നറിയപ്പെടുന്ന കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഒരാഴ്ചയായി നടന്നുവരികയായിരുന്നു.
യു.കെ യിലെ ഉയർന്ന റാങ്കുകളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഒരു യൂണിവേഴ്സിറ്റിയാണ്, 'യൂണിവേർസിറ്റി ഓഫ് ഡണ്ടി.'
യു.കെ യിൽ 29-ാം സ്ഥാനവും സ്കോട്ട് ലൻഡിൽ തന്നെ നാലാം സ്ഥാനവും ഇതിനുണ്ട്. ഇവിടെ പഠിക്കാൻ വരുന്നവർക്ക് ആനുപാതികമായി കുറഞ്ഞ ചിലവിലുള്ള ജീവിത സൗകര്യങ്ങളും ഈ നഗരത്തിൽ ലഭ്യമാണ്.
പത്ത് മണിക്ക് നടക്കുന്ന ഫംഗ്ഷനിൽ പങ്കെടുക്കുവാനായി കറുപ്പും മഞ്ഞയും നിറത്തിൽ പ്രത്യേക വേഷമണിഞ്ഞ മകളോടൊപ്പം ഒൻപത് മണിക്ക് തന്നെ ഞങ്ങൾ അവിടെയെത്തി. മാസ്റ്റേഴ്സ് ഡിഗ്രി ആയതിനാൽ, മഞ്ഞനിറത്തിൽ രണ്ട് സ്ട്രെപ്പുകളുള്ള ഗ്രാജുവേഷൻ ഗൗൺ ആണ് അവൾ ധരിച്ചത്.
വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള കുട്ടികൾ, തങ്ങളുടെ മാതാപിതാക്കളോടും ബന്ധുക്കളോടുമൊപ്പം അവിടെ സന്നിഹിതരായിട്ടുണ്ട്. പരിചയപ്പെടലും ഫോട്ടോയെടുക്കലുമൊക്കെയായി സമയം കടന്നുപോയി. കൃത്യം പത്ത് മണിക്ക് തന്നെ വന്നവരെല്ലാം ചരിത്ര പാരമ്പര്യമുള്ള ആ ഹാളിനുള്ളിൽ കയറിയിരുന്നു. മനോഹരമായി അലങ്കരിച്ച, ഏകദേശം എണ്ണൂറ് സീറ്റുകളുള്ള വലിയൊരു ഓഡിറ്റോറിയയിരുന്നു അത്.
വേദിയുടെ മുന്നിലായി വിദ്യാർത്ഥികൾക്ക് ഇരിക്കാനുള്ള സിറ്റുകൾ കോഴ്സുകളുടെ ക്രമത്തിൽ നമ്പറുകൾ ഇട്ട് സജ്ജീകരിച്ചിരുന്നു. കൂടെ വന്നവർക്ക് ഇരിക്കുവാനുള്ള ഇരിപ്പിടങ്ങൾ, ഹാളിന്റെ പിറകിലും രണ്ടു വശങ്ങളിലും ആയിട്ടാണ് ഒരുക്കിയിട്ടുള്ളത്. വേദിയുടെ വലതു വശത്തുള്ള ബാൽക്കണിയിൽ തന്നെ ഞങ്ങൾ സ്ഥാനം പിടിച്ചു. പല കോഴ്സുകളിലായി നാന്നൂറോളം വിദ്യാർത്ഥികളുടെ ഗ്രാഡുവേഷനാണ് അന്ന് നടന്നത്.
ഡിപ്പാർട്ട്മെന്റ് ചെയർപേർസൺസ്, പ്രോഗ്രാം ഡയറക്ടേർസ്, ഗ്രാൻഡ് മാർഷൽസ്, VIP മാർഷൽസ്, പേര് വായിക്കുന്നവർ, നെയിം കാർഡ് കൊടുക്കുന്നവർ, ഫാക്കൽറ്റി
മെംബേർസ്, ചാൻസലർ, വൈസ് ചാൻസലർ, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഡീൻസ് തുടങ്ങിയവർ കത്തിച്ച വിളക്കിന്റെ അകമ്പടിയോടുകൂടി വരിവരിയായി നടന്ന് ഇരു വശങ്ങളിൽക്കൂടി വേദിയിൽ, അവരവർക്കായി ഒരുക്കിയിട്ടുള്ള സ്ഥാനങ്ങളിൽ ചെന്നിരുന്നു.
ക്വൊയർ ടീമിന്റെ പ്രാർത്ഥനാഗാനത്തിന് ശേഷം നടക്കാനിരിക്കുന്ന പരിപാടികളുടെ വിശദാംശങ്ങൾ അറിയിച്ചു.
യൂണിവേർസിറ്റിയുടെ ചരിത്രവും പഠനരീതികളുടെ വിലയിരുത്തലുകളും വൈസ് ചാൻസലർ അവതരിപ്പിച്ചു.
വീണ്ടും ഗായകസംഘത്തിന്റെ ഒരു ഗാനത്തിന് ശേഷം ഗ്രാജുവേഷനിലേക്ക് പ്രവേശിച്ചു.
യഥാക്രമം പേര് വിളിച്ച ഓരോ വിദ്യാർത്ഥിയും വേദിയിലൂടെ നടന്നുവന്നു. ലേഡീ ചാൻസലരുടെ മുന്നിലെത്തുന്ന വിദ്യാർത്ഥികളുടെ തലയിൽ ബോണറ്റ് (യൂണിവേഴ്സിറ്റിയുടെ ലോഗാ പതിപ്പിച്ച പ്രത്യേക രീതിയിലുള്ള വിശേഷമായ ഒരു തുണി) വച്ച് അവർ അനുഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്തു. അത് കഴിഞ്ഞ് സർട്ടിഫിക്കറ്റ് അടങ്ങിയ ഒരു പേപ്പർ കുഴൽ ഓരോരുത്തർക്കും നൽകി വരിവരിയായി അവരെ പുറത്തേക്ക് വിട്ടു.
ഏകദേശം പന്ത്രണ്ടര മണിയോടുകൂടി ഹാളിനുള്ളിലെ പരിപാടികൾ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ, അബർഡീനിൽ നിന്നും മൂത്തമകളും എത്തിച്ചേർന്നു. അനിയത്തിയുടെ ജീവിതത്തിലെ അഭിമാനകരമായ നിമിഷങ്ങളിൽ പങ്കെടുക്കുവാൻ വേണ്ടി അന്നേ ദിവസം അവൾ ലീവെടുത്തു.
കട്ടികളെ സ്കൂളിലാക്കിയിട്ട്, രണ്ട് മണിക്കൂർ ബസ് യാത്ര ചെയ്ത് അവളവിടെ എത്തിയപ്പോഴേക്കും ഹാളിനുള്ളിലെ പരിപാടികൾ കഴിഞ്ഞിരുന്നു. ഫോട്ടോയെടുക്കലും കൂട്ടുകാരെ പരിചയപ്പെടലും സംസാരവുമൊക്കെയായി ഒരു മണിക്കൂർ പിന്നെയും അവിടെത്തന്നെ ചിലവഴിച്ചു.
അതിന് ശേഷം ഞങ്ങൾ നാലുപേരും കൂടി സിറ്റിയിൽത്തന്നെയുള്ള Yamm World cuisine എന്ന റെസ്റ്റോറന്റിൽ ബുഫേ കഴിക്കുവാനായി കയറി. നേരത്തേ ബുക്ക് ചെയ്തിരുന്നതിനാൽ ഞങ്ങൾക്കുള്ള സീറ്റുകൾ അവിടെ റിസർവ്ഡ് ആയിരുന്നു. രുചികരമായ വിവിധയിനം ഭക്ഷണങ്ങളുടെ ഒരു കലവറ തന്നെയായിരുന്നു അവിടം. വയറും മനസ്സും നിറച്ച് രണ്ടരമണിയോടുകൂടി അവിടെ നിന്നും ഞങ്ങൾ ബസ് സ്റ്റാൻഡിലേക്ക് നടന്നു. അബർഡീനിലേക്കുള്ള ബസ്സിൽ മൂത്തമകളെ കയറ്റി വിട്ടിട്ട്, ഞങ്ങൾ വീട്ടിലേക്ക് പോയി.
വളരെ അഭിമാനകരമായ ഒരു ദിവസം തന്നെയായിരുന്നു അത്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഫംഗ്ഷന് ഞാൻ പങ്കെടുക്കുന്നത്. ഈ അസുലഭ സന്ദർഭത്തിന് സാക്ഷ്യം വഹിക്കാൻ അവസരം
നൽകിയ ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
അന്നേ ദിവസം തന്നെ വൈകുന്നേരം യൂണിവേഴ്സിറ്റിയോട് ചേർന്നുള്ള കാമ്പസ് ഗ്രീനിൽ വച്ച് എല്ലാ ഗ്രാജുവേറ്റിനും അവരുടെ ബന്ധുക്കൾക്കും കൂട്ടുകാർക്കുമായി യൂണിവേർസിറ്റി അധികൃതർ തന്നെ ഒരു ഗാർഡൻ പാർട്ടി ക്രമീകരിച്ചിരുന്നു. തണുപ്പായതിനാൽ മകളോടും കൂട്ടുകാരോടുമൊപ്പം ഞങ്ങൾ പോയില്ല.
പാർട്ടി കഴിഞ്ഞ് രാത്രിയിൽ അവൾ മടങ്ങി വന്നപ്പോഴും പുറത്ത് നല്ല വെളിച്ചമുണ്ടായിരുന്നു.
(തുടരും)