ഭാഗം 53
Mont Tremplant, Qubeac, Canada
കാനഡയിലെ ക്യൂബക്ക് പ്രോവിൻസിലുള്ള mont tremplant സന്ദർശിക്കുവാനായി Oct 15 ഞയറാഴ്ച രാവിലെ, 8.30 മണിക്ക് ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി. ഫാൾസ് സീസൺ ആയിരുന്നതിനാൽ പാതക്കിരുവശത്തുമുള്ള നയനമനോഹരമായ നിറഭംഗികൾ, രണ്ടര മണിക്കൂർ യാത്രയിലുടനീളം ഞങ്ങളെ വളരെയേറെ ആകർഷിച്ചു.
റോക്ക്ലൻഡിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ, ഒന്റാരിയോയിലെ കിഴക്കൻ അതിർത്തിയേയും ക്യുബക്കിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന Galipeau എന്ന പ്രദേശത്തുള്ള ക്ലാരൻസ് നദി കടന്ന് വേണമായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത്.
നദിയിലൂടെ സഞ്ചരിക്കുന്ന ഒരു കടത്തുവള്ളത്തിൽ യാത്രനിരക്കുകൾ ഈടാക്കിയതിന് ശേഷം, വണ്ടികൾ കയറ്റി, അര മൈലോളം നദിക്ക് മുകളിലൂടെ സഞ്ചരിച്ച് ഞങ്ങൾ അക്കരെയെത്തി.
ഒരേ സമയം എട്ട് കാറുകൾ വരെ കയറ്റാവുന്ന ഈ ചങ്ങാടത്തിലെ അസാധാരണമായ യാത്ര കൗതുകം ജനിപ്പിക്കുന്നതായിരുന്നു.
ക്യൂബക്കിലെ ലോറൻഷ്യൻ പർവതനിരകളിലെ ഒരു നഗരമാണ് Mont Tremplant. ക്യൂബക്കിന്റെ തലസ്ഥാനമായ മോൺട്രിയലിൽ നിന്ന് ഏകദേശം 130 കി.മീ വടക്ക് പടിഞ്ഞാറാണ് ഇത് സ്ഥിതി ചെയ്യുന്നത്. മോണ്ട് ട്രെംബ്ലാന്റ് പർവ്വത നിരകളെ 'വിറയ്ക്കുന്ന പർവ്വതം' എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.
പതിനൊന്ന് മണിയോടെ അവിടെ എത്തിയ ഞങ്ങൾ, പരമാവധി മൂന്ന് പേർക്ക് മാത്രം കയറാൻ പറ്റുന്ന രണ്ട് കേബിൾ കാറുകളിൽ കയറി മുകളിലെത്തി.
Tremplant പർവതത്തിന്റെ കൊടുമുടിയിലേക്ക് കയറാനുള്ള ടിക്കറ്റെടുത്തതിന് ശേഷം പനോരമിക് ഗൊണ്ടോളയുടെ താഴത്തെ ടെർമിനലിലെ നീണ്ട നിരയിൽ ഞങ്ങൾ സ്ഥാനം പിടിച്ചു.
ആറ്പേർക്ക് അഭിമുഖമായി ഇരിക്കാവുന്ന കേബിൾ കാറിൽ കയറി, ഭൂനിരപ്പിൽ നിന്നും 875 മീറ്റർ ഉയരത്തിലേക്കുള്ള അതിസാഹസികമായ യാത്ര, ശ്വാസം നിന്നുപോകുന ഒരനുഭവമാണ് ഞങ്ങൾക്ക് പ്രദാനം ചെയ്തത്.
പ്രകൃതി ഒരുക്കിയ മനോഹര ദൃശ്യങ്ങളിൽ കണ്ണോടിച്ചുകൊണ്ട് പത്ത് മിനിട്ടിൽ കൂടുതൽ സമയം നീണ്ടുനിൽക്കുന്ന വിസ്മനീയമായ യാത്ര, ഭയത്തോട് കൂടി മാത്രമേ ആസ്വദിക്കാൻ കഴിഞ്ഞിരുന്നുള്ളൂ...
ആളുകളേയും കയറ്റി തിരികെപ്പോകുന്ന കേബിൾ കാറുകളുടെ, സമാന്തര കാഴ്ചകളും പുതുമ നിറഞ്ഞ തായിരുന്നു.
ലോറൻഷ്യസ് പർവത നിരകളുടെ ചുറ്റുമുള്ള മഞ്ഞണിഞ്ഞ താഴ് വരകളിലെ അതിമനോഹരമായ ദൃശ്യങ്ങൾ എന്നെ പുളകം കൊള്ളിച്ചു.
നിരവധി ഹൈക്കിംഗ് പാതകളുടേയും നിറക്കൂട്ടണിഞ്ഞു നിൽക്കുന്ന മാമരങ്ങളുടേയും സുന്ദരമായ നേർക്കാഴ്ചകൾ ഹൃദ്യമായ അനുഭവം പകർന്നുതന്നു.
കുത്തനെയുള്ള മലകൾ കയറിയിറങ്ങുന്ന സാഹസികരായ സഞ്ചാരികളുടെ നിശ്ചയദാർഢ്യം ഞങ്ങളെ അത്ഭുതപ്പെടുത്തി.
മുകളിലത്തെ ടെർമിനലിൽ എത്തിച്ചേർന്ന കേബിൾ കാറിൽ നിന്നും പുറത്തിറങ്ങി, അത്ഭുതം കൂറുന്ന മിഴികളോടെ, പർവതത്തിന്റെ കൊടുമുടിയിൽ ചവിട്ടി നിന്നു.
പരിസരമാകെ മഞ്ഞ് മൂടിക്കിടന്നിരുന്നതിനാൽ ദൂരക്കാഴ്ചകൾ അവ്യക്തമായിരുന്നു. 6 ഡിഗ്രി ഊഷ്മാവിൽ എല്ലാവരും തണുത്തു വിറച്ചു.
360 ഡിഗ്രി നിരീക്ഷണ ടവറിന് സമീപം നിന്നുകൊണ്ട് നാലുദിക്കുകളിലേയും മഞ്ഞ് പെയ്യുന്ന മലനിരകൾ നോക്കിക്കണ്ടു.
എല്ലാ സൗകര്യങ്ങളുമുള്ള അവിടുത്തെ റെസ്റ്റോറന്റിൽ നിന്നും ലഞ്ച് കഴിച്ചിട്ട് ഞങ്ങൾ അവിടെ നിന്നും മടങ്ങി. വീണ്ടും കേബിൾ കാറിൽ കയറി പ്രകൃതിയുടെ സൗന്ദര്യം ഒപ്പിയെടുത്തുകൊണ്ട് മടക്കയാത്രയിലെ നിമിഷങ്ങളും ധന്യമാക്കി.
ഗണ്ടോളയിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം എല്ലായിടവും ചുറ്റി നടന്നു കണ്ടു. പല ഭാഗങ്ങളിലായി നിലകൊള്ളുന്ന ഹോട്ടൽ സമുച്ചയങ്ങളുടെ ആകർഷണീയമായ കെട്ടിടങ്ങൾ കണ്ണെടുക്കാതെ നോക്കിനിന്നു.
സന്ദർശകരെ കൊണ്ട് തിങ്ങിനിറഞ്ഞ പരിസരങ്ങളും ഗായകന്റെ പാട്ടിന്റെ താളത്തിനനുസരിച്ച് ചുവട് വയ്ക്കുന്ന ജനങ്ങളും എന്നിൽ കൗതുകമുണർത്തി.
ചുവപ്പും മഞ്ഞയും പച്ചയും ഓറഞ്ചും തുടങ്ങി നാനാനിറങ്ങളിൽ, കൊഴിയാൻ തയ്യാറെടുക്കുന്ന മരങ്ങളുടെ ഇലകൾ, ഇളങ്കാറ്റിൽ ഊയലാടുന്നത് നോക്കി നിൽക്കാത്തവർ ആരാണുള്ളത്?
സുന്ദരമായ ഫൗണ്ടനും അതിന് മുകളിൽക്കൂടി ആളുകളേയും വഹിച്ചുകൊണ്ട് വേഗതയിലോടുന്ന കേബിൾ കാറുകളും ചുറ്റുമുള്ള കാഴ്ചകളുമെല്ലാം തന്നെ ആനന്ദം പകർന്നു നൽകി.
മറക്കാനാവാത്ത ഒരനുഭവം കൂടി മനസ്സിന്റെ താളുകളിൽ കുറിച്ചിട്ടുകൊണ്ട് അവിടെ നിന്നും ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.
(തുടരും)