ഒന്ന് - ഹാരിയുടെ ഡയറി ഡിസംബർ 1937.
ഞാൻ ഉണരുമ്പോൾ ഏകദേശം അഞ്ചു മണിയായി കാണും. എൻഡ്രി അടക്കം, ബാക്കിയുള്ളവരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. വണ്ടി അതിവേഗം പച്ചപ്പിനിടയിലൂടെ കുതിച്ചു. ഞാൻ വണ്ടി ഓടിച്ചു കൊണ്ടിരിക്കുന്ന അലക്സാണ്ടറിന്റെ മുഖത്തേക്ക് നോക്കി. എന്തോ പെട്ടെന്ന് ചെയ്തുതീർക്കണം എന്നൊരു ഭാവം ആയിരുന്നു അദ്ദേഹത്തിന്റെ മുഖത്ത് ഞാൻ കണ്ടത്. അദ്ദേഹത്തിന്റെ കട്ടിയാർന്ന മീശയും ക്ലീൻ ഷേവ് ചെയ്ത മുഖവും കണ്ടാൽ ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്നെ പറയൂ. ഞാൻ അല്പനേരം പുറത്തേക്ക് നോക്കിയിരുന്നു. വന്യമായി കിടക്കുന്ന മരങ്ങൾക്കിടയിൽ ഒന്നോ രണ്ടോ വീടുകൾ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. തികച്ചും ഭീകരമായൊരു അന്തരീക്ഷം. പ്രകൃതിയുടെ മനോഹാരിത ഒപ്പിയെടുക്കാൻ എനിക്ക് സാധിച്ചില്ല. അതിരു വിട്ടുനിൽക്കുന്ന വൃക്ഷങ്ങളെല്ലാം എന്നെ ഉറ്റു നോക്കുന്നത് പോലെ. വീണ്ടും ഉറക്കത്തിലേക്ക് വീഴാൻ ഞാന്‍ ശ്രമിച്ചെങ്കിലും എനിക്ക് അതിന് സാധിച്ചില്ല.
ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും കാർ മന്ദിരത്തിന്റെ ഗേറ്റിന്റെ അരികിലെത്തി. ദൃഢകായമായ ശരീരമുള്ളൊരു സെക്യൂരിറ്റി ആയിരുന്നു മന്ദിരത്തിന്റെ ഗേറ്റ് തുറന്നു തന്നത്. ചുറ്റും ബുഷ് ചെടികൾ കൊണ്ട് അലങ്കരിച്ച വഴിത്താരയായിരുന്നു പിന്നീടങ്ങോട്ട്. ആ വഴി ചുറ്റികൊണ്ടുവേണം മന്ദിരത്തിലെത്താൻ. മന്ദിരത്തിൽ എത്താൻ ആയപ്പോഴേക്കും എല്ലാവരും എഴുന്നേറ്റിരുന്നു.
ഇരുളിന്റെ പുതപ്പ് ആകാശം അണിഞ്ഞു തുടങ്ങിയിരുന്നു. കാർ മന്ദിരത്തിന്റെ വിശാലമായ സ്ഥിതിയിലേക്കി പാർക്ക് ചെയ്തു കൊണ്ട്, ഞങ്ങൾ പുറത്തിറങ്ങി. ബ്രിട്ടീഷ് വാസ്തുശൈലിയിൽ നിർമ്മിക്കപ്പെട്ട ഒരു കൂറ്റൻ കൊട്ടാരമായിരുന്നു അത്. കാലപ്പഴക്കത്തിന്റെ ഇരുണ്ടനിഴൽ കൊട്ടാരത്തിന്റെ ബാഹ്യരൂപത്തിൽ തങ്ങി നിൽപ്പുണ്ടായിരുന്നു. ആരെയും ഭീതിയിലാഴ്ത്തുന്ന വിധത്തിലുള്ള ഒരു അന്തരീക്ഷമായിരുന്നു ചുറ്റുമുള്ളത്. ഇത്തരത്തിൽ ഉള്ള ഒരു അന്തരീക്ഷം എവിടെയോ കണ്ടു മറന്നത് പോലെ എനിക്ക് തോന്നി.
അലക്സാണ്ടർ മുൻകൈയെടുത്തു കൊണ്ട് ഞങ്ങളെ അകത്തേക്ക് ആനയിച്ചു. ഹാളിന്റെ ഒരു മൂലയിലായി റിസപ്ഷൻ ടേബിളുണ്ട്. അവിടെ സുന്ദരിയായ ഒരു യുവതി നിൽപ്പുണ്ടായിരുന്നു. ഏകദേശം ഒരു ഇരുപത്തിഏഴു വയസ്സു കാണും. അഴിച്ചിട്ട മുടിയിഴകൾ. തിളങ്ങുന്ന കണ്ണുകൾ. അവൾ വർണ്ണനിറത്തിലുള്ള ഒരു സാരിയാണ് അണിഞ്ഞത്. അവളുടെ സൗന്ദര്യം എന്നെ വല്ലാത്ത രീതിയിൽ ആകർഷിച്ചു. അലക്സാണ്ടറുമായുള്ള സംഭാഷണത്തിനിടയിൽ അവളെന്നെ ഇടം കണ്ണിട്ട് നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അവളുടെ കണ്ണുകൾക്ക് കാന്തികമായ ഒരു ശക്തിയുള്ളതുപോലെ എനിക്ക് തോന്നി. പേരുകളെല്ലാം എഴുതിയെടുത്ത ശേഷം അവൾ ഞങ്ങളെ മന്ദിരത്തിന്റെ വിശാലമായ ഹാളിലേക്ക് ആനയിച്ചു.
പഴക്കം ചെന്ന കൗതുക വസ്തുക്കളും ഭീമാംശമായ മൃഗതലകളും ഞങ്ങളെ ഉറ്റു നോക്കുന്നുണ്ടായിരുന്നു. തടിയിൽ തന്നെ നിർമ്മിച്ച ഗൃഹോപകരണങ്ങളും കസേരകളുമായിരുന്നു അവിടെയുള്ളത്. ഭിത്തിക്ക് സമീപമായി ഒരു കൂറ്റൻ നെരിപ്പോടുണ്ടായിരുന്നു. അതിന്റെ മുകളിലായി ഒരു ഇരട്ടക്കോയൽ തോക്കും. ഇണ തോക്കിന്റെ സ്ഥലം അവിടെ ഒഴിഞ്ഞു കിടക്കുകയാണ്. നെരിപ്പോടിനോട് ചേർന്നുള്ള ഭിത്തിയിൽ കുറേ സായിപ്പുകളുടെ ചിത്രങ്ങൾ തൂങ്ങി കിടപ്പുണ്ടായിരുന്നു. ഞങ്ങൾ ഇതെല്ലാം ഒന്ന് ചുറ്റി കാണിക്കുന്നതിനിടയിലാണ്, അവൾ മന്ദിരത്തിന്റെ ചരിത്രം പറയാൻ തുടങ്ങിയത്.
"ബ്രിട്ടൻ ഭരണം തുടങ്ങിയപ്പോൾ നിർമ്മിച്ച മന്ദിരമാണിത്. ഉന്നത ഉദ്യോഗസ്ഥർക്കും ബ്രിട്ടനിൽ നിന്നും വരുന്ന അതിഥികൾക്കും താമസിക്കാൻ വേണ്ടിയായിരുന്നു ഈ മന്ദിരം നിർമ്മിച്ചത്. ഈയടുത്ത കാലത്താണ് ഇതൊരു ഹോട്ടലാക്കി മാറ്റിയത്," "ഇവിടെ ഇപ്പോൾ ആരും താമസിക്കുന്നില്ലേ?" എൻഡ്രി അവളോട് ചോദിച്ചു. "ഇപ്പോൾ സീസൺ അല്ലല്ലോ. സീസൺ ആകുമ്പോൾ ചിലരെല്ലാം വരാറുണ്ട്." പരുങ്ങി കൊണ്ടായിരുന്നു അവൾ ഉത്തരം നൽകിയത്. തുടർന്ന് അവൾ ഞങ്ങൾക്കുള്ള മുറികൾ കാണിച്ചു തരാൻ തുടങ്ങി.മായക്കും, എൻഡ്രിക്കും ലാലുവിനും മുറി കാണിച്ചുകൊടുത്ത ശേഷമാണ് അവൾ എനിക്ക് മുറി കാണിച്ചു തന്നത്. മുറിയുടെ ആഡംബരവും വലുപ്പവും എന്നിൽ ഒരു കൗതുകം ഉണർത്തിയില്ല. സുപരിചിതമായ ഒരു മുറിയെ പോലെയാണ് എനിക്കത് തോന്നിയത്.
മുറി കാണിച്ചുതന്ന ശേഷവും അവൾ എന്നെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു. ഞാൻ അല്പം മടിച്ചാണെങ്കിലും അവളുടെ പേരും സ്ഥലവും ചോദിച്ചറിഞ്ഞു. അവളുടെ പേര് മീന എന്നാണ്. അവൾ ലണ്ടനിൽ നിന്നും ഇവിടെക്ക് ജോലിക്ക് വന്നതിന്റെ കാരണം എന്താണെന്ന് എനിക്ക് മനസ്സിലായില്ല. രാത്രിയിൽ ഞങ്ങളെല്ലാം ഭക്ഷണം കഴിക്കാൻ വീണ്ടും ഒത്തുകൂടി. ഞങ്ങൾക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കിയത് റെയ്മണ്ടായിരുന്നു. അയാളെ സഹായിക്കാനായി കാതറീന എന്ന് പറഞ്ഞ ഒരു സ്ത്രീയുമുണ്ടായിരുന്നു. ഭക്ഷണം വിളമ്പുന്ന സമയത്ത് റെയ്മണ്ട് എന്നെ സൂക്ഷ്മമായി വീക്ഷിക്കുന്നതുപോലെ എനിക്ക് തോന്നിയിരുന്നു. വളരെ കൗതുകത്തോടെ തന്നെയായിരുന്നു അയാൾ ബാക്കിയുള്ളവരെയും നോക്കിയത്. മായയും ലാലുവും അവരുടെ ഭക്ഷണത്തെക്കുറിച്ച് പൊക്കി പറഞ്ഞു. എനിക്കെന്തോ ആ ഭക്ഷണത്തിന്റെ രുചിയിൽ ഒരു പുതുമ തോന്നിയില്ല.
ഭക്ഷണം കഴിച്ചു കഴിഞ്ഞശേഷം എല്ലാവരും തങ്ങളുടെ മുറികളിലേക്ക് തന്നെ പോയി. യാത്ര കാരണം എല്ലാവരും ക്ഷീണിച്ചിരുന്നു. ഞാൻ മുറിയിൽ എത്തിയ ഉടനെ ജനൽ വിരിപ്പുകൾ മാറ്റിക്കൊണ്ട് കുറച്ചുനേരം പുറത്തേക്ക് നോക്കി നിന്നു. പുറത്തേക്ക് നോക്കിയാൽ ആദ്യം കാണുന്നത് പൂന്തോട്ടമാണ്. പച്ചപ്പരവതാനി വിരിച്ചതുപോലെയായിരുന്നു അതിന്റെ കിടപ്പ്. തോട്ടത്തിന്റെ അപ്പുറം യൂക്കാലിപ്സ്മരങ്ങൾ തിങ്ങി നിറഞ്ഞ ഒരു കാടാണ്. അവിടം ശരിക്കും ഭയാനകമാണ്. ആ ഇരുൾ കട്ടപിടിച്ച വനത്തിലൂടെ എന്തോ ഒന്ന് ചലിക്കുന്നത് പോലെ എനിക്ക് തോന്നി. എനിക്കത് എന്താണെന്ന് മനസ്സിലായില്ല. ഞാൻ കുറച്ചു സമയം കൂടി അവിടേക്ക് നോക്കി നിന്നു. വ്യക്തമായി ഒന്നും കാണാൻ പറ്റാത്തതുകൊണ്ട് ഞാൻ ജനൽ മൂടിയ ശേഷം, നേരെ ഉറങ്ങാൻ കിടന്നു.
ഹാരിയുടെ ഡയറി ഡിസംബർ 1937
പ്രഭാതത്തിൽ ഞങ്ങളെല്ലാം ഈ വസതി മുഴുവൻ ചുറ്റിക്കാണാൻ തീരുമാനിച്ചു. കൂടുതൽ ദൂരം പോകരുതെന്ന, അലക്സാണ്ടറുടെ നിർദ്ദേശം ഉണ്ടായിരുന്നു. എല്ലാവരും പൂന്തോട്ടം ചുറ്റിപ്പറ്റിയാണ് നടന്നത്. എന്നാൽ ഞാനാ കാട്ടിന്റെ ഇടയിലൂടെ ഊളിയിട്ടിറങ്ങാൻ തീരുമാനിച്ചു. അന്തരീക്ഷത്തിൽ നേരിയ മഞ്ഞു പൊങ്ങി നിൽപ്പുണ്ടായിരുന്നു. യൂക്കാലിപ്സ് മരങ്ങൾക്കിടയിലൂടെ ഉള്ള ഒരു നടവയിലൂടെ ആയിരുന്നു എന്റെ നടത്തം. ചില യൂക്കാലിപ്സ് മരങ്ങളുടെ തൊലി ഉരിഞ്ഞു വെച്ചിട്ടുണ്ട്. അവയെല്ലാം മാർബിൾ കഷണങ്ങൾ പോലെ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു. ഞാനാ ഇടവഴി പിന്തുടർന്നുകൊണ്ട് ഒരു ശ്മശാനത്തിന്റെ അരികിലെത്തി. അവിടമെല്ലാം മൂടൽമഞ്ഞ് താണിറങ്ങിയത് മൂലം വ്യക്തമായി ഒന്നും കാണാൻ സാധിച്ചില്ല. അതൊരു പൊതു ശ്മശാനം ആണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും. കഥാകൃത്തുക്കൾ പറയുന്നതുപോലെയുള്ള ഒരു ശ്മശാന മൂകത അവിടമെങ്ങും തളം കെട്ടി നിൽപ്പുണ്ടായിരുന്നു. ഞാൻ ആ ശ്മശാനവും നോക്കിക്കൊണ്ട് കുറച്ചുനേരം അവിടെത്തന്നെ നിന്നു.
പെട്ടെന്നൊരു കൈ വന്ന് എന്റെ തോളിൽ പതിഞ്ഞു. ഞാൻ ഞെട്ടലോടെ തിരിഞ്ഞു നോക്കി. അത് മായയായിരുന്നു. ഞാൻ ഞെട്ടിയത് കണ്ട്, അവൾ ചിരിക്കുകയായിരുന്നു. അവളെ പിന്തുടർന്നുകൊണ്ട് എൻഡ്രിയും അവിടെ എത്തിയിരുന്നു. "നിങ്ങൾ എന്താണ് ഇവിടെ ചെയ്യുന്നത്," അവൻ വന്നപാടെ ചോദിച്ചു. "ഞങ്ങൾ ഇവിടെ ഒന്ന് ചുറ്റി കാണാൻ വന്നതാ." അത് പറഞ്ഞുകൊണ്ട് മായ കൊച്ചുകുട്ടിയെ പോലെ ആ മൂകമായ ശ്മശാനത്തിലേക്ക് നടന്നു. അവളെ തിരിച്ചു വിളിക്കാൻ വേണ്ടി ഞങ്ങൾക്കും ശ്മശാനത്തിലേക്ക് കടക്കേണ്ടി വന്നു. ശ്മശാനത്തിന്റെ ഒരു ഭാഗത്ത് മുഴുവനും കാടുകയറി വരുന്നുണ്ടായിരുന്നു. കാടില്ലാത്ത ഭാഗത്താണ് പുതിയതായി സംസ്കരിച്ചിട്ടുള്ളവരുടെ കല്ലറയുള്ളത്. അവിടെ പ്രൗഢി നിറഞ്ഞ ചില കല്ലറകളും ഉണ്ടായിരുന്നു. അവയെല്ലാം ബ്രിട്ടീഷ് ഉന്നതന്മാരുടെതാവാനാണ് സാധ്യത.
"വാൾട്ടർ റോറി.എവിടെയോ കേട്ട് പരിചയമുള്ള പേര്," ഒരു കല്ലറ നോക്കിക്കൊണ്ട് എൻഡ്രി പറഞ്ഞു. അപ്പോഴാണ് ഞാനും ആ പേര് ശ്രദ്ധിക്കുന്നത്. എനിക്കും ആ പേര് പരിചിതമാണ്. പക്ഷേ എത്ര ആലോചിച്ചിട്ടും എനിക്കാ വ്യക്തിയെ ഓർമ്മ വന്നില്ല. എൻഡ്രിയും എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രമിക്കുന്നതുപോലെ എനിക്ക് തോന്നി. "കാൾട്ടർ റോറി," മറ്റൊരു കല്ലറ നോക്കിക്കൊണ്ട് അവൻ തുടർന്നു. "ഇത് അദ്ദേഹത്തിന്റെ സഹോദരനായിരിക്കാം."
"നമ്മൾ എന്തിനാണ് ഇതൊക്കെ നോക്കുന്നത്. നമുക്ക് തിരിച്ചുപോകാം." ഞാൻ അഭിപ്രായപ്പെട്ടു. അവൻ, താല്പര്യമില്ലാത്ത മട്ടിൽ തിരിച്ചു പോകാൻ സമ്മതിച്ചു.
തിരികെ വന്നശേഷം ഞാനൊരു ബുക്ക് എടുത്തു വായിക്കാൻ തുടങ്ങി. മായ തന്റെ ഊർജ്ജം തീരുന്നതുവരെ ആ ഉദ്യാനത്തിലൂടെ തുള്ളി ചാടി നടന്നു. എൻഡ്രി ആവട്ടെ ആ പേരിനെക്കുറിച്ച് ആലോചിച്ചു തല പുണ്ണാക്കുകയായിരുന്നു. ലാലു ഏകാന്തതയിലേക്ക് നോക്കിക്കൊണ്ട് എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നുണ്ടായിരുന്നു. അലക്സാണ്ടർ ഒരു സെക്യൂരിറ്റിയെ പോലെ ഇടയ്ക്കിടെ വന്ന് ഞങ്ങളെയെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. രാത്രിയിലെ അത്താഴത്തിനു ശേഷം, ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടീഷ് ഗവർമെന്റിനെ കുറിച്ചുള്ള ഒരു ചർച്ച നടന്നു. അതിൽ അവിടെ ജോലി ചെയ്യുന്ന മിത്രയും ആൽബെട്ടും മീനയും പങ്കു ചേർന്നിരുന്നു. മീനയുടെ വാദമെല്ലാം യുക്തി നിറഞ്ഞതായിട്ടാണ് എനിക്ക് തോന്നിയത്. ഏത് ഗവൺമെൻറ് ഭരിച്ചാലും ജനങ്ങൾക്ക് ഉപകരിക്കുന്ന കാര്യങ്ങളാണ് അവർ ചെയ്യേണ്ടതെന്ന ആശയമായിരുന്നു അവളേത്. എൻഡ്രി ആ ചർച്ചയിൽ പങ്കുചേർന്നില്ലായിരുന്നു. അവൻ എവിടെനിന്നോ തിരിച്ചു വരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അവന്റെ മുഖത്ത് നീഗൂഢമായ ഒരു മാറ്റം ഉണ്ടായിരുന്നു.
എൻഡ്രിയുടെ ഡയറി ഡിസംബർ 1937
ഇന്ന് വളരെ വിചിത്രമായ ഒരു സംഭവം നടന്നു. സ്പാശാനത്തിൽ വെച്ച് വാൾട്ടർ എന്ന സുപരിചിതമായ പേര് ഞാൻ കണ്ടു. എത്ര ആലോചിച്ചിട്ടും അതാരാണെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ ഒട്ടുമിക്ക സമയവും ആ പേരിനെക്കുറിച്ച് തന്നെയായിരുന്നു ഓർത്തിരുന്നത്. രാത്രി അത്താഴം കഴിച്ച ശേഷം ഞാൻ നേരെ ലൈബ്രറിയിലേക്ക് പോയി. ആ പേരിനെ കുറിച്ചുള്ള എന്തെങ്കിലും സൂചന അവിടുന്ന് ലഭിക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ. വലുതല്ലെങ്കിലും അത്യാവശ്യം സൗകര്യങ്ങൾ നിറഞ്ഞ ഒരു ലൈബ്രറി ആയിരുന്നു അത്. ഒരു നീണ്ട തിരച്ചിലിനൊടുവിൽ എനിക്ക് ബ്രിട്ടൻ അധികാരികളെ കുറിച്ച് രേഖപ്പെടുത്തിയ ഒരു പുസ്തകം ലഭിച്ചു. അതിൽ വാൾട്ടർ എന്ന പേരുണ്ടായിരുന്നു. അയാൾ പോലീസ് ഉദ്യോഗസ്ഥനായ വർഷവും, ഇന്ത്യയിൽ എവിടെയെല്ലാം ജോലി ചെയ്തു എന്ന് മാത്രമായിരുന്നു അതിൽ ഉള്ളത്. കൂടുതലായുള്ള വിവരങ്ങൾ ഒന്നും ഇല്ലായിരുന്നു. ഞാൻ വീണ്ടും തിരച്ചിൽ നടത്താൻ ഒരുങ്ങിയതായിരുന്നു. അതിനിടയിലാണ് ഒരു കുട്ടിയുടെ കാൽ പെരുമാറ്റം ഞാൻ കേട്ടത്. ഇവിടെ ഒരു കുട്ടിയുള്ള കാര്യം ആരും ഇതുവരെ പറഞ്ഞതായി ഞാൻ ഓർക്കുന്നില്ല. ഞാനാ കുട്ടിയെ അന്വേഷിച്ചുകൊണ്ട് ലൈബ്രറിയുടെ അരികിലുള്ള ഇടനാഴിയിലൂടെ മുന്നോട്ട് നടക്കാൻ തുടങ്ങി. കുറച്ചു ദൂരം നടന്നു പോയപ്പോഴാണ് ഞാനൊരു പൂട്ടിയിട്ട മുറി കണ്ടത്. ആ മുറി എനിക്ക് സുപരിചിതമായി തോന്നിയിരുന്നു. പെട്ടെന്നാ മുറിയുടെ വാതിൽ തുറന്നു കൊണ്ട് ഒരു യുവതി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അവൾ യഥാർത്ഥത്തിൽ എന്റെ മുന്നിൽ നിൽക്കുന്നതു പോലെയുള്ള ഒരു അനുഭൂതിയാണ് എനിക്കപ്പോൾ ഉണ്ടായത്.
"ഇവിടുന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെട്ടോ." അവൾ എന്നെ നോക്കിക്കൊണ്ടു പറഞ്ഞു. അല്പം ഭയന്നിട്ടാണെങ്കിലും ഞാൻ കാരണമെന്താണെന്ന് തിരക്കി.
"മരിച്ചു മണ്ണടിഞ്ഞ വാൾട്ടറിന്റെ ശരീരം ഇപ്പോഴും ഇവിടെ കൂടെ ചുറ്റി നടക്കുന്നുണ്ട്," അവൾ അത് പറഞ്ഞു തീരുമ്പോഴേക്കും ഒരു ശവശരീരം വന്നു അവളെ പുറകോട്ട് വലിച്ചു. ശരിക്കും ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. ആ സത്വം ഒരു ചെന്നായയെ പോലെ അവളെ കടിച്ചു വലിച്ചു ഇരുട്ടിലേക്ക് മാഞ്ഞു. സ്വബോധം വീണ്ടെടുക്കാൻ എനിക്ക് കുറച്ച് സമയം എടുക്കേണ്ടി വന്നു. ഞാൻ കണ്ണു തിരിമ്പി നോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കാണാനില്ലായിരുന്നു. പൂട്ടിയിട്ട മുറി മാത്രം. ഞാൻ കണ്ടത് മിഥ്യയാണോ യാഥാർത്ഥ്യമാണോ എന്ന് എനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. എന്തായാലും ഈ മന്ദിരത്തിന് ചുറ്റും എന്തൊക്കെയോ നിഗൂഢതകൾ ഒളിച്ചിരിക്കുന്നുണ്ട്.
(തുടരും)
രണ്ട് ഹാരിയുടെ ഡയറി ഡിസംബർ 1937
ഇന്നലെ രാത്രി മീന വീഞ്ഞ് തരാൻ വേണ്ടി എന്റെ മുറിയിലേക്ക് വന്നിരുന്നു. അവൾ ഒരു ചുവന്ന സാരിയായിരുന്നു അണിഞ്ഞത്. ആ വസ്ത്രത്തിൽ അവൾ ഒരു വിശ്വസുന്ദരിയെ പോലെയായിരുന്നു. ഞാനറിയാതെ തന്നെ അവളുടെ അരികിലേക്ക് അടുത്തു പോയി. അവിടെ നിർമ്മിച്ച പ്രത്യേകതരം വീഞ്ഞാണെന്ന് പറഞ്ഞ് അവൾ ഒരു ക്ലാസ് എന്റെ അരികിലേക്ക് നീട്ടി.
അവളുടെ കണ്ണുകൾ എന്നെ കൊത്തി പറിക്കുന്നുണ്ടായിരുന്നു. ഞാൻ ഗ്ലാസ് മേശപ്പുറത്ത് വെച്ചശേഷം വീണ്ടും അവളുടെ നേർക്ക് തിരിഞ്ഞു. അവൾ എന്റെ അരികിൽ നിന്നും ഒട്ടും വിട്ടു മാറിയിരുന്നില്ല. ഒരു നിമിഷത്തേക്ക് എനിക്കെന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ അവളുടെ ചുടുചുണ്ടിന്മേൽ ഒരു ചുംബനം നൽകി. അവളും എന്റെ മുഖം തലോടിക്കൊണ്ട് എന്നെ ചുംബിക്കാൻ ഒരുങ്ങി. അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. അവളുടെ കയ്യിൽ ഒരു മോതിരം ഉണ്ടായിരുന്നു. അവൾ കല്യാണം കഴിച്ചതാണോ എന്ന സംശയം എന്നിൽ ഉടലെടുത്തു. അതെന്നെ വല്ലാതെ തളർത്തി. തന്റെ കല്യാണം കഴിഞ്ഞതാണോ എന്ന് ഞാൻ അവളോട് ചോദിച്ചു. പെട്ടെന്നവൾ ഷോക്കേറ്റതുപോലെ തരിച്ചുനിന്നു. ഞാനവളോട് ക്ഷമ ചോദിക്കാൻ ഒരുങ്ങുമ്പോളേക്കും, അവൾ പെട്ടെന്ന് മുറിക്കു പുറത്തേക്ക് ഇറങ്ങി.
ഇന്ന് രാവിലെ അവളുടെ മുഖത്തൊരു മ്ലാനത നിറഞ്ഞു നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. "ഞാൻ ചോദിച്ചതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം." ഞാൻ അവളോട് ക്ഷമ ചോദിച്ചു.
"അയ്യോ.. ഞാനാണ് നിങ്ങളോട് ക്ഷമ ചോദിക്കേണ്ടത്," മൃദുലമായ സ്വരത്തിൽ അവൾ പറഞ്ഞു തുടങ്ങി
"ഞാൻ നിങ്ങളെ അപമാനിച്ചു കൊണ്ടല്ലേ ഇന്നലെ ഇറങ്ങിപ്പോയത്,".
"ഹേയ്.. അങ്ങനെയൊന്നുമില്ല" ഞാൻ പറഞ്ഞു.
"നിങ്ങൾ എന്റെ പഴയ കാര്യങ്ങളെക്കുറിച്ച് ഓർമിപ്പിച്ചത് കൊണ്ടാണ് എനിക്കപ്പോൾ ഒന്നും പറയാൻ പറ്റാതിരുന്നത്,"
അവളെ കുറിച്ച് കൂടുതൽ അറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു പക്ഷേ എവിടുന്ന് തുടങ്ങണം എന്ന് എനിക്കറിയില്ലായിരുന്നു.
"ഞാൻ കാരണമാണല്ലോ നിങ്ങൾ ആ പഴയ കാര്യത്തെക്കുറിച്ച് ഓർക്കേണ്ടിവന്നത്," ഒടുവിൽ ഞാനൊരു തുടക്കമിട്ടു.
"നിങ്ങൾ വിചാരിക്കുന്നത് പോലെ ഇത് അത്ര വലിയ ദുഃഖം നിറഞ്ഞ കഥ ഒന്നുമല്ല" ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അവൾ തന്റെ കഥ പറയാൻ തുടങ്ങി.
"ഞാൻ ലണ്ടനിൽ പഠിക്കുന്ന സമയത്താണ്, ആദ്യമായി അദ്ദേഹത്തെ കാണുന്നത്. പുള്ളിക്കാരന് എന്നോട് എന്തോ അനുകമ്പയുണ്ടായിരുന്നു എന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു. അദ്ദേഹം ഒരു നാണക്കാരനായതുകൊണ്ട് പ്രണയം തുറന്നു പറയാൻ മടിയായിരുന്നു. അങ്ങനെ ഒരു ദിവസം ഞങ്ങൾ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ നോക്കുന്ന സമയത്ത് പെട്ടെന്നൊരു മഴ പെയ്തു. മഴ നനയാതിരിക്കാൻ വേണ്ടി ഞങ്ങൾ അടുത്തുള്ള ഒരു ഷെൽട്ടറിന്റെ അരികിലേക്ക് ഓടി. ആ സമയം ഞങ്ങൾ പരസ്പരം ഒട്ടിച്ചേർന്നതുപോലെയായിരുന്നു. ഒടുവിൽ എനിക്കൊരു ചുംബനം നൽകിക്കൊണ്ട് അദ്ദേഹം തന്റെ പ്രണയം തുറന്നു പറഞ്ഞു. പഠനം കഴിഞ്ഞ ഉടനെ ഞങ്ങളുടെ എൻഗേജ്മെൻറ് നടന്നു. അദ്ദേഹം പ്രാക്ടീസിന് വേണ്ടിയായിരുന്നു ഇന്ത്യയിലേക്ക് വന്നത്. ഇവിടെ സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. ക്ലിനിക് എല്ലാം തുടങ്ങിയ ശേഷം തിരിച്ചുവന്ന് എന്നെ വിവാഹം ചെയ്തോളാം എന്ന് അദ്ദേഹം എനിക്കി വാക്കു തന്നിരുന്നു. തുടക്കകാലം മുടങ്ങാതെ അദ്ദേഹത്തിന്റെ കത്തുകൾ എനിക്ക് ലഭിച്ചിരുന്നു. പിന്നെ അദ്ദേഹത്തിന്റെ കത്തുകൾ ലഭിക്കാതായപ്പോൾ ഞാനിവിടെക്കി വന്നു. പക്ഷേ നിർഭാഗ്യവശാൽ എനിക്ക് അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്നാണ് ഞാൻ ഇവിടെ തന്നെ സെറ്റിൽ ചെയ്യാൻ തീരുമാനിച്ചത്. പക്ഷേ ഇതുവരെ അദ്ദേഹത്തിന്റെ ഒരു വിവരവും ലഭിച്ചില്ല."
ഒരു നേർത്ത വിരഹത്തോടെ അവൾ അല്പനേരം മൗനം പാലിച്ചു നിന്നു. പിന്നെ കൂടുതൽ കാര്യമൊന്നും ഞാൻ ചോദിക്കാൻ നിന്നില്ല. അവൾക്കൊരു ഇടം നൽകിക്കൊണ്ട് ഞാൻ അവിടുന്ന് മാറി. അവളോട് എനിക്ക് എന്തോ ഒരു അനുകമ്പം തോന്നുന്നുണ്ട്. എന്നിലെ എന്തോ ഒരു വികാരം ഉണരുന്നത് പോലെ. അവൾക്കും എന്നോട് താല്പര്യം ഉണ്ടെന്നാണ് തോന്നുന്നത്. അത് പ്രേമമാണോ അതോ ആകർഷണമാണോ എന്ന് എനിക്ക് മനസ്സിലാവുന്നില്ല.
എൻഡ്രിയുടെ ഡയറി ഡിസംബർ 1937
ഇന്ന് വളരെ വിചിത്രമായ ഒരു സംഭവം നടന്നു. രാവിലെ തന്നെ ലാലുവിനെ കാണാനില്ലെന്ന് പറഞ്ഞു അലക്സാണ്ടർ എന്റെ അരികിൽ വന്നിരുന്നു. ഞങ്ങളെല്ലാവരും ആ മന്ദിരം മുഴുവനും അരിച്ചുപെറുക്കിയിട്ടും അവനെ കണ്ടെത്താനായില്ല. അതേത്തുടർന്ന് ഞങ്ങളുടെ അന്വേഷണം മന്ദിരത്തിന്റെ പുറത്തേക്കും വ്യാപിച്ചു. ഒടുവിൽ യൂക്കാലിപ്സ് മരങ്ങൾക്കിടയിൽ നിന്നും അവനെ കണ്ടെത്തി. ബോധംകെട്ട നിലയിലായിരുന്നു അവൻ അവിടെ കിടന്നിരുന്നത്. അവനു ബോധം തിരിച്ചു കിട്ടിയ സമയത്ത് അവന്റെ മുഖത്ത് ആദ്യം വന്നത് ഭയമായിരുന്നു. അൽപ്പനേരത്തെ വിശ്രമത്തിനുശേഷമായിരുന്നു അവൻ ഞങ്ങളോട് കാര്യങ്ങളെല്ലാം വിവരിച്ചത്.
"ഇന്നലെ രാത്രി ഞാൻ പുകവലിക്കാൻ വേണ്ടി പുറത്തേക്കിറങ്ങിയിരുന്നു. ഞാൻ ലൈറ്റർ എടുത്ത് സിഗ കത്തിക്കുന്ന സമയത്താണ് എന്തോ ഒരു ശബ്ദം കേട്ടത്. ഞാനാ ശബ്ദം പിന്തുടർന്നുകൊണ്ട് യൂക്കാലിപ്സ് തോട്ടത്തിൽ എത്തി. ആരോ ഒരാൾ യൂക്കാലിപ്സ് മരത്തിന്റെ തൊലി ഉരിയുന്നുണ്ടായിരുന്നു. അതാരാണെന്ന് അറിയാൻ വേണ്ടി ഞാൻ അയാളുടെ അരികിലേക്ക് നീങ്ങി. എന്റെ കാൽ പെരുമാറ്റം കേട്ടിട്ടാവണം, അയാൾ തന്റെ പണി നിർത്തിക്കൊണ്ട് അവിടെ തന്നെ നിന്നു. അപ്പോൾ ഞാൻ ഒന്ന് ഭയന്നു. പെട്ടെന്നയാൾ എന്റെ നേർക്ക് തിരിഞ്ഞു. ദൈവമേ ഞാൻ കണ്ട കാഴ്ച. അത്.. അത് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. ജീർണിച്ച വികൃതമായ ഒരു ശവശരീരം ആയിരുന്നു അത്. പക്ഷേ അതിനു ജീവനുണ്ട്. അത് എന്നെ ലക്ഷ്യമാക്കി വന്നത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ. പിന്നെ ഞാൻ കണ്ണുതുറന്നപ്പോൾ, നിങ്ങളെയാണ് കണ്ടത്."
അവൻ പറഞ്ഞത് അംഗീകരിക്കാൻ പലർക്കും കഴിഞ്ഞില്ല. അവൻ പറഞ്ഞതിന്റെ സത്യാവസ്ഥ അറിയാൻ വേണ്ടി അലക്സാണ്ടറും ചില സെക്യൂരിറ്റികളും ഇന്ന് രാത്രി അവിടെ പോകുമെന്ന് പറഞ്ഞിട്ടുണ്ട്. എനിക്കും അവരുടെ കൂടെ പോകണമെന്നുണ്ടായിരുന്നു. എന്നാൽ അലക്സാണ്ടർ അതിനു സമ്മതിച്ചില്ല. വാൾട്ടറിന്റെ ജീർണിച്ച ശവ ശരീരമായിരിക്കുമോ അവൻ കണ്ടത്?. അല്ലെങ്കിൽ അവനും എന്നെപ്പോലെ സ്വപ്നം കണ്ടതാണോ?. നാളെ നേരം പുലർന്നാൽ മാത്രമേ ഇതിന്റെയെല്ലാം സത്യാവസ്ഥ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.
ഹാരിയുടെ ഡയറി ഡിസംബർ 1937
ഇന്നൊരു ദുസ്വപ്നം കണ്ടാണ് ഞാൻ ഉണർന്നത്. ഭീകരവും അതിലുപരി യാഥാർത്ഥ്യമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു സ്വപ്നമായിരുന്നു അത്. സ്വപ്നത്തിൽ ഞാൻ യൂക്കാലിപ്സ് തോട്ടത്തിലൂടെ നടക്കുകയായിരുന്നു. എന്റെ കൂടെ അലക്സാണ്ടറും റെയ്മണ്ടും ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അലക്സാണ്ടറെ കാണാതായി. ഞാനും റെയ്മണ്ട് മാത്രം. അദ്ദേഹം എന്നോട് എന്തൊക്കെയോ പറയുന്നുണ്ട്, ഞാൻ അതിനെല്ലാം മറുപടിയും കൊടുക്കുന്നുണ്ട്. ഒരു റാന്തലിന്റെ സഹായത്തോടെ ആയിരുന്നു ഞങ്ങൾ ആ വനത്തിലൂടെ നടന്നത്. കുറച്ചു കഴിഞ്ഞപ്പോൾ റെയ്മണ്ടനെയും കാണാതായി. അപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. എന്റെ പുറകിലായി കുറേ ശവശരീരങ്ങൾ നിൽപ്പുണ്ടായിരുന്നു, അവയ്ക്കെല്ലാം ജീവനും ഉണ്ടായിരുന്നു. അതിൽ തോക്കേന്തി കൊണ്ട് നിൽക്കുന്ന ഒരു രൂപം എന്നെ നോക്കിക്കൊണ്ട് എന്തോ ആംഗ്യത്തിൽ കാണിച്ചു. അത്രമാത്രമേ എനിക്ക് ശരിക്കും ഓർമ്മയുള്ളൂ അതിനിടയിൽ എപ്പോളോ ഞാൻ ഉണർന്നു പോയി. പ്രാതലിന്റെ സമയത്തെല്ലാം ഞാനീ സ്വപ്നത്തെക്കുറിച്ചായിരുന്നു ചിന്തിച്ചത്. ആ സമയത്താണ് അലക്സാണ്ടർ അവിടേക്ക് വന്നത്. രാത്രി ഉറങ്ങാത്തതിന്റെ ക്ഷീണം അദ്ദേഹത്തിന്റെ മുഖത്ത് തെളിഞ്ഞു കണ്ടിരുന്നു. എൻഡ്രി ആവേശത്തോടെ ഇന്നലെ രാത്രി എന്തെങ്കിലും സംഭവിച്ചിരുന്നോ എന്ന് അദ്ദേഹത്തോട് ചോദിച്ചു.
"ലാലു പറഞ്ഞതുപോലെയുള്ള ഒരു രൂപമൊന്നും അവിടെയില്ല. എന്തായാലും നിങ്ങൾ രാത്രികാലങ്ങളിൽ പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്. രാത്രിയിൽ വന്യമൃഗങ്ങൾ ഇറങ്ങാൻ സാധ്യതയുണ്ട്," അദ്ദേഹം പറഞ്ഞു. പ്രാതൽ കഴിച്ച ശേഷം അദ്ദേഹം തന്റെ മുറിയിലേക്ക് പോയി. ഞാൻ കണ്ട സ്വപ്നത്തെക്കുറിച്ച് ആരോടും ഒന്നും പറയാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. എല്ലാം വളരെ വിചിത്രമായി തോന്നുന്നു.
(തുടരും)
മൂന്ന് എൻഡ്രിയുടെ ഡയറി ഡിസംബർ 1937
ഇന്ന് രാവിലെ എല്ലാവരുടെയും മുഖത്ത് ഒരു വിരസത അനുഭവപ്പെട്ടതായി തോന്നി. ആർക്കും ഒരു ആവേശം ഉണ്ടായിരുന്നില്ല. ഒരു പുതിയ സ്ഥലത്താണ് ഞാനിപ്പോൾ ഉള്ളതെന്ന ഒരു വിചാരം പോലും എനിക്കില്ല. വളരെ സുപരിചിതമായ ഒരു സ്ഥലത്തെ പോലെയാണ് എനിക്ക് തോന്നുന്നത്. ദിവസങ്ങൾ തള്ളിനീക്കാൻ ഉതകുന്ന ഒരു കാഴ്ചയും ഇവിടെയില്ല. ഇവിടം തികച്ചും വന്യവും ഭീകരവുമാണ്.
ഇവിടെ മുൻപ് വന്നതുപോലെയുള്ള ഒരു തോന്നൽ എന്നെ അലട്ടി കൊണ്ടിരിക്കുന്നുണ്ട്. വിഡ്ഢിത്തമാണെന്ന് അറിയാമെങ്കിൽ പോലും, ഞാനീ കാര്യം ഹാരിയോട് ചോദിച്ചിരുന്നു. അവന്റെ മുഖത്തും ആശ്ചര്യം വിടരുന്നത് ഞാൻ ശ്രദ്ധിച്ചു. അവനും കൃത്യമായി ഒരു ഉത്തരം നൽകാൻ കഴിഞ്ഞിരുന്നില്ല. ഒരുപക്ഷേ ഇവിടെയുള്ള പരിസരം കാരണമായിരിക്കും ഞങ്ങൾക്ക് ഇങ്ങനെ തോന്നുന്നത്. എനിക്ക് ഇവിടം ഇഷ്ടപ്പെടുന്നില്ല. ബാക്കിയുള്ളവരുടെ അവസ്ഥ എന്താണെന്ന് അറിയില്ല. ലാലുവിന് അന്ന് സംഭവിച്ച കാര്യത്തെക്കുറിച്ചൊന്നും ഇപ്പോൾ ഓർമ്മയില്ല. അതെല്ലാം അവൻ ചിന്തിച്ചു കൂട്ടിയതായിരിക്കും എന്നാണ് എല്ലാവരും വിചാരിക്കുന്നത്. അലക്സാണ്ടർ ഇപ്പോൾ അവനെ പുകവലിക്കാൻ സമ്മതിക്കാറില്ല. അമിതമായ പുകവലി കാരണമാണ് ഇവൻ ഇങ്ങനെ ആയതെന്നാണ് അലക്സാണ്ടർ പറയുന്നത്. സിഗനൽകാത്തത് കൊണ്ട്, അവനിപ്പോൾ ആരോടും മിണ്ടാറില്ല.
മായക്ക് ഇപ്പോൾ ഒരു കളിക്കൂട്ടുകാരനെ കിട്ടിയിട്ടുണ്ട്. ഒരു ചാരനിറമുള്ള പൂച്ചക്കുട്ടി. അവൾ അതിന് റിക്കി എന്നാണ് പേരിട്ടത്. മിസ്റ്റർ റെയ്മണ്ടിന് അവനെ ഇഷ്ടപ്പെട്ടില്ല. അവൻ തക്കം കിട്ടുമ്പോഴൊക്കെ അടുക്കളയിൽ കേറി കട്ടു തിന്നും. അവനെ പുറത്താക്കാൻ ആണെങ്കിൽ മായ സമ്മതിക്കുന്നുമില്ല. അവൾ കൂടുതൽ സമയവും അവന്റെ കൂടെയാണ് ചിലവഴിക്കാറ്. ബാക്കിയുള്ള സമയങ്ങളിൽ അവൾ ഹാരിയുടെ കൂടെയായിരിക്കും. ഹാരിക്കാണെങ്കിൽ മീനയുടെ കൂടെ സമയം ചിലവഴിക്കുന്നതാണ് ഇഷ്ടം.
എനിക്ക് സമയം കളയാൻ ഉതകുന്ന ഒന്നും ഇവിടെ ഇല്ലെന്നതാണ് സത്യം. ഞാൻ സമയം ചിലവഴിക്കാൻ വേണ്ടി വീണ്ടുമാ ലൈബ്രറിയിൽ ചെന്നിരുന്നു. അവിടെയുള്ള ചില പുസ്തകങ്ങളെല്ലാം ഞാൻ വായിച്ചു നോക്കി. ഈ മന്ദിരത്തിന്റെ പ്ലാൻ അടങ്ങിയ ഒരു പുസ്തകം ഉണ്ടായിരുന്നു അവിടെ. അതിൽ ചില ഒളിത്താവളങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്. പക്ഷേ എനിക്ക് വാൾട്ടറിനെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്. അയാളുടെ മരണം ഇപ്പോഴും നിഗൂഢമായി തന്നെ കിടക്കുകയാണ്.
ഹാരിയുടെ ഡയറി ഡിസംബർ 1937
എൻഡ്രി പറഞ്ഞതുപോലെ, ഇവിടം സുപരിചിതമായ ഒരു ഇടം പോലെയാണ് തോന്നുന്നത്. എന്തൊക്കെയായാലും എനിക്ക് ഇവിടം അങ്ങ് ഇഷ്ടപ്പെട്ടു. ഇവിടെ ഒരു രാജാവിനെ പോലെ വാഴാനുള്ള ഒരു മോഹം. പക്ഷേ ഇവിടെ എനിക്ക് അടിമകളില്ല. അടിമകൾ ഉണ്ടായിരുന്നെങ്കിൽ ഒരു രാജാവിനെ പോലെ ജീവിക്കാമായിരുന്നു . എങ്കിലും കുഴപ്പമില്ല. മീനയോടൊപ്പം സമയം ചിലവഴിക്കാൻ പറ്റുന്നുണ്ടല്ലോ. അവൾ മുൻപത്തേക്കാൾ സന്തോഷവതിയാണ് ഇപ്പോൾ. എന്നോടൊപ്പം സമയം ചിലവഴിക്കുന്നത് അവൾക്ക് ഇഷ്ടമാണെന്നാണ് തോന്നുന്നത്. പക്ഷേ ഇടയ്ക്ക് മായ വന്ന് ഞങ്ങളെ ശല്യപ്പെടുത്തും. അത് മീനക്ക് ഇഷ്ടപ്പെടുന്നില്ല. ഞങ്ങൾ സംസാരിക്കുന്നത് കണ്ടാൽ ഉടനെ മായ ഞങ്ങളുടെ അരികിലേക്ക് വരും, എന്നിട്ട് എന്നെ കൂട്ടി എങ്ങോട്ടെങ്കിലും പോകാൻ ശ്രമിക്കും. അവൾ എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇതു കാരണം അവളുടെ കണ്ണ് വെട്ടിച്ചു കൊണ്ടാണ് ഞാൻ മീനയെ കാണാൻ പോകാറ്.
എൻഡ്രിയുടെ ഡയറി ഡിസംബർ 1937
ഇന്നലെ രാത്രി ആ യുവതി എന്റെ സ്വപ്നത്തിൽ വന്നു. ഭീകരമാർന്ന ഒരു സ്വപ്നമായിരുന്നു അത്. ശ്മശാനത്തിൽ വെച്ചാണ് ആ സ്വപ്നം അരങ്ങേറിയത്. പൂർണ്ണ നിലാവെളിച്ചത്തിൽ മണ്ണ് പിളർന്നുകൊണ്ട് ഉയർത്തെഴുന്നേൽക്കുന്ന ശവങ്ങളെയാണ് ഞാൻ അവിടെ കണ്ടത്. അവയുടെ ഇടയിൽ ആ യുവതി നിൽക്കുന്നുണ്ടായിരുന്നു. "ഇവയെല്ലാം നിങ്ങളെ വേട്ടയാടാൻ വരും" ആ യുവതി എനിക്ക് താക്കീത് നൽകി. പെട്ടെന്നാ ശവങ്ങളെല്ലാം എന്നെ വലയം ചെയ്തു. അവയുടെ ജീർണിച്ച കരങ്ങൾ, ഒരു വള്ളിപോലെ എന്റെ കഴുത്തിൽ ചുറ്റിപ്പടരാൻ തുടങ്ങി. എനിക്ക് ശരിക്കും ശ്വാസം മുട്ടുന്നത് പോലെ തോന്നി. അപ്പോഴാണ് ഞാൻ ഞെട്ടി ഉണർന്നത്.
ഇതിന്റെയെല്ലാം അർത്ഥം എന്താണ്. ഒന്നും മനസ്സിലാവുന്നില്ല. ദിവസം കഴിയുംതോറും നിഗൂഡതകൾ കൂടിക്കൂടി വരുകയാണ്. അലക്സാണ്ടർ എന്തൊക്കെയോ രഹസ്യങ്ങൾ ഒളിച്ചു വെക്കുന്നുണ്ട്. രാത്രികാലങ്ങളിൽ പുറത്തിറങ്ങരുതെന്ന് പറഞ്ഞതിൽ മറ്റെന്തോ കാര്യമുണ്ടാവാം. രാത്രികാലങ്ങളിൽ ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്തണം.
എൻഡ്രിയുടെ ഡയറി ഡിസംബർ 1937
ലാലു കണ്ടത് പോലെയുള്ള ഒരു ഭീകരമായ അനുഭവം എനിക്കുമുണ്ടായി. ഇന്നലെ രാത്രി ഞാൻ രണ്ടും കൽപ്പിച്ച് പുറത്തിറങ്ങാൻ തീരുമാനിച്ചു. മന്ദിരത്തിന്റെ പുറകുവശത്തിലൂടെ പുറത്തിറങ്ങാനായിരുന്നു എന്റെ പദ്ധതി. അതിനിടയിലാണ് ഞാൻ വീണ്ടും ആ കുട്ടിയുടെ കാൽ പെരുമാറ്റം കേട്ടത്. ഇത്തവണ ഞാൻ അവനെ വിടാതെ പിന്തുടർന്നു. അവൻ മിന്നൽ വേഗത്തിലായിരുന്നു ഓടിയത്. അവൻ ഓടിയിരിക്കാൻ സാധ്യത ഉള്ള വഴികൾ, ഏകദേശം കണക്ക് കൂട്ടിക്കൊണ്ടു ഞാൻ ഏറ്റവും മുകളിലത്തെ നിലയിൽ എത്തി. അവിടെയായിരുന്നു മാളികപ്പുര സ്ഥിതി ചെയ്തിരുന്നത്. ഞാൻ ഭിത്തിയിൽ തൂക്കി വെച്ചിരുന്ന ഒരു റാന്തൽ എടുത്തുകൊണ്ട്, മാളികപ്പുരയുടെ പടവ് കേറാൻ തുടങ്ങി. ഞാൻ പകുതി പടവു കേറിയശേഷം, റാന്തൽ പൊക്കിപ്പിടിച്ചുകൊണ്ട് ചുറ്റും ഒന്നും നോക്കി. അപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്. ഒരു കുട്ടിയുടെ പഴകിയ ശവശരീരം. അതിന്റെ മരിച്ച കണ്ണുകൾ, റാന്തൽ വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു. ആ വിചിത്രമായ സത്വത്തെയായിരുന്നു ഞാൻ ഇത്രയും നേരം പിന്തുടർന്നിരുന്നത്. എന്റെ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി. പെട്ടെന്നാ സത്വം എന്റെ നേർക്ക് ഇയഞ്ഞു വന്നു. ഭയം കാരണം എന്റെ മനസ്സിന്റെ നിയന്ത്രണം വിട്ടു. ഞാൻ പുറകോട്ട് തലയടിച്ചു വീണു. പിന്നെ കുറെ കഴിഞ്ഞതിനുശേഷം ആണ് എനിക്ക് ബോധം തിരിച്ചു കിട്ടിയത്. അപ്പോഴേക്കും ആ സത്വം അവിടെ നിന്നും അപ്രത്യക്ഷമായിരുന്നു.
ഞാൻ നടന്ന കാര്യങ്ങൾ എല്ലാം അലക്സാണ്ടറിനോട് പറഞ്ഞു. ഞാൻ പറഞ്ഞതൊന്നും അദ്ദേഹം വിശ്വസിച്ചില്ല. അത് ഞാൻ പ്രതീക്ഷിച്ചിരുന്നു. "ഇതെല്ലാം നിങ്ങളുടെ വെറും തോന്നലാണ്. ഇത്തരത്തിലുള്ള സ്ഥലങ്ങളിൽ പല അമാനുഷികമായ സംഭവങ്ങൾ നടക്കാറുണ്ടല്ലോ. അതുകൊണ്ടാവാം നിങ്ങൾ ഇങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടുന്നത്." അദ്ദേഹം പറഞ്ഞു.
"ഇതെന്റെ തോന്നൽ അല്ല. ഞാൻ നേരിട്ട് കണ്ട സംഭവമാണ് പറഞ്ഞത്. നമ്മൾ ഇവിടുന്ന് എത്രയും പെട്ടെന്ന് പോകുന്നതാണ് നല്ലത്," ഞാൻ പറഞ്ഞു. അദ്ദേഹം എന്റെ വാക്കുകൾക്ക് വില കൽപ്പിച്ചില്ല.
"നമ്മൾ ഇവിടെ സ്ഥിരവാസത്തിന് വന്നതല്ല. കുറച്ചുദിവസം കഴിഞ്ഞാൽ നമുക്ക് ഇവിടുന്ന് പോകാം" അത് പറഞ്ഞുകൊണ്ട് അദ്ദേഹം പോയി. ഞാനിനി എന്തൊക്കെ പറഞ്ഞാലും അദ്ദേഹം വിശ്വസിക്കാൻ പോകുന്നില്ല. സ്വന്തമായ അനുഭവങ്ങൾ ഉണ്ടായാൽ മാത്രമേ ആളുകൾ ഇത്തരത്തിലുള്ള കാര്യങ്ങൾ വിശ്വസിക്കു. ലാലുവിനോട് ഞാൻ വീണ്ടും അന്ന് കണ്ട രൂപത്തെക്കുറിച്ച് വിവരിക്കാൻ പറഞ്ഞിരുന്നു. അവനാവട്ടെ അന്ന് താൻ കണ്ടത് രണ്ടു ചിറകുകളുള്ള മാലാഖയെ ആയിരുന്നു എന്നാണ് പറഞ്ഞത്. അവന് തലയ്ക്ക് വെളിവില്ലെന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ ഒരാൾക്ക് നേരിൽ കണ്ട കാര്യം ഇങ്ങനെ മാറ്റി പറയേണ്ട ആവശ്യമുണ്ടോ. ഇപ്പോൾ എന്റെ ധൈര്യം ചോർന്നുകൊണ്ടിരിക്കുകയാണ്. ഇനിയൊരു സാഹസികത്തിന് മുതിരണോ എന്ന ചിന്തയിലാണ് ഞാനിപ്പോൾ.
എൻഡ്രിയുടെ ഡയറി ഡിസംബർ 1937
രാവിലെ എഴുന്നേറ്റപ്പോഴാണ് ഹാരിക്കും മായക്കും അപകടം പറ്റിയ വിവരം ഞാൻ അറിഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് അലക്സാണ്ടർ വ്യക്തമായി പറഞ്ഞു തന്നില്ല.മായക്ക് ബോധം നഷ്ടപ്പെട്ടിട്ടുണ്ട്. ഹാരിക്ക് ചെറിയ മുറിവുകൾ മാത്രമേയുള്ളൂ. എന്നാൽ അവനെ കാണാൻ അലക്സാണ്ടർ സമ്മതിച്ചില്ല. ഒടുവിൽ അലക്സാണ്ടറിന്റെ കണ്ണ് വെട്ടിച്ചു കൊണ്ടാണ് ഞാൻ അവന്റെ മുറിയിൽ ചെന്നത്. അവൻ തളർന്നു കിടക്കുകയായിരുന്നു. അവന്റെ നെറ്റിയിൽ പാസ്റ്റർ ഒട്ടിച്ചിരുന്നു. ഞാൻ അവനെ ഉണർത്തിക്കൊണ്ട് നടന്ന സംഭവത്തെക്കുറിച്ച് ചോദിച്ചു. അവൻ അല്പം സമയം എടുത്തുകൊണ്ട് പറയാൻ തുടങ്ങി.
"ഇന്നലെ രാത്രി ഒരു പന്ത്രണ്ട് മണിയായി കാണും. വാതിൽ തട്ടുന്ന ശബ്ദം കേട്ടാണ് ഞാനുണർന്നത്. വാതിൽ തുറന്നു നോക്കിയപ്പോൾ, ഭയന്ന് വിറങ്ങലിച്ചു നിൽക്കുന്ന മായയെയാണ് ഞാൻ കണ്ടത്. ഞാൻ കാര്യം തിരക്കിയപ്പോൾ, അവൾ വീണ്ടുമാ കുട്ടിയെ കണ്ടെന്നാണ് പറഞ്ഞത്. അതൊരു മനുഷ്യക്കുഞ്ഞല്ലെന്നാണ് അവൾ പറയുന്നത്. എത്രയും വേഗം ഇവിടുന്ന് പോകണം എന്ന് അവൾ വാശി പിടിച്ചു. ഞാനത് അത്ര ഗൗരവമായി എടുത്തില്ല. എന്നാൽ അവൾ ഒറ്റയ്ക്ക് പോകാൻ പുറപ്പെട്ടപ്പോൾ, എനിക്ക് അവളുടെ ഒപ്പം പോകേണ്ടി വന്നു. കാറിന്റെ ചാവി അലക്സാണ്ടർ അറിയാതെ അവൾ എടുത്തിരുന്നു. പോകുന്ന വിവരം ആരോടും പറയരുതെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു അവൾ. അവളെ ദേഷ്യം പിടിപ്പിക്കുന്നത് നല്ലതല്ലെന്ന് കരുതി ഞാനൊന്നും പറയാൻ നിന്നില്ല. അവൾ വണ്ടി അതിവേഗത്തിലായിരുന്നു ഓടിച്ചത്. ഞാൻ വണ്ടിയുടെ വേഗത കുറയ്ക്കാൻ പറയുന്നതിനിടയിൽ അവൾ പെട്ടെന്ന് സ്റ്റേയറിങ് തിരിച്ചു. അപ്പോഴാണ് ഞാൻ മുന്നോട്ടു നോക്കിയത്. ഞങ്ങളുടെ മുന്നിൽ, വിചിത്രമായൊരു രൂപം നിൽക്കുന്നുണ്ടായിരുന്നു. ആ രൂപം എനിക്ക് വ്യക്തമായി കാണാൻ സാധിച്ചില്ലായിരുന്നു. അതിനിടയിൽ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ട്, ഒരു മരത്തിൽ ചെന്നിടിച്ചു. അപ്പോഴേക്കും ഞങ്ങളുടെ ബോധം നഷ്ടപ്പെട്ടിരുന്നു"
അവൻ കൂടുതൽ പറയാൻ ഒരുങ്ങുമ്പോഴേക്കും മീന മുറിയിലേക്ക് കടന്നു വന്നു. ഞാൻ അവന്റെ മുറിയിൽ കടന്നതിന്റെ പേരിൽ, അവൾ എന്നെ കുറെ ശകാരിച്ചു. അവന് ഇപ്പോൾ വിശ്രമമാണ് വേണ്ടതെന്ന് പറഞ്ഞ് അവൾ എന്നെ മുറിയിൽ നിന്നും പുറത്താക്കി. ഈയൊരു പ്രശ്നം കൂടി ആയതോടെ എന്റെ മനസമാധാനം ആകെ നശിച്ചു.ഇവിടെ നിൽക്കുന്നത് അപകടമാണെന്നാണ് എനിക്ക് തോന്നുന്നത്. ഞാനീ കാര്യം അലക്സാണ്ടറോട് പറഞ്ഞിരുന്നു. കാർ നന്നാക്കി കിട്ടിയാൽ ഇവിടുന്ന് പോകാം എന്നാണ് അലക്സാണ്ടർ പറഞ്ഞത്. ഒരാഴ്ചയ്ക്കകം കാർ ലഭിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോഴേക്കും ഹാരിക്കും മായക്കും സുഖമായാൽ മതിയായിരുന്നു.
എൻഡ്രിയുടെ ഡയറി ഡിസംബർ 1937
ഒരാഴ്ച പോയിട്ട് ഒരു ദിവസം പോലും ഇവിടെ നിൽക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ് ഇപ്പോൾ. ഞാൻ തുടർച്ചയായി ഓരോ ദുസ്വപ്നങ്ങൾ കണ്ട് ഞെട്ടി ഉണരുകയാണ്. ഇന്ന് വളരെ ഭീകരമായ ഒരു സ്വപ്നമാണ് ഞാൻ കണ്ടത്. ഞാൻ ഈ മന്ദിരത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ ഹാരി എന്നെ തടഞ്ഞു നിർത്തി. ഞാനൊരു ഷോക്ക് അടിക്കുന്ന യന്ത്രം എടുത്തു അവനെ ബോധം കെടുത്താൻ ശ്രമിച്ചു. പക്ഷേ നിർഭാഗ്യവശാൽ അത് അവന്റെ തലയ്ക്കാണ് കൊണ്ടത്. അവൻ തരിച്ചു കൊണ്ട് നിലത്ത് വീണു. പെട്ടെന്നൊരു സെക്യൂരിറ്റി വന്നെന്നെ തടഞ്ഞുനിർത്താൻ ശ്രമിച്ചു. ഞാൻ മേശപുറത്തിരുന്ന സർജിക്കൽ നൈഫ് എടുത്ത് അയാളെ ആക്രമിച്ചു. പിന്നെ ഞാൻ കാറിൽ പോകുന്നതാണ് കണ്ടത്. ഞാനായിരുന്നു കാറോടിച്ചു കൊണ്ടിരുന്നത്. പെട്ടെന്ന് എന്റെ മുന്നിലേക്ക് തോക്കേന്തി കൊണ്ട് ഒരു ജീർണിച്ച രൂപം പ്രത്യക്ഷപ്പെട്ടു. അപ്പോഴേക്കും ഞാൻ ഞെട്ടി ഉണരുകയും ചെയ്തു. സ്വപ്നമായിരുന്നെങ്കിലും ഇതെല്ലാം ശരിക്കും നടന്നതുപോലെയാണ് എനിക്ക് തോന്നിയത്
(തുടരും)
നാല് എൻഡ്രിയുടെ ഡയറി ഡിസംബർ 1937
ഹാരിയുടെയും മായയുടെയും അവസ്ഥ ഇപ്പോൾ മെച്ചപ്പെട്ടു വരുന്നുണ്ട്. കുറച്ചു ദിവസം കൂടി കാത്തുനിന്നാൽ, ഇവിടുന്ന് രക്ഷപ്പെടാൻ കഴിയുമെന്നാണ് ഞാൻ വിചാരിക്കുന്നത്. അതുവരെ എന്ത് ചെയ്യണമെന്നാണ് മനസ്സിലാവാത്തത്.
ഹാരിയുടെ ഡയറി ഡിസംബർ 1937
എനിക്കിപ്പോൾ അല്പം ഭേദം തോന്നുന്നുണ്ട്. മായയുടെ കാര്യമാണ് കഷ്ടം. അവൾക്കിതുവരെ ബോധം വീണില്ല. അവളെ ഭയം അരിച്ച് തിന്നുകൊണ്ടിരിക്കുകയായിരിക്കും. മീനയുടെ സാന്നിധ്യമാണ് അവളെ അല്പമെങ്കിലും ആശ്വസിപ്പിക്കുന്നത്. എന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചതും മീന തന്നെയാണ്. അവളെന്നെ നല്ലപോലെയാണ് ശുശ്രൂഷിച്ചത്. രാവും പകലും എന്റെ കൂടെ ഒരു നിഴലായി അവൾ ഉണ്ടായിരുന്നു. അവളോടുള്ള സ്നേഹം ഇപ്പോൾ കൂടിക്കൂടി വരികയാണ്. വിശ്രമവേളകളിലെല്ലാം അവളെ കുറിച്ചുള്ള സ്വപ്നങ്ങളാണ് എന്റെ മനസ്സിൽ പതിയുന്നത്. ലണ്ടൻ നഗരത്തിൽ ഞങ്ങൾ ഒരുമിച്ച് നടക്കുന്നതും. മനോഹരമായ പൂന്തോട്ടത്തിൽ ഇരുന്നുകൊണ്ട് സല്ലപിക്കുന്നതെല്ലാമാണ് ഞാൻ സ്വപ്നം കണ്ടത്. അവളോടുള്ള ഇഷ്ടം തുറന്നു പറഞ്ഞാലോ? പക്ഷേ ഈയൊരു അവസ്ഥയിൽ എങ്ങനെയാണ് അത് പറയുക. എന്റെ പ്രണയം തുറന്നു പറയാൻ ഒരു നല്ല അവസരം ലഭിക്കും എന്നാണ് എന്റെ പ്രതീക്ഷ. ആദ്യം അന്ന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം. ഈ മന്ദിരത്തെ ചുറ്റിപ്പറ്റി കുറെ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. എന്റെ സ്വപ്നത്തിൽ ചില സമയത്ത് ഈ മന്ദിരം ദൃശ്യം ആവാറുണ്ട്. ഇവിടെയുള്ള മുക്കും മൂലയും എനിക്ക് അറിയാവുന്നത് പോലെ. ഇതിന്റെയെല്ലാം അർത്ഥം എന്താണ്. എങ്ങനെയെങ്കിലും ഈ മന്ദിരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയണം. മീനയോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് അറിയാം. എന്തെങ്കിലും അറിയണമെങ്കിൽ ഈ മന്ദിരത്തിന്റെ പുറത്ത് കടക്കണം. അതിനുള്ള വഴിയാണ് ഇനി ആലോചിക്കേണ്ടത്.
എൻഡ്രിയുടെ ഡയറി ഡിസംബർ 1937
ഇന്നു ഞാൻ ചില ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തി. ഞാൻ വെറുതെ ഇരുന്ന സമയത്താ അടച്ചിട്ട മുറിയിൽ ഒന്ന് കേറി നോക്കാം എന്ന് കരുതി. റിസപ്ഷൻ ടേബിളിന്റെ പുറകിൽ തൂക്കിയിട്ട താക്കോൽ കൂട്ടത്തിൽ നിന്നും എനിക്കാ മുറിയുടെ താക്കോൽ ലഭിച്ചു. ഞാനാമുറി തുറന്നു നോക്കി. വർഷങ്ങളായി അടച്ചുവെച്ച ഒരു മുറിയായിരുന്നു അത്. കാല പഴക്കത്തിന്റെ ചിലന്തി വലകളെല്ലാം അങ്ങിങ്ങായി കാണപ്പെട്ടിരുന്നു. ഞാനാ മുറിയിലുള്ള ഒരു അലമാര തുറന്നു നോക്കി. അതിൽ ചില പത്രവാർത്തകളും ഒരു കത്തുമായിരുന്നു ഉണ്ടായത്. ഞാൻ ആവേശത്തോടെ ആ പത്രവാർത്ത വായിച്ചു നോക്കി. അത് വാൾട്ടറിന്റെ മരണത്തെക്കുറിച്ചുള്ളതായിരുന്നു. വാൾട്ടർ ഈ മന്ദിരത്തിൽ വച്ച് തന്റെ രണ്ടു മക്കളെയും ഭാര്യയും വിഷം കലർത്തിയ ഭക്ഷണം നൽകി, അവരെ കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിനു പിന്നിലുള്ള കാരണത്തെക്കുറിച്ച് പത്രത്തിൽ വിവരിക്കുന്നില്ല. ഞാനാ കത്ത് വായിച്ചപ്പോഴാണ്, ഞെട്ടിക്കുന്ന ചില കാര്യങ്ങൾ അറിയാൻ സാധിച്ചത്. അത് കാൾട്ടർ എലിസബത്തെന്ന ഒരാൾക്ക് എഴുതിയതായിരുന്നു. അത് ഇപ്രകാരമായിരുന്നു.
"പ്രിയപ്പെട്ട എലിസബത്ത്, നിനക്ക് അവിടെ സുഖമാണെന്ന് കരുതുന്നു. ഇവിടെ ഇപ്പോൾ എന്താ നടക്കുന്നതെന്ന് എനിക്ക് വിവരിക്കാൻ കഴിയുന്നില്ല. ഇവിടെ പൊങ്ങി വരുന്ന കിംവദന്തികൾ എല്ലാം ശരിയാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഞാനും ജേഷ്ഠന്റെ രൂപം കണ്ടിരുന്നു, അത് എന്റെ തോന്നലാണോ എന്ന് എനിക്കറിയില്ല. ഞാൻ മുൻപ് ഇവിടെ താമസിക്കാൻ വന്നപ്പോൾ, ജേഷ്ഠന്റെ ചില ചെയ്തികൾ ശ്രദ്ധിച്ചിരുന്നു. ജേഷ്ഠൻ രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപേ, തോക്കുമായി മന്ദിരത്തിന് ചുറ്റും നടക്കുന്ന ഒരു പതിവുണ്ടായിരുന്നു. ഇന്നലെ രാത്രി തോക്കേന്തി കൊണ്ട് നടക്കുന്ന ഒരു രൂപത്തെ ഞാനും കണ്ടിരുന്നു. മുഖം വ്യക്തമായി കാണാൻ കഴിഞ്ഞില്ല. ജേഷ്ഠന്റെ കേസ് അന്വേഷിക്കാൻ വന്നവരും ഈ രൂപമായിരിക്കും കണ്ടത്. അത് ജേഷ്ഠന്റെ പ്രേതമാണെന്നാണ് അവർ പറഞ്ഞത്. അപ്പോൾ ഞാൻ അത് വിശ്വസിച്ചില്ലായിരുന്നു. എന്നാൽ ഇപ്പോൾ! എനിക്കൊന്നും വ്യക്തമാകുന്നില്ല. ജ്യേഷ്ഠനെ മാത്രമല്ല ഞാൻ ഇവിടെ കണ്ടത്. ജേഷ്ഠന്റെ ഇളയ മകനായ ആദം ഇവിടെ കൂടെ ഓടിക്കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാൻ ഉറങ്ങുന്ന സമയത്താണ് അവന്റെ കാൽ പെരുമാറ്റം കേൾക്കുക. ശബ്ദം കേട്ട ഭാഗത്തേക്ക് ചെന്ന് നോക്കുമ്പോഴേക്കും അവൻ അപ്രത്യക്ഷമാവും. ഇതിന്റെയെല്ലാം അർത്ഥം എന്താണെന്ന് മനസ്സിലാവുന്നില്ല. അതുപോലെ അവർ എന്തിനാണ് ആത്മഹത്യ ചെയ്തതെന്നും. കാരണം അവർ അത്രയും സന്തോഷത്തിലായിരുന്നു ഇവിടെ താമസിച്ചിരുന്നത്.
എന്തായാലും ഇതിന്റെയെല്ലാം സത്യാവസ്ഥ എന്താണെന്ന് കണ്ടെത്തിയിട്ടെ ഞാൻ ഇനി തിരിച്ചു വരുകയുള്ളൂ. എന്ന് സ്നേഹപൂർവ്വം കാൾട്ടർ ഇതിൽ വിവരിച്ചതെല്ലാം പരമാർത്ഥമാണ്. ഇവിടെ ധൈര്യം ഭാവിച്ച് നിൽക്കുന്നതിൽ ഇനി അർത്ഥമില്ല. എങ്ങനെയെങ്കിലും അലക്സാണ്ടറിന്റെ കണ്ണുവെട്ടിച്ച് ഇവിടുന്ന് രക്ഷപ്പെടണം. ഹാരിയുടെ ഡയറി ഡിസംബർ 1937 ഇന്ന് ഞാൻ പുറത്തിറങ്ങാൻ തന്നെ തീരുമാനിച്ചു. പുറത്തേക്ക് നടക്കാൻ ഇറങ്ങുന്ന വിവരം ഞാൻ അലക്സാണ്ടറിനോട് പറഞ്ഞു. ആദ്യം അദ്ദേഹം എന്നെ എതിർത്തു.എന്നെ തടയാനുള്ള അവകാശം ഒന്നും അയാൾക്കില്ല. അത് ഞാൻ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു. എന്റെ സംസാരം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിലും, അദ്ദേഹം അത് പുറത്തു കാണിച്ചില്ല. എന്തൊക്കെയോ ചിന്തിച്ചശേഷം അദ്ദേഹം എന്നെ പുറത്തു പോകാൻ സമ്മതിച്ചു. എന്നാൽ നേരം ഇരുട്ടുന്നതിനു മുൻപേ തിരിച്ചുവരാമെന്ന് എനിക്ക് വാക്കു നൽകേണ്ടിവന്നു. ഞാൻ പുറത്തിറങ്ങാൻ പോകുമ്പോൾ അവിടെയുണ്ടായിരുന്നു ഒരു സെക്യൂരിറ്റി എന്നെ തടഞ്ഞു. എനിക്ക് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല. കേവലം ഒരു സെക്യൂരിറ്റിക്ക് ഇത്രയും അഹങ്കാരം പാടില്ലല്ലോ. ഞാനവനെ ശക്തമായി എതിർത്തു. അതൊരു കയ്യാങ്കളിയിൽ ചെന്നാണ് അവസാനിച്ചത്. അവൻ നല്ലൊരു അഭ്യാസി ആയിരുന്നു. നല്ലവണ്ണം പരിശീലനം ലഭിച്ച ഒരാൾ. അതെന്നെ അത്ഭുതപ്പെടുത്തി. ഒരു സെക്യൂരിറ്റി ഇത്രയും അഭ്യാസങ്ങൾ പഠിക്കാനുള്ള സാധ്യതയില്ല. അവനോട് ഒരു വിധത്തിലാണ് ഞാൻ ചെറുത്തു നിന്നത്. സംഘർഷം വഷളാകുന്നതിനു മുൻപേ അലക്സാണ്ടർ അവിടെ എത്തി. അദ്ദേഹം അവനെ പിടിച്ചുമാറ്റി കൊണ്ട് എന്നോടു പുറത്തു പോകാൻ പറഞ്ഞു. ഇതെല്ലാം വളരെ വിചിത്രമായിട്ടാണ് എനിക്ക് തോന്നിയത്. ഒരു പട്ടാള ക്യാമ്പിൽ അകപ്പെട്ട ഒരു അവസ്ഥ പോലെ. ഞാൻ പുറത്തേക്ക് പോകുമ്പോൾ അവർ എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. ഇത്രയും ദിവസം ഞങ്ങളെ അവർ അടച്ചിടുകയായിരുന്നോ? ഞാൻ ഇതേക്കുറിച്ചെല്ലാം ചിന്തിച്ചു കൊണ്ടായിരുന്നു നടന്നത്. തികച്ചും വിജനമായൊരു സ്ഥലമായിരുന്നു അത്. ഞാൻ പ്രധാന റോഡിൽ നിന്നും മാറിക്കൊണ്ട് മരങ്ങളുടെ ഇടയിലൂടെയുള്ള ഒരു വഴിയിലേക്ക് കയറി. ഇരുവശങ്ങളിലും കൂറ്റൻ മരങ്ങൾ ഉള്ള ഒരു ഇടവയായിരുന്നു അത്. പാത നിറയെ കരിയിലകൾ ആയിരുന്നു. കുറച്ചു മുമ്പിലെത്തിയപ്പോഴാണ് ആരോ മരം വെട്ടുന്ന ശബ്ദം ഞാൻ കേട്ടത്. ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് ചെന്നു നോക്കി.അവിടെ ഒരു വൃദ്ധൻ മരം വെട്ടുന്നുണ്ടായിരുന്നു. വാർദ്ധക്യം കൊണ്ട് തലനരച്ചെങ്കിലും അയാളുടെ ശരീരം ഉരുക്ക് പോലെയായിരുന്നു. ഞാൻ മന്ദിരത്തിൽ നിന്നുമാണ് വരുന്നതെന്ന് പറഞ്ഞപ്പോൾ അയാളിൽ ഉണ്ടായ ആശ്ചര്യവും, അത്ഭുതവും ഞാൻ ശ്രദ്ധിച്ചിരുന്നു. ആ മന്ദിരത്തെ കുറിച്ച് എന്തെങ്കിലും അറിയാമോ എന്ന് ചോദിച്ചപ്പോൾ, അറിയില്ലെന്നായിരുന്നു അയാൾ ആദ്യം പറഞ്ഞത്. അതേതുടർന്ന് ഞാനൊരു സിഗ വലിച്ചുകൊണ്ട് മുന്നോട്ടുപോകാൻ ഒരുങ്ങിയപ്പോൾ അയാൾ എന്നോട് നിൽക്കാൻ പറഞ്ഞു. അയാളിൽ നിന്നും കഥ കേൾക്കാൻ വേണ്ടി എനിക്ക് മിച്ചമുള്ള സിഗ അയാൾക്ക് നൽകേണ്ടി വന്നു. എല്ല് കഷ്ണം കിട്ടിയ പട്ടിയെപ്പോലെ അയാൾ ആദ്യം അത് മണത്തു നോക്കി. ലണ്ടനിൽ നിന്നും നിർമ്മിച്ചതാണെന്ന് കേട്ടപ്പോൾ അയാൾക്ക് ആവേശം കൂടി. അയാൾ തന്റെ കറുത്ത ചുണ്ടിൽ സിഗ വെച്ചുകൊണ്ട് അതിലെ പുക നുകർന്നു. തുടർന്ന് അയാൾ, മന്ദിരത്തെ കുറിച്ചുള്ള കഥ പറയാൻ തുടങ്ങി. "ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് ആ മന്ദിരം. ഉയർന്ന ഉദ്യോഗസ്ഥന്മാർക്ക് താമസിക്കാൻ വേണ്ടിയായിരുന്നു ആ മന്ദിരം നിർമിച്ചത്. എന്നാൽ വാൾട്ടർ, എന്ന ഉദ്യോഗസ്ഥന്റെ മരണത്തിനുശേഷം അവിടെ അമാനുഷികമായ സംഭവങ്ങൾ അരങ്ങേറാൻ തുടങ്ങി. അയാളും കുടുംബവും അവിടെ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. അയാൾ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ഇതുവരെ ആർക്കും കണ്ടെത്താനായില്ല. വാൾട്ടറിന്റെ കേസ് അന്വേഷിക്കാൻ വന്നവരെല്ലാം അയാളുടെ പ്രേതത്തെ കണ്ടു ഭയന്നു ഓടുകയാണ് ചെയ്തത്. അയാളുടെ മരണത്തിന്റെ ദുരൂഹത അറിയാൻ വേണ്ടി അയാളുടെ സഹോദരൻ അവിടേക്ക് വന്നിരുന്നു. ഒടുവിൽ അയാളും വാൾട്ടറിനെ പോലെ തന്നെ ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് അവിടെ താമസിക്കാൻ വന്നവരെല്ലാം പ്രേത ശല്യം മൂലം രക്ഷപ്പെടുകയാണ് ചെയ്തത്. ഇതെല്ലാം എതിർത്ത് അവിടെ താമസിച്ചവരോ, ഒടുവിൽ തൂങ്ങി മരിക്കുകയും ചെയ്തു. പിന്നെ അവിടേക്ക് പോവാൻ എല്ലാവർക്കും ഭയമായിരുന്നു. ഇതിലെല്ലാം സത്യമുണ്ടോ എന്നറിയാൻ, ഞങ്ങൾ കുറച്ചു പേർ അവിടേക്ക് പോയിരുന്നു.ഞങ്ങൾ ആ മന്ദിരത്തിന്റെ മതിൽ ചാടി കടക്കാൻ നോക്കുമ്പോളാണ് വാൾട്ടറിന്റെ പ്രേതത്തെ കണ്ടത്. അയാൾ കയ്യിലൊരു തോക്കുമായി മന്ദിരത്തിന് ചുറ്റും നടക്കുകയായിരുന്നു. ഇരുടാണെങ്കിലും ആ രൂപം ഞങ്ങൾ വ്യക്തമായി കണ്ടു. എന്തോ ഭാഗ്യത്തിന് ഞങ്ങളുടെ ബോധം പോയില്ല. ഇത്തരത്തിലുള്ള അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ട്. അവിടെവെച്ച് മരണമടിഞ്ഞവരുടെ ആത്മാക്കളെല്ലാം, അവിടെ ചുറ്റിപ്പറ്റി നടക്കുന്ന വാർത്ത ഇതിനകം പരന്നിരുന്നു. അതോടെ ബ്രിട്ടീഷ് ഭരണാധികാരികൾ ആ സ്ഥലം വിൽക്കാൻ തീരുമാനിച്ചു. ഈയടുത്ത കാലത്താണ് ആ സ്ഥലം ആരോ വാങ്ങിയത്. അവിടെ താമസിക്കാൻ വന്നവരിൽ മൂന്നുപേർ മരിച്ചെന്നാണ് കേട്ടത്," അയാൾ വിചിത്രമായ ഒരു നോട്ടം എന്നിലേക്ക് എറിഞ്ഞുകൊണ്ട് തുടർന്നു.
"നിങ്ങളവിടെയാണോ താമസിക്കുന്നത്?" ഞാൻ അതെ എന്ന രീതിയിൽ തലയാട്ടി
"നിങ്ങൾ എത്രയും പെട്ടെന്ന് അവിടുന്ന് രക്ഷപ്പെടുന്നതാണ് നല്ലത്. പൗർണമി നാളിൽ ശക്തിപ്രാപിക്കുന്ന പ്രേതങ്ങളാണ് അവിടെയുള്ളത്. നിങ്ങൾക്ക് ജീവനിൽ കൊതിയുണ്ടെങ്കിൽ രക്ഷപ്പെട്ടോ,"
അത്രയും പറഞ്ഞുകൊണ്ട് അയാൾ എന്റെ പകുതി ജീവനെടുത്തു. അയാൾ പറഞ്ഞ ചില കാര്യങ്ങളൊക്കെ മുൻപ് ഞാൻ എവിടെയോ കേട്ടതുപോലെ. വാൾട്ടർ എന്ന പേരും കേട്ടിട്ടുണ്ട്. അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ ഞാൻ നിന്നില്ല. ഇരുട്ടുന്നതിനു മുൻപേ ഞാൻ മന്ദിരത്തിലേക്ക് തിരിച്ചു. എന്നെയും കാത്തുനിൽക്കുകയായിരുന്നു അലക്സാണ്ടർ. ഞാനെന്തിനാണ് പുറത്തുപോയതെന്ന സംശയം അയാൾക്കുണ്ടായിരുന്നു. എങ്കിലും അയാൾ എന്നോട് ഒന്നും ചോദിച്ചില്ല. കുറച്ച് സമയം കഴിഞ്ഞപ്പോൾ എന്നെ എൻഡ്രി അവന്റെ റൂമിലേക്ക് വിളിച്ചുവരുത്തി. അവന്റെ കൂടെ ലാലുവുമുണ്ടായിരുന്നു. ഇവിടെ നിൽക്കുന്നത് അപകടമാണെന്നാണ് അവർ കരുതുന്നത്. നാളെ ഇവിടുന്ന് രക്ഷപ്പെടാനുള്ള പദ്ധതി ഒരുക്കാൻ വേണ്ടിയാണ് അവർ എന്നെ അങ്ങോട്ട് വിളിച്ചത്. എനിക്കെന്തോ അവരുടെ പദ്ധതി അത്ര ഇഷ്ടപ്പെട്ടില്ല. എനിക്ക് ഇവിടുന്ന് രക്ഷപ്പെടാൻ തീരെ താൽപര്യം തോന്നുന്നില്ല. എൻഡ്രിയോട് അവന്റെ പദ്ധതിയിൽ നിന്നും പിന്മാറാൻ വേണ്ടി ഞാൻ കർശനമായി ആവശ്യപ്പെട്ടു. അവനത് തീരെ ഇഷ്ടപ്പെട്ടില്ല. എന്നോട് ഒന്നും മിണ്ടാതെ അവൻ മുറിക്ക് പുറത്തേക്കിറങ്ങി. അവനിവിടുന്ന് രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഈ വിവരം ഞാൻ അലക്സാണ്ടറിനെ അറിയിച്ചിട്ടുണ്ട്. ഒരു കാരണവശാലും അവനെ രക്ഷപ്പെടാൻ അനുവദിച്ചു കൂടാ.
(തുടരും)
അഞ്ച് - അലക്സാണ്ടറുടെ കേസ് ഡയറി
വളരെ വിചിത്രമായ ഒരു കേസിനെ കുറിച്ചാണ് ഞാൻ ഇതിൽ വിവരിക്കുന്നത്. എന്റെ സർവീസ് കാലത്തിനിടയിൽ ഇത്രയും സങ്കീർണ്ണം പിടിച്ചൊരു കേസുണ്ടായിട്ടില്ല. പ്രകൃതിയുടെ സുപരിചിത സീമയിൽ ഒതുങ്ങാത്ത ഒരു സംഭവത്തെക്കുറിച്ചുള്ള അന്വേഷണമായിരുന്നു ഇത്.
ഇവിടെ ഭീതിയാർന്നൊരു ഇരുണ്ട വശം ഉണ്ടെന്ന് എനിക്ക് ഈ കേസിലൂടെയാണ് മനസ്സിലായത്. ഈ കേസിലേക്ക് ഞാൻ എത്താനുള്ള കാരണം മീനയാണ്. എന്റെ ഉറ്റ ചങ്ങാതിയുടെ മകളാണ് അവൾ. അവൻ വിവാഹത്തിനുശേഷം ലണ്ടനിൽ പോയതായിരുന്നു. നാട്ടിൽ വരുന്ന സമയത്തെല്ലാം അവൻ എന്നെ കാണാൻ വരുമായിരുന്നു. അങ്ങനെ ഒരു ദിവസം അവനും മീനയും യാതൊരു മുന്നറിയിപ്പുമില്ലാതെ എന്നെ കാണാൻ വന്നു. ഞാൻ കാര്യം തിരക്കിയപ്പോൾ ആണ്, മീനയുടെ ഭാവിവരനായ ഹാരിയുടെ വിവരമൊന്നും ലഭിക്കുന്നില്ലെന്ന് പറഞ്ഞത്. അവൻ ഓരോ ആഴ്ച കൂടുമ്പോഴും കമ്പി അടിക്കാറുണ്ടായിരുന്നുവത്രേ.
അവന്റെ കത്തുകൾ ലഭിക്കാത്തപ്പോഴാണ് അവൾക്ക് എന്തോ പ്രശ്നം തോന്നിയത്. അവനെന്തോ അത്യാപത്ത് സംഭവിച്ചിട്ടുണ്ടാവും എന്നാണ് അവൾ കരുതിയിരുന്നത്. ഹാരിയെ കുറിച്ചുള്ള ചില വിവരങ്ങൾ അവൾ എനിക്ക് പറഞ്ഞു തന്നു. അത് വെച്ചൊരു അന്വേഷണം നടത്തിയപ്പോഴാണ്, അവന് അപകടം പറ്റി വിവരം ഞാൻ അറിഞ്ഞത്. തലയ്ക്ക് ഷോക്കേറ്റ മൂലം അവന്റെ ഓർമ്മ നഷ്ടപ്പെട്ടിരുന്നു. മീന ആരാണെന്ന കാര്യം പോലും അവന് ഓർമ്മയില്ലായിരുന്നു. അത് അവൾക്ക് വലിയൊരു ആഘാതമായിരുന്നു. ഓർമ്മകൾ തിരിച്ചു കിട്ടാൻ കുറേ ദിവസം വേണ്ടിവരും എന്നാണ് ഡോക്ടർ പറഞ്ഞത്. അവന് ഓർമ്മ തിരിച്ചു കിട്ടാൻ ഉതകുന്ന കാര്യങ്ങളെക്കുറിച്ച് പറയുന്നത് നല്ലതാണെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു. ഹാരിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാൻ വേണ്ടി ഞാൻ അവിടെയുള്ള പോലീസ് സ്റ്റേഷനിൽ ചെന്നിരുന്നു.ആ കേസിനെ കുറിച്ച് വിചിത്രമായ കാര്യങ്ങളാണ് അവർ എനിക്ക് പറഞ്ഞു തന്നത്.
തുടക്കം ആ മന്ദിരത്തെ കുറിച്ചുള്ള കഥകളായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തിന്റെ തുടക്കമായിരുന്നു ആ മന്ദിരം നിർമ്മിക്കപ്പെട്ടത്. വലിയ വലിയ ഉദ്യോഗസ്ഥർക്ക് താമസിക്കാൻ വേണ്ടിയായിരുന്നു ആ മന്ദിരം. കുടുംബസമേതം ഇന്ത്യയിലേക്ക് വന്ന ഉദ്യോഗസ്ഥരായിരുന്നു അവിടെ അധികവും താമസിച്ചിരുന്നത്. വാൾട്ടർ എന്ന ഉദ്യോഗസ്ഥന്റെ മരണത്തോടുകൂടിയാണ് അവിടെ വിചിത്രമായ സംഭവങ്ങൾ നടക്കാൻ തുടങ്ങിയത്. അദ്ദേഹം തന്റെ ഭാര്യയെയും രണ്ടു മക്കളെയും വിഷം കൊടുത്ത് കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. 1922 ഒരു പൗർണമി നാളിലാണ് ഇതെല്ലാം നടന്നത്. ഇത് അന്വേഷിക്കാൻ വന്ന അദ്ദേഹത്തിന്റെ സഹോദരനായ കാൾട്ടർ പൗർണമി നാളിൽ തന്നെ തൂങ്ങിമരിച്ചു. അയാളുടെ ഡയറിയിൽ വാൾട്ടറുടെ എട്ടു വയസ്സുള്ള മകനെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതേപോലെ തോക്കേന്തി കൊണ്ട് മന്ദിരത്തിന് ചുറ്റും നടക്കുന്ന വാൾട്ടറിനെ കണ്ടതായി പറയുന്നുണ്ട്. അവിടെ കേസ് അന്വേഷിക്കാൻ വന്ന ഉദ്യോഗസ്ഥരും അയാളുടെ രൂപം കണ്ട് ഭയന്നിട്ടുണ്ടത്രേ. ഇത്രയും ആയതുകൊണ്ട് മറ്റൊരു ഉദ്യോഗസ്ഥരും വാൾട്ടറിന്റെ കേസ് അന്വേഷിക്കാൻ മുതിർന്നില്ല. പിന്നെ അവിടെ താമസിക്കാൻ വന്നവരെല്ലാം അവിടെവെച്ച് മരണമടഞ്ഞ പലരുടെയും ആത്മാക്കളെ കണ്ടതായി വാദിച്ചിരുന്നു. ഇതെല്ലാം എതിർത്തുകൊണ്ട് അവിടെ അഞ്ചു ഉദ്യോഗസ്ഥർ താമസിച്ചിരുന്നു. അവരെല്ലാം കൃത്യം പൗർണമി നാളിൽ തന്നെ തൂങ്ങിമരിക്കുകയാണ് ചെയ്തത്. ഈ സംഭവങ്ങളെല്ലാം കാരണം അവിടേയ്ക്ക് ആരും പോകാതെയായി. വൈകാതെ തന്നെ അതൊരു പ്രേതഭവനമായി പ്രഖ്യാപിക്കപ്പെട്ടു. ആ മന്ദിരത്തിനെ ചുറ്റിപ്പറ്റി പല കഥകളും ഉയരാൻ തുടങ്ങി.
പൊതുശ്മശാനത്തിന്റെ അടുത്തായി നിർമ്മിച്ചത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നതെന്നാണ് ഒരു വാദം. വാൾട്ടറിന്റെ ചെയ്തികളാണ് ഇതെല്ലാമെന്ന് മറ്റൊരു വാദം. പൗർണമി നാളിൽ ഉയർത്തെഴുന്നേൽക്കുന്ന നീചശക്തികൾ കാരണമാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും ചിലർ പറയുന്നുണ്ട്. ഇത്തരം കഥകൾ മൂലം അവിടേക്ക് ആരും താമസിക്കാൻ വരാതായി. ഇതിനിടയിൽ അവിടെ മോഷണം നടത്താൻ വന്ന രണ്ടു കള്ളന്മാരെ, അവിടെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വാൾട്ടർ ഉപയോഗിച്ചിരുന്ന തോക്കിലെ ബുള്ളറ്റായിരുന്നു അവരുടെ ശരീരത്തിൽ നിന്നും കണ്ടെത്തിയത്. വാൾട്ടർ മരിച്ച രണ്ടാം ദിവസം കാണാതായതാണ് ആ തോക്ക്. ഇത് വാൾട്ടറിന്റെ പണി തന്നെയായിരിക്കും എന്നാണ് ഇവിടെയുള്ള നാട്ടുകാരും ഉദ്യോഗസ്ഥരും വിശ്വസിച്ചിരുന്നത്. 1930 ഭൂത പ്രേതങ്ങളെ കുറിച്ച് റിസർച്ച് ചെയ്യുന്ന രണ്ടുപേർ അവിടെ താമസിക്കാൻ വന്നിരുന്നു. അവരും പൗർണമി നാളിൽ തൂങ്ങിമരിക്കുകയാണ് ചെയ്തത്. ഇതെല്ലാം കാരണം ഭരണകൂടം ആ പ്രോപ്പർട്ടി വിൽക്കാൻ തീരുമാനിച്ചു. എന്നാൽ അത് വാങ്ങാൻ ആരും ധൈര്യപ്പെട്ടിട്ടില്ല. അങ്ങനെ കുറെ വർഷത്തോളം ആ മന്ദിരം അനാഥപെട്ട് കിടന്നു. ഒടുവിലാണ് അത് ഹാരി വാങ്ങുന്നത്. ഹാരിക്കും സംഘത്തിനും അന്ന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. അന്ന് ആ മന്ദിരത്തിൽ വച്ച് അഞ്ച് മരണം നടന്നതായിട്ടാണ് കേസ് റിപ്പോർട്ട്. അതിൽ ആദ്യത്തേത് ഹാരിയുടെ കീഴിൽ പണിയെടുത്തിരുന്ന ഒരു സെക്യൂരിറ്റി ഗാർഡാണ്. സർജിക്കൽ നൈഫ് കൊണ്ടുള്ള കുത്തേറ്റു കൊണ്ടാണ് അയാൾ മരിച്ചത്. പതിനൊന്ന് മണിക്കാണ് ഇത് സംഭവിക്കുന്നത്. രണ്ടാമത്തേത് മാനസിക രോഗിയായ ഇർഫാന്റെ മരണമാണ്. അവൻ വെടിയേറ്റാണ് മരിച്ചത്. അവന്റെ ദേഹത്തിൽ നിന്നും കിട്ടിയ ബുള്ളറ്റ് വാൾട്ടർ ഉപയോഗിച്ചിരുന്ന തോക്കിൽ നിന്നുള്ളതായിരുന്നു. മറ്റു രണ്ട മരണവും ആത്മഹത്യ ആയിട്ടാണ് റിപ്പോർട്ട് ചെയ്തത്. ഹാരിയുടെ കീഴിൽ പണിയെടുത്ത് കൊണ്ടിരുന്ന രണ്ട് നേഴ്സിനെയും മറ്റൊരു സെക്യൂരിറ്റി ഗാർഡിനെയുമാണ് തൂങ്ങിമരിച്ച നിലയിൽ അവിടെ കണ്ടെത്തിയത്. മൂന്നു മണിക്കാണ് അവരുടെ മരണം നടന്നത്. അന്ന് എന്താണ് സംഭവിച്ചതെന്ന് വിവരിച്ചത് ഹാരിയുടെ പേഷ്യന്റ് ആയ എൻട്രിയാണ്. ഒരു മാനസികരോഗി ആയതുകൊണ്ട് അവൻ പറഞ്ഞതിൽ എത്രത്തോളം സത്യമുണ്ടെന്ന് വിശ്വസിക്കാൻ കഴിയില്ല. ഇതിന്റെ എല്ലാം സത്യാവസ്ഥ മനസ്സിലാക്കാൻ വേണ്ടി ഞാനൊരു വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചു.
ഹാരി ഇന്ത്യയിൽ തന്നെയാണ് ജനിച്ചു വളർന്നത്. തന്റെ രക്ഷിതാക്കളുടെ മരണശേഷമായിരുന്നു അവൻ ലണ്ടനിലേക്ക് പഠിക്കാൻ പോയത്. ഇന്ത്യയിൽ ഒരു ക്ലിനിക്ക് തുടങ്ങണം എന്നൊരു പദ്ധതി അവനുണ്ടായിരുന്ന. അതുകൊണ്ട് അവൻ ആദ്യം ജോലി ചെയ്യാൻ ഇന്ത്യയിലേക്കാണ് വന്നത്. തുടക്കം ചുരുങ്ങിയ പേഷ്യൻസിനെ വെച്ചുകൊണ്ട് ഒരു ക്ലിനിക് തുടങ്ങാനായിരുന്നു അവൻ ഉദ്ദേശിച്ചത്. അങ്ങനെയാണ് അവൻ ആ മന്ദിരം വാങ്ങുന്നത്. അവന്റെ സഹായത്തിനു വേണ്ടിയായിരുന്നു മരിച്ചുപോയ രണ്ട് സെക്യൂരിറ്റി ഗാർഡുകളെയും രണ്ട് നേഴ്സുമാരെയും അവൻ അവിടെ നിയമിച്ചത്. അവൻ മുൻപ് ജോലി ചെയ്തിരുന്ന ഭ്രാന്താശുപത്രിയിൽ ഉള്ള അഞ്ച് പേഷ്യൻസിനെ ആയിരുന്നു അവൻ അവിടേക്ക് ഷിഫ്റ്റ് ചെയ്തത്.എഴുപത്തിഅഞ്ച് വയസ്സ് പ്രായം വരുന്ന മാധവൻ ആയിരുന്നു അതിലൊരാൾ.അയാൾ സംഭവം നടക്കുന്നതിന്റെ തലേദിവസം മരണപ്പെട്ടിരുന്നു.ചികിത്സയിനിടയിൽ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. രണ്ടാമത്തെ പേഷ്യന്റ് ആയിരുന്നു വെടിയേറ്റു മരിച്ച ഇർഫാൻ. മൂന്നാമത്തെ ആളായിരുന്നു ഇരുപത്തിരണ്ട് വയസ്സുകാരിയായ മായ. പിതാവിന്റെ മരണം നേരിൽ കണ്ടപ്പോൾ ഉണ്ടായ ഷോക്ക് മൂലമായിരുന്നു അവളുടെ മാനസികനില തെറ്റിയത്. ഒരു കുട്ടികളുടെ സ്വഭാവമായിരുന്നു അവളുടേത്. തന്റെ മനസ്സിന് ആഘാതം ഏൽപ്പിക്കുന്ന കാര്യങ്ങളെല്ലാം അവൾ പെട്ടെന്ന് തന്നെ മറക്കും. അന്ന് രാത്രി അവിടെ എന്താണ് സംഭവിച്ചതെന്ന് അവൾക്ക് ഓർമ്മയുണ്ടായിരുന്നില്ല. കേസുമായി ഉതകുന്ന ഒന്നും തന്നെ അവളുടെ പക്കിൽ നിന്നും ലഭിച്ചില്ലെന്ന് സാരം. ആ ദുരന്തം അതിജീവിച്ച് മറ്റൊരു പേഷ്യന്റ് ആയിരുന്നു ലാലു. അമിതമായ ലഹരിയുടെ ഉപയോഗം മൂലമാണ് അവന്റെ സമനില തെറ്റിയത്. മൂകനായ ഒരു വ്യക്തിയാണ് അവൻ. ഈ കേസിനെ കുറിച്ച് അവന് പല അഭിപ്രായങ്ങളാണ് ഉള്ളത്. അവിടെയുള്ള പ്രേതങ്ങളുടെ കയ്യിൽനിന്നു കഷ്ടിച്ച് രക്ഷപ്പെട്ടതാണെന്നാണ് അവൻ ആദ്യം പറഞ്ഞത്. പിന്നെ അവൻ അത് മാറ്റിപ്പറഞ്ഞു. ഒരു കാരണവുമില്ലാതെയാണ് ഞങ്ങൾ അവിടുന്ന് രക്ഷപ്പെട്ടതെന്നാക്കി. വീണ്ടും ആ കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അവന് ഒന്നും അറിയില്ലെന്ന് പറഞ്ഞു. ഇവരിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു എൻഡ്രി. എൻഡ്രി ഒരു ഡോക്ടറായിരുന്നു. സംശയരോഗം മൂലം അവൻ തന്റെ ഭാര്യയെ കൊല്ലുകയാണുണ്ടായത്. തന്മൂലമാണ് അവന്റെ സമനില തെറ്റിയത്. അവന് ചില സമയങ്ങളിൽ എല്ലാം മതിഭ്രമം ഉണ്ടാവാറുണ്ട്. തന്റെ ഭാര്യയെ തന്നെയാണ് അവൻ മിക്കവാറും കാണാറ്. എന്നാൽ അത് തന്റെ ഭാര്യയാണെന്ന തിരിച്ചറിവ് അവനുണ്ടാവില്ല. തന്റെ മനസ്സിൽ പതിഞ്ഞ ചില കാര്യങ്ങളൊക്കെ അവൻ ഹാലൂസിനേഷൻ ചെയ്യാറുണ്ട്. മിത്രഭ്രമം ഇല്ലാത്ത സമയങ്ങളിൽ അവൻ വളരെ നോർമൽ ആയിട്ടാണ് പെരുമാറുക. അവന് ദേഷ്യം പിടിക്കുന്ന സമയത്താണ് അവൻ കൂടുതൽ വയലൻറ് ആവാറ്.താൻ ഒരു രോഗിയാണെന്ന ചിന്തയൊന്നും അവന് ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടർ ആയിട്ടാണ് അവൻ തന്നെ കണ്ടിരുന്നത്. മറ്റുള്ളവരെ ചികിത്സിക്കാൻ വേണ്ടിയാണ് താൻ ആ മന്ദിരത്തിലേക്ക് വന്നത്, എന്നായിരുന്നു അവൻ കരുതിയിരുന്നത്. എൻഡ്രി സ്ഥിരമായി ഡയറി എഴുതുന്ന കൂട്ടത്തിൽ ആയിരുന്നു. അവന്റെ ഡയറി ഞാൻ വായിച്ചിരുന്നു. നിഗൂഢമായ കാര്യങ്ങളെല്ലാം അന്വേഷിക്കുന്നതിൽ അവൻ വിദഗ്ധനാണെന്ന് എനിക്ക് മനസ്സിലായി. അവനാ മന്ദിരത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ വേണ്ടിയായിരുന്നു കൂടുതൽ സമയം ചിലവഴിച്ചിരുന്നത്. അവന്റെ ഡയറിയിലെ ചില കുറിപ്പുകൾ എല്ലാം വെച്ചുകൊണ്ട് അവൻ പോലീസുകാർക്ക് ഒരു വിവരണം തയ്യാറാക്കിയിരുന്നു.അത് ഇപ്രകാരമായിരുന്നു.
തുടക്കം മുതലേ ആ മന്ദിരത്തിന് ചുറ്റും എന്തോ പന്തികേടുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. രോഗികളെ ചികിത്സിക്കാൻ പറ്റിയ പ്രകൃതിമനോഹരമായ സ്ഥലം തന്നെയായിരുന്നു അത്. പൂന്തോട്ടവും കാടും എല്ലാം മനസ്സിന് ശാന്തമേകുന്നവയാണ്. പുലർകാലത്തെ മൂടൽമഞ്ഞും, തണുപ്പും എല്ലാം മനസ്സിന് കുളിരേകും. എന്നാൽ പകൽ നേരത്തെ സൗന്ദര്യവും നിശബ്ദതയും രാത്രിയാകുമ്പോഴേക്കും കെട്ടണയും. രാത്രികാലങ്ങളിൽ സ്വയം രൂപം മാറുന്ന ഒരു അന്തരീക്ഷമായിരുന്നു അവിടെ ഉണ്ടായിരുന്നത്. രാത്രികളിൽ അവിടെ കൂടെ പല നിഴൽ രൂപങ്ങൾ മിന്നി മായുന്നത് ഞാൻ കണ്ടിരുന്നു. പ്രത്യേകിച്ചും യൂക്കാലിപ്സ് തോട്ടത്തിൽ. അതുപോലെതന്നെ ആ സമയമാകുമ്പോൾ ആണ്, വന്യ മൃഗങ്ങളുടെ ആർപ്പുവിളികൾ ഉയരുക. ഓ..അത് തികച്ചും ഭയാനകമായിരുന്നു. ഇതൊന്നും കൂടാതെ, രാത്രി പുറത്തിറങ്ങരുതെന്ന ഹാരിയുടെ നിർദ്ദേശവും. എന്റെ മനസ്സിൽ അപ്പോഴൊക്കെ ചില സംശയങ്ങൾ ഉയർന്നിരുന്നു. അതോടെ ഞാൻ ആ മന്ദിരത്തെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. അവിടെ പാൽ വിൽക്കാൻ വന്ന പയ്യനോട് ഞാൻ ഇതേക്കുറിച്ച് ചോദിച്ചു. മന്ദിരത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ അവന് കുറച്ച് പണം നൽകേണ്ടി വന്നു. അപ്പോഴാണ് ആ മന്ദിരത്തിൽ വെച്ച് മരിക്കുന്നവരെല്ലാം ഉയർത്തെഴുന്നേൽക്കുമെന്ന ഞെട്ടിക്കുന്ന സത്യം ഞാൻ മനസ്സിലാക്കുന്നത്. ഞാൻ അപ്പോൾ അത് അത്ര വലിയ കാര്യമാക്കി എടുത്തില്ല. അങ്ങനെയിരിക്കെ ഒരിക്കൽ എനിക്ക് ഒരു മുറിയിൽ നിന്നും വാൾട്ടറിന്റെ മരണത്തെ കുറിച്ചുള്ള പത്രക്കുറിപ്പുകളും വാൾട്ടറിന്റെ സഹോദരനായ കാൾട്ടറിന്റെ ഒരു കത്തും ലഭിച്ചത്. അതിലും ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു ഉള്ളത്. ഇതിൽ എല്ലാം എന്തെങ്കിലും സത്യമുണ്ടോ എന്ന് അറിയാൻ വേണ്ടി ഞാനൊരു രാത്രി പുറത്തിറങ്ങാൻ തന്നെ തീരുമാനിച്ചു. ശ്മശാനം ലക്ഷ്യം വെച്ചായിരുന്നു ഞാൻ നടന്നത്. അതിനിടയിൽ യൂക്കാലിസ് തോട്ടത്തിൽ വെച്ച് ഞാനൊരു രൂപത്തെ കണ്ടു. അതൊരു മനുഷ്യനാണോ, പ്രേതമാണോ എന്ന് എനിക്ക് പറയാൻ കഴിയില്ല. ഒരു പഴകിയ ശവശരീരം ജീവനോടെ നിൽക്കുന്ന അതേ പ്രതീതി. എനിക്ക് താങ്ങാൻ കഴിയുന്നതിലും ഭീകരമായ ഒരു കാഴ്ചയായിരുന്നു അത്. എന്റെ സ്വബോധം അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു. പിറ്റേദിവസം ഞാൻ കണ്ണുതുറന്നു നോക്കിയപ്പോൾ, ഞാനെന്റെ മുറിയിൽ കിടക്കുകയായിരുന്നു. ആദ്യം ഞാൻ കരുതിയത് അത് എന്റെ സ്വപ്നമായിരുന്നു എന്നാണ്. എന്റെ സംശയം ദൃഢീകരിക്കാൻ വേണ്ടി ഞാൻ പിറ്റേ ദിവസവും അവിടെ പോയി നോക്കി. എന്നാൽ അന്ന് എനിക്ക് അവിടെ ആരെയും കാണാൻ സാധിച്ചില്ല. എന്നാൽ അവിടെ അമാനുഷികമായ സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു. അതിനിടയിലാണ് മാധവൻ നായർ മരണപ്പെടുന്നത്. അയാളുടെ ശരീരം ശ്മശാനത്തിൽ ആയിരുന്നു ഞങ്ങൾ അടക്കം ചെയ്തത്. മാധവൻ നായരുടെ ശവശരീരം ഉയർത്തെഴുന്നേൽക്കുമോ എന്ന ചോദ്യം എന്നെ വേട്ടയാടാൻ തുടങ്ങിയിരുന്നു. അങ്ങനെ ഞാൻ വീണ്ടും ആ സ്മശാനത്തിലേക്ക് പോകാൻ തീരുമാനിച്ചു.
അപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്. ഒരു കൂട്ടം ജീവനുള്ള ശവശരീരങ്ങൾ യൂക്കാലിപ്സ് തോട്ടത്തിന്റെ പല ഭാഗങ്ങളിലായി ചിതറി നിൽക്കുന്നു. ഞാൻ എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ചു കൊണ്ട് അവിടുന്ന് ഓടി രക്ഷപ്പെട്ടു. തിരിച്ചുവന്ന ഉടനെ ഞാനീ കാര്യം ഹാരിയോട് പറഞ്ഞു. അവൻ എന്നെ വിശ്വസിക്കാത്ത മട്ടിൽ ഞാൻ പറഞ്ഞതെല്ലാം അവഗണിച്ചു.ഞാനിവിടെ നിന്ന് പോകുമെന്ന് പറഞ്ഞപ്പോൾ അവൻ എന്നെ തടഞ്ഞു നിർത്താൻ ശ്രമിച്ചു. അവൻ സെക്യൂരിറ്റികളെ വിളിക്കാൻ ഒരുങ്ങിയപ്പോൾ, ഞാൻ ഷോക്ക് അടിക്കുന്ന യന്ത്രം ഉപയോഗിച്ച് അവനെ ബോധം കെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അത് അവന്റെ തലയ്ക്കാണ് കൊണ്ടത്. അതോടെ അവൻ ബോധം കെട്ടു നിലത്ത് വീണു. അപ്പോഴേക്കും അവിടേക്ക് ഒരു സത്വം കടന്നു വന്നിരുന്നു. അതൊരു സെക്യൂരിറ്റിയെ ആക്രമിക്കാൻ തുടങ്ങി. ഞാൻ ഉടനെ ഹാരിയേയും താങ്ങി പിടിച്ചുകൊണ്ട് അവിടുന്ന് രക്ഷപ്പെട്ടു. ഞാൻ ബാക്കിയുള്ളവരെയെല്ലാം വിളിച്ചുണർത്തി, കാറിൽ കയറാനുള്ള നിർദ്ദേശം കൊടുത്തു. ഞാനായിരുന്നു കാറോടിച്ചത്. മന്ദിരത്തിന്റെ പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോളാണ്, ഞാൻ റോഡിന്റെ മുന്നിൽ ഒരു രൂപത്തെ കണ്ടത്. അത് തോക്ക് പിടിച്ച് നിൽക്കുന്ന വാൾട്ടറായിരുന്നു. അയാൾ എന്നെ ലക്ഷ്യം വെച്ചുകൊണ്ട് വെടിവെച്ചു. പക്ഷേ അത് ഇർഫാനായിരുന്നു കുടുങ്ങിയത്. ഞാൻ കാറൊരു വശത്തേക്ക് തിരിച്ചുകൊണ്ട് മുന്നോട്ട് ഓടിച്ചു. അപ്പോളെല്ലാം വാൾട്ടർ കാറിനെ ലക്ഷ്യം വെച്ചുകൊണ്ട് വെടിവെക്കുന്നുണ്ടായിരുന്നു. ഞങ്ങൾ എങ്ങനെയൊക്കെയാണ് അവിടുന്ന് രക്ഷപ്പെട്ടത്. ഇർഫാന് വെടിയേറ്റത് മൂലം ഞാൻ ആദ്യം ആശുപത്രിയിലേക്കാണ് പോയത്. പക്ഷേ അവർക്ക് അവനെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഇതാണ് സത്യത്തിൽ അന്ന് സംഭവിച്ചത്.
(തുടരും)
ആറ് - കുഴമറിച്ചിൽ
പോലീസുകാർ അതെല്ലാം വിശ്വസിച്ച മട്ടിലായിരുന്നു. എനിക്കെന്തോ അതിൽ ഒട്ടും വിശ്വാസം വന്നില്ല. സ്വന്തം തെറ്റ് മറയ്ക്കാൻ വേണ്ടി അവൻ കള്ളം പറയുകയായിരിക്കും എന്ന് ഞാൻ കരുതി. കാരണം, അവൻ അവിടുന്ന് രക്ഷപ്പെടാൻ നോക്കുകയാണെങ്കിൽ എന്തുകൊണ്ട് അവൻ ഈ വിവരം ആ രണ്ട് നേഴ്സുമാരോടും സെക്യൂരിറ്റിയോടും പറഞ്ഞില്ല. അവർ അവിടുന്ന് രക്ഷപ്പെട്ടതിനുശേഷം ആണ് ഇവർ മൂന്ന് പേരും മരണപ്പെടുന്നത്.
അതുപോലെ ഹാരിയുടെ ഡയറിയിൽ എൻഡ്രിക്ക് അവിടെ നിൽക്കുന്നതിൽ താൽപര്യമില്ലെന്ന് വിവരിച്ചിരുന്നു. സംഗതികളെല്ലാം കുഴഞ്ഞ് കിടക്കുകയായിരുന്നു. അതുകൊണ്ട് ഞാനാ കേസ് ഏറ്റെടുക്കാൻ തന്നെ തീരുമാനിച്ചു. അവിടെയുള്ള ഉദ്യോഗസ്ഥർക്ക് ഞാൻ കേസ് ഏറ്റെടുത്തതിൽ പ്രശ്നമൊന്നും ഇല്ലായിരുന്നു. അതിൽ പലരും എന്നെ ദയനീയമായി കൊണ്ടായിരുന്നു നോക്കിയത്. വൃദ്ധനായ ഒരു ഓഫീസർ വന്ന് എന്നെ ഉപദേശിക്കുകയും ചെയ്തു. അയാൾ പറഞ്ഞു "യുക്തിക്ക് നിരക്കാത്ത ഒരു സംഭവത്തെക്കുറിച്ച് കേട്ടാൽ നമ്മൾ അത് നിഷേധിക്കുകാണ് ചെയ്യുക.കാരണം നമ്മൾ സുരക്ഷിതമായ ഒരിടത്താണ് ഉള്ളതെന്ന വിശ്വാസം കൊണ്ടാണ്. പക്ഷേ അതിനെക്കുറിച്ച് അന്വേഷിക്കാൻ പോകുമ്പോൾ മാത്രമേ നമുക്ക് അത് എത്രത്തോളം അപകടമാണെന്ന് മനസ്സിലാവു. അതുകൊണ്ട് ശ്രദ്ധയോടെ വേണം ഓരോ ചുവടുകളും വെക്കാൻ". അത്രയും പറഞ്ഞശേഷം അദ്ദേഹം ഒരു കൊന്ത എന്റെ കയ്യിൽ വെച്ചു തന്നു. "നിനക്കിത് ഉപകാരപ്പെടും" അദ്ദേഹം പറഞ്ഞു. ആളുകൾ വിചിത്രമായി പെരുമാറിയതിൽ എനിക്ക് അത്ഭുതം തോന്നിയില്ല. കാരണം ഭരണകൂടം വരെ പ്രേതഭവനം എന്ന് മുദ്രകുത്തിയ ഒരിടത്തേക്കാണ് ഞാൻ കേസ് അന്വേഷിക്കാൻ പോകുന്നത്. അവിടുന്ന് രണ്ട് ഓഫീസേഴ്സ് മാത്രമായിരുന്നു എന്നെ സഹായിക്കാൻ വേണ്ടി മുന്നോട്ടു വന്നത്. ബാക്കിയുള്ളവരെല്ലാം ഭയം മൂലം പിന്മാറിയതാണ്. എവിടുന്ന് അന്വേഷിച്ച് തുടങ്ങണമെന്ന് ആലോചിക്കുമ്പോൾ ആണ്, മീന എനിക്കൊരു ഐഡിയ പറഞ്ഞു തന്നത്. അന്ന് രാത്രി നടന്ന കാര്യങ്ങൾ, എൻഡ്രിക്കല്ലാതെ മറ്റാർക്കും വലിയ രീതിയിൽ ഓർമ്മയില്ല. അതുകൊണ്ട്, അവിടെ വന്നത് മുതലുള്ള കാര്യങ്ങൾ റീ-ക്രിയേറ്റ് ചെയ്താൽ ആരാണ് കൊലയാളി എന്ന് എളുപ്പത്തിൽ കണ്ടെത്താൻ പറ്റും എന്നായിരുന്നു അവൾ പറഞ്ഞത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഹാരിയുടെ ഓർമ്മകളെ തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നും അവൾ പറഞ്ഞു. എനിക്ക് ഇതൊരു പുതിയ സംഭവമായിട്ടാണ് തോന്നിയത്. എന്നാൽ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള എക്സ്പിരിമെന്റ് മൂലം പലകാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് അവൾ പറഞ്ഞത്. ഇവിടെ ഹാരി ഒഴിച്ചാൽ, ബാക്കിയുള്ളവരെല്ലാം മനോരോഗികൾ ആയതുകൊണ്ട് അവരെ ഹിപ്നോട്ടൈസ് ചെയ്ത് പഴയ ദിവസത്തേക്ക് കൊണ്ടു പോകാൻ എളുപ്പമാണെന്നാണ് അവൾ പറഞ്ഞത്. ഹാരിയുടെ ഓർമ്മ നഷ്ടപ്പെട്ടത് കൊണ്ട് അവനെയും ഹിപ്നോട്ടിസം ചെയ്യാൻ അത്ര ബുദ്ധിമുട്ടേണ്ടെന്നും അവൾ കൂട്ടിച്ചേർത്തു.
ഞാൻ അവൾ പറഞ്ഞ കാര്യത്തെക്കുറിച്ച് ചിന്തിച്ചുനോക്കി. ഒരു കണക്കിന് നോക്കുമ്പോൾ ഈ കേസിനെ മറ്റൊരു രീതിയിലും മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന് എനിക്ക് തോന്നി. എന്തായാലും അതൊന്നു പരീക്ഷിച്ചു നോക്കാമെന്ന് ഞാൻ കരുതി.ഞാനെന്റെ ഒറ്റ സുഹൃത്തായ മിത്രയോട് ഈ കേസിൽ പങ്കുചേരാൻ ആവശ്യപ്പെട്ടു. അവൻ യാതൊരു മടിയും കൂടാതെ അതിന് സമ്മതം മൂളി. പദ്ധതിക്ക് തുടക്കം കുറിച്ചത് മീനെയായിരുന്നു. ആ മന്ദിരം ഒരു റിസോർട്ട് ആയിട്ടാണ് ഹാരി തന്റെ പേഷ്യൻസിന് പരിചയപ്പെടുത്തിക്കൊടുത്തത്. അതേ രീതിയിൽ തന്നെ നീങ്ങാമെന്ന് ഞങ്ങളും തീരുമാനിച്ചു. തങ്ങൾ ഒരു റിസോർട്ടിലേക്ക് ആണ് പോകുന്നത് എന്ന്, അവരെ അഞ്ചു പേരെയും പറഞ്ഞ് ബോധ്യപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. ഞാൻ അവരുടെ ഗാർഡിയനായി വേഷമണിഞ്ഞു. മീന അവിടുത്തെ റിസപ്ഷനിസ്റ്റ് ആയി നിന്നോളം എന്ന് പറഞ്ഞു. മിത്രയും എന്റെ കൂടെ ജോലി ചെയ്തിരുന്ന ജേക്കബിനെയും ഞാൻ മന്ദിരത്തിന്റെ അകത്ത് നിർത്തി. പുറത്ത് ജോലിക്കാരുടെ വേഷത്തിൽ ആ രണ്ട് ഓഫീസേഴ്സിനെയും പിന്നെ എനിക്ക് അറിയാവുന്ന രണ്ട് ഓഫീസേഴ്സിനെയും നിർത്തി. അവരെ ശുശ്രൂഷിക്കാൻ വേണ്ടി ഒരു നഴ്സിനെ മീന ഏർപ്പാട് ചെയ്തിരുന്നു. പദ്ധതി പ്രകാരം അവരെ എല്ലാം ഹിപ്നോട്ടിസം ചെയ്തു കൊണ്ട്, ഞങ്ങൾ അവരെ പഴയകാലത്തേക്ക് കൊണ്ടു പോയി. അവരെല്ലാം റിസോർട്ടിൽ താമസിക്കാൻ വരുന്ന സുഹൃത്തുക്കളാണെന്നാണ് അവരെ പറഞ്ഞു വിശ്വസിപ്പിച്ചത്. ഞാൻ അവരുടെ ഗാർഡിയൻ ആണെന്നും അവരെ പറഞ്ഞു വിശ്വസിപ്പിച്ചു. ഞാനവരെ കാറിൽ കയറ്റിക്കൊണ്ട് മന്ദിരത്തിലേക്കുള്ള യാത്ര തുടർന്നു. ഒരു പ്രധാന കേസായത് കൊണ്ട് ഞാൻ സമയം കിട്ടുമ്പോളെല്ലാം ചില കുറുപ്പുകൾ ഏതുമായിരുന്നു. അതിൽ ചിലതെല്ലാം ആണ് ഞാൻ ഇനി വിവരിക്കാൻ പോകുന്നത്.
നവംബർ 28 പ്രതീക്ഷിച്ചിരുന്നത് പോലെ അവർക്കാർക്കുമാ മന്ദിരം കണ്ട പരിചയം പോലുമില്ലായിരുന്നു. എങ്കിലും ഹാരിയുടെ കണ്ണിൽ എന്തൊക്കെയോ സംശയങ്ങൾ തെളിയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. കുറച്ച് ദിവസം ശാന്തമായി കൊണ്ട് മുന്നോട്ട് നീങ്ങി. പക്ഷേ ഒരു ദിവസം ലാലുവിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവം കേൾക്കാനിടയായി. യൂക്കാലിപ്സ് തോട്ടത്തിൽ വെച്ച് അവനൊരു വിചിത്രമായ രൂപം കണ്ടുവെന്നാണ് പറഞ്ഞത്. ആ മന്ദിരത്തെ ചുറ്റിപ്പറ്റിയുള്ള ഭീകരമായ കഥകളുടെ വെളിച്ചത്തിൽ ആയിരിക്കും അവൻ അത്തരത്തിൽ ഉള്ളൊരു കാര്യം പുലമ്പിയതെന്നാണ് ഞാൻ വിചാരിച്ചത്. അവൻ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോയെന്ന് അറിയാൻ വേണ്ടി ഞങ്ങൾ അന്ന് രാത്രി അവിടെ കാവൽ നിന്നിരുന്നു. ശരീരം കിടിലം കൊള്ളിക്കുന്ന തണുപ്പിൽ, ഞങ്ങൾ പുലരുന്നവരെ അവിടെ കണ്ണുനട്ടിരുന്നു. കാറ്റിലാടുന്ന ചില്ലകളുടെ നിഴലല്ലാതെ ഞങ്ങൾക്ക് മറ്റൊരു രൂപവും കാണാൻ സാധിച്ചില്ല. ഡിസംബർ 2 ദിവസങ്ങൾ കൈയും തോറും ഞങ്ങളിൽ പലർക്കും ഭീകരമായ ചില അനുഭവങ്ങൾ ഉണ്ടാവാൻ തുടങ്ങി. ഒരു ദിവസം മന്ദിരത്തിന്റെ പുറത്ത് കാവൽ നിന്ന ഒരു ഓഫീസർ പെട്ടെന്ന് തിരികെ പോകണമെന്ന് പറഞ്ഞ് എന്റെ അരികിൽ വന്നിരുന്നു. ഞാൻ അവനോട് കാര്യം തിരക്കിയപ്പോൾ, അവൻ ആദ്യം ഒന്നും പറഞ്ഞില്ല.
"നമ്മൾ ഇവിടെ ഒരു ദൗത്യം പൂർത്തീകരിക്കാനാണ് വന്നത്. അതിനിടയിൽ നീ ഇങ്ങനെ കാരണമില്ലാതെ പോകണം എന്നൊക്കെ പറഞ്ഞാൽ, ഞാനത് അനുവദിച്ചു തരില്ല" ഞാൻ അല്പം ഗൗരവത്തോടെയായിരുന്നു അത് പറഞ്ഞത്.
"സാർ ശരിക്കും ഇവിടെ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്. ഞാനിപ്പോൾ പറയാൻ പോകുന്ന കാര്യം കേട്ടാൽ സാർ അത് തമാശയായിട്ടെ എടുക്കുകയുള്ളൂ. എന്നാൽ അത്, ഞാനീ രണ്ടു കണ്ണുകൾ കൊണ്ട് നേരിട്ട് കണ്ട കാഴ്ചയാണ്,". അല്പം മടിച്ചിട്ടാണെങ്കിലും അവൻ നടന്ന കാര്യം വിവരിക്കാൻ തുടങ്ങി. "ഏകദേശം രണ്ടു മണിയായി കാണും. എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ഞാൻ മൂത്രമൊഴിക്കാൻ വേണ്ടി പുറത്തിറങ്ങിയതായിരുന്നു. അപ്പോഴാണ് ഞാൻ ഒരു ഞരക്കം കേട്ടത്. എന്റെ കയ്യിൽ റിവോൾവർ ഇല്ലാത്തതുകൊണ്ട് ഞാൻ വളരെ ശ്രദ്ധയോടെ ആയിരുന്നു ആ ശബ്ദം കേട്ട സ്ഥലത്തേക്ക് പോയി നോക്കിയത്. അവിടെ ഞാൻ കണ്ടത്, തോക്കേന്തി കൊണ്ട് നടക്കുന്ന ഒരു ജീർണിച്ച രൂപത്തെയാണ്. ഞാൻ വേഗം ക്യാബിനിൽ ചെന്ന് ബാക്കിയുള്ളവരെ വിളിച്ചുണർത്തി തിരികെ എത്തുമ്പോഴേക്കും ആ രൂപം അവിടുന്ന് അപ്രത്യക്ഷമായിരുന്നു. ഞാൻ പറഞ്ഞ കാര്യം ഒന്നും ആരും വിശ്വസിച്ചില്ല. പക്ഷേ ഞാൻ പറയുന്നത് സത്യമാണ് സാർ". അവൻ ഭീതിയുടെ ചുഴലിയിൽ അകപ്പെട്ടിരുന്നു. അവനെ കരയ്ക്ക് കയറ്റാൻ ആവില്ലെന്ന് എനിക്ക് മനസ്സിലായി. ഞാൻ അവനോട് തിരിച്ച് സ്റ്റേഷനിലേക്ക് പോകാൻ പറഞ്ഞു. പകരം മറ്റൊരു ഓഫീസറെ അയക്കാൻ വേണ്ടി ഞാനൊരു കത്തയച്ചു.
അവൻ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് അറിയാൻ വേണ്ടി ഞാനൊരു ശ്രമം നടത്താൻ തീരുമാനിച്ചു. പക്ഷേ ഒട്ടും വൈകാതെ തന്നെ അത്തരത്തിലുള്ള ഒരു അനുഭവം എനിക്കും ഉണ്ടായി. രാത്രികാലങ്ങളിൽ ഒരു കുട്ടിയുടെ നിഴൽ മിന്നി മായുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. ഞാനീ കാര്യം മിത്രയോടു പറഞ്ഞു. "സാർ.. ഞാനും കണ്ടിട്ടുണ്ട്," അവൻ അല്പം നടുക്കത്തോടെ പറഞ്ഞു തുടങ്ങി "എനിക്ക് ആ രൂപത്തെ പിന്തുടരാൻ കഴിഞ്ഞില്ല. അത് അതിവേഗത്തിൽ ആയിരുന്നു ഓടിയത്. അതൊരു മനുഷ്യക്കുഞ്ഞല്ലെന്നാണ് എനിക്ക് തോന്നുന്നത്," "ഒന്നെങ്കിൽ ഇതാരോ മനഃപൂർവം ചെയ്യുന്നതാവാം. അല്ലെങ്കിൽ നീ പറഞ്ഞതുപോലെ ഇതൊരു അമാനുഷികമായ സത്വംമാവാം. എന്തായാലും നമുക്കത് കണ്ടെത്തണം". ഞങ്ങൾ അതിനെ പിടികൂടാനുള്ള ഒരു ശ്രമം നടത്തി. രാത്രികാലങ്ങളിൽ ഇടനായിലൂടെ ആണ് അതിന്റെ സഞ്ചാരം. ഒരാളുടെ മുന്നിൽ മാത്രമാണ് അത് പ്രത്യക്ഷപ്പെടുക. അതുകൊണ്ട് ഞങ്ങൾ വേറെ വേറെ സ്ഥലങ്ങളിലായിരുന്നു നിന്നത്. അതിന്റെ നിഴൽ വെട്ടം കണ്ട ഉടനെ ഞങ്ങൾ അതിനെ പിന്തുടരാൻ തുടങ്ങി. ആ രൂപം വേഗത്തിലായിരുന്നു ഓടിയത്. അതിന്റെ മുഖം പോലും ഞങ്ങൾക്ക് വ്യക്തമായി കാണാൻ കഴിഞ്ഞില്ല. ഹാളിൽ എത്തിയതും അത് അപ്രത്യക്ഷമായി. ഹാളിൽ നിന്നും പുറത്തേക്ക് പോകാൻ സാധ്യതയില്ല. കാരണം ഞങ്ങൾ മുൻപിലെ വാതിൽ പൂട്ടിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് അതിനു വേറെ എങ്ങോട്ടും പോവാനും കഴിയില്ല. അതെങ്ങനെയാണ് ഞങ്ങളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടതെന്ന് വ്യക്തമല്ല. "സാർ ഞാൻ പറഞ്ഞതല്ലേ ഇതൊരു മനുഷ്യകുഞ്ഞല്ലെന്ന്," മിത്ര എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായി. രാത്രികാലങ്ങളിൽ വാൾട്ടറുടെ ഇളയ മകൻ ആ മന്ദിരത്തിന് ചുറ്റുമായി ഓടി നടക്കുന്നുണ്ടെന്ന കിംവദന്തികൾ ഇവിടെ നിലകൊള്ളുന്നുണ്ട്. മിത്ര ഉദ്ദേശിച്ചതും അത് തന്നെയായിരിക്കും. വ്യക്തമായ ഒരു നിഗമനത്തിൽ എത്താൻ വേണ്ടി ഞങ്ങൾ വീണ്ടും ഒരു ശ്രമം നടത്താൻ തയ്യാറെടുത്തു. ഈ പ്രാവശ്യം ആ സത്വത്തെ കണ്ടാൽ ഉടനെ വെടിവെക്കാൻ വേണ്ടി ഞാൻ മിത്രയ്ക്ക് നിർദ്ദേശം നൽകി. അവരൊരു ഷാർപ്പ് ഷൂട്ടർ ആയതുകൊണ്ട് ആ സത്വത്തെ രക്ഷപ്പെടാൻ അവൻ സമ്മതിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നാൽ പിന്നീട് ഞങ്ങളാ രൂപത്തെ കണ്ടതുമില്ല. ഡിസംബർ 6 എൻഡ്രിയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. അവൻ എന്തൊക്കെയോ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇപ്പോൾ അവൻ കൂടുതൽ സംസാരിക്കുന്നൊന്നുമില്ല. ഹാരിയുടെ ഓർമ്മകൾ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മീന. അവൾ കൂടുതൽ സമയവും അവനൊപ്പം ആണ് ചിലവഴിക്കുന്നത്.അതേസമയം മായ ആ കുട്ടിയെ കണ്ടെന്ന വാദവുമായി എന്റെ അരികിൽ വന്നിരുന്നു. ഞാനൊരു വിധത്തിലാണ് അവളെ സമാധാനിപ്പിച്ചത്.
ഡിസംബർ 10 ആ കുട്ടിയെ നേരിൽ കണ്ടെന്ന് പറഞ്ഞ്, എൻഡ്രി എന്റെ അരികിൽ വന്നിരുന്നു. അതൊരു കുട്ടിയുടെ പ്രേതമാണെന്നാണ് അവൻ പറഞ്ഞത്. അവൻ ശരിക്കും ഭയന്നിട്ടുണ്ട്. അവൻ പറഞ്ഞതിൽ എത്രമാത്രം സത്യമുണ്ടെന്ന് എനിക്ക് അറിയില്ല. ഞാനൊന്നും വിശ്വസിക്കാത്ത മട്ടിലാണ്, അവന് മറുപടി നൽകിയത്. അവനത് തീരെ ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. ഡിസംബർ 13 സംഭവങ്ങളെല്ലാം വഷളായിക്കൊണ്ടിരിക്കുകയാണ്. കൂനിന്മേൽ കുരു എന്ന് പറഞ്ഞതുപോലെ ഇന്നലെ രാത്രി മായക്കും ഹാരിക്കും ആക്സിഡൻറ് പറ്റി. ഇവിടുന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് അപകടം പറ്റിയത്. മായയായിരുന്നു കാറോടിച്ചത്. ആരുടെയോ രൂപം കണ്ടിട്ടാണ്, മായയുടെ നിയന്ത്രണം വിട്ടതെന്നാണ് ഹാരി പറഞ്ഞത്. ഞാൻ പുറത്ത് കാവൽ നിൽക്കുന്നവരോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അവർക്കൊന്നും അറിയില്ലെന്നാണ് പറഞ്ഞത്. ഭയം കാരണം അവർ ആരും രാത്രി പുറത്തിറങ്ങലില്ലെന്നാണ് എനിക്ക് തോന്നുന്നത്.ഇനിയൊരു അനർത്ഥവും സംഭവിക്കാതിരിക്കാൻ വേണ്ടി, ഞാൻ അവരോട് ജാഗരൂകരായി ഇരിക്കാൻ പറഞ്ഞിട്ടുണ്ട്. എൻഡ്രിയാണെങ്കിൽ ഇവിടുന്ന് പോകണം എന്ന വാശിയിലാണ്. കാർ നന്നാക്കി കിട്ടാൻ ഒരാഴ്ച എടുക്കുമെന്ന് പറഞ്ഞ് അവനെയൊന്ന് സമാധാനിപ്പിച്ചിട്ടുണ്ട്. ഇനി കൂടുതൽ പ്രശ്നങ്ങൾ ഒന്നും സംഭവിക്കാതിരുന്നാൽ മതിയായിരുന്നു. ഡിസംബർ 16 ഇന്നലെ രാത്രി ഡ്യൂട്ടിക്ക് നിന്ന ഒരാൾക്ക് സ്വബോധം നഷ്ടപ്പെട്ടു. അയാൾ ഇപ്പോൾ പിച്ചും പേയും ആണ് പറയുന്നത് 'ശവം' 'പിശാച്,' എന്ന വാക്കുകളാണ് അയാൾ കൂടുതൽ ഉപയോഗിക്കുന്നത്. അയാൾ എന്തോ കണ്ടു ഭയന്നതാണെന്നാണ് ബാക്കിയുള്ളവർ പറയുന്നത്. അയാളെ ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ ഞാൻ മിത്രയോടു പറഞ്ഞിട്ടുണ്ട്. തിരിച്ചു വരുമ്പോൾ മറ്റൊരു ഓഫീസറെ കൂടെ കൂട്ടണമെന്ന് ഞാൻ അവനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈയൊരു അവസ്ഥയിൽ ഇവിടെ കാവൽ നിൽക്കാൻ ഇനി ആരെങ്കിലും വരുമോ എന്നാണ് എന്റെ സംശയം. ഈയൊരു സംഭവം മൂലം എല്ലാവരും ഒന്ന് നടുങ്ങിയിട്ടുണ്ട്. ഇവർക്കൊക്കെ എങ്ങനെ ധൈര്യം നൽകണമെന്ന് എനിക്കറിയില്ല. ഡിസംബർ 19 മായയുടെ നില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. അന്ന് എന്താണ് നടന്നതെന്ന് അവൾക്ക് ഓർമ്മയില്ല. അന്ന് എന്താണ് ശരിക്കും സംഭവിച്ചതെന്ന് ഇപ്പോഴും നിഗൂഢമായി തന്നെ കിടക്കുകയാണ്. മീനയുടെ കാര്യമാണ് കഷ്ടം. അവളുടെ ആവേശമെല്ലാം ചോർന്നു പോയിരിക്കുന്നു. അവൾ വിചാരിച്ചത് പോലെയല്ല സംഗതികൾ നീങ്ങുന്നത്. ഇത്ര ദിവസമായിട്ടും ഒരാൾക്ക് പോലും ഓർമ്മ തിരിച്ചു കിട്ടിയില്ല.
ഇനിയെന്ത് ചെയ്യണമെന്ന് ഒട്ടും പിടി കിട്ടുന്നില്ല. മിത്ര യാണെങ്കിൽ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. കാലാവസ്ഥ മോശമായതോടെ സ്റ്റേഷനുമായി കണക്ട് ചെയ്യാൻ പറ്റുന്നില്ല. ഇപ്പോൾ പുറത്തു കാവൽ നിൽക്കാൻ ഓഫീസർ മുത്തു മാത്രമാണുള്ളത്. അവന്റെ കൂടെയുള്ള വില്യംസിനോട് ഞാൻ അകത്തു നിൽക്കാനാണ് പറഞ്ഞത്. അകത്തുള്ളവരുടെ സുരക്ഷയ്ക്കാണല്ലോ പ്രാധാന്യം നൽകേണ്ടത്. ഒറ്റയ്ക്ക് പുറത്തു നിൽക്കുന്നതിൽ പേടിയില്ലെന്നാണ് മുത്തു പറഞ്ഞത്. എത്രയും പെട്ടെന്ന് മിത്ര തിരിച്ചു വന്നാൽ മതിയായിരുന്നു.
(തുടരും)
ഭാഗം 7
ഏയ് എനിക്കൊരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസമായിരുന്നു അത്. അന്ന് ഹാരി പുറത്തു പോകണമെന്ന ആവശ്യവുമായി എന്റെ അരികിൽ വന്നിരുന്നു. അവൻ എന്തൊക്കെയോ ലക്ഷ്യം മുന്നിൽ കണ്ടിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ അവനോട് പുറത്തു പോക്കേണ്ട എന്ന് നല്ല രീതിയിൽ പറഞ്ഞു നോക്കി. അപ്പോൾ അവൻ എന്നോട് രൂക്ഷമായി കൊണ്ട് പെരുമാറാൻ തുടങ്ങി. പിന്നെ ആലോചിച്ചപ്പോൾ അവനെ പുറത്തുവിടുന്നത് നല്ലതായിരിക്കും എന്ന് ഞാൻ കരുതി. ഈ മന്ദിരത്തെ കുറിച്ചുള്ള കഥകൾ അറിയാൻ വേണ്ടി ആയിരിക്കും അവൻ പുറത്തു പോകുന്നത്. അത് ചിലപ്പോൾ അവന്റെ ഓർമ്മകളെ തിരിച്ചു കൊണ്ടുവരാൻ സഹായിച്ചേക്കും. അതുകൊണ്ട് ഞാൻ അവനെ പുറത്തു പോകാൻ അനുവദിച്ചു. നേരം ഇരുട്ടുന്നതിന് മുമ്പേ തിരിച്ചുവരാൻ അവനോട് ഞാൻ പറഞ്ഞു. അവൻ അതിന് സമ്മതിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.
അതിനിടയിൽ പുറത്തു കാവൽ നിന്നിരുന്ന മുത്തുവുമായി അവൻ ഏറ്റുമുട്ടി. സംഭവം വഷളാകുന്നതിനു മുൻപേ എനിക്ക് അവിടെ എത്താൻ കഴിഞ്ഞതുകൊണ്ട് വലിയ പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല. ഹാരിയുടെ വിചിത്രമായ ഒരു മുഖമാണ് ഞാനവിടെ കണ്ടത്. വളരെ ഗൗരവമേറിയതും, അധികാര ഭാവം കൂടിയതുമായ ഒരു മുഖം. അവന്റെ മാറ്റം എന്നെ അത്ഭുതപ്പെടുത്തി. അതുകൊണ്ട് അവൻ തിരിച്ചു വരുമോ എന്ന് എനിക്ക് ഭയമുണ്ടായിരുന്നു. എന്നാൽ അവൻ വാക്കു നൽകിയത് പോലെ തന്നെ ഇരുട്ടുന്നതിന് മുമ്പേ തിരിച്ചെത്തി. വന്ന പാടെ അവൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അവനീ മന്ദിരത്തിനെ കുറിച്ചുള്ള ചില കാര്യങ്ങളൊക്കെ മനസ്സിലായിട്ടുണ്ടാവും. രാത്രിയായപ്പോൾ അവൻ എന്റെ അരികിലേക്ക് വന്നിരുന്നു. എൻഡ്രി ഇവിടുന്ന് രക്ഷപ്പെടാൻ ഒരുങ്ങുന്ന കാര്യം അവൻ എന്നോട് പറഞ്ഞു. അവനെ ഇവിടുന്ന് രക്ഷപ്പെടാൻ സമ്മതിക്കരുതെന്ന് ഒരു താക്കീതും നൽകി. അവൻ ഒരു അധികാരിയുടെ സ്വരത്തിലായിരുന്നു അത് പറഞ്ഞത്. അവൻ തന്റെ പഴയ പ്രൗഢിയിലേക്ക് എത്തിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. എൻഡ്രി രക്ഷപ്പെടാൻ ഒരുങ്ങുന്ന വിവരം ഞാൻ മീനയോട് പറഞ്ഞു.
"അന്ന് അവൻ എന്താണ് ചെയ്യാൻ ശ്രമിച്ചത്, അതുതന്നെയായിരിക്കും ഇക്കുറിയും അവൻ ചെയ്യാൻ ശ്രമിക്കുക" മീന പറഞ്ഞു.
"അപ്പോൾ അവനെ ശ്രദ്ധിക്കുന്നത് നല്ലതല്ലേ" ഞാൻ അഭിപ്രായപ്പെട്ടു.
"അവന് സംശയം തോന്നാത്ത വിധത്തിൽ വേണം അവനെ ശ്രദ്ധിക്കാൻ. അവൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് നമുക്കറിയണം" മീന പറഞ്ഞതുപോലെ, അവന് സംശയം തോന്നാത്ത വിധത്തിൽ ഞാനവനെ വീക്ഷിക്കാൻ തുടങ്ങി.
പിറ്റേ ദിവസം അവനും ലാലുവും കൂടി എന്തോ ചർച്ച ചെയ്യുന്നത് ഞാൻ കണ്ടിരുന്നു. പിന്നെ അവൻ പതിവുപോലെ പുസ്തകം വായിക്കാൻ തുടങ്ങി. പിന്നെയങ്ങോട്ട് നിഗൂഢമായ ഒരു പ്രവർത്തിയോ ഭാവമാറ്റമോ അവനുണ്ടായിരുന്നില്ല. രാത്രി ആയതോടെ കാലാവസ്ഥ മോശമായി. പതിവിൽ കൂടുതലായി തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. റെയ്മണ്ട് വളരെ വേഗം തന്നെ ഭക്ഷണം ഉണ്ടാക്കി തീർത്തിരുന്നു. ഇന്ന് വിളമ്പാൻ അവർ ഉണ്ടാവില്ലെന്ന് എന്നോട് പറഞ്ഞു. അതിന്റെ കാരണം എന്താണെന്ന് ഞാൻ അയാളോട് തിരക്കി. "ഇന്ന് പൗർണമി നാളാണ്. പ്രേതങ്ങളെല്ലാം വിഹരിക്കുന്ന ദിവസം. നിങ്ങൾക്ക് ഇതിൽ ഒന്നും വിശ്വാസമുണ്ടാവില്ല. എന്നാൽ ഇത്രകാലത്തെ അനുഭവങ്ങൾ കൊണ്ട് പറയുകയാണ്, ഇവിടെ നിൽക്കുന്നതാപത്താണ് സാർ" അയാൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് അല്പം ഭയം തോന്നി. എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ. ഭക്ഷണത്തിന് സമയമായിട്ടും എൻഡ്രിയെ കാണാത്തതുകൊണ്ട് ഞാൻ അവന്റെ മുറി ചെന്ന് നോക്കി. അവനാ മുറിയിൽ ഇല്ലായിരുന്നു. മുറിയുടെ ജനൽ തുറന്നിട്ട നിലയിലായിരുന്നു കാണപ്പെട്ടത്. അപ്പോഴാണ് ലാലുവിനെ കാണുന്നില്ലെന്ന്, വില്യംസ് വന്നു പറഞ്ഞത്. അവർ കുറേ ദൂരം പോയിട്ടില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാനും വില്യംസും, അവരെ തേടിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി. തികച്ചും ഭീകരമായ കാലാവസ്ഥയായിരുന്നു അന്ന് ഉണ്ടായിരുന്നത്. മൂടൽമഞ്ഞ് മേഘങ്ങളെ പോലെ മുന്നിലൊരു തടസ്സമായി നിന്നിരുന്നു. നിലാവിന്റെ വെട്ടം ഉണ്ടായതുകൊണ്ട്, വഴികളെല്ലാം അല്പം തെളിഞ്ഞു കാണപ്പെട്ടിരുന്നു. വളരെ വേഗത്തിൽ നടന്ന് ഞങ്ങൾ പ്രധാന ഗേറ്റിന്റെ അരികിൽ എത്തി. അവിടെ എൻഡ്രിയും ലാലുവും ശിലാശില്പം പോലെ ചലനമറ്റു നിൽക്കുന്നുണ്ടായിരുന്നു. അവർ എന്തിനെയോ കണ്ടു ഭയന്നു നിൽക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ഗേറ്റിന്റെ അരികിൽ തോക്കേന്തി കൊണ്ടൊരു രൂപം നിൽക്കുന്നുണ്ടായിരുന്നു. വില്യംസ് മുത്തുവാണെന്ന് കരുതി ആ രൂപത്തെ നോക്കി ഉറക്കെ വിളിച്ചു. ആ രൂപം മൂടൽമഞ്ഞിന്റെ ഇടയിലൂടെ ഞങ്ങളുടെ അരികിലേക്ക് വന്നു. ഓ.. ആ സമയത്ത് എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. വാൾട്ടറിന്റെ ജീർണിച്ച ശവ ശരീരമായിരുന്നു അത്. അത് തന്റെ വെളുത്ത കണ്ണുകൾ കൊണ്ട്, ഞങ്ങളെ ഒന്ന് നോക്കി. തുടർന്ന് തോക്ക് ഉയർത്തിക്കൊണ്ട് വില്യംസിനെ ലക്ഷ്യമാക്കി വെടിയുയർത്തി. വില്യംസ് വെടിയേറ്റ് നിലത്ത് വീണു. നിരായുധരായ ഞങ്ങൾക്ക് തിരിഞ്ഞോടുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. വാൾട്ടറിന്റെ തോക്കിൽ നിന്നും ഉയരുന്ന വെടിയൊച്ചകൾ, ഒരു ഇടിമുഴക്കം പോലെ എന്റെ കാതുകളിൽ വന്നടഞ്ഞു. ജീവനെ ഭയന്നുകൊണ്ടുള്ള ഓട്ടത്തിലായിരുന്നു ഞങ്ങൾ. ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ഞങ്ങൾക്ക് സമയമുണ്ടായിരുന്നില്ല.
മന്ദിരത്തിൽ എത്തിയ ഉടനെ ഞങ്ങൾ, കതക് ആഞ്ഞുമുട്ടി. കുറച്ച് സമയം എടുത്തുകൊണ്ടാണ് ആൽബർട്ട് വാതിൽ തുറന്നത്. ഞങ്ങൾ അകത്ത് കയറിയ ഉടനെ അവൻ വെപ്രാളത്തിൽ വാതിൽ അടച്ചു.അകത്തുണ്ടായവരും ഞങ്ങളെപ്പോലെ തന്നെ ഭയന്നു നിൽക്കുകയായിരുന്നു. കാര്യം തിരക്കിയപ്പോൾ ആൽബർട്ട് എന്നെ പുറകുവശത്തെ ജനലിന്റെ അരികിലേക്ക് കൊണ്ടുപോയി. ആ മന്ദിരത്തിൽ വെച്ച് മരണമടഞ്ഞ പലരുടെയും ജീവനുള്ള ശരീരങ്ങൾ, ഞങ്ങളെ ലക്ഷ്യമാക്കി കൊണ്ട് വരുന്നതാണ് ഞാൻ അവിടെ കണ്ടത്. എനിക്ക് തലകറങ്ങുന്നതുപോലെ തോന്നി.
"സാർ ഇപ്പോൾ നമ്മൾ എന്ത് ചെയ്യും" ആൽബർട്ട് ചോദിച്ചു.
"എല്ലാ വാതിലുകളും അടച്ചതാണോ എന്ന് നോക്ക്," ഞാൻ പറഞ്ഞതനുസരിച്ച് ആൽബർട്ട് മറുവശത്തേക്ക് നീങ്ങി. "ഞാൻ നിങ്ങളോട് പറഞ്ഞില്ലേ ഇവിടെ പ്രേതങ്ങൾ ഉണ്ടെന്ന്," തന്റെ വാദം ശരിയായ മട്ടിൽ എൻഡ്രി തുടർന്നു. "നമുക്ക് ഇപ്പോഴും രക്ഷപ്പെടാൻ സമയമുണ്ട്,". ഞാനെന്തു ചെയ്യണമെന്നറിയാതെ മീനയെ നോക്കി. അവർ സ്തംഭിച്ചു നിൽക്കുകയായിരുന്നു. ഇതുപോലെയുള്ള ഒരു കാഴ്ച അവൾ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടുണ്ടാവില്ല. എന്തിനേറെ പറയണം ഇത്രയും കാലത്തെ സർവീസ് ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം എനിക്ക് പോലും ഉണ്ടായില്ല. "സാർ ഒരു പ്രശ്നമുണ്ട്," ആൽബർട്ട് എന്റെ അരികിൽ വന്നു പറഞ്ഞു. അവനെ പിന്തുടർന്നുകൊണ്ട് ഞാൻ അടുക്കള ഭാഗത്തിലേക്ക് ചെന്നു നോക്കി. ആ സത്വങ്ങൾ അടുക്കള വാതിൽ തകർത്തുകൊണ്ട് അകത്തുകയറാൻ ശ്രമിക്കുന്നുണ്ടായിരുന്നു. "സാർ ഏത് നിമിഷം വേണമെങ്കിലും അവർ അകത്തു കടക്കാം" ആൽബർട്ട് പറഞ്ഞു. "നമുക്ക് എത്രയും പെട്ടെന്ന് പുറത്ത് കടക്കാനുള്ള വഴി കണ്ടെത്തണം" ക്യാബിനിൽ എത്തിപ്പെടുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അവിടുന്ന് സ്റ്റേഷനുമായി ബന്ധപ്പെടാൻ കഴിയുമെന്നായിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്.
ഞങ്ങൾ മറുവശത്തുള്ള വാതിലിന്റെ അരികിലേക്ക് നീങ്ങാൻ ആരംഭിച്ചു. അതിനിടയിലാണ് ഇടനാഴിയിൽ റിക്കി മരിച്ചു കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഞാൻ അതിനെ ഒന്ന് തട്ടി നോക്കി. അനക്കം ഒന്നുമില്ല. അതിനെയൊരു മൂലയിലേക്ക് മാറ്റിവെച്ച ശേഷം ഞങ്ങൾ വാതിലിന്റെ അരികിലേക്ക് നീങ്ങി. ഇരയെ കാത്തു നിൽക്കുന്ന ചെന്നായ്ക്കളെപ്പോലെ അവിടെയും ആ നശിച്ച സത്വങ്ങൾ നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ ഉടനെ ഹാളിലേക്ക് നീങ്ങി. ഹാളിൽ നിന്ന് പുറത്തേക്ക് നോക്കിയപ്പോഴും ഇതുതന്നെയിരുന്നു അവസ്ഥ. ആ സത്വങ്ങൾ മന്ദിരത്തിനു ചുറ്റും വളഞ്ഞിട്ടുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. "ഇനി നമ്മൾ എന്തു ചെയ്യും സാർ, നമ്മുടെ ആയുധങ്ങളെല്ലാം ക്യാബിനിലാണ് ഉള്ളത്," ആൽബർട്ട് പറഞ്ഞു. "നമ്മൾ എങ്ങനെയാണ് അവരെ നേരിടാൻ പോകുന്നത്," മീന ചോദിച്ചു. "പുറത്ത് കടന്നാൽ മാത്രമേ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും" ഞാൻ പറഞ്ഞു. "ഇവിടുന്ന് പുറത്ത് കടക്കാനുള്ള രഹസ്യ അറ, ഇവിടെ എവിടെയോ ഉണ്ട്. ഈ മന്ദിരം നിർമ്മിക്കാൻ ഉപയോഗിച്ച പ്ലാനിൽ അതേക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതെ.. കഴിഞ്ഞ പ്രാവശ്യം ഞാനാ വഴിയിലൂടെ രക്ഷപ്പെടാനായിരുന്നു വിചാരിച്ചത്," എന്തൊക്കെയോ ഓർത്തുകൊണ്ട് എൻഡ്രി തുടർന്നു. "ഹോ ദൈവമേ ഈ സംഭവങ്ങൾ വീണ്ടും ആവർത്തിക്കുകയാണല്ലോ,". അവന് ചില കാര്യങ്ങളൊക്കെ ഓർമ്മവരുന്നുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. ആ രഹസ്യ അറയെ കുറിച്ച് അവൻ പറഞ്ഞ കാര്യം നേരായിരിക്കാം എന്ന് എനിക്ക് തോന്നി. എതിരാളികളിൽ നിന്നും രക്ഷപ്പെടാൻ, ഒട്ടുമിക്ക കോട്ടകളിലും ഒരു രഹസ്യ അറ നിർമ്മിക്കുന്നത് പതിവാണ്. ഞാൻ സൗമ്യമായി കൊണ്ട് അവനോട് വീണ്ടും ആ കാര്യത്തെക്കുറിച്ച് ചോദിച്ചു. "അതേ..ഈ ചുമരുകളിൽ എവിടെയോ ആണ് ആ അറ സ്ഥിതി ചെയ്യുന്നത്,". അവൻ നെരിപ്പൊട്ടിന്റെ അരികിലുള്ള ചുമരിലേക്ക് ചൂണ്ടിക്കാട്ടി കൊണ്ട് പറഞ്ഞു. ഞങ്ങളാ ചുമരിന്റെ അരികിലേക്ക് ചെന്നു. "ഈ ചിത്രങ്ങളിലേതോ ഒന്ന് തിരിച്ചാലാണ് ആ അറ തുറക്കുക" ഭിത്തിയിൽ തൂക്കി വെച്ചിരുന്ന ചിത്രങ്ങളിലേക്ക് ചൂണ്ടിക്കാട്ടി കൊണ്ട് അവൻ പറഞ്ഞു. അവൻ ചില ചിത്രങ്ങൾ എല്ലാം മറച്ചും തിരിച്ചും നോക്കാൻ തുടങ്ങി. അതിൽ ഒരു ചിത്രം തിരിച്ചപ്പോൾ, ഭിത്തിയുടെ മറവിൽ നിന്നും ഒരു രഹസ്യ അറ തുറന്നു വന്നു. ഇരുട്ട് കട്ട പിടിച്ച ആ അറയിൽ, താഴോട്ട് ഇറങ്ങത്തക്ക വിധത്തിലുള്ള പടവുകൾ ഉണ്ടായിരുന്നു. ഞാൻ ഞെരിപ്പൊട്ടിന്റെ മുകളിൽ തൂക്കി വെച്ചിരുന്ന തോക്ക് കയ്യിലെടുത്തു. ആൽബർട്ട് ഒരു റാന്തൽ എടുത്തുകൊണ്ട്, ആ പടവുകൾ ഇറങ്ങാൻ തുടങ്ങി. ഞങ്ങൾ അവനെ പിന്തുടർന്നു. ആ പടവുകൾ അവസാനിക്കുന്നത് ഒരു തുരങ്കത്തിലേക്കാണ്. ഞങ്ങളാ തുരംഗത്തിലൂടെ മുന്നോട്ടു നടക്കാൻ തുടങ്ങി. തുരുമ്പരിച്ചു കിടക്കുന്ന ചെറിയ ജയിലുകൾ ഉണ്ടായിരുന്നു ആ തുരങ്കത്തിന്റെ ഇരുവശങ്ങളിലും. ആ തുരങ്കം അവസാനിച്ചത്, മന്ദിരത്തിനു പുറത്തുണ്ടായിരുന്ന ഒരു പഴയ കൂടാരത്തിൽ ചെന്നാണ്. ആ കൂടാരത്തിൽ നിന്നും നൂറടി ദൂരമുണ്ടായിരുന്നു ക്യാബിനിയിലേക്ക്. ഞങ്ങൾ ആ കൂടാരത്തിൽ നിന്നും വളരെ ശ്രദ്ധയോടെ പുറത്തേക്കിറങ്ങി.ഓരോ അടിയും ശ്രദ്ധയോടെ വെച്ചു കൊണ്ടായിരുന്നു ഞങ്ങളുടെ നടത്തം. കരിയിലയുടെ ഞരക്കം പോലും ആ നിശബ്ദതയെ കീറിമുറിക്കുന്ന വിധത്തിലായിരുന്നു. ബുഷ് ചെടികളുടെ അരികിൽ വരെ ബുദ്ധിമുട്ടില്ലാതെ എങ്ങനെയോ എത്തി. അപ്പോഴാണ് ആ ബുഷ് ചെടിയിൽ നിന്നും എന്തോ അനങ്ങുന്നത് പോലെ ഞങ്ങൾക്ക് തോന്നിയത്. പെട്ടെന്ന് എന്തോ ഒന്ന് ഞങ്ങളുടെ നേർക്ക് ചാടി വീണു. അതൊരു ജീർണ്ണിച്ച നായ ആയിരുന്നു. അതിന്റെ കണ്ണിൽ ചോരയുടെ ഒരു അംശം പോലും ഇല്ലായിരുന്നു. അത് പെട്ടെന്ന് നേഴ്സിന്‍റെ ദേഹത്തേക്ക് ചാടി വീണു. ഞാനെന്റെ കയ്യിലുള്ള തോക്കെടുത്തുകൊണ്ട് അതിനെ വെടിവെച്ചു. അൽഭുതം എന്ന് പറയട്ടെ, ആ സത്വം വെടിയേറ്റ ഭാവം പോലും കാണിക്കാതെ നേഴ്സിനെ കടിച്ചു കീറി. വെടിയൊച്ച കേട്ടതോടെ മറ്റു സത്വങ്ങളുടെ രൂപങ്ങൾ, മൂടൽമഞ്ഞിലൂടെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. നേഴ്സിനെ മരണത്തിലേക്ക് തള്ളിയിട്ടു കൊണ്ട് ഞങ്ങൾക്ക് അവിടുന്ന് രക്ഷപ്പെടേണ്ടി വന്നു.
ക്യാബിൻ ലക്ഷ്യം വെച്ചുകൊണ്ട് ഞങ്ങൾ അതിവേഗം കുതിച്ചു. ഞങ്ങളുടെ തൊട്ടു പിന്നാലെ ആ സത്വങ്ങളും ഉണ്ടായിരുന്നു. ഞങ്ങൾ വേഗം ക്യാബിനിൽ കയറി വാതിൽ അടച്ചു. സത്വങ്ങളെല്ലാം, തേനീച്ചക്കൂട്ടങ്ങൾ പോലെ ക്യാബിന് ചുറ്റും വലയം ചെയ്തു. മായയുടെ കരച്ചിൽ കേട്ടപ്പോളാണ് ഞാൻ ക്യാബിന്റെ മുറിയിൽ ചെന്ന് നോക്കിയത്. അവിടെ റൂഫിന്റെ മുകളിലായി മുത്തു തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. അത് ഞങ്ങളെയെല്ലാം ഒന്നും കൂടെ ഭയപ്പെടുത്തി. അത്തരം ഒരു കാഴ്ച ആരും പ്രതീക്ഷിച്ചിരുന്നില്ല. ഞാനും ആൽബർട്ടും ചേർന്ന് മുത്തുവിന്റെ മൃതദേഹം റൂഫിൽ നിന്നും താഴെക്കി ഇറക്കി. ആൽബർട്ട് സ്റ്റേഷനുമായി കണക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും, സിഗ്നൽ ലഭിച്ചില്ല. അപ്പോഴേക്കും ആ നശിച്ച സത്വങ്ങൾ വാതിൽ തല്ലിപ്പൊളിക്കാൻ തുടങ്ങിയിരുന്നു. "വാതിൽ ഏതു നിമിഷം വേണമെങ്കിലും തകർന്നുവീഴാം" എൻഡ്രി ഉറക്കെ വിളിച്ചു പറഞ്ഞു. എന്തുചെയ്യണമെന്നറിയാതെ ഞാൻ അല്പനേരം മൗനം പാലിച്ചു നിന്നു. "സാർ, പുറകിലെ വാതിൽ തുറന്നാൽ മതിലിന്റെ അരികിലേക്ക് പോവാൻ കഴിയും" ആൽബർട്ട് പറഞ്ഞു. "പക്ഷേ നമുക്ക് ഓടി അവിടെ എത്താൻ കഴിയുമെന്ന് തോന്നുന്നില്ല. ആ സത്വങ്ങൾ എളുപ്പത്തിൽ നമ്മളെ പിടികൂടും" ഞാൻ അഭിപ്രായപ്പെട്ടു. "നിങ്ങൾ പുറകിലൂടെ രക്ഷപ്പെട്ടോളൂ ഞാൻ ഇവരെ കൈകാര്യം ചെയ്തോളാം" "അത് അപകടമാണ്," ആൽബർട്ട് പറഞ്ഞു തീരുന്നതിനു മുൻപേ ഞാൻ ഇടയിൽ കയറി പറഞ്ഞു. "സാർ എന്നെ കുറിച്ച് ഓർത്ത് ദുഃഖിക്കേണ്ട. നമ്മുടെ ലക്ഷ്യം, ഇവരുടെ ജീവൻ രക്ഷിക്കുക എന്നതാണ്," പലതും പറഞ്ഞ് അവനെ പിന്തിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ അതിലൊന്നും കാര്യമുണ്ടായില്ല. അവനൊരു ധീരയോദ്ധാവിനെ പോലെ എന്തും നേരിടാൻ തയ്യാറായ മട്ടിൽ ഒരുങ്ങി നിൽക്കുകയായിരുന്നു. ഒടുവിൽ ഞങ്ങൾ ക്യാബിനിൽ ഉള്ള ആയുധങ്ങളെല്ലാം ഒരു ബാഗിൽ ശേഖരിച്ചുകൊണ്ട് പുറത്തിറങ്ങാൻ തയ്യാറെടുത്തു. ഞാൻ പുറകുവശത്തെ വാതിൽ തുറന്ന സമയം തന്നെ ആൽബർട്ട് മുൻവശത്തെ വാതിൽ തുറന്നു കൊണ്ട് ആ സ്വത്വങ്ങളെ ഒക്കെ അകത്തേക്ക് വിളിച്ചുവരുത്തി. അതേസമയം ഞങ്ങൾ മതിലിന്റെ അരികിലേക്ക് ഓടാൻ തുടങ്ങി. ചില സത്വങ്ങൾ ഞങ്ങളെ പിന്തുടർന്ന് വരാൻ തുടങ്ങിയിരുന്നു.ഞാൻ മതിലിന്റെ അരികിൽ എത്തിയ ശേഷം, മരത്തടികൾ നീക്കിവെച്ചുകൊണ്ട് മതിൽ ചാടി കടക്കാൻ പറ്റുന്ന വിധത്തിൽ ആക്കി വെച്ചു. ആദ്യം മീനയോടും ലൂസിയോടും, മതിൽ ചാടിക്കടക്കാൻ ഞാൻ പറഞ്ഞു. ഞങ്ങൾ നാല് പേരും അവരെ സംരക്ഷിച്ചുകൊണ്ട് ആ സത്വങ്ങളെ നേരിടാൻ തുടങ്ങി. ഹാരി ഞങ്ങളെ ആക്രമിക്കാൻ വന്ന ഒരു സത്വത്തിന്റെ ശിരസ്സ് ലക്ഷ്യമാക്കി കൊണ്ട് വെടിയുയർത്തി. അത്ഭുതമെന്ന് പറയട്ടെ ആ സത്വം മരിച്ചത് പോലെ നിലം പതിഞ്ഞു. ആ പിശാചുകളുടെ ശിരസ്സ് ഛേദിച്ചാൽ അവ മരണപ്പെടുമെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങളുടെ ബുള്ളറ്റ് തീരുന്നതുവരെ ഞങ്ങൾ അവരുടെ ശിരസ്സ് ലക്ഷ്യമാക്കിക്കൊണ്ട് വെടിവെച്ചു. ബുള്ളറ്റ് തീർന്നതോടെ ഞങ്ങൾ ക്യാബിനിൽ നിന്നും എടുത്ത മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് അവയെ നേരിടാൻ തുടങ്ങി. ആ സംഘർഷം അല്പനേരം നേരം നീണ്ടു നിന്നിരുന്നു.അതിനിടയിൽ ഒരു കൂട്ടം സത്വങ്ങൾ ചേർന്ന് ലാലുവിനെ കടിച്ചു കൊന്നു. അവയുടെ മൂർച്ചയുള്ള പല്ലുകൾ കൊണ്ട് എനിക്ക് ആയത്തിലുള്ള മുറിവേറ്റു. അവയെ ചെറുത്തുനിൽക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ലായിരുന്നു. വളരെ കഷ്ടപ്പെട്ടുകൊണ്ടാണ് ഞങ്ങളാ മതിൽ ചാടിക്കടന്നത്. അതിനിടയിൽ ചില സത്വങ്ങളാ മതിൽ അള്ളിപ്പിടിച്ച് കേറാൻ തുടങ്ങി. ഞാൻ ക്യാബിനിൽ നിന്നും എടുത്ത മണ്ണെണ്ണ കുപ്പി ആ മതിലിന്മേൽ എറിഞ്ഞു പൊട്ടിച്ച ശേഷം തീ കൊളുത്തി. വളരെ പെട്ടെന്ന് തന്നെ തീ ആളി പിടിച്ചതോടെ ആ സത്വങ്ങളെല്ലാം ഭയന്നുകൊണ്ട് പുറകോട്ട് നീങ്ങാൻ തുടങ്ങി. ആ അവസരം മുതലെടുത്തുകൊണ്ട് ഞങ്ങൾ അവിടുന്ന് രക്ഷപ്പെട്ടു. ഘോരമായ ആ കൂറ്റാക്കൂരിരുട്ടിലൂടെ, എങ്ങോട്ടെന്നില്ലാതെ ആയിരുന്നു ഞങ്ങളുടെ നടത്തം.ചെന്നായികളുടെ ആർപ്പുവിളി എങ്ങും നിറഞ്ഞു കേൾക്കാമായിരുന്നു. "നമുക്ക് അൽപനേരം വിശ്രമിക്കാം" അവശതയോടെ എൻഡ്രി പറഞ്ഞു. അപ്പോഴാണ് ഞാൻ അവനെ ശ്രദ്ധിച്ചത്. അവന്റെ കഴുത്തിൽ കടിയേറ്റതിന്റെ വലിയ പാടുണ്ടായിരുന്നു. അതിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്നത് ഞങ്ങൾ കണ്ടു. "ഈയൊരു അവസ്ഥയിൽ ഇവനു മുന്നോട്ട് നടക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല" മീന പറഞ്ഞു തീരുമ്പോഴേക്കും എൻഡ്രി ബോധംകെട്ട് നിലത്ത് വീണു. ഞാൻ അവനെ എടുക്കാൻ ശ്രമിച്ചപ്പോൾ മീന എന്നെ തടഞ്ഞു. "നമ്മൾ ഇതുവരെ കണ്ടവരെല്ലാം മരണപ്പെട്ടവരാണ് പക്ഷേ അവർ പ്രേതങ്ങളല്ല.ഇതൊരു തരത്തിലുള്ള അവസ്ഥയാണെന്നാണ് എനിക്ക് തോന്നുന്നത്. എൻഡ്രിക്ക് അവരിൽ നിന്നും കടിയേറ്റിട്ടുണ്ട്. ഇതൊരു വൈറസിന്റെ പ്രവർത്തിയാണെങ്കിൽ ഇവനും അവരെ പോലെ ആവാൻ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മൾ ഒന്ന് ശ്രദ്ധിക്കണം" മീനയുടെ സിദ്ധാന്തം കേട്ടപ്പോൾ, ഞാനൊന്നു ഭയന്നു. കാരണം എനിക്കും ആ പിശാചുക്കളിൽ നിന്നും കടിയേറ്റിട്ടുണ്ടായിരുന്നു. അവ പ്രത്യക്ഷത്തിൽ കാണാൻ പറ്റുന്നവ അല്ലായിരുന്നു. ഹാരിയുടെ ശരീരത്തിൽ കടിയേറ്റ പാടുകൾ ഉണ്ടായിരുന്നില്ല. ആ സത്വങ്ങൾ ഞങ്ങളെ രണ്ടു പേരെയായിരുന്നു കൂടുതലായി ആക്രമിച്ചത്. "നീ പറഞ്ഞത് തള്ളിക്കളയാൻ പറ്റില്ല. എന്തായാലും നമുക്ക് ഇവനെ ഇങ്ങനെ കിടത്താൻ കഴിയില്ല. നമുക്ക് തൽക്കാലത്തേക്ക് ഇവനെ ഒരു സുരക്ഷിത സ്ഥലത്തിരുത്താം" ഞാൻ അഭിപ്രായപ്പെട്ടു. ഞാനും ഹാരിയും അവനെ താങ്ങിക്കൊണ്ട് ഒരു മരത്തിന്റെ തണലിൽ ഇരുത്തി. "നമുക്ക് എത്രയും പെട്ടെന്ന് ആരുടെയെങ്കിലും സഹായം തേടണം" മീന പറഞ്ഞു. "ഇവനെ ഇവിടെ ഒറ്റയ്ക്ക് ആക്കി പോകുന്നത് നല്ലതല്ല. അതുകൊണ്ട് നിങ്ങൾ മൂന്നുപേരും പോയിക്കോ ഞാൻ ഇവിടെ നിൽക്കാം" ഞാൻ പറഞ്ഞ കാര്യം അവർ അത്ര പെട്ടെന്ന് ഉൾക്കൊണ്ടില്ല. "എനിക്കും അവയിൽ നിന്ന് കടിയേറ്റിട്ടുണ്ട്," ഞാൻ പറഞ്ഞു. "ഞാനൊരു ഊഹമാണ് പറഞ്ഞത്. അത് ശരിയായി കൊള്ളണമെന്നില്ല" മീന പറഞ്ഞു. "എന്തായാലും മുൻകരുതൽ എടുക്കുന്നത് നല്ലതാണ്. എനിക്കൊന്നും സംഭവിച്ചില്ലെങ്കിൽ ഞാൻ, ഇവനെയും കൊണ്ട് ഇവിടുന്ന് രക്ഷപ്പെടുന്നുണ്ട്. അതിനു മുന്നേ നിങ്ങൾ ഇവിടുന്ന് രക്ഷപ്പെടണം" ഞങ്ങളെ അവിടെ ഉപേക്ഷിച്ചു പോകാൻ അവർക്ക് മനസ്സ് വന്നില്ല. പ്രത്യേകിച്ച് മീനയ്ക്ക്.ഞാൻ വീണ്ടും അവരെ നിർബന്ധിച്ചപ്പോൾ, അവർ അവിടുന്ന് പോകാൻ തയ്യാറായി. അവർ അവിടെ നിന്ന് പോവാൻ ഒരുങ്ങിയപ്പോൾ ആണ് രണ്ട് ചെന്നായ്ക്കൾ റോഡിനരികിലൂടെ വരുന്നത് ഞങ്ങൾ കണ്ടത്. അവ രണ്ടും മരിച്ചതായിരുന്നു. അതിലൊരു ചെന്നായയുടെ പല്ലിൽ, ചോര ഊർന്നു നിൽപ്പുണ്ടായിരുന്നു. അത് നേഴ്സിനെ കടിച്ചു കൊന്ന പിശാചായിരിക്കുമെന്ന് ഞാൻ ഊഹിച്ചു. "നിങ്ങൾ രക്ഷപ്പെട്ടോളൂ ഇവയുടെ കാര്യം ഞാൻ നോക്കിക്കോളാം" ഞാനവയെ നേരിടാൻ ഒരുങ്ങിയപ്പോൾ മീന എന്നെ തടഞ്ഞു. ഞാൻ അവൾ പറയുന്നതൊന്നും കേൾക്കാൻ നിന്നില്ല. അപ്പോൾ അവരെ രക്ഷിക്കാൻ എന്റെ മുന്നിൽ മറ്റൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. ഞാനൊരു വടിയിൽ, കത്തി മുറുകെ കെട്ടി കൊണ്ട് അവയെ നേരിടാൻ ചെന്നു. അവ പൈശാചികമായി എന്നെ ആക്രമിക്കാൻ തുടങ്ങി. എന്നെക്കൊണ്ട് ആകുന്ന വിധത്തിൽ ഞാനവയെ നേരിട്ടു. ഏത് നിമിഷം വേണമെങ്കിലും എന്റെ ജീവൻ നഷ്ടപ്പെടും എന്ന് എനിക്കുറപ്പായിരുന്നു.പെട്ടെന്ന് എന്റെ പുറകിലായി ഒരു വെളിച്ചം പ്രത്യക്ഷപ്പെട്ടു. തൊട്ടു പിന്നാലെ ഒരു ഹോൺ അടി ശബ്ദവും. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ, കാറോടിച്ചു വരുന്ന മിത്രയെയാണ് കണ്ടത്. അവന്റെ കൂടെ മറ്റൊരു ഓഫീസറും ഉണ്ടായിരുന്നു. വണ്ടിയുടെ ശബ്ദം കേട്ടതോടെ ചെന്നായ്ക്കൾ തിരിഞ്ഞോടി. കാറിന്റെ വാതിൽ തുറന്നു കൊണ്ട് മിത്ര പുറത്തേക്ക് ഇറങ്ങി. ഒരു ദേവദൂതൻ മുന്നിൽ പ്രത്യക്ഷപ്പെട്ട ഒരു അനുഭൂതിയായിരുന്നു എനിക്ക് അപ്പോൾ ഉണ്ടായിരുന്നത്. ഞങ്ങൾ എൻഡ്രിയെ കാറിൽ കയറ്റിക്കൊണ്ട്, അവിടുന്ന് വേഗം സ്ഥലം വിട്ടു. പോകുന്ന വഴി ഞാൻ മിത്രയോട് എല്ലാം വിവരിച്ചു. അവനെല്ലാം വിശ്വസിച്ച മട്ടിൽ തന്നെയായിരുന്നു പ്രതികരിച്ചത്.
ഞങ്ങൾ ആദ്യം ചെന്നത് ആശുപത്രിയിലേക്കാണ്. എൻഡ്രിയെയും മായയെയും അവിടെ അഡ്മിറ്റ് ചെയ്തു. നടന്ന ഭീകരമായ സംഭവങ്ങൾ കൊണ്ടാവാം, മായ അവിടെ എത്തുമ്പോഴേക്കും ബോധരഹിതയായിരുന്നു. സത്വങ്ങളുടെ കടിയേറ്റത് മൂലം, എനിക്കും ചികിത്സയിൽ കഴിയേണ്ടി വന്നു. ഞങ്ങളുടെ ശരീരത്തിൽ നിന്നും വൈറസിന്റെ അംശം ഒന്നും ഡോക്ടർമാർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു സാധാരണ മനുഷ്യൻ കടിച്ചുണ്ടാക്കിയ മുറിവായിട്ടാണ് അവർ അതിനെ വിശകലനം ചെയ്തത്. പിറ്റേദിവസം ആയപ്പോഴേക്കും എനിക്ക് ഭേദം തോന്നിത്തുടങ്ങി. ഞാൻ വേഗത്തിൽ തന്നെ അവിടുന്ന് ഡിസ്ചാർജ് ചെയ്തു.
(തുടരും)
ഭാഗം 8
വലിയൊരു പ്രശ്നത്തിന്റെ നടുക്കാണ് ഞാനിപ്പോൾ ഉള്ളത്. എന്റെ അനുഭവങ്ങൾ ശരിവെക്കുന്ന ഓഫീസർമാരാണ് അധികം ഉള്ളത്, എങ്കിലും ചിലരൊക്കെ അത് തള്ളിപ്പറയുന്നുണ്ട്. അവർക്കെല്ലാം തെളിവുകളായിരുന്നു വേണ്ടത്. തെളിവുകൾക്ക് വേണ്ടി ഞാൻ വീണ്ടും ആ നശിച്ച മന്ദിരത്തിലേക്ക് പോയെങ്കിലും, വലിയൊരു ദുരന്തം അരങ്ങേറിയതിന്റെ യാതൊരു പാടു പോലും അവിടെയുണ്ടായിരുന്നില്ല. നേഴ്സിന്റെയും ആൽബത്തിന്റെയും ലാലുവിന്റെയും ശവശരീരങ്ങൾ ഞങ്ങൾക്ക് വനത്തിന്റെ അരികിൽ നിന്നുമാണ് ലഭിച്ചത്. അവരുടെ ശരീരങ്ങളിൽ, വന്യജീവി ഭക്ഷിച്ച പാടുകൾ ഉണ്ടായിരുന്നു. തന്മൂലം, സത്വങ്ങൾ ആക്രമിച്ച പാടുകൾ ഒന്നും കാണാനില്ലായിരുന്നു. മുത്തുവിന്റെ ശരീരം ഞങ്ങൾക്ക് കണ്ടെത്താനായില്ല. അതുപോലെ ഞങ്ങൾ കൊന്നൊടുക്കിയ, പിശാചുക്കളുടെ ശവശരീരങ്ങളും അവിടെ ഇല്ലായിരുന്നു. അവയെല്ലാം അപ്രത്യക്ഷമായതാണോ? അല്ലെങ്കിൽ ആരോ തെളിവുകൾ നശിപ്പിക്കാൻ വേണ്ടി മറച്ചതായിരിക്കും. എനിക്ക് കൃത്യമായ ഒരു ഉത്തരമുണ്ടായിരുന്നില്ല. അതുകൊണ്ട് അവിടെ നടന്ന മറ്റു കേസുകൾ പോലെ തന്നെ എനിക്കും ഈ കേസ് ക്ലോസ് ചെയ്യേണ്ടിവന്നു. എന്റെ അനുഭവങ്ങൾ കേട്ട് ചിരിച്ചവരാരും ആ കേസ് റീ-ഓപ്പൺ ചെയ്യാൻ പോലും മുതിർന്നില്ല.അല്ലെങ്കിലും മനുഷ്യയുക്തിക്ക് നിരക്കാത്ത സംഭവങ്ങളോട് ഏറ്റുമുട്ടാൻ ആരും ധൈര്യം കാണിക്കില്ല.
മിത്ര പറഞ്ഞതനുസരിച്ച് ഞാൻ രണ്ടു ദിവസത്തേക്ക് ലീവ് എടുത്തു വീട്ടിലിരിക്കാൻ തീരുമാനിച്ചു. ഞാൻ കൂടുതൽ സമയം, കൃഷി ചെയ്യാൻ വേണ്ടി ഒഴിച്ച് വെച്ചു. മറ്റെന്തെങ്കിലും ജോലിയിൽ മുഴുകിക്കഴിഞ്ഞാൽ പിന്നെ മനസ്സിന് ഒരു സമാധാനം കിട്ടുമല്ലോ. എല്ലാം ഒന്ന് മറക്കാൻ ശ്രമിക്കുമ്പോളായിരുന്നു മീന വീട്ടിലേക്ക് വന്നത്. അവൾക്കൊരു കപ്പ് ചായ കുടിക്കാൻ പോലും സമയമുണ്ടായിരുന്നില്ല. "ഞാനൊരു പ്രധാനപ്പെട്ട കാര്യം പറയാനാണ് വന്നത്. നമ്മൾ അന്ന് രാത്രി കണ്ടത് പ്രേതങ്ങളെയല്ല. അത് എനിക്ക് ഉറപ്പാണ്. അതുപോലെ അവ ഒരു രക്തരക്ഷസാവാനും സാധ്യത കുറവാണ്. അവയ്ക്ക് കൂർത്ത പല്ലുകൾ ഉണ്ടെന്ന കാര്യം ശരി തന്നെ. പക്ഷേ അവർ മനുഷ്യന്റെ ചോര കുടിക്കുന്നില്ല. പകരം അവർ മനുഷ്യരെ കടിച്ചു കൊല്ലുകയാണ് ചെയ്യുന്നത്. അതേപോലെ അവയ്ക്ക് മനുഷ്യന്റെ ശക്തി മാത്രമേയുള്ളൂ. അതുകൊണ്ടാണ് നിങ്ങൾക്ക് അവരെ എതിരിടാൻ കഴിഞ്ഞത്." "നീ എന്താ പറഞ്ഞു വരുന്നത്, " ഞാൻ അത്ഭുതത്തോടെ ചോദിച്ചു. "അതായത് ഇതൊരു വൈറസ് മൂലം ഉണ്ടായതാവാം. അല്ലെങ്കിൽ ഇതൊരു ദുർമന്ത്രവാദത്തിലൂടെ ആരോ ചെയ്തതായിരിക്കും. അതായത് ആ മന്ദിരത്തിൽ വച്ച് മരണപ്പെട്ടവരെ എല്ലാം അടക്കം ചെയ്തത് അതിന്റെ അരികിലുള്ള സ്മശാനത്തിലാണ്. അവിടെയുള്ള മണ്ണിൽ നിന്നോ അല്ലെങ്കിൽ മറ്റെന്തിൽ നിന്നെങ്കിലോ ഒരു പ്രത്യേക വൈറസ് അവരുടെ ശരീരത്തിൽ എത്തിയിട്ടുണ്ടാവും. ഇവ സ്പ്രെഡ് ചെയ്യുന്ന വൈറസ് ആയിരിക്കില്ല. അല്ലെങ്കിൽ കടിയേറ്റ എല്ലാവരും അവരെ പോലെയായി മാറിയേനെ. അവരുടെ ശരീരത്തിൽ വൈറസ് ഉണ്ടെന്ന് അറിയണമെങ്കിൽ, അവരുടെ ആരുടെയെങ്കിലും ശവശരീരം നമുക്ക് ലഭിക്കണം. അത് എളുപ്പമല്ലെന്ന് എനിക്കറിയാം. എങ്കിലും നമുക്കൊന്ന് പരീക്ഷിച്ചു നോക്കണം. ഇനി ഞാൻ പറയാൻ പോകുന്നത് രണ്ടാമത്തെ സാധ്യതയെ കുറിച്ചാണ്. ഒരു ദുർമന്ത്രവാദത്തിലൂടെ ആരോ ഇവർക്ക് ജീവൻ നൽകിയതായിരിക്കാം. വൂഡൂ മന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് ശവത്തിന് ജീവൻ നൽകിയ കഥകളുണ്ട്. ഇന്ത്യയിലും ഇത്തരത്തിലുള്ള മന്ത്രവാദങ്ങൾ നിലനിൽക്കുന്നുണ്ട്. ഇവയിലൊക്കെ എത്രത്തോളം സത്യമുണ്ടെന്ന് എനിക്കറിയില്ല. എങ്കിലും ഈയൊരു അവസ്ഥയിൽ എല്ലാ സാധ്യതകളും നമ്മൾ നോക്കേണ്ടതാണ്,"
"നീ പറഞ്ഞതൊന്നുമല്ലെങ്കിലോ?" ഞാനവളോട് ചോദിച്ചു.
"എങ്കിൽ ഇതിന്റെ പിന്നിലെ കാരണം നമ്മൾ കണ്ടെത്തണം"
"ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തിൽ നിന്നും നമ്മക്ക് ഇനി സഹായം ലഭിക്കും എന്ന് എനിക്ക് തോന്നുന്നില്ല" ഞാൻ പറഞ്ഞു.
"അത് വേണമെന്നില്ല ഈയൊരു പ്രവർത്തനത്തിൽ നമ്മുടെ കൂടെ നിൽക്കാൻ ആരെങ്കിലും ഉണ്ടാകുമല്ലോ?" അവളുടെ ധൈര്യം എന്നിൽ ആവേശം പകർന്നു. ഇതിന്റെയെല്ലാം രഹസ്യങ്ങൾ കണ്ടെത്തേണ്ടത് എന്റെയും കൂടി ആവശ്യമായിരുന്നു. എന്തിനും കൂടെയുണ്ടാവും എന്ന്, ഞാൻ അവൾക്ക് വാക്കു നൽകി. മിത്രയോട് കാര്യങ്ങളെല്ലാം ഞാൻ വിവരിച്ചപ്പോൾ, അവനീ ദൗത്യത്തിൽ പങ്കുചേരാം എന്ന് സമ്മതിച്ചു. എന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന രണ്ടു പേരെയും ഞാനീ ദൗത്യത്തിൽ പങ്കുചേർത്തു. ഏഴാം തീയതി രാത്രി ഞങ്ങളെല്ലാം എന്റെ വീട്ടിൽ ഒത്തുകൂടി. സംഭാഷണത്തിന് തുടക്കം കുറിച്ചത് മീന തന്നെയായിരുന്നു. "രാത്രികാലങ്ങളിലാണ് അവിടെ അമാനുഷികമായ സംഭവങ്ങൾ അരങ്ങേറുന്നത്. പകൽസമയം അവിടം ശാന്തമായിരിക്കും. അതുകൊണ്ട് പകൽ സമയങ്ങളിലാണ് നമ്മൾ പ്രവർത്തനങ്ങളെല്ലാം ചെയ്യാൻ പോകുന്നത്. ആദ്യം നമ്മൾ വാൾട്ടറിന്റെ കല്ലറ തുറന്നു നോക്കണം.
"നമ്മൾ എന്തിനാണ് അത് ചെയ്യുന്നത്," മിത്ര ചോദിച്ചു.
"വാൾട്ടറിന്റെ മൃതദേഹം അവിടെ ഉണ്ടോയെന്ന് നോക്കണം. ആ ശരീരത്തിൽ നിന്ന് വേണം നമുക്ക് പരീക്ഷണം നടത്താൻ. പിന്നെ ഒരു കാര്യം ഇത് നമ്മൾ പരമ രഹസ്യം ആയിട്ട് വേണം ചെയ്യാൻ".
പിറ്റേദിവസം പുലർച്ചെ തന്നെ ഞങ്ങൾ ശ്മശാനത്തിൽ എത്തി. സൂര്യനുദിച്ചിരുന്നെങ്കിലും ചുറ്റും മൂടൽമഞ്ഞ് നിറഞ്ഞ് നിന്നിരുന്നു. അവിടെയെങ്ങും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഞങ്ങൾ കല്ലറ തുറക്കാനുള്ള ശ്രമം തുടങ്ങി. വാൾട്ടറിന്റെ ശവപ്പെട്ടി പുറത്തെടുത്ത ശേഷം, ഞങ്ങൾ അത് തുറന്നു നോക്കി. എല്ലാവരും ഭയത്തോടെയായിരുന്നു അകത്തേക്ക് നോക്കിയത്. പക്ഷേ ആ പെട്ടി ശൂന്യമായിരുന്നു.
"ഇനിയാണ് നമ്മൾ ബുദ്ധിമുട്ടാൻ പോകുന്നത്. ആ സത്വങ്ങളുടെ ശവശരീരങ്ങൾ എവിടെയാണെന്ന് നമുക്ക് കണ്ടെത്തണം" മീന പറഞ്ഞു. "പകൽ സമയങ്ങളിൽ അവ വനത്തിലേക്കായിരിക്കും പോവാറ്," മിത്ര അഭിപ്രായപ്പെട്ടു. "അങ്ങനെയാണെങ്കിൽ അന്ന് നമ്മൾ വനം പരിശോധിച്ച സമയത്ത്. അവയെ അവിടെ കാണേണ്ടതല്ലേ?" ഞാൻ മിത്രയോട് ചോദിച്ചു. "പക്ഷേ നമ്മൾ അന്ന് ചെറിയൊരു ഭാഗം മാത്രമല്ലേ പരിശോധിച്ചത്. ഇനിയും ഒരുപാട് സ്ഥലം ബാക്കിയില്ലേ"
അപ്പോഴാണ് ഞാൻ മറ്റൊരു കാര്യത്തെക്കുറിച്ച് ആലോചിച്ചത്. അന്ന് തുരങ്കത്തിന്റെ ഇരുവശങ്ങളിലും കണ്ട ജയിലിനുള്ളിൽ പഴകിയ എല്ലിൻ കഷ്ണങ്ങൾ ഞാൻ കണ്ടിരുന്നു. ആ സത്വങ്ങൾ അവിടെ ഒളിച്ചിരിക്കാനുള്ള സാധ്യത ഉണ്ടാകുമെന്ന് എനിക്ക് തോന്നി. എന്റെ ഊഹം തെറ്റിയില്ല. ഇരുവശങ്ങളിലും ഉള്ള ജയിലുകളിൽ ആ സത്വങ്ങൾ, നിർജീവമായി കിടക്കുന്നുണ്ടായിരുന്നു. അവയുടെ അരികിലുള്ള പാത്രത്തിൽ, കടിച്ചു തുപ്പിയ എല്ലിൻ കഷ്ണങ്ങൾ ഉണ്ടായിരുന്നു. ജയിലിന്റെ വാതിൽ പൂട്ടിയിട്ട നിലയിലായിരുന്നു കാണപ്പെട്ടിരുന്നത്.
"എന്താണ് ഇത്, ഇവയെല്ലാം മരിച്ചത് പോലെയാണല്ലോ കിടക്കുന്നത്," മിത്ര ആശ്ചര്യത്തോടെ ചോദിച്ചു. "എന്റെ ഊഹം ശരിയാണെങ്കിൽ രാത്രികാലങ്ങളിൽ മാത്രമേ ഇവയ്ക്ക് ജീവൻ വെക്കു" മീന മറുപടി നൽകി.
"അപ്പോൾ ഇത് ബ്ലാക്ക് മാജിക്കാണോ?" ഞാൻ ചോദിച്ചു.
"ആവാം, മരിച്ചവരെ അടിമകളാക്കുന്ന ഒരു തരം ആഭിചാരക്രിയ ആയിരിക്കും"
"ഇതൊക്കെ ആരാണ് ചെയ്യുന്നത്," മിത്ര ചോദിച്ചു.
"അത് നമുക്ക് കണ്ടെത്തണം" ഞാനൊരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് പറഞ്ഞു. അന്ന് സന്ധ്യയ്ക്ക് ഞാനും മിത്രയും കൂടി വീണ്ടുമാ തുരങ്കത്തിലേക്ക് ചെന്നു. അവിടെ കരിങ്കൽ കൊണ്ട് നിർമ്മിച്ച തൂണിന്റെ മറവിൽ, ഒരാൾക്ക് മറഞ്ഞിരിക്കാൻ ഉള്ള സ്ഥലം ഉണ്ടായിരുന്നു. ഞാനും മിത്രയും എതിർ വശങ്ങളിലുള്ള രണ്ട് തൂണിന്റെ മറവിൽ പതുങ്ങിയിരുന്നു. ഇരുട്ട് വ്യാപിച്ചതോടെ ശവങ്ങൾക്ക് ജീവൻ വന്നു. അവർ അലോസരമായ ആർത്തനാദങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. അല്പനേരം കഴിഞ്ഞപ്പോൾ റാന്തലേന്തി കൊണ്ട് ഒരു രൂപം, അവിടേക്ക് നടന്നു വരുന്നത് ഞാൻ കണ്ടു. ജയിലിന്റെ അരികിൽ എത്താൻ ആയപ്പോഴാണ് ഞാൻ അതിന്റെ മുഖം കണ്ടത്. അത് വാൾട്ടറിന്റെ ശവശരീരം ആയിരുന്നു. എന്റെ കണക്കുകൂട്ടലുകൾ പാടെ തെറ്റി. ഒരു മനുഷ്യരൂപം ആയിരുന്നു ഞാൻ അവിടെ പ്രതീക്ഷിച്ചത്. വാൾട്ടർ ഒരു താക്കോൽ കൂട്ടം എടുത്തുകൊണ്ട് ജയിലിന്റെ വാതിൽ തുറന്നു. ജയിലിന്റെ അകത്തു കിടന്ന സത്വങ്ങൾ വാൾട്ടറിനെ പിന്തുടരാൻ തുടങ്ങി. ഞങ്ങൾ വളരെ ശ്രദ്ധയോടെ അവയുടെ പുറകിലായി നടന്നു. മന്ദിരത്തിന്റെ പുറത്തെത്തിയപ്പോൾ, അവയെല്ലാം ഓരോ ദിശകളിലേക്ക് ചലിക്കാൻ തുടങ്ങി. അതിൽ ചിലതെല്ലാം പൂന്തോട്ടം ലക്ഷ്യമാക്കി കൊണ്ട് നടന്നു. മറ്റു ചിലത് യൂക്കാലിപ്സ് തോട്ടത്തിലേക്ക് നടന്നു. ഞങ്ങൾ വളരെ ശ്രദ്ധയോടെ യൂക്കാലിപ്സ് തോട്ടത്തിന്റെ അരികിലേക്ക് ചെന്നു. ആ സത്വങ്ങളെല്ലാം അവിടുന്ന് പണിയെടുക്കുകയായിരുന്നു. വാൾട്ടറും പണിയെടുക്കുന്നുണ്ട്. വളരെ വിചിത്രമായ ഒരു കാഴ്ചയായിരുന്നു അത്.
പിറ്റേദിവസം രാവിലെ ഞങ്ങൾ വീണ്ടും ഒത്തുകൂടി. ഞങ്ങൾ കണ്ട വിചിത്രമായ സംഭവത്തെക്കുറിച്ച് ഞാൻ മീനയ്ക്ക് വിവരിച്ചു കൊടുത്തു. "ഞാൻ വിചാരിച്ചത് പോലെ തന്നെ, അവരെ ആരോ അടിമകളാക്കിയതാണ്," മീന ആവേശത്തോടെ പറഞ്ഞു. "പക്ഷേ വാൾട്ടർ തന്നെയാണ് അവരെ നിയന്ത്രിക്കുന്നത്," മിത്ര പറഞ്ഞു.
"വാൾട്ടറിനെ മറ്റാരെങ്കിലും നിയന്ത്രിക്കുന്നുണ്ടെങ്കിലോ." "അവിടെ അപ്പോൾ മറ്റൊരാളെ ഞങ്ങൾ കണ്ടില്ല" ഞാൻ പറഞ്ഞു തുടങ്ങി. "യുക്തിക്ക് നിരക്കാത്ത സംഭവങ്ങളാണ് അവിടെ അരങ്ങേറുന്നത്. ഒരുപക്ഷേ നമ്മളുടെ കണക്കുകൂട്ടൽ എല്ലാം തെറ്റിയിട്ടുണ്ടാവാം" "താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്," മീന ചോദിച്ചു. "ഇത് തികച്ചും പൈശാചികമായ സംഭവമാണെങ്കിലോ?" "എനിക്കെന്തോ അങ്ങനെ തോന്നുന്നില്ല. നമുക്ക് ആ വീട് മുഴുവനും പരിശോധിച്ചാലോ. ഇത് ആഭിചാരമാണെങ്കിൽ അവിടുന്ന് എന്തെങ്കിലും തെളിവ് ലഭിക്കാതിരിക്കില്ല."
പുലർച്ചെ തന്നെ ഞങ്ങൾ പരിശോധന ആരംഭിച്ചു. രാത്രിയാകും മുന്നേ പരിശോധന നിർത്തണമെന്നായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ബ്രിട്ടീഷ്കാരുടെ വിചിത്രമായ കുറിപ്പുകളും, കടലാസുകളും അല്ലാതെ നിഗൂഢമായ വസ്തുക്കളൊന്നും ഞങ്ങൾക്ക് അവിടുന്ന് ലഭിച്ചില്ല. പലർക്കും മടുപ്പ് തോന്നി തുടങ്ങിയിരുന്നു. അവിടുന്ന് ഒരു തുമ്പും ലഭിക്കില്ലെന്ന് കരുതിയിരിക്കുമ്പോൾ ആണ് ഞാൻ ആ കാഴ്ച കണ്ടത്. ഞങ്ങളന്ന് മരിച്ച നിലയിൽ കണ്ടെത്തിയ റിക്കി ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി ഓടിക്കളിക്കുന്നു. എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ ഉടനെ ഈ കാര്യം മിത്രയെ അറിയിച്ചു.
"ഈ മന്ദിരത്തിൽ വെച്ച് മരണമടയുന്നവരെല്ലാം ഉയർത്തെഴുന്നേൽക്കും എന്നല്ലേ" മിത്ര അഭിപ്രായപ്പെട്ടു. "പക്ഷേ ഇത് മരിച്ചിട്ട് കുറച്ചു ദിവസമായിട്ടില്ലേ, എന്നിട്ടും ഇതിന്റെ ശരീരം ജീർണിച്ചിട്ടില്ല. ഈ പൂച്ചയെ കണ്ടാൽ മരണപ്പെട്ടതാണെന്ന് പറയുകയില്ല പണ്ട് എങ്ങനെയാണോ അതേപോലെ തന്നെയാണ് ഇപ്പോഴും. അത് മാത്രമല്ല നമ്മൾ കണ്ട സത്വങ്ങൾ എല്ലാം രാത്രികാലങ്ങളിൽ മാത്രമേ എഴുന്നേൽക്കാറുള്ളൂ" ഞാൻ പറഞ്ഞു. "ഇതെല്ലാം കുഴഞ്ഞു മറിയുകയാണല്ലോ" വിഭ്രാന്തിയോടെ മിത്ര പറഞ്ഞു. "ഇവിടെയാണ് നമ്മൾ യുക്തിപൂർവ്വമായി ചിന്തിക്കേണ്ടത്. ഇതുവരെയുള്ള വിചിത്രമായ സംഭവങ്ങളെക്കുറിച്ച് എല്ലാം നമുക്ക് മറക്കാം. റിക്കി മരിക്കാൻ ഉള്ള സാധ്യതകളെ കുറിച്ച് നമുക്ക് ചിന്തിക്കാം" ഞാൻ അല്പം നേരം ചിന്തിച്ചതിനുശേഷം തുടർന്നു. "ഒരുപക്ഷേ ആരെങ്കിലും വിഷം കൊടുത്തതാണെങ്കിലോ?" "പക്ഷേ റിക്കിയെ കൊന്നിട്ട് ആർക്കാണ് ഇവിടെ നേട്ടം ഉണ്ടാവുക" മിത്ര അഭിപ്രായപ്പെട്ടു.
അപ്പോഴാണ് എന്റെ മനസ്സിൽ ചില സംശയങ്ങൾ ഉദിച്ചത്. അടുക്കളയിലെ ഭക്ഷണം കട്ടു തിന്നലാണ് റിക്കിയുടെ പതിവ്. അങ്ങനെ നോക്കുമ്പോൾ റിക്കി അന്ന് ഭക്ഷണം കട്ട് തിന്നിട്ടുണ്ടാവാം. "അന്ന് രാത്രി മുത്തുവല്ലാതെ മറ്റാരെങ്കിലും ഭക്ഷണം കഴിച്ചിരുന്നോ?" ഞാൻ മിത്രയോട് ചോദിച്ചു. "ഇല്ല!" "എങ്കിൽ എനിക്ക് രണ്ടുപേരെ സംശയമുണ്ട്," ഞാൻ പറഞ്ഞു തുടങ്ങി."എന്റെ ഊഹം ശരിയാണെങ്കിൽ റെയ്മണ്ടും കാതറീനയുമായിരിക്കും ഇതിനെല്ലാം കാരണക്കാർ. ഈ മന്ദിരത്തിൽ വച്ച് നടന്ന മരണങ്ങളെല്ലാം രാത്രി അത്താഴത്തിനു ശേഷമാണ് നടന്നത്. മീന പറഞ്ഞതുപോലെ വാൾട്ടറിനെ നിയന്ത്രിക്കാൻ, ഒരാളുണ്ടെങ്കിൽ അത് റെയ്മണ്ട് ആവാനാണ് സാധ്യത. കാരണം അയാൾക്ക് ഏത് സമയം വേണമെങ്കിലും ഇങ്ങോട്ട് വരാം, എല്ലാ നിർദ്ദേശങ്ങളും നൽകിക്കൊണ്ട് തിരിച്ചു പോകുകയും ചെയ്യാം" "താങ്കൾ പറഞ്ഞത് ശരിയാണ്," ഞാൻ പറഞ്ഞ കാര്യത്തോട് മിത്ര യോജിച്ചു. ഞങ്ങൾ അയാളെ ചോദ്യം ചെയ്യാനുള്ള ഏർപ്പാടുകൾ ഒക്കെ ചെയ്തു. അയാളുടെ പക്കിൽ നിന്നും എന്തെങ്കിലും ലഭിക്കുമെന്ന് എനിക്കുറപ്പായിരുന്നു.
പിറ്റേദിവസം ഞങ്ങൾ അവരെ ചോദ്യം ചെയ്യാൻ വേണ്ടി പോലീസ് സ്റ്റേഷനിലേക്ക് വരുത്തി. അവരുടെ രണ്ടുപേരുടെയും മുഖത്ത് അന്താളിപ്പുണ്ടായിരുന്നു. അവരെ മാറിമാറി ചോദ്യം ചെയ്തെങ്കിലും വ്യക്തമായി ഒന്നും പറയാൻ അവർ തയ്യാറായിരുന്നില്ല. റെയ്മണ്ട് ശക്തമായി തന്നെയായിരുന്നു ഓരോ ചോദ്യങ്ങളും നേരിട്ടത്. അതിൽ അല്പം എങ്കിലും പതറിയത് കാതറീന ആയിരുന്നു. സത്യങ്ങൾ തെളിയിക്കാൻ വേണ്ടി എനിക്കൊരു സൂത്രം പ്രയോഗിക്കേണ്ടി വന്നു ഞാൻ കാതറീനയെ ഒറ്റയ്ക്കൊരു റൂമിലാക്കിയ ശേഷം അവരെ ചോദ്യം ചെയ്യാൻ തുടങ്ങി. "ഇത്രയും ദുർമരണം നടന്ന ഒരു സ്ഥലത്ത് ജോലി ചെയ്യാൻ നിങ്ങൾക്ക് ഭയമില്ലേ" ഞാൻ ചോദിച്ചു. "ഭയമുണ്ട് സാർ അതുകൊണ്ടാണ് ഞാൻ രാത്രി ആകുമ്പോഴേക്കും അവിടെ നിന്നും പോകുന്നത്," "അവിടെവെച്ച് മരണപ്പെട്ടവരെ ആരെങ്കിലും നിങ്ങൾ ആ മന്ദിരത്തിൽ വച്ച് കണ്ടിട്ടുണ്ടോ?" "ഇല്ല" അവർ പറഞ്ഞു. "മിസ്റ്റർ റെയ്മണ്ട് കണ്ടിട്ടുണ്ടെന്നാണല്ലോ പറഞ്ഞത്," "അദ്ദേഹം കണ്ടിട്ടുണ്ടാവും പക്ഷേ ഞാൻ കണ്ടില്ല" അല്പം ഭയത്തോടെയായിരുന്നു അവർ ഉത്തരം പറഞ്ഞത്. "മിസ്റ്റർ റെയ്മണ്ടിനെ മറ്റൊരു മുറിയിൽ വെച്ച് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. അയാളോട് ചോദിച്ച അതേ ചോദ്യം തന്നെയായിരിക്കും നിങ്ങളോടും ചോദിക്കുക" അത് പറഞ്ഞുകൊണ്ട് ഞാനാ മുറിയിൽ നിന്നും പുറത്തിറങ്ങി. അവരെ സമ്മർദ്ദത്തിൽ ആക്കാൻ വേണ്ടിയായിരുന്നു ഞാൻ അങ്ങനെ പറഞ്ഞത്. അല്പസമയം കഴിഞ്ഞ ശേഷം ഞാൻ വീണ്ടും ആ മുറിയിലേക്ക് കയറി. എല്ലാ തെളിവുകളും ലഭിച്ച ഒരു മുഖഭാവത്തോടെയായിരുന്നു ഞാനവരെ നോക്കിയത്. അത് അവരുടെ ഹൃദയമിടിപ്പ് ഒന്നുകൂടെ വർദ്ധിപ്പിച്ചു. "അന്ന് രാത്രി നടന്ന ചില കാര്യങ്ങളെല്ലാം റെയ്മണ്ട് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്," ഗൗരവത്തോടെ ഞാൻ തുടർന്നു."പക്ഷേ എത്ര ചോദിച്ചിട്ടും അതിന്റെ കാരണം അയാൾ പറയുന്നില്ല. നിങ്ങൾ എന്തിനാണ് അന്ന് ഞങ്ങൾക്ക് വിഷം കലർന്ന ഭക്ഷണം നൽകിയത്?" ഞാൻ പറഞ്ഞത് കേട്ടപ്പോൾ ആദ്യം അവർ ഒന്ന് ഞെട്ടി പിന്നെ അവർ ഭയത്തെ മറച്ചുകൊണ്ട് പറഞ്ഞു."നിങ്ങൾ എന്താണ് ഈ പറയുന്നത്," "വിഷം കലർത്തിയ കാര്യം റെയ്മണ്ട് പറഞ്ഞിട്ടുണ്ട്. എനിക്കറിയാം നിങ്ങൾക്കും ഇതെല്ലം അറിയാമെന്ന്. നിങ്ങൾ നല്ല രീതിയിൽ നിൽക്കുകയാണെങ്കിൽ ഒരു കേടുപാടുകളും വരുത്താതെ നിങ്ങളെ ഞാൻ രക്ഷിക്കാം, അല്ലെങ്കിൽ" ഞാൻ എന്റെ ശബ്ദം അല്പം ഉയർത്തി. "നിങ്ങൾ എന്താണ് പറയുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല" "ആദ്യം റെയ്മണ്ടും ഇങ്ങനെ തന്നെയായിരുന്നു പറഞ്ഞത്, പിന്നെ ഞങ്ങൾ പോലീസുകാരുടെ മുറ എടുത്തപ്പോഴാണ് അയാൾ സത്യം പറഞ്ഞത്," അവരുടെ ശരീരമാകമാനം വിറക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. "എനിക്ക് അതിനെക്കുറിച്ചൊന്നും അറിയില്ല സാർ. അദ്ദേഹം എന്തോ ഒരു മരുന്ന് ഭക്ഷണത്തിൽ ചേർക്കുന്നത് ഞാൻ കണ്ടിരുന്നു." "നിങ്ങൾ സത്യം പറഞ്ഞില്ലെങ്കിൽ ഞാൻ നിങ്ങളെയും പ്രതിയാക്കും" ഇടയിൽ കേറിക്കൊണ്ട് ഞാൻ പറഞ്ഞു.അതോടുകൂടി അവരുടെ ഭയം പതിൽ മടങ്ങായി.ചില കാര്യങ്ങളെക്കുറിച്ച് കുത്തികുത്തി ചോദിച്ചതോടെ അവരെല്ലാ സത്യങ്ങളും പറയാൻ തുടങ്ങി.
റെയ്മണ്ട് ആ മന്ദിരത്തിൽ ഭയപ്പെടാതെ താമസിക്കുന്നവരെ എല്ലാം മയക്കുമരുന്ന് കലർന്ന ഭക്ഷണം നൽകിക്കൊണ്ട് അവരുടെ ബോധം കെടുത്തിയ ശേഷം അവരെയെല്ലാം തൂക്കിലേറ്റും. അബോധ അവസ്ഥയിൽ അവരെല്ലാം ആ കയറിൽ കുരുങ്ങി മരണപ്പെടും. അതിനുശേഷം റെയ്മണ്ട് എന്താണ് ചെയ്യുന്നതെന്ന് കാതറീനക്ക് അറിവുണ്ടായിരുന്നില്ല. കാതറീനയുടെ മൊഴിയെടുത്ത ശേഷം ഞങ്ങൾ റെയ്മണ്ടിനെ ചോദ്യം ചെയ്യാൻ തുടങ്ങി. ഒഴിഞ്ഞു മാറാൻ പറ്റാത്ത വിധത്തിൽ ഞങ്ങൾ അയാളെ പൂട്ടിയിരുന്നു. ഒടുവിൽ രക്ഷപ്പെടാൻ മാർഗ്ഗമില്ലെന്ന് കണ്ടപ്പോൾ, അയാൾ എല്ലാം തുറന്നു പറയാമെന്ന് സമ്മതിച്ചു.
"ഞാൻ എല്ലാ കുറ്റവും ഏറ്റു പറയാൻ തയ്യാറാണ്, അതിനു മുമ്പ് ഹാരി സാറെ ഇവിടേക്ക് വിളിക്കണം. എന്റെ ഗതികേടുകൊണ്ട് മാത്രമാണ് എനിക്ക് അവരെ ഉപദ്രവിക്കേണ്ടി വന്നത്. ഞാൻ പറയാൻ പോകുന്നത് അദ്ദേഹവും അറിഞ്ഞിരിക്കണം എന്ന ആഗ്രഹം, എനിക്കുണ്ട്," അയാളുടെ അഭ്യർത്ഥനപ്രകാരം ഞാൻ മീനയെയും ഹാരിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അയാളുടെ മുഖത്ത് നിരാശയും,കുറ്റബോധവും ഉണ്ടായിരുന്നു. മരണത്തിന്റെ മുന്നിൽ കീഴടങ്ങിയ ഒരാളെപ്പോലെയായിരുന്നു അയാൾ സംസാരിച്ചു തുടങ്ങിയത്. "ഞങ്ങൾ കുടിയേറ്റക്കാരാണ്. അപ്പൻ അപ്പൂപ്പന്റെ കാലം മുതലേ ഞങ്ങൾ അവിടെയായിരുന്നു താമസിച്ചു വന്നത്. മന്ദിരത്തിന്റെ അകത്തും, തോട്ടങ്ങളിലും ആയിരുന്നു ഞങ്ങൾ പണിയെടുത്തിരുന്നത്. കഷ്ടപ്പാടാണെങ്കിലും വലിയ ബുദ്ധിമുട്ട് കൂടാതെയായിരുന്നു ഞങ്ങൾ ജീവിച്ചു പോയത്. വാൾട്ടറുടെ വരവോടുകൂടിയാണ് ഞങ്ങളുടെ ജീവിതം അവതാളത്തിൽ ആയത്. അയാൾ ഒരു ക്രൂരനായിരുന്നു. വേണ്ടത്ര ശമ്പളം നൽകാതെ ആയിരുന്നു അയാൾ ഞങ്ങളെ കൊണ്ട് പണിയെടുപ്പിച്ചത്. അന്ന് ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചവരെയെല്ലാം ആരും അറിയാതെ അയാൾ അവിടെ വെച്ച് കൊന്നൊടുക്കിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് അയാളെ പേടിയായിരുന്നു. അയാൾക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും ആരും ധൈര്യം കാണിച്ചില്ലായിരുന്നു.അയാൾ ഒരു സ്ത്രീ താല്പര്യൻ കൂടിയായിരുന്നു, അതുകൊണ്ട് അവിടെ ജോലി ചെയ്ത പലരും അയാളെ പേടിച്ച് നാടുകടക്കുകയാണ് ചെയ്തത്. എനിക്ക് പോവാൻ മറ്റൊരു ഇടം ഇല്ലായിരുന്നു എങ്കിലും എന്റെ ഭാര്യയെ, അവളുടെ പിതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഞാൻ ഒരു പദ്ധതി ഇട്ടിരുന്നു. പക്ഷേ അതിനു മുൻപേ അയാൾ..." റെയ്മണ്ട് അൽപ്പനേരം മൗനം പാലിച്ചു. ആ സമയങ്ങളിൽ അയാളുടെ കണ്ണുകൾ കലങ്ങുന്നുണ്ടായിരുന്നു. ദുഃഖം ഉള്ളിൽ ഉണ്ടെങ്കിലും അത് അയാൾ പുറത്തു കാണിച്ചില്ല. അയാൾ കണ്ണു തുടച്ചശേഷം സംസാരിക്കാൻ തുടങ്ങി. "അവൾക്ക് അത്ര മനക്കരുത്തൊന്നുമില്ലായിരുന്നു. എന്നോട് ഒരു വാക്കുപോലും പറയാതെ അവൾ ഒരു കയറിൽ ജീവനൊടുക്കി. അവളുടെ മരണത്തിന് പിന്നിൽ വാൾട്ടറാണെന്ന് എനിക്കറിയാമായിരുന്നു. ഞാൻ നിസ്സഹായനായിരുന്നു. അയാളെ നേരിടാനുള്ള കരുത്തോ അധികാരമോ എനിക്കില്ലായിരുന്നു. അവളുടെ മരണാന്തര ചടങ്ങുകളെല്ലാം അവളുടെ വീട്ടിൽ വെച്ചാണ് നിർവഹിച്ചത്. എനിക്ക് എല്ലാ സത്യങ്ങളും അവളുടെ പിതാവിനോട് പറയേണ്ടതായി വന്നു. അവളുടെ പിതാവിന് മന്ത്രവിദ്യകൾ എല്ലാം വശം ഉണ്ടായിരുന്നു. ശക്തികൊണ്ട് ഞങ്ങൾക്ക് വാൾട്ടറിനെ നേരിടാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് ഞങ്ങൾ തന്ത്രം ഉപയോഗിച്ച് അയാളെ നേരിടാൻ തീരുമാനിച്ചു. അതിന് ഞങ്ങൾക്ക് അല്പം സമയമെടുക്കേണ്ടി വന്നു. അയാളെ വിഷം കൊടുത്തു കൊന്നാൽ ഞങ്ങൾ പിടിക്കപ്പെടും. അതുകൊണ്ട് വളരെ തന്ത്രമായി കൊണ്ടായിരുന്നു ഞങ്ങൾ നീങ്ങിയത്. മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കുന്ന ഒരു മന്ത്രവിദ്യ അദ്ദേഹത്തിന് അറിയാമായിരുന്നു. അങ്ങനെ എഴുന്നേൽക്കുന്ന ഒരു വ്യക്തിയെ അടിമയാക്കി മാറ്റാൻ എളുപ്പമായിരുന്നു. കാരണം അവയ്ക്ക് ചിന്തിക്കാനുള്ള കഴിവൊന്നും ഉണ്ടാവില്ല. വാൾട്ടറിന് നൽകാൻ പറ്റുന്ന ഏറ്റവും വലിയ ശിക്ഷ അത് തന്നെയായിരുന്നു. ഞങ്ങളെല്ലാ വേദവും പഠിച്ച ശേഷം, ആ പരീക്ഷണം നടത്താൻ തീരുമാനിച്ചു.
പൗർണമി കഴിഞ്ഞുള്ള രാത്രിലാണ് ഈ കർമ്മം നടത്തേണ്ടിയിരുന്നത്. അതിനാൽ ഞങ്ങൾ ഒരു പൗർണമി നാളിൽ കൃത്യം നടത്താൻ തീരുമാനിച്ചു. അന്ന് രാത്രി വാൾട്ടറിന് മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകിക്കൊണ്ട് അയാളെ ബോധം കെടുത്തി. അയാളുടെ കുടുംബങ്ങൾക്ക് ഞങ്ങൾ വിഷം കലർന്ന ഭക്ഷണം നൽകിക്കൊണ്ട് അവരെ കൊന്നു. തുടർന്ന് വാൾട്ടറെ ഞങ്ങൾ തൂക്കിലേറ്റി. അവനെ തൂക്കിക്കൊല്ലണം എന്നത് എന്റെ ആഗ്രഹമായിരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇതൊരു ആത്മഹത്യയാണെന്ന് ബാക്കിയുള്ളവർ വിചാരിക്കുകയും ചെയ്യും. പിറ്റേന്ന് രാത്രി ഞങ്ങൾ അവരുടെ കുഴിമാടം തുറന്നശേഷം വേണ്ട കർമ്മങ്ങളൊക്കെ നടത്തി. അവരുടെ ശരീരത്തിൽ മുറിവേൽപ്പിച്ച ശേഷം ഞങ്ങൾ നിർമ്മിച്ച പച്ചമരുന്ന് ആ മുറിവിലേക്ക് പുരട്ടി. കർമ്മങ്ങളെല്ലാം കൃത്യമായി നിർവഹിച്ചത് കൊണ്ട് അവർ ഉയർത്തെഴുന്നേറ്റു. ഞങ്ങൾ പറയുന്ന കാര്യങ്ങൾ എല്ലാം അനുസരിക്കുന്ന അടിമകളായി അവർ മാറി.
അവിടെ കേസ് അന്വേഷിക്കാൻ വന്നവരെ ഭയപ്പെടുത്താൻ ഞങ്ങൾക്കത്ര ബുദ്ധിമുട്ടേണ്ടി വന്നില്ല. എന്നാൽ വാൾട്ടറിന്റെ അനുജൻ അങ്ങോട്ട് വന്നപ്പോൾ ഞങ്ങൾ ഒന്ന് ഭയന്നു. ഒടുവിൽ അവനെയും കൊല്ലേണ്ട ഒരു അവസ്ഥയിലേക്ക് ഞങ്ങൾ എത്തി. അവിടെ പ്രേത ശല്യം ഉണ്ടെന്നു വരുത്തി തീർക്കാൻ വേണ്ടി ഞങ്ങൾ അവനെയും അടിമയാക്കി. പിന്നീടങ്ങോട്ട് ആ മന്ദിരത്തിൽ താമസിക്കാൻ വരുന്നവരോട് എനിക്ക് വെറുപ്പായിരുന്നു. അവരെയെല്ലാം ഞങ്ങൾ അവിടുന്ന് ഭയപ്പെടുത്തി ഓടിക്കാൻ നോക്കും. ഭയപ്പെടാതെ നിന്നവരെ എല്ലാം ഞങ്ങൾ അടിമകളാക്കി മാറ്റി. എല്ലാം ഞങ്ങൾ പ്രതീക്ഷിച്ചത് പോലെയായിരുന്നു നടന്നത്. ഞങ്ങളെ അടിമകളാക്കാൻ ശ്രമിച്ച ബ്രിട്ടീഷുകാരെ എല്ലാം, ഞങ്ങൾ അടിമകളാക്കി. എല്ലാം നല്ല രീതിയിൽ ആയിരുന്നു പോയത്. പക്ഷേ അവളുടെ പിതാവ് മരിച്ചതോടെ വീണ്ടും ഞാൻ ഒറ്റയ്ക്കായി. എനിക്കൊരു സഹായത്തിനു വേണ്ടിയായിരുന്നു ഞാൻ കാതറീനയെ കൂടെ കൂട്ടിയത്. അവർക്ക് രഹസ്യങ്ങൾ ഒതുക്കി വെക്കാൻ അറിയില്ലെന്ന് എനിക്ക് അന്നേ അറിയാമായിരുന്നു. അതുകൊണ്ട് കൂടുതൽ കാര്യമൊന്നും ഞാൻ അവർക്ക് പറഞ്ഞു കൊടുത്തില്ല. ഈ കാര്യം ഒന്നും പുറത്തു പറയാതിരിക്കാൻ വേണ്ടി ഞാൻ അവൾക്ക് അധികം ശമ്പളം നൽകുമായിരുന്നു"
"നിങ്ങൾക്ക് എവിടെ നിന്നാണ് അത്ര പണം ലഭിക്കുന്നത്," ഞാൻ ചോദിച്ചു. "അവിടെ നടക്കുന്ന കൃഷി കാര്യങ്ങളിൽ ഒന്നും ഗവൺമെൻറ് വലിയ രീതിയിൽ ഇടപെടില്ലായിരുന്നു. അതുകൊണ്ട് എനിക്ക് ജീവിക്കാനുള്ളതെല്ലാം, ഞാൻ അതിൽ നിന്ന് കണ്ടെത്തുമായിരുന്നു. ഗവൺമെൻറ് അത് വിൽക്കാൻ തീരുമാനിച്ചപ്പോൾ എനിക്ക് കൂടുതൽ സുഖമായി. രാത്രികാലങ്ങളിൽ എല്ലാം ഞാനെന്റെ അടിമകളെ കൊണ്ട് അവിടെ പണിയെടുപ്പിക്കും. അവരെ പണിയെടുപ്പിച്ചു കൊണ്ടായിരുന്നു ഞാൻ പണം സമ്പാദിക്കാറ്. എന്റെ ജീവിതം ഒന്ന് മെച്ചപ്പെട്ടു വന്നതായിരുന്നു. അതിനിടയിലാണ് എന്റെ എല്ലാ പദ്ധതികളും തകർത്തുകൊണ്ട് ഇവർ അങ്ങോട്ട് വന്നത്," ഹാരിയെ നോക്കിക്കൊണ്ടയാൾ തുടർന്നു.
"ആരും ഇനി ആ സ്ഥലം വാങ്ങാതിരിക്കാൻ വേണ്ടി ഞാൻ ഇവരെയെല്ലാം കൊല്ലാൻ ഒരുങ്ങിയതായിരുന്നു. എന്നാൽ ഇവർ അവിടുന്ന് രക്ഷപ്പെട്ടതോടെ എന്റെ എല്ലാ പദ്ധതികളും തകിടം മറഞ്ഞു" "അപ്പോൾ അന്ന് അവിടെ നടന്ന കൊലപാതകങ്ങൾക്കെല്ലാം പിന്നിൽ നിങ്ങളായിരുന്നു അല്ലേ?" ഞാൻ ചോദിച്ചു. "അതെ, എന്റെ നിവർത്തികേട് കൊണ്ടാണ് ഞാൻ ഇതെല്ലാം ചെയ്തത് എന്നോട് ക്ഷമിക്കണം" അയാൾ ഹാരിയെ നോക്കിക്കൊണ്ട് പറഞ്ഞു. അയാൾ കുറ്റങ്ങളെല്ലാം സമ്മതിച്ചതോടെ ഞങ്ങൾ അയാളെ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കങ്ങൾ തുടങ്ങി. മീനയ്ക്കും ഹാരിക്കും അയാളുടെ കഥകൾ കേട്ടപ്പോൾ അത്ഭുതമാണ് ഉണ്ടായത്. ആഭിചാരത്തിന്റെ വളരെ വിചിത്രമായ ഒരു വശത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, ഞങ്ങൾക്കും അതെ അമ്പരപ്പ് തന്നെയായിരുന്നു ഉണ്ടായത്.
(തുടരും)
ഭാഗം 9
ഹാരിക്ക് ചില ഓർമ്മകൾ എല്ലാം തിരിച്ചു കിട്ടിയിരുന്നു. എങ്കിലും പൂർണ്ണമായ ഒരു ചികിത്സയ്ക്ക് വേണ്ടി അവർ ലണ്ടനിലേക്ക് മടങ്ങി. അവർക്ക് നല്ലൊരു യാത്രയയപ്പായിരുന്നു ഞങ്ങൾ നൽകിയത്. കേസിനെ കുറിച്ചുള്ള വിവരങ്ങൾ വിശദമായി അറിയിക്കുന്നുണ്ടെന്ന് ഞാൻ മീനയ്ക്ക് വാക്ക് കൊടുത്തു. കുറ്റവാളിയെ കണ്ടെത്താൻ ശ്രമിച്ച മീനയുടെ ധൈര്യത്തെ ഞാൻ പ്രത്യേകമായി അഭിനന്ദിച്ചു.
ആശുപത്രിയിലെ ചികിത്സ കഴിഞ്ഞതോടെ മായയെയും, എൻഡ്രിയെയും ഹാരി മുൻപ് ജോലി ചെയ്തിരുന്നു ആശുപത്രിയിലേക്ക് മാറ്റി. അവരുടെ നില ഇപ്പോൾ മെച്ചപ്പെട്ടു വരുന്നുണ്ട്. ഞങ്ങളിപ്പോൾ കേസിനെ സംബന്ധിച്ചുള്ള തെളിവുകൾ ശേഖരിക്കുന്ന തിരക്കിലാണ്. കേസിനെ കുറിച്ചുള്ള ബാക്കി വിവരങ്ങൾ മറ്റൊരു അദ്ധ്യായം ആക്കിക്കൊണ്ട് എഴുതാനാണ് ഞാൻ വിചാരിക്കുന്നത്. മീനയുടെ ഡയറി ജനുവരി 27 എല്ലാം നല്ല രീതിയിൽ അവസാനിച്ചു എന്നാണ് ഞാൻ വിചാരിക്കുന്നത്. ജീവിതത്തിൽ ഓർക്കാൻ പോലും തോന്നാത്ത ദിനങ്ങളായിരുന്നു ഇതുവരെ ഉണ്ടായത്.
ലണ്ടനിൽ വന്ന ശേഷം ഡയറി എഴുതാൻ എനിക്കിപ്പോൾ ആണ് സമയം ലഭിച്ചത്. ഇവിടേക്ക് തിരിച്ചുവന്ന പിറ്റേദിവസം തന്നെ ഞങ്ങളുടെ വിവാഹം നടന്നു. പപ്പ ആദ്യം വിവാഹത്തിന് എതിർത്തിരുന്നു. ഹാരിക്ക് ഓർമ്മകളെല്ലാം തിരിച്ചു കിട്ടി പഴയതുപോലെ ആയതിനുശേഷം മതി കല്യാണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പക്ഷേ ഹാരിക്ക് ഇപ്പോൾ ഒരു തുണ ആവശ്യമാണ്, അതുകൊണ്ടാണ് ഞാൻ വിവാഹ കാര്യത്തെക്കുറിച്ച് ചിന്തിച്ചത്. ഒരു ഭാര്യ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തെ കൂടുതലായി ശ്രദ്ധിക്കാൻ കഴിയുമല്ലോ. ഇക്കാര്യങ്ങൾ ഞാൻ പപ്പയോട് പറഞ്ഞപ്പോൾ, പപ്പ ഒടുവിൽ ഞങ്ങളുടെ വിവാഹത്തിന് സമ്മതം മൂളി. അതുകൊണ്ട് ഞങ്ങളുടെ വിവാഹം അതിഗംഭീരമായി തന്നെ നടന്നു. ഞാനിപ്പോൾ ഹാരിയുടെ വീട്ടിൽ നിന്നുമാണ് ഈ ഡയറി എഴുതുന്നത്. മുമ്പൊരിക്കൽ ഞാൻ ഇവിടെ വന്നിരുന്നു. അന്നെനിക്ക് ഈ ഭവനം ചുറ്റികാണാൻ സാധിച്ചില്ലായിരുന്നു. നഗരത്തിൽ നിന്നും മാറി ഒരു ഗ്രാമപ്രദേശത്താണ് ഈ ഭവനം സ്ഥിതി ചെയ്യുന്നത്. അത്യാവശ്യം നല്ല പ്രൗഢി നിറഞ്ഞൊരു ഭവനം തന്നെയാണ് ഇത്. മുൻപിൽ തന്നെ മനോഹരമായ പൂന്തോട്ടമൊക്കെയുണ്ട്. ബഹളങ്ങൾ ഒന്നുമില്ലാതെ വളരെ ശാന്തമായി കിടക്കുന്ന ഒരു അന്തരീക്ഷം. എങ്കിലും തനിച്ച് ഇവിടെ കഴിയുക എന്ന് പറയുന്നത് അസഹനീയമാണ്. പുറകിലായി ഒരു ഓക്കുമര തോട്ടമുണ്ട്. മനോഹരമാണെങ്കിലും രാത്രികാലമാകുമ്പോൾ അല്പം ഭയമുറവാക്കുന്ന ഒന്നാണത്. ഈ തോട്ടം കാണുമ്പോൾ എനിക്ക് യൂക്കാലിപ്സ് തോട്ടത്തെയാണ് ഓർമ്മവരുന്നത്. ഹോ അതെല്ലാം മറക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കാൻ ആന്ദ്രാസ് എന്നൊരു പയ്യനുണ്ട്. ഏകദേശം ഇരുപ്പത്തിഅഞ്ച് വയസ്സ് പ്രായം വരും. ഹാരിയുടെ പ്രൊഫസറായ ഡോക്ടർ വിൻചെസ്റ്ററുടെ സഹായിയായിരുന്നു അവൻ. ഹാരി ഇന്ത്യയിലേക്ക് പോയ സമയത്ത് ഇവനായിരുന്നു ഈ വീടും സ്ഥലവും എല്ലാം നോക്കിയിരുന്നത്. ഭക്ഷണം ഒക്കെ പാചകം ചെയ്യാൻ രണ്ടു ഭൃത്യന്മാറുണ്ട്. അവർ രണ്ടുപേരും ഇംഗ്ലീഷുകാരാണ്. സോഫിയയും അവളുടെ അനന്തരവളായ ഡയാനയും. ഡയാന ചെറുപ്പമാണ് ഏകദേശം ഒരു ഇരുപ്പത്തിരണ്ട് വയസ്സ് കാണും. ഞങ്ങളെ കൂടാതെ ഇവർ മൂന്നു പേരാണ് ഇവിടെ താമസിക്കുന്നത്. ഇപ്പോൾ ഇവിടുത്തെ അന്തരീക്ഷമായി ഞാൻ പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ.
ജനുവരി 31
അലക്സ് അങ്കിളുടെ കത്ത് ലഭിച്ചിരുന്നു. കേസിന്റെ തെളിവുകൾ ശേഖരിക്കുന്ന തിരക്കിലാണ് അദ്ദേഹം ഇപ്പോൾ. എൻഡ്രിയുടെയും മായയുടെയും ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടത്രേ. ഞങ്ങളുടെ വിവാഹം കഴിഞ്ഞതിനെ കുറിച്ച് ഞാൻ അദ്ദേഹത്തിന് എഴുതിയിട്ടുണ്ട്. ഹാരിയുടെ മാനസികനില മെച്ചപ്പെട്ടു വരുന്നുണ്ട്. അവനിപ്പോൾ കുറെ കാര്യങ്ങളൊക്കെ ഓർമ്മയുണ്ട്. ആരോഗ്യനില മുഴുവനും മെച്ചപ്പെട്ടാൽ മാത്രമേ അവനു വീണ്ടും ജോലിയിൽ പ്രവേശിക്കാൻ കഴിയുള്ളൂ. അവനെ കുറച്ചുദിവസത്തേക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. മെഡിറ്റേഷൻ എല്ലാം നടക്കുന്നത് കൊണ്ട് എനിക്ക് അവന്റെ കൂടെ കൂടുതൽ സമയം ചെലവഴിക്കാനുള്ള പെർമിഷനില്ല. അവനെ ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. ഇപ്പോൾ ഞാൻ ഈ ഭവനത്തിൽ ഒറ്റപ്പെട്ടതുപോലെയാണ്. എനിക്ക് കൂട്ടായി ആരുമില്ലെന്ന ഒരു തോന്നൽ. ഇവിടെയുള്ളവർക്കെല്ലാം വിചിത്രമായ സ്വഭാവമാണ്. ഞങ്ങൾ ഇവിടേക്ക് വന്നതൊന്നും അവർക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് തോന്നുന്നത്. ഇത്രയും കാലം ഹാരി ഇവിടെ ഇല്ലായിരുന്നതുകൊണ്ട് ചിലപ്പോൾ ഇവർ ഇവിടെ സുഖിച്ച് ജീവിച്ചിരുന്നിട്ടുണ്ടാവാം. ഇവരുടെ മനസ്സിലിരിപ്പ് എന്താണെന്ന് വ്യക്തമാകുന്നില്ല. എന്തായാലും ഇവരെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്.
ഫെബ്രുവരി 7
കഴിഞ്ഞ ദിവസം ഞാൻ ഡയറി എഴുതാൻ ഒരുങ്ങിയതായിരുന്നു. അപ്പോഴാണ് ഓക്കുമര തോട്ടത്തിൽ നിന്നും ഒരു വെട്ടം ഞാൻ കണ്ടത്. ഈ മുറിയിൽ നിന്നും നോക്കിയാൽ ഓക്കുമരത്തോട്ടം കാണാൻ സാധിക്കും. വ്യക്തമായിട്ടല്ലെങ്കിലും ഒരു പരിധിവരെ ഇവിടുന്ന് കാണാൻ സാധിക്കും. ഞാൻ ജനലിന്റെ അരികിൽ ചെന്ന് ഒന്നു കൂടെ അങ്ങോട്ടു നോക്കി. അവിടുന്ന് ഒരു നുറുങ്ങുവെട്ടം തെളിയുന്നത് ഞാൻ വീണ്ടും കണ്ടു. ഞാൻ അല്പനേരം ചിന്തിച്ചതിനുശേഷം അവിടേക്ക് ചെന്ന് നോക്കാൻ തന്നെ തീരുമാനിച്ചു. ഞാനൊരു റാന്തൽ എടുത്തുകൊണ്ട് തോട്ടം ലക്ഷ്യമാക്കി കൊണ്ട് നടന്നു. അന്തരീക്ഷം ആകെ മൂടൽമഞ്ഞിൽ മുങ്ങിയിരുന്നു. നിലാവിന്റെ സഹായമുള്ളതുകൊണ്ടാണ് തോട്ടത്തിൽ എത്താൻ കഴിഞ്ഞത്. തോട്ടത്തിന്റെ ഉള്ളിൽ നിന്നും ചില ഞരക്കങ്ങൾ കേൾക്കാമായിരുന്നു. അതെന്താണെന്ന് അറിയാൻ വേണ്ടി ഞാൻ തോട്ടത്തിന്റെ അകത്തേക്ക് കേറി. പെട്ടെന്ന് എന്റെ അടുത്തേക്ക് ഒരു രൂപം പാഞ്ഞടുത്തു. ഞാനെന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നുപോയി. റാന്തലിന്റെ വെളിച്ചം അയാളുടെ മുഖത്ത് തട്ടിയപ്പോളാണ് അത് ആന്ദ്രാസാണെന്നു മനസ്സിലായത് "മിസ്സ് ഹാരി, നിങ്ങൾ എന്താണ് ഇവിടെ ചെയ്യുന്നത്," അവൻ ചോദിച്ചു. "ഞാൻ ചില ശബ്ദങ്ങൾ കേട്ടാണ് ഇങ്ങോട്ട് വന്നത്," "ഓ അതാണോ.രാത്രി സമയങ്ങളിൽ ഇവിടെ വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാവും അവയെ തുരത്താൻ വേണ്ടി ഞങ്ങൾ ഇടയ്ക്ക് ഇങ്ങോട്ട് വരാറുണ്ട്. ഓ.. എന്നോട് ക്ഷമിക്കണം ഞാൻ ഈ കാര്യം നിങ്ങളോട് സൂചിപ്പിക്കാൻ മറന്നുപോയി" അവിടെ നിൽക്കുന്നത് അപകടമാണെന്ന് പറഞ്ഞ് അവൻ എന്നെ വേഗത്തിൽ വീട്ടിലാക്കി തന്നു. രാവിലെ ആയപ്പോഴാണ് ഞാൻ മറ്റൊരു കാര്യം ഓർത്തത്. രാത്രിയിൽ ആന്ദ്രാസിന്റെ കൂടെ ഉണ്ടായവർ ആരായിരുന്നു? ഇക്കാര്യം ഞാൻ അവനോട് ചോദിക്കാൻ മറന്നു. പ്രാതലിനു ശേഷം തന്നെ ഞാൻ ഇക്കാര്യം അവനോട് ചോദിച്ചു. എന്റെ ചോദ്യം കേട്ടപ്പോൾ അവനൊന്ന് പരുങ്ങി. പിന്നെ ഇവിടെ പണിയെടുക്കാൻ വരുന്ന ചിലരാണെന്ന് അവൻ പറഞ്ഞു. ഞാൻ അവരുടെ പേര് ചോദിച്ചപ്പോൾ അവൻ കുറച്ച് സമയം ആലോചിച്ചുകൊണ്ട് ചില പേരുകൾ എനിക്ക് പറഞ്ഞു തന്നു. അവൻ എന്തൊക്കെയോ കാര്യങ്ങൾ ഒളിക്കുന്നുണ്ടെന്ന് വ്യക്തമാണ്. പിന്നെ ഞാൻ അവനോടു കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല. ഹാരിയെ കാണാൻ വേണ്ടി എനിക്ക് ആശുപത്രിയിൽ പോവാനുണ്ടായിരുന്നു. ആശുപത്രിയിൽ നിന്നും വൈകിട്ടാണ് ഞാൻ തിരിച്ചെത്തിയത്. ഭക്ഷണം കഴിച്ചിട്ട് ഉറങ്ങാനായിരുന്നു ഞാൻ വിചാരിച്ചത്. പക്ഷേ എന്തോ എനിക്ക് ഉറക്കം വന്നില്ല. ഞാൻ വെള്ളം കുടിക്കാൻ വേണ്ടി ഹാളിലേക്ക് ചെന്നപ്പോളാണ് ഒരു ശബ്ദം കേട്ടത്. അത് ഡയാനയുടെ ശബ്ദമായിരുന്നു. രതിയിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന ശബ്ദം. ഞാൻ അവളുടെ മുറിയിൽ ചെന്ന് നോക്കി. അവിടെ ആന്ദ്രാസും ഡയാനയും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതാണ് ഞാൻ കണ്ടത്. എനിക്കത് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. ഞാൻ പെട്ടെന്ന് തന്നെ മുറിയിലേക്ക് പോന്നു. എനിക്ക് ആദ്യമേ അവരെ സംശയമുണ്ടായിരുന്നു. അവർ വളരെ സ്വതന്ത്രമായിട്ടാണ് ഇവിടെ ജീവിക്കുന്നത്. ജോലിക്കാരാണെന്ന ചിന്തയൊന്നും അവർക്കില്ല. അവരെ നിയന്ത്രിച്ചില്ലെങ്കിൽ അത് ആപത്തായി മാറും. ഇക്കാര്യം പറഞ്ഞ് ഹാരിയെ ബുദ്ധിമുട്ടിക്കുന്നത് നല്ലതല്ല. ഞാൻ തന്നെ മുൻകൈയെടുത്ത് എന്തെങ്കിലും ചെയ്യണം.
ഫെബ്രുവരി 10
ആന്ദ്രാസിനെ കുറിച്ചുള്ള സംശയങ്ങൾ കൂടിക്കൂടി വരുകയാണ്. ആശുപത്രിയിൽ നിന്നും മടങ്ങി വന്ന സമയത്ത്, അവൻ ആരോടോ ഫോണിൽ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. എനിക്ക് വ്യക്തമായി ഒന്നും കേൾക്കാൻ കഴിഞ്ഞില്ല. എങ്കിലും അവൻ ഏതോ ഒരു ഓഫീസറോടാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. അതൊരു പോലീസ് ഓഫീസറോ അല്ലെങ്കിൽ ഒരു മിലിറ്ററി ഓഫീസറോ ആവാം. കാരണം അവർ എന്തോ ഒരു മിഷനെ കുറിച്ചാണ് പറയുന്നത്. ചില രഹസ്യ കോഡുകൾ അവർ തമ്മിൽ കൈമാറുന്നുണ്ടായിരുന്നു. എനിക്ക് സംഭാഷണം മുഴുവനായി കേൾക്കാൻ കഴിഞ്ഞില്ല. എന്നെ കണ്ടിട്ടാണെന്ന് തോന്നുന്നു അവൻ പെട്ടെന്ന് ഫോൺ വെച്ചു. ഫോണിൽ ആരായിരുന്നു എന്ന് ഞാൻ ചോദിച്ചപ്പോൾ, റിയൽ എസ്റ്റേറ്റ് നടത്തുന്ന ഒരു വ്യക്തിയാണെന്നാണ് അവൻ പറഞ്ഞത്. കള്ളം പറയാൻ മിടുക്കനാണെന്ന് അവൻ വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഹാരി വന്നതിനുശേഷം വേണം ഈ കാര്യങ്ങളൊക്കെ അവനോട് വിശദമായി ഒന്ന് പറയാൻ. തൽക്കാലത്തേക്ക് എന്റെ സഹായത്തിനായി എഡ്വേർഡിനോട് ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഒരു മുൻഷുണ്ടി കാരനാണ്. ചില സമയത്ത് അദ്ദേഹം എന്നെ തന്നെ അടക്കി നിർത്താറുണ്ട്. ചെറുപ്പം മുതലേ എന്നെ നോക്കിയ വ്യക്തിയാണ് അദ്ദേഹം. ഇവരെ കുറിച്ചുള്ള വിവരങ്ങൾ എല്ലാം ഞാൻ അദ്ദേഹത്തിന് എഴുതിയിട്ടുണ്ട്. ഇവരുടെ കാര്യം ഇനി അദ്ദേഹം നോക്കിക്കോളൂം. അലക്സാണ്ടർ മീനക്കയച്ച കത്ത് പ്രിയപ്പെട്ട മീന, നിനക്കും ഹാരിക്കും അവിടെ സുഖമാണെന്നു കരുതുന്നു. ഒരു പ്രധാന കാര്യം പറയാനാണ് ഞാനീ കത്തയച്ചത്. റെയ്മണ്ട് മരണപ്പെട്ടിരിക്കുന്നു. തെളിവെടുക്കുന്നതിന്റെ ഭാഗമായി അയാളെ വീട്ടിലേക്ക് കൊണ്ടുപോയതാണ് എല്ലാത്തിനും കാരണമായത്. അയാൾ തന്റെ മുറിയിൽ സൂക്ഷിച്ചു വെച്ചിരുന്ന വിഷ ദ്രാവകം ഞങ്ങൾക്ക് കാണിച്ചു തരാൻ ഒരുങ്ങിയപ്പോഴാണ് കൃത്യം നടന്നത്. അയാളാ ദ്രാവകം കുടിക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയില്ല. ഞങ്ങൾക്ക് അയാളെ തടയാൻ പോലും സമയം കിട്ടിയില്ല. എല്ലാം പെട്ടെന്നായിരുന്നു. അയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചതായിരുന്നു. പക്ഷേ അതിനു മുന്നേ അയാൾ മരണപ്പെട്ടു. റെയ്മണ്ട് മരിച്ചതോടെ ഞങ്ങൾക്ക് കേസ് അവിടെ ക്ലോസ് ചെയ്യേണ്ടിവന്നു. ഇത്തരത്തിലുള്ള കേസുകൾ ഒന്നും പുറംലോകം അറിയരുതെന്ന നിർദ്ദേശം ഞങ്ങൾക്ക് ലഭിച്ചിരുന്നു. തന്മൂലം ആ സത്വങ്ങളെ ഞങ്ങൾക്ക് കൊല്ലേണ്ടി വന്നു. ഒരു കണക്കിന് ഇത്തരത്തിലുള്ള ഒരു നിർദ്ദേശം ലഭിച്ചത് നന്നായെന്നാണ് ഞാൻ കരുതുന്നത്. ഈ രഹസ്യങ്ങൾ ഒക്കെ പുറംലോകം അറിഞ്ഞാൽ അത് മറ്റൊരു വിപത്തിലേക്കായിരിക്കും നയിക്കുക. എല്ലാ രഹസ്യങ്ങളും റെയ്മണ്ടിലൂടെ മണ്ണടിഞ്ഞു എന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ റെയ്മണ്ടിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോളാണ് അയാൾക്കൊരു മകനുള്ള കാര്യം ഞങ്ങൾക്ക് മനസ്സിലായത്. ആൻഡ്രോ എന്നാണ് അവന്റെ പേര്. വാൾട്ടറിന്റെ മൂത്തമകനായ പീറ്ററിന്റെ പീഡനം കാരണമാണ് അവൻ തന്റെ മാതൃഗൃഹത്തിലേക്ക് പോയത്. അവനും ആഭിചാരപ്രയോഗങ്ങളെല്ലാം പഠിച്ചു കാണും. കാരണം വാൾട്ടർ മരണപ്പെടുമ്പോൾ ഇവന് ഏകദേശം 17 വയസ്സു കാണും. അവന്റെ സ്കൂൾ പഠനം കഴിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു അത്. അവനെക്കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി ഞങ്ങൾ അവൻ പഠിച്ചിരുന്ന വിദ്യാലയത്തിൽ പോയിരുന്നു. അവനൊരു മികവുറ്റ വിദ്യാർത്ഥിയായിരുന്നെന്നും, പരീക്ഷണങ്ങളിൽ ആയിരുന്നു അവൻ തന്റെ മികവ് പ്രകടിപ്പിച്ചതെന്നും, അവിടെ ഉണ്ടായിരുന്ന ഒരു അധ്യാപിക ഞങ്ങളോട് പറഞ്ഞു. അവൻ ചില ഔഷധങ്ങളെല്ലാം കണ്ടെത്തിയിട്ടുണ്ടെന്ന് അവർ എടുത്തു പറഞ്ഞിരുന്നു. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ അവൻ നിസ്സാരക്കാരനല്ലെന്ന് മനസ്സിലാക്കാം. എവിടെയും ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് അവൻ നാടുകടന്നത്. ഒരുപക്ഷേ റെയ്മണ്ട് താൻ എന്നെങ്കിലും ഒരിക്കൽ പിടിക്കപ്പെടും എന്ന് മുൻകൂട്ടി കണ്ടിട്ടുണ്ടാവും, അതുകൊണ്ടായിരിക്കാം തന്റെ മകനെ ആരും അറിയാതെ ഇവിടുന്ന് പറഞ്ഞയച്ചത്. ചോദ്യം ചെയ്ത സമയത്ത് പോലും അയാൾ തനിക്ക് ഒരു മകനുണ്ടെന്ന കാര്യം ഞങ്ങളോട് പറഞ്ഞില്ല. ഒരുപക്ഷേ ഈ കുറ്റകൃത്യങ്ങളിൽ ഒക്കെ അവനും പങ്കുചേർന്നിട്ടുണ്ടാവാം. അവൻ എപ്പോഴാണ് ഇവിടുന്ന് നാട് കടന്നതെന്ന് വ്യക്തമല്ല. കൂടുതൽ അന്വേഷണം നടത്തിയപ്പോൾ, അവൻ ലണ്ടനിലേക്ക് പോയതാണെന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും അവനെക്കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾ ലണ്ടനിലേക്ക് വരുന്നുണ്ട്. അവന്റെ പിതാവിന്റെ മരണത്തിൽ അറിഞ്ഞോ അറിയാതെയോ നമ്മളെല്ലാം ഉത്തരവാദികളാണ്. തന്റെ പിതാവിന്റെ മരണത്തെക്കുറിച്ച് എന്നെങ്കിലും ഒരിക്കൽ അവൻ അറിയും. അവൻ ഏത് രീതിയിലായിരിക്കും പ്രതികരിക്കുക എന്ന് നമുക്ക് പറയാൻ പറ്റില്ല. അതുകൊണ്ട് നിങ്ങൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. അവനെക്കുറിച്ച് കൂടുതൽ അറിയാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിച്ചാൽ ഞാൻ അറിയിക്കുന്നുണ്ട്. എന്ന് സ്വന്തം അലക്സാണ്ടർ മീനയുടെ ഡയറി അലക്സാണ്ടർ അങ്കിളുടെ കത്ത് ലഭിച്ചതോടെ എന്റെ മനസ്സിലെ ഭയം പതിൽമടങ്ങായി വർദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. ആ രഹസ്യങ്ങളെല്ലാം അറിയുന്ന മറ്റൊരാൾ ജീവിച്ചിരിപ്പുണ്ട്. അതും ഈ ലണ്ടനിൽ. ആൻഡ്രോ എന്ന പേര് കേട്ടപ്പോൾ എനിക്ക് ആദ്യം ഓർമ്മ വന്നത് ആന്ദ്രാസിനയാണ്. ഇനി അവൻ തന്നെ ആയിരിക്കുമോ റെയ്മണ്ടിന്റെ മകൻ. ആൻഡ്രോ എന്ന പേര് എന്തായാലും അവൻ മാറ്റിയിട്ടുണ്ടാവും. ഞാൻ ആന്ദ്രാസിനെ കുറച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ അവനും ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് വണ്ടി കയറിയതാണെന്ന് മനസ്സിലായി. അവന്റെ ഫാമിലിയെ കുറിച്ചുള്ള കാര്യങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഡോക്ടർമാരുടെ ഗുമസ്തനായിട്ടാണ് അവൻ ജോലി ചെയ്തു വന്നത്. അവൻ മറ്റു ജോലികൾ ചെയ്യാറുണ്ടായിരുന്നെങ്കിലും, അവന് താൽപര്യം ജീവശാസ്‌ത്രത്തിലായിരുന്നു. അവൻ കുറെ കാലം ഡോക്ടർ വിൻചെസ്റ്ററുടെ കീഴിൽ പണിയെടുത്തിരുന്നു.അതുവഴിയാണ് അവൻ ഹാരിയെ പരിചയപ്പെടുന്നത്. വൈകാതെ തന്നെ അവൻ ഹാരിയുടെ അസിസ്റ്റൻറ് ആവുകയും ചെയ്തു. ഇന്ത്യയിൽ ഒരു ക്ലിനിക്ക് തുടങ്ങാനുള്ള ആശയം മുന്നോട്ട് വെച്ചതും ആന്ദ്രാസ് തന്നെയാണ്. ആ സ്ഥലത്തെക്കുറിച്ച് പറഞ്ഞുകൊടുത്തതും ഇവൻ തന്നെയായിരിക്കും.അവൻ അത്ര നല്ലവനല്ലെന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. കാരണം അവൻ വിൻചെസ്റ്ററുടെ കീഴിൽ പണിയെടുത്തിരുന്ന കാലത്ത്. അവിടെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാൻ വേണ്ടി അവൻ ശവം എത്തിച്ചു കൊടുക്കുമായിരുന്നു. എന്റെ സുഹൃത്തായ ഡാനിയിൽ നിന്നും എനിക്ക് അവനെ കുറിച്ചുള്ള ഒരു വിചിത്രമായ വിവരണം ലഭിച്ചു. ശവങ്ങൾക്ക് ക്ഷാമം വരുമ്പോൾ, അവൻ ചിലരെയൊക്കെ കൊന്നശേഷം അവരുടെ മൃതശരീരമാണ് വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുക്കാറ്. അവന് കൊട്ടേഷൻ സംഘവുമായി ബന്ധമുള്ളത് കൊണ്ട് ഇതെല്ലാം അവന് സാധാരണ കാര്യമായിരുന്നുവത്രേ. ഡാനിക്ക് അറിയാവുന്ന ഒരു അങ്കിൾ ഈ പ്രവർത്തി നേരിൽ കണ്ടിട്ടുണ്ടെന്നാണ് അവൻ പറഞ്ഞത്. ഒരു ദിവസം രാത്രിയിൽ അദ്ദേഹം വനത്തിൽ വേട്ടയാടാൻ പോയതായിരുന്നു. ഒരു നിലാവുള്ള രാത്രിയായിരുന്നു അത്. അദ്ദേഹത്തിന് അന്ന് വേട്ടയാടാൻ ഒരു മൃഗത്തെ പോലും ലഭിച്ചില്ല. ആ നിരാശയിൽ അദ്ദേഹം അല്പം മദ്യപിച്ചിരുന്നു. അദ്ദേഹം തന്റെ വളർത്തുപട്ടിയെയും കൂട്ടി തിരികെ വീട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് അദ്ദേഹം ആ കാഴ്ച കണ്ടത്. കാറിന്റെ ഡിക്കിയിൽ നിന്നും രണ്ടുപേർ ഒരു ചാക്കെടുത്തു പുറത്തേക്കിടുന്നു. അതിൽ ഒരുവൻ ആന്ദ്രാസായിരുന്നു. ചാക്കിന്റെ കെട്ട് അയച്ചപ്പോഴാണ് അതൊരു മനുഷ്യനാണെന്ന് അദ്ദേഹത്തിന് മനസ്സിലായത്. ആന്ദ്രാസ് ഒരു സിഗ കത്തിച്ചുകൊണ്ട് കാറിൽ നിന്നും ഒരു ഇരുമ്പ് വടി കയ്യിൽ എടുത്തു. ആ മനുഷ്യൻ ഇഴഞ്ഞ് നീങ്ങാൻ ശ്രമിക്കുമ്പോൾ ആന്ദ്രാസ് ആ വടി കൊണ്ട് അയാളുടെ തലയ്ക്ക് ശക്തമായ അടിച്ചു. അടിയുടെ ആഘാതം മൂലം അയാൾ മരണപ്പെട്ടു. ഈ സമയം അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന പട്ടി, കയർ പൊട്ടിച്ചോടി. പട്ടി അവരുടെ അരികിലൂടെ ആയിരുന്നു കുതിച്ചത്. പട്ടിയെ കണ്ടപ്പോൾ അവർക്ക് ഒരു ഹരം തോന്നി. ആന്ദ്രാസ് ഒരു ഇരട്ടക്കുഴൽ തോക്കെടുത്തുകൊണ്ട് അതിനെ വെടിവെച്ചു. അത് കൃത്യമായി പട്ടിക്ക് തന്നെ കൊള്ളുകയും ചെയ്തു. ഇത് കണ്ട് ആന്ദ്രാസ് പൊട്ടിച്ചിരിക്കാൻ തുടങ്ങി. കൂടെയുണ്ടായവനും അവന്റെ ലഹരിയിൽ പങ്കുചേർന്നു. അദ്ദേഹം ആവട്ടെ പേടിച്ചു വിറച്ചുകൊണ്ട് ഒരു മരത്തിന്റെ പുറകിൽ മറഞ്ഞിരുന്നു. അവർ തന്നെ കണ്ടാൽ, വെറുതെ വിടില്ലെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. പിറ്റേദിവസം അദ്ദേഹം ഇതു പോലീസുകാരോട് പറഞ്ഞു. എന്നാൽ അദ്ദേഹം മദ്യപിച്ചതിനാൽ, അവർ അത് അത്ര കാര്യമാക്കി എടുത്തില്ല. അദ്ദേഹം ഡാനിയോട് ഇക്കാര്യം പറഞ്ഞപ്പോൾ, ഡാനിക്ക് ആദ്യം സംശയം തോന്നിയത് ആന്ദ്രാസിനെ ആയിരുന്നു. അദ്ദേഹം വിവരിച്ച രൂപം ആന്ദ്രാസുമായി ഒത്തുചേരുന്നുണ്ടായിരുന്നു. ഇതിൽ അത്ഭുതപ്പെടേണ്ട കാര്യം എന്താണെന്ന് വെച്ചാൽ. സംഭവം നടന്ന് ഒരാഴ്ചയ്ക്കകം, അദ്ദേഹം ഒരു ആക്സിഡന്റിൽ പെട്ടു മരിച്ചു. അത് ഡാനിയെ വല്ലാതൊന്ന് നടുക്കി. അതുകൊണ്ട് ഇക്കാര്യം അവൻ ആരോടും പറയാൻ നിന്നില്ല. ഇതിലൊക്കെ എത്രമാത്രം സത്യമുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ ആന്ദ്രാസിനെ ശ്രദ്ധിക്കുന്നത് നല്ലതാണെന്നാണ് ഞാൻ വിചാരിക്കുന്നത്. അവൻ ഇടയ്ക്കിടെ ഹാരിയുടെ പരീക്ഷണശാലയിൽ നിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുപോലെ രാത്രികാലങ്ങളിൽ അവൻ ഓക്കു മരത്തോട്ടത്തിലേക്ക് പോവാറുമുണ്ട്. അവന്റെ പ്രവർത്തി വീക്ഷിക്കുന്നത് ആപത്തായതുകൊണ്ട് എഡ്വേർഡിനോട് തൽക്കാലത്തേക്ക് അവനെ നിരീക്ഷിക്കേണ്ട എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. എനിക്കിപ്പോൾ എന്ത് ചെയ്യണം എന്ന് അറിയില്ല. ഇതേക്കുറിച്ചെല്ലാം ഞാൻ അലക്സാണ്ടർ അങ്കിളിന് എഴുതിയിട്ടുണ്ട്. ഹാരി ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയിട്ട് വേണം ഈ കാര്യങ്ങളെല്ലാം അവനോട് വിശദമായി ഒന്നു പറയാൻ.
(തുടരും)
ഭാഗം 10
മിത്രയുടെ കുറിപ്പ് അലക്സാണ്ടർ എഴുതിയ കേസ് ഡയറിയുടെ അവസാന കുറിപ്പുകളാണിത്. മീനയിൽ നിന്നും ലഭിച്ച വിവരങ്ങളും, ഞങ്ങൾക്കുണ്ടായ അനുഭവങ്ങളുമാണ് ഞാൻ ഇതിൽ വിവരിക്കുന്നത്. ഞങ്ങൾ ലണ്ടനിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന സമയത്താണ് മീന അയച്ച ഒരു കത്ത് അലക്സാണ്ടറിന് കിട്ടിയത്. അതേ തുടർന്ന് ഞങ്ങൾ വേഗം തന്നെ ലണ്ടനിലേക്ക് തിരിച്ചു. ഞങ്ങൾ ഏഴ് പേരായിരുന്നു ലണ്ടനിലേക്ക് പോയത്. മീന കത്തിൽ പരാമർശിച്ച ആന്ദ്രാസിനെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഞങ്ങൾ അവിടെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെന്നു. അവൻ ഒന്ന് രണ്ട് മോഷണക്കേസിൽ അകത്തു കിടന്നിരുന്നു. അതുപോലെ അവന്റെ പേരിൽ ചില കൊലപാതക കേസുകളും ഉണ്ടായിരുന്നു. മതിയായ തെളിവുകൾ ഇല്ലാത്തതുകൊണ്ട് അവനെ അവർക്ക് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. അവൻ മെഡിക്കൽ പരീക്ഷണത്തിന് വേണ്ടി ശവശരീരങ്ങൾ എത്തിച്ചു കൊടുക്കാറുണ്ടായിരുന്നു. അതിൽ ചിലരെയൊക്കെ അവൻ കൊന്നതാണെന്നായിരുന്നു അവനെതിരെ ഉന്നയിച്ച വാദം. അവൻ തന്നെയാണ് കുറ്റം ചെയ്തതെന്നാണ് ഇവർ വിശ്വസിക്കുന്നത്. അവന്റെ മാതാപിതാക്കളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും അവർക്ക് അറിയില്ലായിരുന്നു. അവൻ ഒരു അനാഥനാണെന്നാണ് അവർ പറഞ്ഞത്.
"നമുക്ക് ഇപ്പോൾ അവനെ കുറിച്ച് ഏകദേശം ഒരു ധാരണ കിട്ടിയിട്ടുണ്ട്. ഇനി നമുക്ക് അവനെ പോയി ഒന്ന് കാണാം" അലക്സാണ്ടർ പറഞ്ഞു. "അവനെ ചോദ്യം ചെയ്യാനാണോ" ഞാൻ ചോദിച്ചു. "അവനെക്കുറിച്ച് കൂടുതൽ ഒന്നും അറിയാതെ നമുക്ക് അവനെ ചോദ്യം ചെയ്യാൻ കഴിയില്ല. ഇപ്പോൾ നമ്മൾ അവനെയൊന്ന് പരിചയപ്പെടാനാണ് പോകുന്നത്," അലക്സാണ്ടർ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായി. എന്തെങ്കിലുമൊന്ന് മുൻകൂട്ടി കാണാതെ അദ്ദേഹം ഇങ്ങനെയൊന്നും പറയില്ല.
സ്റ്റേഷനിൽ നിന്നും ഇറങ്ങിയശേഷം ഞങ്ങൾ ഹാരിയുടെ വീട്ടിലേക്കാണ് പോയത്. അപ്പോഴേക്കും നേരം ഇരുട്ടിരുന്നു. ഹാരി അന്ന് ഡിസ്ചാർജ് ചെയ്യുന്നത് കൊണ്ട് മീന് ആശുപത്രിയിൽ ആയിരുന്നു. ഹാരിയെ കൂട്ടിക്കൊണ്ട് വീട്ടിലേക്ക് മടങ്ങാനായിരുന്നു അവൾ വിചാരിച്ചിരുന്നത്. അതിനിടയിലാണ് മിസ്റ്റർ എഡ്വേർഡ് മരിച്ച വിവരം മീന അറിഞ്ഞത്. കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി, മീനക്ക് വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. മീന വീട്ടിലെത്തുമ്പോഴേക്കും പോലീസുകാർ ഒക്കെ അവിടുന്ന് മടങ്ങിയിരുന്നു. അവൾ ചെന്ന പാടെ ആന്ദ്രാസിനോട് കാര്യം തിരക്കി. ബാൽക്കണി വൃത്തിയാക്കുന്നതിനിടയിൽ അയാൾ നിലത്തേക്ക് തെന്നി വീണതാണെന്നാണ് അവൻ പറഞ്ഞത്. അത് അവൾ വിശ്വസിച്ചില്ല. "സോഫിയയും ഡയാനയും എവിടെയാണ്. സംഭവം നടന്ന സമയത്ത് അവർ ഇവിടെ ഉണ്ടായിരിക്കുമല്ലോ?" "ഇല്ല മേം. എന്തോ അത്യാവശ്യ കാര്യത്തിന് വേണ്ടി അവർ വീട്ടിലേക്ക് പോയതാണ്," "അപ്പോൾ ഞാൻ വിചാരിച്ചത് പോലെ തന്നെ" "എന്താണ് മേം?" "നീ പറഞ്ഞതൊക്കെ ഞാൻ വിശ്വസിച്ചു എന്ന് കരുതേണ്ട. എനിക്കറിയാം ഇതിനെല്ലാം പിന്നിൽ നീയാണെന്ന്," മീന രൂക്ഷമായി കൊണ്ടു പറഞ്ഞു. "മേം നിങ്ങൾ എന്താണ് ഈ പറയുന്നത്," "നീ നല്ലവനായി അഭിനയിക്കേണ്ട, നിന്നെ കുറിച്ചുള്ള കാര്യങ്ങളൊക്കെ എനിക്കറിയാം. മര്യാദയ്ക്ക് സത്യം പറയുന്നതാണ് നിനക്ക് നല്ലത്," അവൾ പറഞ്ഞതിൽ നിന്നും അവൻ കുറേ കാര്യങ്ങൾ ഊഹിച്ചെടുത്തു.
"സോറി മേം" അവൻ പറഞ്ഞു തുടങ്ങി. "അയാളോട് ഇവിടുന്ന് പോകാൻ ഞാൻ മര്യാദയ്ക്ക് പറഞ്ഞതാണ്, കേട്ടില്ല. അതുകൊണ്ടാണ് എനിക്ക് കൊല്ലേണ്ടി വന്നത്" യാതൊരു വികാരവും കൂടാതെയായിരുന്നു അവൻ അത് പറഞ്ഞത്.മീന അൽപ്പനേരത്തേക്ക് തരിച്ച് നിന്നുപോയി. "നിനക്ക് എത്ര ധൈര്യം വന്നു. എന്റെ മുഖത്ത് നോക്കി ഇങ്ങനെ സംസാരിക്കാൻ" അവൾ അമ്പരപ്പ് വിടാതെ പറഞ്ഞു. "മേടത്തിനല്ലേ സത്യം അറിയേണ്ടത്," "നിന്നെ ഞാൻ വെറുതെ വിടില്ല" അവൾ ദേഷ്യത്തോടെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞു. "നിങ്ങൾക്ക് ഇവിടുന്ന് പോകണമെങ്കിൽ എന്റെ അനുവാദം വേണം" ആന്ദ്രാസ് പറഞ്ഞു. "എന്നെ തടയാൻ നീ ആരാണ്," മീന രൂക്ഷമായി കൊണ്ട് ചോദിച്ചു. "അയാം യുവർ ഫാദർ ബേബി" പെട്ടെന്ന് അവന്റെ മുഖം ഭാവം മാറി. അവൻ പോക്കറ്റിൽ നിന്നും ഒരു വിസിൽ എടുത്തു കൊണ്ട് ഊതി. മീന അത് ശ്രദ്ധിക്കാതെ, കോപത്തോടെ വാതിൽ തുറന്നു. അവൾ പുറത്തേക്കിറങ്ങാൻ നോക്കിയപ്പോൾ, ജീർണിച്ചൊരു ശവശരീരം അവളുടെ നേർക്ക് കുതിച്ചു വരുന്നത് അവൾ കണ്ടു. അവൾ ഭയപ്പാടോടെ വീടിനകത്തേക്ക് കയറി. അപ്പോൾ ആന്ദ്രാസ് ഒരു വടി കൊണ്ട് അവളെ തലയ്ക്ക് അടിച്ചു. മീന ബോധം കെട്ട് നിലത്ത് വീണു. അവൾക്ക് ബോധം തിരിച്ചു കിട്ടിയപ്പോൾ, അവൾ ഒരു നിലവറയ്ക്കകത്തായിരുന്നു. അവളുടെ കൈകൾ ഒരു കസേരയുമായി ബന്ധിക്കപ്പെട്ടിരുന്നു. അവൾ കണ്ണ് തുറന്ന് മുന്നോട്ടു നോക്കി. അവളുടെ മുൻപിലായി ആന്ദ്രാസ് നിൽപ്പുണ്ടായിരുന്നു. അവിടെ മന്ദിരത്തിൽ ഉള്ളതുപോലെയുള്ള ജയിലുകൾ ഉണ്ടായിരുന്നു. ജയിലിനകത്ത് ചില സത്വങ്ങൾ നിൽപ്പുണ്ടായിരുന്നു. മീനയ്ക്ക് വല്ലാതെ ഭയം തോന്നി. താൻ എവിടെയാണ് എത്തിപ്പെട്ടതെന്ന് അവൾക്ക് മനസ്സിലായില്ല. "നീയെന്നെ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്," അവൾ ചോദിച്ചു. അവനൊന്നും മിണ്ടിയില്ല.
അല്പസമയം കഴിഞ്ഞപ്പോൾ അവിടേക്ക് ഹാരി കടന്നുവന്നു. മീന അത്ഭുതത്തോടെ അവനെ നോക്കി. "സോറി മീന. നിന്നോട് എല്ലാം തുറന്നുപറയണമെന്ന് ഞാൻ വിചാരിച്ചതാണ്. പക്ഷേ അതിന് പറ്റിയ ഒരു സന്ദർഭം ലഭിച്ചില്ല" ഹാരി പറഞ്ഞു. "അപ്പോൾ നീയാണോ റെയ്മണ്ടിന്റെ മകൻ" "അതെ" അവൾ ഞെട്ടിപ്പോയി. ഇതിന്റെയെല്ലാം പിന്നിൽ ഹാരി ആയിരിക്കും എന്ന് അവൾ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. "എന്തുപറഞ്ഞാണ് നിന്നെ സമാധാനിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ല. പക്ഷേ എന്റെ ജീവിതം എങ്ങനെ ഉള്ളതായിരുന്നു എന്ന് നീ അറിയണം. കഷ്ടപ്പാടും ദുഃഖങ്ങളും നിറഞ്ഞൊരു ജീവിതം ആയിരുന്നു എന്റേത്. പള്ളിക്കൂടത്തിൽ പോകുമ്പോൾ മാത്രമായിരുന്നു എനിക്ക് അല്പമെങ്കിലും സന്തോഷം തോന്നിയിരുന്നത്. അല്ലാത്ത സമയങ്ങളിൽ എല്ലാം ഞാൻ അപ്പനെ സഹായിക്കാൻ വേണ്ടി ആ മന്ദിരത്തിൽ പോകുമായിരുന്നു. വാൾട്ടറിന്റെ മൂത്ത മകനായ പീറ്റർ എന്നെ ഒരു അടിമയായിട്ടാണ് കണ്ടത്. അവൻ എന്നെ കളിക്കാൻ വിളിക്കുമ്പോൾ, എനിക്ക് വളരെ സന്തോഷം തോന്നുമായിരുന്നു. എന്നാൽ എല്ലാ കളിയിലും അവന് ജയിക്കണം, അതിന് അവൻ എന്നെ മനപ്പൂർവ്വം തോൽപ്പിക്കും. അല്ലെങ്കിൽ കളി അവസാനിപ്പിച്ചുകൊണ്ട് അവനെന്നെ മർദ്ദിക്കും. അവന്റെ ആട്ടും തുപ്പും സഹിച്ചു കൊണ്ടായിരുന്നു ഞാൻ അവിടെ ജോലി ചെയ്തത്. വാൾട്ടറും ഒട്ടും മോശമല്ലായിരുന്നു, അവിടെ ജോലി ചെയ്യുന്നവരോടൊക്കെ അയാളും വളരെ ക്രൂരമായി കൊണ്ടാണ് പെരുമാറിയത്. അയാൾ ഒരു കാരണവുമില്ലാതെ എന്റെ അപ്പനെ മർദ്ദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നോട് അയാൾക്ക് വെറുപ്പായിരുന്നു. ഞാൻ അവിടെ നിന്നാൽ, എന്നെ അവർ പള്ളിക്കൂടത്തിൽ വിടാൻ സമ്മതിക്കില്ലെന്ന് അപ്പന് അറിയാമായിരുന്നു. അതുകൊണ്ട് അപ്പൻ എന്നെ അമ്മച്ചിയുടെ വീട്ടിലേക്ക് അയച്ചു. അവിടെ എപ്പോഴും പട്ടിണിയും പരിവട്ടവുമായിരുന്നു. മന്ദിരത്തിൽ ആയ സമയത്ത് രണ്ടുനേരം ഭക്ഷണം എങ്കിലും ലഭിക്കുമായിരുന്നു. ഇവിടെ എന്റെ വിശപ്പടക്കാൻ വേണ്ടി അപ്പാപ്പൻ വളരെ കഷ്ടപ്പെട്ടിരുന്നു. എനിക്ക് സമയം കിട്ടുമ്പോൾ ഒക്കെ ഞാൻ അദ്ദേഹത്തെ സഹായിക്കുമായിരുന്നു. അമ്മച്ചിയും വീട്ടിലേക്ക് വരുന്നുണ്ടെന്ന് കേട്ടപ്പോൾ ഞാൻ വളരെയേറെ സന്തോഷിച്ചതായിരുന്നു. പക്ഷേ അതിനിടയിൽ ആ ദുഷ്ടൻ കാരണം എന്റെ അമ്മച്ചി ജീവനൊടുക്കി. ഞങ്ങളുടെ ജീവിതം നശിപ്പിച്ച വാൾട്ടറിനോടും കുടുംബത്തോടും എനിക്ക് തീർത്താൽ തീരാത്ത പകയായിരുന്നു.
എന്റെ അപ്പാപ്പൻ ഒരു മന്ത്രവാദിയായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തി ഇഷ്ടപ്പെടാതെ വന്നപ്പോൾ നാട്ടുകാർ അദ്ദേഹത്തെ നാടുകടത്തുകയായിരുന്നു. പിന്നീട് അദ്ദേഹം കുടുംബത്തിനു വേണ്ടി മന്ത്രവാദങ്ങളെല്ലാം ഉപേക്ഷിച്ചതായിരുന്നു. വാൾട്ടറിനോട് പകരം ചോദിക്കാൻ അദ്ദേഹത്തിനു മാത്രമേ കഴിയുമായിരുന്നു. അതുകൊണ്ട് അദ്ദേഹം വീണ്ടും തന്റെ മാന്ത്രിക വിദ്യകളെല്ലാം പുറത്തെടുത്തു. ചില മന്ത്രവാദക്രിയകൾ ഒക്കെ അദ്ദേഹം എനിക്ക് പറഞ്ഞു തന്നിരുന്നു. അതിൽ മരിച്ചവരെ അടിമകളാക്കുന്ന വിദ്യയായിരുന്നു ഏറ്റവും മികച്ചത്. വാൾട്ടറിനും അയാളുടെ കുടുംബത്തിനും, അതിൽ പരം മറ്റൊരു ശിക്ഷയും ഞങ്ങൾക്ക് നൽകാൻ കഴിയില്ലായിരുന്നു. പാവങ്ങളെ അടിമകളാക്കി കൊണ്ടു വായുന്ന ഇവരെയൊക്കെ അടിമകളാക്കി കൊണ്ടു വേണം പ്രതികാരം ചെയ്യാൻ. എന്റെ സ്ഥാനത്ത് നീയാണെങ്കിലും ഇങ്ങനെയൊക്കെ ചെയ്യുകയുള്ളൂ"
അവൻ പറഞ്ഞ കാര്യങ്ങളൊക്കെ മീന അത്ഭുതത്തോടെയായിരുന്നു കേട്ടു നിന്നത്. അവൾ ഇതുവരെ കാണാത്ത ഒരു മുഖമായിരുന്നു ഹാരിക്ക് അപ്പോൾ ഉണ്ടായിരുന്നത്. "നീ നിന്റെ കർമ്മങ്ങളെ ന്യായീകരിക്കാനാണ് നോക്കുന്നത്. വാൾട്ടറിന്റെ കുടുംബത്തോട് മാത്രമല്ലല്ലോ നിങ്ങൾ ഇത് ചെയ്തത്. അവിടെ താമസിക്കാൻ വന്ന നിരപരാധികളെ നിങ്ങൾ കൊന്നില്ല" മീന ചോദിച്ചു. "അതിൽ എനിക്ക് പങ്കില്ല. വാൾട്ടറിന്റെ മരണത്തിനുശേഷം ഇതെല്ലാം ഉപേക്ഷിച്ചുകൊണ്ട് നല്ലൊരു ജീവിതം നയിക്കാനായിരുന്നു ഞങ്ങൾ വിചാരിച്ചത്. വാൾട്ടറിന്റെ രഹസ്യ അറയിൽ വെച്ചിരുന്ന സമ്പാദ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് അവരെന്നെ ലണ്ടനിലേക്ക് പഠിക്കാൻ അയച്ചു. ഇവിടെയെത്തിയത് മുതൽ ഞാൻ ഒരു പുതിയ മനുഷ്യനായിരുന്നു. ഞാൻ പഠനത്തിൽ മാത്രമായിരുന്നു ശ്രദ്ധിച്ചിരുന്നത്. അവിടെ അവർ എന്തൊക്കെയാണ് ചെയ്യുന്നതെന്ന്, എനിക്ക് അറിവുണ്ടായിരുന്നില്ല. വീണ്ടും ഇന്ത്യയിലേക്ക് പോയ സമയത്താണ് ഞാൻ ഇതെല്ലാം അറിയുന്നത്. അപ്പന് ജീവിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ഇതൊക്കെ ചെയ്തത്. അതിൽ അപ്പൻ ഖേദം പ്രകടിപ്പിച്ചത് നീ കണ്ടില്ലേ"
"അപ്പോൾ ഈ കാണുന്ന മനുഷ്യരെയൊക്കെ നീ എന്ത് ചെയ്തതാണ്," ജയിലിനകത്തുള്ള സത്വങ്ങളെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു. "മീന നിനക്ക് തെറ്റുപറ്റി. ഇവരെയെല്ലാം ഞാൻ മനപ്പൂർവ്വം അടിമകളാക്കിയതല്ല. ഇവരുടെ ശരീരത്തിൽ ഞാനൊരു പരീക്ഷണം നടത്താൻ ശ്രമിച്ചതായിരുന്നു. മരിച്ച മനുഷ്യന് ജീവൻ നൽകാൻ ഉള്ള ഒരു ശ്രമം. അവരുടെ ഓർമ്മകൾ തിരിച്ചുകൊണ്ട് വന്ന്, ഒരു മനുഷ്യനാക്കാനുള്ള പരീക്ഷണമായിരുന്നു ഞാൻ ഇവരിൽ നടത്തിയത്. പക്ഷേ അത് പരാജയപ്പെട്ടു. ഇവരെ കൊല്ലാനുള്ള നിർദ്ദേശം നൽകിക്കൊണ്ടായിരുന്നു ഞാൻ നാട്ടിലേക്ക് മടങ്ങിയത്. പക്ഷേ ഇവനത് അനുസരിച്ചില്ല. ഇവനാ പരീക്ഷണം വീണ്ടും ചെയ്യാനുള്ളതുകൊണ്ടാണ്, ഇവയെ കൊല്ലാതിരുന്നത്. നിനക്ക് സംശയമുണ്ടെങ്കിൽ ഇവനോട് ചോദിക്കാം"
"സോറി സാർ.സത്യം സത്യമായിട്ട് തന്നെ പറയുന്നതായിരിക്കും നല്ലത്. എപ്പോഴായാലും മേടം അത് അറിയേണ്ടതല്ലേ" ആന്ദ്രാസ് പറഞ്ഞു. "യു" ഹാരി ദേഷ്യത്തോടെ അവന്റെ നേരെ തിരിഞ്ഞു. ആന്ദ്രാസ് പാന്റിന്റെ പുറകിൽ നിന്നും ഒരു റിവോൾവർ എടുത്തുകൊണ്ട് ഹാരിക്ക് നേരെ ചൂണ്ടി. ആന്ദ്രാസിന്റെ പക്കിൽ നിന്നും അത്തരമൊരു പ്രവർത്തി ഹാരി പ്രതീക്ഷിച്ചിരുന്നില്ല. അവൻ ഹാരിയോട് തോക്ക് ചൂണ്ടിക്കൊണ്ട് കസേരയിൽ ഇരിക്കാൻ പറഞ്ഞു. ഹാരിക്ക് അത് അനുസരിക്കുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. ആന്ദ്രാസ് ജയിലിന്റെ അകത്തുള്ള സത്വങ്ങളോട് ഹാരിയെ ബന്ധിപ്പിക്കാൻ പറഞ്ഞു. അവർ അടിമകളെപ്പോലെ അത് അനുസരിച്ച്. "ഇവരെ ഞാൻ ഇവിടെ നിർത്തിയത് എന്റെ അടിമകളാക്കാനാണ്," അവൻ മീനക്ക് നേരെ തിരിഞ്ഞു കൊണ്ട് തുടർന്നു."മേടം നിങ്ങളുടെ ഭർത്താവ് അത്ര നല്ലവനൊന്നുമല്ല. ഇവരുടെ ദേഹത്ത് ഇദ്ദേഹം പരീക്ഷണമാണ് നടത്തിയത്, പക്ഷേ അത് ജീവൻ തിരിച്ചു നിൽക്കാൻ വേണ്ടി അല്ലായിരുന്നു. വിവേകമുള്ള അടിമകളാക്കാൻ വേണ്ടിയായിരുന്നു. വെള്ളക്കാരോട് ഇദ്ദേഹത്തിന് വെറുപ്പായിരുന്നു. ഈ കാണുന്നതെല്ലാം ഇദ്ദേഹം ഉണ്ടാക്കിയത് ഇവരെപ്പോലെയുള്ള അടിമകളെ പണിയെടുപ്പിച്ചു കൊണ്ടാണ്. ഇദ്ദേഹം എന്തിനുവേണ്ടിയാണ് ഇന്ത്യയിലേക്ക് പോയതെന്ന് മേടത്തിന് അറിയാമോ. അവിടെ ആർക്കും വേണ്ടാത്ത പേഷ്യൻസിന്റെ മേൽ പരീക്ഷണം നടത്താൻ. ഞാനും ഒരു അടിമയാണ്. ഇദ്ദേഹത്തിനു വേണ്ടി ശവശരീരങ്ങൾ എത്തിച്ചു കൊടുക്കാനും ഇതുപോലെയുള്ള സത്വങ്ങളെ നിർമ്മിക്കാനുമാണ് എന്നെ ഇവിടെ നിർത്തിയത്," "നീ ആതിരു വിടുകയാണ്. എന്റെ സ്ഥലത്തിൽ നിന്നുകൊണ്ടാണ് നീ ഇതെല്ലാം പറയുന്നത് എന്ന് ഓർമ്മവേണം" ഹാരി കോപത്തോടെ പറഞ്ഞു. "എസ്ക്യൂസ്മി സാർ. ദിസ് ഈസ് മൈ ഫക്കിങ് വേൾഡ്. ഇതെല്ലാം പിടിച്ചടക്കാൻ വേണ്ടിയായിരുന്നു ഞാൻ ഇത്രയും കാലം താങ്കളുടെ അടിമയായി നിന്നത്. ഇതുവരെ എന്റെ പദ്ധതികൾക്കൊന്നും പീച്ചില്ല. ഇനി നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമെടുത്താൽ മതി" "ഞങ്ങളെ നീ കൊല്ലാൻ പോവുകയാണോ" ഹാരി ചോദിച്ചു. "കൊന്നുകൊണ്ട് ജീവിപ്പിക്കും, അതാണല്ലോ നമ്മൾ ഇത്രയും കാലം ചെയ്തുകൊണ്ടിരുന്നത്. മേടത്തിന് വേണമെങ്കിൽ എന്റെ കൂടെ ജീവിക്കാം. ഞാൻ താങ്കളുടെ ഭർത്താവിനെ പോലെയല്ല. ചെയ്ത തെറ്റുകളെല്ലാം ഞാൻ തുറന്നു പറയും" "നീയൊക്കെ ഒരു മനുഷ്യനാണോ.നീ എന്തിനാണ് ഇത്തരത്തിലുള്ള ക്രൂരതകൾ ചെയ്തുകൂട്ടുന്നത്" "ഞാൻ വളർന്നുവന്ന സാഹചര്യം അങ്ങനെയുള്ളതാണ് മേടം. പക്ഷേ എന്നിലുള്ള ചെകുത്താനെ വളരാൻ പ്രേരിപ്പിച്ചത് നിങ്ങളുടെ ഭർത്താവാണ്," "നിന്നെ വിശ്വസിച്ചതാണ് എനിക്ക് പറ്റിയ തെറ്റ്," ഹാരി പറഞ്ഞു. "അങ്ങനെയല്ല സാർ, എന്നെ അടിമയാക്കിയതാണ് നിങ്ങൾ ചെയ്ത തെറ്റ്. ഇനിയുള്ള കാലം എന്റെ അടിമയായിട്ട് നിങ്ങൾക്ക് ജീവിക്കാം" അവൻ പറഞ്ഞു.
(തുടരും)
ഭാഗം 11
ഏകദേശം ഈ സംഭവങ്ങളെല്ലാം അരങ്ങേറി കഴിഞ്ഞ സമയത്ത് ആയിരുന്നു ഞങ്ങൾ അവിടെ എത്തിയത്. അലക്സാണ്ടർ വീടിന്റെ ബെല്ലടിച്ച സമയത്തൊന്നും വാതിൽ തുറക്കാൻ ആരും വന്നില്ല. രണ്ടുമൂന്നു വട്ടം വീണ്ടും അടിച്ചപ്പോളാണ്, ആന്ദ്രാസ് വാതിൽ തുറന്നത്. അലക്സാണ്ടർ അവനോട് മീന എവിടെയെന്ന് തിരക്കി. അവർ രണ്ടുപേരും വീട്ടിലേക്ക് വന്നില്ലെന്നായിരുന്നു അവന്റെ ഉത്തരം. "അവർ വരുന്നത് വരെ ഞങ്ങൾ ഇവിടെ കാത്തിരിക്കാം" അലക്സാണ്ടർ പറഞ്ഞു. "അവർ വരാൻ സമയമെടുക്കും സാർ. നിങ്ങൾ നാളെ വരുന്നതായിരിക്കും നല്ലത്," "അത് കുഴപ്പമില്ല" ഒരാക്കിയ ചിരിയോടെ അലക്സാണ്ടർ പറഞ്ഞു. അവൻ പലതും പറഞ്ഞു ഞങ്ങളെ അവിടുന്ന് പറഞ്ഞയക്കാൻ ശ്രമിച്ചു. അവൻ എന്തൊക്കെയോ കാര്യങ്ങൾ ഒളിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് വ്യക്തമായി മനസ്സിലായി. ആ വീട് മുഴുവനും ഒന്ന് പരിശോധിക്കണമെന്ന് അലക്സാണ്ടർ അവനോട് ആവശ്യപ്പെട്ടു. അവൻ ആദ്യം ചിലതെല്ലാം പറഞ്ഞു ഞങ്ങളെ തടയാൻ ശ്രമിച്ചു. പക്ഷേ അലക്സാണ്ടർ വിട്ടില്ല. ഒടുവിൽ അവന് സമ്മതിക്കേണ്ടി വന്നു. ഞങ്ങൾ ആദ്യം തന്നെ ഹാൾ ആയിരുന്നു പരിശോധിച്ചത്. വിശാലമായ ഒരാളായിരുന്നു അത്. ഇരിപ്പിടത്തിന്റെ അരികിലായി ഒരു നെരിപ്പോടുണ്ടായിരുന്നു. അതിന്റെ എതിർവശത്തുള്ള ഭിത്തിയിൽ ചില ചിത്രങ്ങൾ തൂക്കി വെച്ചിട്ടുണ്ട്. അലക്സാണ്ടർ സംശയത്തോടെ ആ ഭിത്തിയുടെ അരികിലേക്ക് ചെന്നു. അപ്പോൾ ആ ഭിത്തിയിൽ നിന്നും എന്തോ നിലത്ത് വീഴുന്ന ശബ്ദം കേട്ടതുപോലെ അലക്സാണ്ടർക്ക് തോന്നി. അലക്സാണ്ടർ ആ ഭിത്തി ഒന്ന് മുട്ടി നോക്കി. തുടർന്ന് ഞങ്ങളോട് ആ ചിത്രങ്ങളെല്ലാം നീക്കി നോക്കാൻ പറഞ്ഞു. ഞങ്ങളുടെ പ്രവർത്തി കണ്ട് ആശ്ചര്യത്തോടെ നിൽക്കുകയായിരുന്നു ആന്ദ്രാസ്. അതിൽ ഒരു ചിത്രം ചലിപ്പിച്ച സമയത്ത് ഭിത്തിക്കുള്ളിലെ ഒരു രഹസ്യ മുറി തുറന്നുവന്നു. അലക്സാണ്ടർ അത് പ്രതീക്ഷിച്ചതായിരുന്നു. അതേക്കുറിച്ച് ആന്ദ്രാസിനോട് ചോദിച്ചപ്പോൾ അവനൊന്നും അറിയില്ലെന്നാണ് പറഞ്ഞത്. ഞങ്ങൾ എന്തായാലും അതിനുള്ളിൽ കേറി പരിശോധിക്കാൻ തീരുമാനിച്ചു. ആന്ദ്രാസിനോടും ഞങ്ങളുടെ കൂടെ വരാൻ അലക്സാണ്ടർ പറഞ്ഞു.
അവിടെ ഞങ്ങളെയെല്ലാം അമ്പരപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു ഞങ്ങൾ കണ്ടത്. ഹാരിയും മീനയും ബന്ധിപ്പിക്കപ്പെട്ട അവസ്ഥയിലിരിക്കുന്നു. അവർക്ക് ചുറ്റുമായി അഞ്ചുസത്വങ്ങൾ നീലയുറച്ച് നിൽക്കുന്നു. ഞങ്ങൾ എന്തുചെയ്യണമെന്നറിയാതെ തരിച്ചു നിന്നുപോയി. ഈ അവസരം മുതലെടുത്തുകൊണ്ട് ആന്ദ്രാസ് തന്റെ പാന്റിന്റെ പുറകിൽ നിന്നും ഒരു റിവോൾവർ എടുത്തുകൊണ്ട് അലക്സാണ്ടറുടെ നേരെ ചൂണ്ടി. അവന്റെ മുന്നേറ്റം വളരെ വേഗത്തിലായിരുന്നു. അലക്സാണ്ടറുടെ തലയിൽ തോക്ക് ചൂണ്ടിക്കൊണ്ട് അവൻ ഞങ്ങളുടെ കയ്യിലുള്ള തോക്കുകൾ നിലത്തിടാൻ പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിൽ രണ്ടുപേരുടെ കൈവശം മാത്രമായിരുന്നു റിവോൾവർ ഉണ്ടായിരുന്നത്. അലക്സാണ്ടറുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഞങ്ങൾ ആ തോക്കുകൾ നിലത്തിട്ടു. ആന്ദ്രാസ് ആ സത്വങ്ങളോട് നിലത്തു കിടന്ന തോക്കെടുക്കാൻ വേണ്ടി പറഞ്ഞു. അതിൽ രണ്ടു സത്വങ്ങൾ ഞങ്ങളുടെ തോക്കെടുക്കാൻ ആയി വന്നു. എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് പെട്ടെന്ന് ഹാരി ആന്ദ്രാസിനെ പിടിച്ച് മാറ്റിയത്. ഹാരി തന്ത്രപരമായി, തന്നെ ബന്ധിച്ച കെട്ടുകൾ അഴിച്ചിരുന്നു. പിന്നെ അങ്ങോട്ട് ഒരു പോരാട്ടമായിരുന്നു. ആന്ദ്രാസിനെ കീഴ്പ്പെടുത്താനായി ഹാരി ഒരുങ്ങി. ഞങ്ങൾ ആവട്ടെ ആ സത്വങ്ങളെ വക വരുത്താനുള്ള ശ്രമത്തിൽ ഏർപ്പെട്ടു. ഹാരി ഒരു വിധത്തിൽ ആന്ദ്രാസിന്റെ കൈയിൽനിന്നും തോക്ക് പിടിച്ചു വാങ്ങി. ആ സത്വങ്ങളുടെ പരാക്രമണം നിർത്തിയില്ലെങ്കിൽ അവനെ കൊല്ലുമെന്ന് ഹാരി പറഞ്ഞു. പക്ഷേ അവനതൊരു പ്രശ്നമായിരുന്നില്ല. അതിനിടയിൽ ചില സത്വങ്ങൾ ഹാരിയുടെ നേർക്ക് തിരിഞ്ഞു. ഞങ്ങൾ ഒരു വിധത്തിൽ ചില സത്വങ്ങളെ കൊന്നിരുന്നു. പക്ഷേ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന ഒരു ഓഫീസറിനെ ആ സത്വങ്ങൾ കടിച്ചു കൊന്നിട്ടുണ്ടായിരുന്നു. മറ്റൊരു ഓഫീസറിന് നല്ല രീതിയിൽ, കടിയും ഏറ്റിരുന്നു. എങ്കിലും വലിയ ബുദ്ധിമുട്ട് കൂടാതെ ഞങ്ങൾ ബാക്കിയുള്ള സത്വങ്ങളെയും കൊന്നൊടുക്കി. "ഇതോടെ അവസാനിച്ചു എന്ന് നിങ്ങൾ കരുതേണ്ട" ഇത് പറഞ്ഞ ശേഷം ആന്ദ്രാസ് തന്റെ പോക്കറ്റിൽ നിന്നും ഒരു വിസിൽ എടുത്ത് ഊതാൻ തുടങ്ങി. ഹാരി കോപത്തോടെ അവന്റെ ഹൃദയം ലഭ്യമാക്കി കൊണ്ട് വെടിവെച്ചു. "നമുക്ക് എത്രയും പെട്ടെന്ന് ഇവിടുന്ന് രക്ഷപ്പെടണം" മീന പറഞ്ഞു. ഞങ്ങൾ വേഗം ഹാളിലേക്ക് കുതിച്ചു. "നിങ്ങൾ എത്രയും പെട്ടെന്ന് ഇവിടുന്നു രക്ഷപ്പെടുന്നതാണ് നല്ലത്. ഇതുപോലെ എത്ര പേര് ഇവിടെ ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല" ഹാരി പറഞ്ഞു. "അപ്പോൾ നീയോ" അലക്സാണ്ടർ ചോദിച്ചു. "ഇത് എന്റെ തെറ്റാണ്. ആ തെറ്റ് തിരുത്തേണ്ടത് ഞാൻ തന്നെയാണ്," "നിനക്ക് ഒറ്റയ്ക്ക് അവരെ നേരിടാൻ കഴിയില്ല. ഇപ്പോൾ ഇവിടുന്ന് രക്ഷപ്പെടുന്നതാണ് നല്ലത്,"
"അങ്കിൾ പറഞ്ഞതാണ് ശരി നമുക്കാദ്യം ഇവിടുന്ന് രക്ഷപ്പെടാം" മീന പറഞ്ഞു. തോക്കിലെ ബുള്ളറ്റ് തീരാനായതു കൊണ്ട് ഞങ്ങൾ മുകളിലെ നിലയിലേക്ക് ചെന്നു. ഹാരിയുടെ പക്കിലുള്ള തോക്കും, പടവാളും മറ്റു ചില ആയുധങ്ങളും ശേഖരിച്ചുകൊണ്ട് ഞങ്ങൾ താഴെക്കിറങ്ങി. പക്ഷേ ഞങ്ങൾക്ക് മുൻവശത്തെ വാതിൽ തുറക്കാൻ കഴിഞ്ഞിരുന്നില്ല. ആ വാതിൽ ആരോ പൂട്ടിയിട്ടിട്ടുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. അതിനിടയിൽ, സത്വങ്ങളിൽ നിന്നും കടിയേറ്റിരുന്ന ഓഫീസർ, ബോധംകെട്ടു നിലത്ത് വീണു. പെട്ടെന്ന് തന്നെ അവൻ കണ്ണുകൾ തുറന്നു എഴുന്നേൽക്കുകയും ചെയ്തു. അവന്റെ കണ്ണുകൾക്ക് വെള്ള നിറമായിരുന്നു. "എനിക്ക് എന്താണ് സംഭവിക്കുന്നത്," അവൻ ചോദിച്ചു. അവനോട് എന്താണ് പറയേണ്ടതെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. "നിനക്കെന്തെങ്കിലും മാറ്റം വരുന്നതായി തോന്നുന്നുണ്ടോ" അലക്സാണ്ടർ ചോദിച്ചു. പെട്ടെന്ന് ഞങ്ങളെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് അലക്സാണ്ടർ വെടിയേറ്റ് നിലത്ത് വീണു. ഞങ്ങൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ട കാഴ്ച,അത് തികച്ചും ആശ്ചര്യം ഉറവാക്കുന്നതായിരുന്നു. കയ്യിലൊരു തോക്കേന്തി കൊണ്ട് നിൽക്കുന്ന ആന്ദ്രാസ്. അവന്റെ ചുറ്റുമായി കുറെ സത്വങ്ങളും. അവയിൽ ഞങ്ങൾ കൊന്നൊടുക്കിയ സത്വങ്ങളും, കടിയേറ്റു മരിച്ചുവെന്ന് കരുതിയ ഓഫീസറും ഉണ്ടായിരുന്നു. ആ സത്വങ്ങളിൽ നിന്നും വ്യത്യസ്തനായിരുന്നു ആന്ദ്രാസ്. മറ്റു സത്വങ്ങൾ പോലെ അവന്റെ മുഖം വികൃതമായിരുന്നില്ല.
"ഷാൾ വി പ്ലേ എഗൈൻ" ആന്ദ്രാസ് ഉച്ചത്തിൽ അലറി. ഞങ്ങളെല്ലാവരും തരിച്ചു നിൽക്കുകയായിരുന്നു. അത് മനസ്സിലാക്കിക്കൊണ്ടാണ് അവൻ തുടർന്നു. "ദിസ്'എ ന്യൂ ഡിഫൻഡിങ് മെക്കാനിസം. സാർ ആഗ്രഹിച്ചത് പോലെയുള്ള ഒരു ഇമ്മോർട്ടൽ ലൈഫ്. എൻഡ് ദിസ് ഈസ് മൈ സോൾജിയേഴ്സ്. സാറും ഇവരെപ്പോലെ തന്നെയാണ്," അപ്പോഴാണ് ഞാൻ ഹാരിയുടെ കഴുത്തിൽ ആ സത്വങ്ങൾ കടിച്ച മുറിപ്പാടുകൾ കണ്ടത് "നിങ്ങൾക്കെല്ലാം ഞാൻ ഓഫർ ചെയ്യുന്നത് മരണമില്ലാത്ത ജീവിതമാണ്." ഇത് പറഞ്ഞുകൊണ്ട് ആന്ദ്രാസ് ആ സത്വങ്ങളെ ഞങ്ങളുടെ അരികിലേക്കയച്ചു. ഞങ്ങളുടെ കയ്യിലുള്ള തോക്കുകൾ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായിരുന്നില്ല. ആ സത്വങ്ങളുടെ നെറ്റിയിൽ വെടിവെച്ചാലും അവ അൽപസമയത്തിനകം ഉയർത്തെഴുന്നേക്കുമായിരുന്നു. അവയുടെ ശിരസ് ഛേദിച്ചാൽ മാത്രമേ അവ മരണപ്പെടുമായിരുന്നുള്ളു. ഞങ്ങൾക്ക് അവയെ ചെറുത്തുനിൽക്കാൻ കയ്യിലായിരുന്നു. ഞങ്ങൾ ഉടനെ ഹാളിലുള്ള രഹസ്യ മുറിയിലേക്ക് കടക്കാൻ ശ്രമിച്ചു. അതിനിടയിൽ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന മറ്റൊരു ഓഫീസറെയും ആ സത്വങ്ങൾ കൊന്നൊടുക്കി. ഞങ്ങൾ എങ്ങനെയൊക്കെയോ ആ മുറിക്കകത്ത് കേറിപ്പറ്റി. ഞങ്ങളുടെ പക്കൽ നിന്നും ഇത്തരത്തിലുള്ള ഒരു നീക്കം ആന്ദ്രാസ് പ്രതീക്ഷിച്ചുണ്ടായിരുന്നില്ല.
ഞങ്ങളെ കൊല്ലാതെ അവൻ അടങ്ങിയിരിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. മന്ദിരത്തിൽ ഉള്ളതുപോലെ തന്നെ, അവിടുന്ന് പുറത്തേക്ക് കടക്കാനും ഒരു തുരങ്കം ഉണ്ടായിരുന്നു. ഈ കാര്യം ആന്ദ്രാസിനും അറിയാമായിരുന്നു. അതുകൊണ്ട് അവനാ വഴിയിലൂടെ വരാനുള്ള സാധ്യത കൂടുതലായിരുന്നു. "നമുക്ക് രക്ഷപ്പെടാൻ ഒറ്റ മാർഗമേയുള്ളൂ. ആന്ദ്രാസിനെ കൊല്ലുക. യജമാനൻ നഷ്ടപ്പെട്ടാൽ പിന്നെ അവയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയാതെയാവും" ഹാരി പറഞ്ഞു. ഹാരി പറഞ്ഞത് ഞങ്ങൾക്ക് വ്യക്തമായില്ല. അതുകൊണ്ട് അവൻ അത് വിശദീകരിച്ചു പറഞ്ഞു. "അപ്പാപ്പന്റെ വേദപുസ്തകത്തിൽ ഒരു അപകടകരമായ മന്ത്രവിദ്യയുണ്ട്. അതിൽ കർമ്മം ചെയ്യുന്ന ആൾക്ക് മരണമില്ലാത്ത സിദ്ധി ലഭിക്കും. ആ ആഭിചാരത്തിലൂടെ അവൻ സൃഷ്ടിക്കുന്ന സത്വങ്ങളെല്ലാം അവന്റെ അടിമയായി മാറുകയും ചെയ്യും. മറ്റൊരാളുടെ വാക്കും അത് കേൾക്കില്ല. ഞങ്ങൾ ഇതുവരെ നിർമിച്ചത് അപകടകാരികളല്ലാത്ത സത്വങ്ങളെ ആയിരുന്നു. എന്നാൽ ഈ സത്വങ്ങൾ അപകടകാരികളാണ്. അവയുടെ കടിയേക്കുന്നവരും അവരെ പോലെയായി മാറും. എനിക്കെറ്റ മുറി ചെറുതായതുകൊണ്ടാണ് ഞാനിപ്പോൾ മാറാതെ നിൽക്കുന്നത്. പക്ഷേ ഏതെങ്കിലും ഒരു സമയം ഞാൻ അവയെപ്പോലെയായി മാറാനുള്ള സാധ്യതയുണ്ട്. ഈ കർമ്മം ഞങ്ങൾ പലവട്ടം ചെയ്യാൻ ശ്രമിച്ചതായിരുന്നു. പക്ഷേ അതെല്ലാം പരാജയപ്പെടുകയാണ് ചെയ്തത്. അവനീ കർമ്മം നടത്തിക്കൊണ്ട് വിജയിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. ഇനി നമ്മുടെ മുന്നിൽ ഒരു വഴി മാത്രമേയുള്ളൂ ആന്ദ്രാസിനെ കൊല്ലുക. രണ്ടു രീതിയിൽ മാത്രമേ അവനെ വധിക്കാൻ കഴിയുള്ളൂ. ഒന്നെങ്കിൽ അവൻ്റെ ശിരസ്സ് ഛേദിക്കണം, അല്ലെങ്കിൽ അവനെ ജീവനോടെ കത്തിക്കണം" "പക്ഷേ അതെങ്ങനെ സാധ്യമാകും" ഞാൻ ചോദിച്ചു. "ആ തുരങ്കം വഴി എന്തായാലും ആന്ദ്രാസ് വരാൻ ശ്രമിക്കും. അവനെയും അവന്റെ കൂടെ ഉണ്ടാവുന്ന സത്വങ്ങളെയും നമുക്ക് കത്തിച്ചു കളയാം. എരിഞ്ഞു ചാമ്പലായി കഴിഞ്ഞാൽ പിന്നെ അവയ്ക്ക് ഉയർത്തെഴുന്നേൽക്കാൻ കഴിയില്ല. ഈ സെല്ലിനകത്ത് ഞാനൊരു ആവശ്യത്തിനുവേണ്ടി ഒരു ടാങ്ക് പെട്രോൾ വെച്ചിരുന്നു" അത് പറഞ്ഞുകൊണ്ട് ഹാരി ജയിലിനകത്തേക്ക് കയറി. അവിടെ ഒരു ടാങ്ക് നിറയെ പെട്രോൾ ഉണ്ടായിരുന്നു. ഞങ്ങൾ ആ ടാങ്ക് എടുത്തു കൊണ്ട് തുരങ്കത്തിലേക്ക് പോയി. പെട്ടെന്നാർക്കും കണ്ടുപിടിക്കാൻ പറ്റാത്ത വിധത്തിൽ, ഞങ്ങളാ ടാങ്ക് അവിടെ സ്ഥാപിച്ചു. "ഇനി നിങ്ങളെല്ലാവരും ഇവിടുന്ന് പോയിക്കോളു. ആന്ദ്രാസ് വന്നു കഴിഞ്ഞാൽ ഞാനിത് വെടിവെച്ച് പൊട്ടിക്കുന്നുണ്ട്," ഹാരി പറഞ്ഞു. "അങ്ങനെ ചെയ്താൽ നീയും മരിക്കും" മീന പറഞ്ഞു. "എനിക്ക് കടിയേറ്റതാണ്, ഞാൻ ഏത് നിമിഷം വേണമെങ്കിലും അവരെ പോലെ ആയി മാറും. അതിലും നല്ലത് ഇതെല്ലാം അവസാനിപ്പിച്ചുകൊണ്ട് മരിക്കുന്നതാണ്," മീനയ്ക്ക് അത് താങ്ങാൻ പറ്റുന്ന കാര്യമായിരുന്നില്ല. അവൾ അവനെ പിന്തിരിപ്പിക്കാൻ കുറെ ശ്രമിച്ചു. പക്ഷേ അവൻ അതിനു വഴങ്ങിയില്ല.
"ഇത് ഞാൻ ചെയ്ത തെറ്റാണ്. ഇതിന് പരിഹാരം കാണേണ്ടത് ഞാൻ തന്നെയാണ്. നിങ്ങൾ ഇവിടുന്ന് രക്ഷപ്പെടണം, ബാക്കിയുള്ള സത്വങ്ങളെ നശിപ്പിക്കേണ്ടത് നിങ്ങളുടെ ദൗത്യമാണ്," ഹാരി രണ്ടും കൽപ്പിച്ചായിരുന്നു അത് പറഞ്ഞത്. അവനെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. "എങ്കിൽ ഞാനും നിന്റെ കൂടെ നിൽക്കാം" ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു ഓഫീസർ പറഞ്ഞു. അപ്പോളാണ് അയാൾക്കും ആ സത്വങ്ങളിൽ നിന്നും കടിയേറ്റ വിവരം ഞങ്ങൾ അറിഞ്ഞത്. അവരെ രണ്ടുപേരെയും അവിടെ നിർത്തിക്കൊണ്ട് ഞങ്ങൾക്ക് തിരിച്ചു പോകേണ്ടി വന്നു. വളരെ കഷ്ടപ്പെട്ടുകൊണ്ടാണ് ഞാൻ മീനയെ സമാധാനിപ്പിച്ചത്. ഞങ്ങൾ അല്പനേരം നിലവറയിൽ തന്നെ നിന്നു. പെട്ടെന്ന് ഹാരി അവിടേക്ക് ഓടി വന്നു. അവന്റെ പദ്ധതികൾ ആകെ തകിടം മറിഞ്ഞിരുന്നു. തുരങ്കത്തിലൂടെ വന്ന സത്വങ്ങളുടെ കൂട്ടത്തിൽ ആന്ദ്രാസ് ഇല്ലായിരുന്നു. 'ആ സത്വങ്ങളെ ഞാൻ ഒറ്റയ്ക്ക് വക വരുത്താമെന്ന്,' ആ ഓഫീസർ പറഞ്ഞതുകൊണ്ടാണ് ഹാരി ഞങ്ങളുടെ അരികിലേക്ക് വന്നത്. ആന്ദ്രാസിന്റെ ശിരസ്സ് ഛേദിക്കുക എന്നതായിരുന്നു ഹാരി മുന്നിൽ കണ്ട മറ്റൊരു ലക്ഷ്യം. അതത്ര എളുപ്പമല്ല എന്ന് ഞങ്ങൾക്കറിയാമായിരുന്നു. എങ്കിലും ഹാരി ആ പോരാട്ടത്തിന് ഒരുങ്ങി നിൽക്കുകയായിരുന്നു. മീനയെ അകത്തു നിർത്തിക്കൊണ്ട് ഞങ്ങൾ മൂന്നുപേരും പുറത്തേക്ക് ഇറങ്ങി. പുറത്ത് ആന്ദ്രാസും അവന്റെ അടിമകളും ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു. പെട്ടെന്ന് അവിടം എല്ലാം കോരിത്തരിപ്പിച്ചുകൊണ്ട് പെട്രോൾ പൊട്ടിത്തെറിക്കുന്ന ശബ്ദം ഉയർന്നു.
"നൈസ് ഷോട്ട്," കയ്യടിച്ചുകൊണ്ട് ആന്ദ്രാസ് തുടർന്നു."ബട്ട് നിങ്ങൾക്ക് ഇവിടുന്നു രക്ഷപ്പെടാൻ കഴിയില്ല." "നിന്നെ കൊന്നിട്ടാണെങ്കിലും, ഞാൻ ഇവരെ രക്ഷപ്പെടുത്തും" ഹാരി അത് പറഞ്ഞുകൊണ്ട് ആന്ദ്രാസിന്റെ അരികിലേക്ക് കുതിച്ചു. പടയാളികളെ പോലെ ചില സത്വങ്ങൾ ആന്ദ്രാസിന്റെ മുമ്പിലായി വന്നു നിന്നു. ഹാരിയെ സഹായിക്കാൻ വേണ്ടി എന്റെ കൂടെയുണ്ടായിരുന്ന ഓഫീസറും ചെന്നു. എനിക്കും അവനെ സഹായിക്കണമെന്നുണ്ടായിരുന്നു. പക്ഷേ മീനയെ സംരക്ഷിക്കാനുള്ള ചുമതല ഹാരി എനിക്കായിരുന്നു തന്നത്, അതുകൊണ്ട് ഞാൻ ആ വാതിലിന്റെ അരികിൽ തന്നെയായിരുന്നു നിന്നത്. വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റാത്ത ഒരു സംഘർഷമായിരുന്നു തുടർന്ന് അവിടെ ഉണ്ടായത്. ഒരു വിധത്തിൽ ഹാരി അവരെ എതിർത്തുകൊണ്ട് മുന്നോട്ടു കുതിച്ചു. പക്ഷേ ഓഫീസർക്ക് ചെറുത്തുനിൽക്കാൻ കഴിഞ്ഞില്ല. സത്വങ്ങൾ ഹാരിയേയും കടിച്ചു മുറിവേൽപ്പിച്ചിരുന്നു. എങ്കിലും അവൻ ആന്ദ്രാസിനെ ആക്രമിക്കാൻ തുടങ്ങിയിരുന്നു. അവനെ തടയാൻ ശ്രമിച്ച ചില സത്വങ്ങളെ ഞാൻ വെടിവെച്ചു വീഴ്ത്തി. പക്ഷേ അതുകൊണ്ടൊന്നും കാര്യമുണ്ടായിരുന്നില്ല. അവ അല്പസമയം കഴിയുമ്പോഴേക്കും ഉയർത്തെഴുന്നേൽക്കുന്നുണ്ടായിരുന്ന. ഹാരി ധീരമായി അവയെ നേരിട്ടുകൊണ്ട് ഒരു വിധത്തിൽ ആന്ദ്രാസിന്റെ ശിരസ്സ് ഛേദിക്കാൻ ഒരുങ്ങിയതായിരുന്നു. പക്ഷേ പെട്ടെന്ന് ഹാരി കുഴഞ്ഞുകൊണ്ട് നിലത്ത് വീണു. അവൻ നിലത്ത് വീണു പിടയാൻ തുടങ്ങി. അവനെ ആ സത്വങ്ങൾ നല്ല രീതിയിൽ ആക്രമിച്ചത് കൊണ്ടാവാം, അവനും പെട്ടെന്ന് അവരെ പോലെ ആയി മാറി. ഞാൻ വേഗം വാതിൽ തുറന്നു മുറിക്കകത്ത് കയറി. മീന എന്നോട് കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല. എന്റെ മുഖഭാവത്തിൽ നിന്നും, അവൾ എല്ലാം മനസ്സിലാക്കിയിരുന്നു. അവളുടെ ഉള്ളിൽ വിഷാദം ഉണ്ടായിരുന്നെങ്കിലും അവൾ അത് പുറത്തു കാണിച്ചില്ല. "ഞാൻ പറയുന്ന സമയത്ത് നിങ്ങൾ ആന്ദ്രാസിന്റെ തല ലക്ഷ്യം വെച്ച് വെടിവെക്കണം" മീന ഗൗരവത്തോടെ പറഞ്ഞുകൊണ്ടു വാതിൽ തുറന്ന് പുറത്തിറങ്ങി. വാതിലിന്റെ അരികിലേക്ക് ചില സത്വങ്ങൾ വരുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ അവർ അവിടെ തന്നെ നിന്നു. "ആന്ദ്രാസ്," മീന ഉറക്കെ വിളിച്ചു. "ഓലാ മമ്മാ." അവൻ ചിരിച്ചുകൊണ്ട് മറുപടി നൽകി. "നീ ആണാണെങ്കിൽ എന്നെ ഒറ്റയ്ക്ക് നേരിട്." ആന്ദ്രാസിന്റെ മുഖത്ത് പരിഹാസത്തിന്റെ ചിരി വിടർന്നു. "ഓക്കേ ബോയ്സ് കം ബെക്ക്. ഐ വാണ്ട് ടു ബൈറ്റ് ഹെർ." മീന മുഷ്ടിചുരുട്ടി അവന്റെ നേർക്കടുത്തു. ആന്ദ്രാസ് അവളെ നോക്കി ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. "നൗ" അത് പറഞ്ഞുകൊണ്ട് മീന എന്റെ മുന്നിൽ നിന്നും മാറി. ഞാൻ പെട്ടെന്ന് തോക്കെടുത്ത് അവന്റെ തല ലക്ഷ്യം വെച്ച് വെടിയുയർത്തി. ഭാഗ്യമെന്ന് പറയട്ടെ അത് കൃത്യമായി അവന്റെ തലയിൽ തന്നെ കൊണ്ടു. അവൻ ഉയർത്തെഴുന്നേൽക്കും മുന്നേ, മീന നിലത്തു കിടന്ന പടവാൾ എടുത്ത് അവന്റെ കഴുത്തിന് നേരെ വെച്ചു. "ഓക്കേ..ഓക്കേ" ആന്ദ്രാസ് ക്ഷമാപണത്തോടെ പറഞ്ഞു തുടങ്ങി "ഈ വൈറസ് നശിപ്പിക്കാനുള്ള ആന്റിബയോട്ടിക് എന്റെ പക്കിലുണ്ട്. നിങ്ങളെന്നെ വെറുതെ വിട്ടാൽ," അത് പറഞ്ഞു തീർക്കുമ്പോഴേക്കും, മീന അവന്റെ ശിരസ്സ് ഛേദിച്ചു. ഒരു മഹായുദ്ധം കഴിഞ്ഞ ശാന്തതയായിരുന്നു അപ്പോൾ അവിടെ ഉണ്ടായത്. മീന എന്നെ നോക്കിയതിനുശേഷം പടവാൾ നിലത്തിട്ടു. അവളുടെ മനസ്സ് വല്ലാതെ തളർന്നിരുന്നു. സത്വങ്ങളെല്ലാം എന്ത് ചെയ്യണം എന്ന് അറിയാതെ ചുറ്റുപാടും വീശിക്കാൻ തുടങ്ങി. യജമാനന്റെ ആജ്ഞയില്ലാതെ അവയ്ക്കൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു. മീനക്ക് സങ്കടം ഒതുക്കി വെക്കാൻ കഴിഞ്ഞില്ലായിരുന്നു. അവൾ പെട്ടെന്ന് പൊട്ടിക്കരയാൻ തുടങ്ങി. ഞാൻ അവളെ സമാധാനിപ്പിച്ചുകൊണ്ട് ആ ഭവനത്തിൽ നിന്നും പുറത്തിറങ്ങി.
സത്വങ്ങളൊന്നും പുറത്തു പോകാതിരിക്കാൻ വേണ്ടി, ഞാൻ പുറകുവശത്തെ വാതിൽ പൂട്ടിയിട്ടു. മീനയെ വീട്ടിലാക്കിയ ശേഷം ഞാൻ നേരെ സ്റ്റേഷനിലേക്ക് പോയി, നടന്ന കാര്യങ്ങളെല്ലാം അവതരിപ്പിച്ചു. ഞാൻ പറഞ്ഞതൊന്നും അവർക്ക് വിശ്വാസമായില്ല. പക്ഷേ എന്റെ കൂടെ ഹാരിയുടെ വീട്ടിലേക്ക് വരാൻ അവർ തയ്യാറായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് സംഗതിയുടെ കിടപ്പ് അവർക്ക് മനസ്സിലായത്. ഇരു ചെവി അറിയാതെ ആ സത്വങ്ങളെ കൊന്നൊടുക്കാൻ തന്നെ അവർ തീരുമാനിച്ചു. ആ കാഴ്ച കാണാൻ ഞാൻ അവിടെ നിന്നില്ല. എനിക്ക് പരിചയമുള്ളവരുടെ തല അറക്കുന്നത് കാണാനുള്ള കരുത്ത് എനിക്കുണ്ടായിരുന്നില്ല. എല്ലാം അവിടം കൊണ്ട് അവസാനിച്ചു എന്നാണ് ഞാൻ കരുതുന്നത്. ആന്ദ്രാസിന്റെ പരീക്ഷണ രഹസ്യം മറ്റാർക്കും അറിയില്ലെങ്കിൽ യാതൊരു കുഴപ്പവും ഉണ്ടാവില്ല. എന്നാൽ അതിനെക്കുറിച്ച് അറിയുന്ന ആരെങ്കിലുമുണ്ടെങ്കിൽ, അവർക്ക് ഈ ലോകത്തെ തന്നെ തലകീഴായി മറിച്ചിടാൻ കഴിയും. ഞങ്ങൾക്കുണ്ടായ വിചിത്രമായ അനുഭവങ്ങൾ പുറംലോകം അറിയണമെന്ന ലക്ഷ്യത്തോടെയായിരിക്കും അലക്സാണ്ടർ ഈ കേസ് ഡയറി എഴുതിയത്. ആ ഭീകരമായ കേസ് ഡയറിയുടെ അവസാന പത്രിക ഇതോടെ അവസാനിക്കുകയാണ്. ഇതുപോലെയുള്ള ഒരു ദുരന്തം ഇനി ഉണ്ടാവാതിരിക്കട്ടെ.
ഒരു ജർമൻ സാർജന്റിന്റെ ഡയറിക്കുറിപ്പ് വളരെ വിചിത്രമായ ഒരു സംഭവത്തെക്കുറിച്ചാണ് ഞാൻ ഇതിൽ വിവരിക്കുന്നത്. ഞങ്ങളെല്ലാവരും ബ്രിട്ടന്റെ അതിർത്തിയിൽ ക്യാമ്പടിച്ചു കിടക്കുകയായിരുന്നു. അന്ന് യുദ്ധത്തിനു വേണ്ടിയുള്ള പദ്ധതികളെല്ലാം ചർച്ച ചെയ്തതിനുശേഷം ആയിരുന്നു ഞങ്ങൾ ഉറങ്ങാൻ കിടന്നത്. പെട്ടെന്നായിരുന്നു ഒരു കൂട്ടം പട്ടാളക്കാർ ഞങ്ങളുടെ ക്യാമ്പ് ആക്രമിച്ചത്. ആക്രമണത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ ഞങ്ങൾ മുമ്പേ ഒരുക്കി വെച്ചിരുന്നു. അതുകൊണ്ട് ഞങ്ങൾ പെട്ടെന്ന് തന്നെ അവരെ തിരിച്ചക്രമിക്കാൻ തുടങ്ങി. എന്നാൽ അപ്പോഴാണ് ഞങ്ങൾക്കൊരു കാര്യം മനസ്സിലാവുന്നത്. ഞങ്ങൾ യുദ്ധം ചെയ്യുന്നത് മനുഷ്യരോടല്ലായിരുന്നു, അവ മറ്റെന്തോ ആയിരുന്നു. കാരണം ഞങ്ങൾ എത്ര വെടിവെച്ചിട്ടും അവ മരിക്കുന്നുണ്ടായിരുന്നില്ല. ബോംബുകൾ കൊണ്ടു മാത്രമേ അവയെ ഞങ്ങൾക്ക് കൊല്ലാൻ കഴിഞ്ഞിരുന്നുള്ളൂ. അവയോട് പൊരുതി ജയിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഞങ്ങൾക്ക് അവിടുന്നു രക്ഷപ്പെടുകയല്ലാത്തെ മറ്റൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. എനിക്ക് ഉറപ്പാണ് ഇത് ഇംഗ്ലീഷുക്കാരുടെ തന്ത്രമാണെന്ന്. യുദ്ധം ജയിക്കാൻ വേണ്ടി അവർ വിചിത്രമായ മനുഷ്യരെ നിർമ്മിച്ചതായിരിക്കും. അവ മനുഷ്യനാണോ മൃഗമാണോ എന്നതൊരു ചുരുളറിയാത്ത രഹസ്യമായി തന്നെ നിൽക്കുകയാണ്.
-The End-