mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

മൂന്ന് എൻഡ്രിയുടെ ഡയറി ഡിസംബർ 1937

ഇന്ന് രാവിലെ എല്ലാവരുടെയും മുഖത്ത് ഒരു വിരസത അനുഭവപ്പെട്ടതായി തോന്നി. ആർക്കും ഒരു ആവേശം ഉണ്ടായിരുന്നില്ല. ഒരു പുതിയ സ്ഥലത്താണ് ഞാനിപ്പോൾ ഉള്ളതെന്ന ഒരു വിചാരം പോലും എനിക്കില്ല. വളരെ സുപരിചിതമായ ഒരു സ്ഥലത്തെ പോലെയാണ് എനിക്ക് തോന്നുന്നത്. ദിവസങ്ങൾ തള്ളിനീക്കാൻ ഉതകുന്ന ഒരു കാഴ്ചയും ഇവിടെയില്ല. ഇവിടം തികച്ചും വന്യവും ഭീകരവുമാണ്.

ഇവിടെ മുൻപ് വന്നതുപോലെയുള്ള ഒരു തോന്നൽ എന്നെ അലട്ടി കൊണ്ടിരിക്കുന്നുണ്ട്. വിഡ്ഢിത്തമാണെന്ന് അറിയാമെങ്കിൽ പോലും, ഞാനീ കാര്യം ഹാരിയോട് ചോദിച്ചിരുന്നു. അവന്റെ മുഖത്തും ആശ്ചര്യം വിടരുന്നത് ഞാൻ ശ്രദ്ധിച്ചു. അവനും കൃത്യമായി ഒരു ഉത്തരം നൽകാൻ കഴിഞ്ഞിരുന്നില്ല. ഒരുപക്ഷേ ഇവിടെയുള്ള പരിസരം കാരണമായിരിക്കും ഞങ്ങൾക്ക് ഇങ്ങനെ തോന്നുന്നത്. എനിക്ക് ഇവിടം ഇഷ്ടപ്പെടുന്നില്ല. ബാക്കിയുള്ളവരുടെ അവസ്ഥ എന്താണെന്ന് അറിയില്ല. ലാലുവിന് അന്ന് സംഭവിച്ച കാര്യത്തെക്കുറിച്ചൊന്നും ഇപ്പോൾ ഓർമ്മയില്ല. അതെല്ലാം അവൻ ചിന്തിച്ചു കൂട്ടിയതായിരിക്കും എന്നാണ് എല്ലാവരും വിചാരിക്കുന്നത്. അലക്സാണ്ടർ ഇപ്പോൾ അവനെ പുകവലിക്കാൻ സമ്മതിക്കാറില്ല. അമിതമായ പുകവലി കാരണമാണ് ഇവൻ ഇങ്ങനെ ആയതെന്നാണ് അലക്സാണ്ടർ പറയുന്നത്. സിഗനൽകാത്തത് കൊണ്ട്, അവനിപ്പോൾ ആരോടും മിണ്ടാറില്ല.

മായക്ക് ഇപ്പോൾ ഒരു കളിക്കൂട്ടുകാരനെ കിട്ടിയിട്ടുണ്ട്. ഒരു ചാരനിറമുള്ള പൂച്ചക്കുട്ടി. അവൾ അതിന് റിക്കി എന്നാണ് പേരിട്ടത്. മിസ്റ്റർ റെയ്മണ്ടിന് അവനെ ഇഷ്ടപ്പെട്ടില്ല. അവൻ തക്കം കിട്ടുമ്പോഴൊക്കെ അടുക്കളയിൽ കേറി കട്ടു തിന്നും. അവനെ പുറത്താക്കാൻ ആണെങ്കിൽ മായ സമ്മതിക്കുന്നുമില്ല. അവൾ കൂടുതൽ സമയവും അവന്റെ കൂടെയാണ് ചിലവഴിക്കാറ്. ബാക്കിയുള്ള സമയങ്ങളിൽ അവൾ ഹാരിയുടെ കൂടെയായിരിക്കും. ഹാരിക്കാണെങ്കിൽ മീനയുടെ കൂടെ സമയം ചിലവഴിക്കുന്നതാണ് ഇഷ്ടം.

എനിക്ക് സമയം കളയാൻ ഉതകുന്ന ഒന്നും ഇവിടെ ഇല്ലെന്നതാണ് സത്യം. ഞാൻ സമയം ചിലവഴിക്കാൻ വേണ്ടി വീണ്ടുമാ ലൈബ്രറിയിൽ ചെന്നിരുന്നു. അവിടെയുള്ള ചില പുസ്തകങ്ങളെല്ലാം ഞാൻ വായിച്ചു നോക്കി. ഈ മന്ദിരത്തിന്റെ പ്ലാൻ അടങ്ങിയ ഒരു പുസ്തകം ഉണ്ടായിരുന്നു അവിടെ. അതിൽ ചില ഒളിത്താവളങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്. പക്ഷേ എനിക്ക് വാൾട്ടറിനെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്. അയാളുടെ മരണം ഇപ്പോഴും നിഗൂഢമായി തന്നെ കിടക്കുകയാണ്.

 

ഹാരിയുടെ ഡയറി ഡിസംബർ 1937

എൻഡ്രി പറഞ്ഞതുപോലെ, ഇവിടം സുപരിചിതമായ ഒരു ഇടം പോലെയാണ് തോന്നുന്നത്. എന്തൊക്കെയായാലും എനിക്ക് ഇവിടം അങ്ങ് ഇഷ്ടപ്പെട്ടു. ഇവിടെ ഒരു രാജാവിനെ പോലെ വാഴാനുള്ള ഒരു മോഹം. പക്ഷേ ഇവിടെ എനിക്ക് അടിമകളില്ല. അടിമകൾ ഉണ്ടായിരുന്നെങ്കിൽ ഒരു രാജാവിനെ പോലെ ജീവിക്കാമായിരുന്നു . എങ്കിലും കുഴപ്പമില്ല. മീനയോടൊപ്പം സമയം ചിലവഴിക്കാൻ പറ്റുന്നുണ്ടല്ലോ. അവൾ മുൻപത്തേക്കാൾ സന്തോഷവതിയാണ് ഇപ്പോൾ. എന്നോടൊപ്പം സമയം ചിലവഴിക്കുന്നത് അവൾക്ക് ഇഷ്ടമാണെന്നാണ് തോന്നുന്നത്. പക്ഷേ ഇടയ്ക്ക് മായ വന്ന് ഞങ്ങളെ ശല്യപ്പെടുത്തും. അത് മീനക്ക് ഇഷ്ടപ്പെടുന്നില്ല. ഞങ്ങൾ സംസാരിക്കുന്നത് കണ്ടാൽ ഉടനെ മായ ഞങ്ങളുടെ അരികിലേക്ക് വരും, എന്നിട്ട് എന്നെ കൂട്ടി എങ്ങോട്ടെങ്കിലും പോകാൻ ശ്രമിക്കും. അവൾ എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇതു കാരണം അവളുടെ കണ്ണ് വെട്ടിച്ചു കൊണ്ടാണ് ഞാൻ മീനയെ കാണാൻ പോകാറ്.

 

എൻഡ്രിയുടെ ഡയറി ഡിസംബർ 1937

ഇന്നലെ രാത്രി ആ യുവതി എന്റെ സ്വപ്നത്തിൽ വന്നു. ഭീകരമാർന്ന ഒരു സ്വപ്നമായിരുന്നു അത്. ശ്മശാനത്തിൽ വെച്ചാണ് ആ സ്വപ്നം അരങ്ങേറിയത്. പൂർണ്ണ നിലാവെളിച്ചത്തിൽ മണ്ണ് പിളർന്നുകൊണ്ട് ഉയർത്തെഴുന്നേൽക്കുന്ന ശവങ്ങളെയാണ് ഞാൻ അവിടെ കണ്ടത്. അവയുടെ ഇടയിൽ ആ യുവതി നിൽക്കുന്നുണ്ടായിരുന്നു. "ഇവയെല്ലാം നിങ്ങളെ വേട്ടയാടാൻ വരും" ആ യുവതി എനിക്ക് താക്കീത് നൽകി. പെട്ടെന്നാ ശവങ്ങളെല്ലാം എന്നെ വലയം ചെയ്തു. അവയുടെ ജീർണിച്ച കരങ്ങൾ, ഒരു വള്ളിപോലെ എന്റെ കഴുത്തിൽ ചുറ്റിപ്പടരാൻ തുടങ്ങി. എനിക്ക് ശരിക്കും ശ്വാസം മുട്ടുന്നത് പോലെ തോന്നി. അപ്പോഴാണ് ഞാൻ ഞെട്ടി ഉണർന്നത്.

ഇതിന്റെയെല്ലാം അർത്ഥം എന്താണ്. ഒന്നും മനസ്സിലാവുന്നില്ല. ദിവസം കഴിയുംതോറും നിഗൂഡതകൾ കൂടിക്കൂടി വരുകയാണ്. അലക്സാണ്ടർ എന്തൊക്കെയോ രഹസ്യങ്ങൾ ഒളിച്ചു വെക്കുന്നുണ്ട്. രാത്രികാലങ്ങളിൽ പുറത്തിറങ്ങരുതെന്ന് പറഞ്ഞതിൽ മറ്റെന്തോ കാര്യമുണ്ടാവാം. രാത്രികാലങ്ങളിൽ ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്തണം.

 

എൻഡ്രിയുടെ ഡയറി ഡിസംബർ 1937

ലാലു കണ്ടത് പോലെയുള്ള ഒരു ഭീകരമായ അനുഭവം എനിക്കുമുണ്ടായി. ഇന്നലെ രാത്രി ഞാൻ രണ്ടും കൽപ്പിച്ച് പുറത്തിറങ്ങാൻ തീരുമാനിച്ചു. മന്ദിരത്തിന്റെ പുറകുവശത്തിലൂടെ പുറത്തിറങ്ങാനായിരുന്നു എന്റെ പദ്ധതി. അതിനിടയിലാണ് ഞാൻ വീണ്ടും ആ കുട്ടിയുടെ കാൽ പെരുമാറ്റം കേട്ടത്. ഇത്തവണ ഞാൻ അവനെ വിടാതെ പിന്തുടർന്നു. അവൻ മിന്നൽ വേഗത്തിലായിരുന്നു ഓടിയത്. അവൻ ഓടിയിരിക്കാൻ സാധ്യത ഉള്ള വഴികൾ, ഏകദേശം കണക്ക് കൂട്ടിക്കൊണ്ടു ഞാൻ ഏറ്റവും മുകളിലത്തെ നിലയിൽ എത്തി. അവിടെയായിരുന്നു മാളികപ്പുര സ്ഥിതി ചെയ്തിരുന്നത്. ഞാൻ ഭിത്തിയിൽ തൂക്കി വെച്ചിരുന്ന ഒരു റാന്തൽ എടുത്തുകൊണ്ട്, മാളികപ്പുരയുടെ പടവ് കേറാൻ തുടങ്ങി. ഞാൻ പകുതി പടവു കേറിയശേഷം, റാന്തൽ പൊക്കിപ്പിടിച്ചുകൊണ്ട് ചുറ്റും ഒന്നും നോക്കി. അപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്. ഒരു കുട്ടിയുടെ പഴകിയ ശവശരീരം. അതിന്റെ മരിച്ച കണ്ണുകൾ, റാന്തൽ വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു. ആ വിചിത്രമായ സത്വത്തെയായിരുന്നു ഞാൻ ഇത്രയും നേരം പിന്തുടർന്നിരുന്നത്. എന്റെ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി. പെട്ടെന്നാ സത്വം എന്റെ നേർക്ക് ഇയഞ്ഞു വന്നു. ഭയം കാരണം എന്റെ മനസ്സിന്റെ നിയന്ത്രണം വിട്ടു. ഞാൻ പുറകോട്ട് തലയടിച്ചു വീണു. പിന്നെ കുറെ കഴിഞ്ഞതിനുശേഷം ആണ് എനിക്ക് ബോധം തിരിച്ചു കിട്ടിയത്. അപ്പോഴേക്കും ആ സത്വം അവിടെ നിന്നും അപ്രത്യക്ഷമായിരുന്നു.

ഞാൻ നടന്ന കാര്യങ്ങൾ എല്ലാം അലക്സാണ്ടറിനോട് പറഞ്ഞു. ഞാൻ പറഞ്ഞതൊന്നും അദ്ദേഹം വിശ്വസിച്ചില്ല. അത് ഞാൻ പ്രതീക്ഷിച്ചിരുന്നു. "ഇതെല്ലാം നിങ്ങളുടെ വെറും തോന്നലാണ്. ഇത്തരത്തിലുള്ള സ്ഥലങ്ങളിൽ പല അമാനുഷികമായ സംഭവങ്ങൾ നടക്കാറുണ്ടല്ലോ. അതുകൊണ്ടാവാം നിങ്ങൾ ഇങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടുന്നത്." അദ്ദേഹം പറഞ്ഞു.

"ഇതെന്റെ തോന്നൽ അല്ല. ഞാൻ നേരിട്ട് കണ്ട സംഭവമാണ് പറഞ്ഞത്. നമ്മൾ ഇവിടുന്ന് എത്രയും പെട്ടെന്ന് പോകുന്നതാണ് നല്ലത്," ഞാൻ പറഞ്ഞു. അദ്ദേഹം എന്റെ വാക്കുകൾക്ക് വില കൽപ്പിച്ചില്ല.

"നമ്മൾ ഇവിടെ സ്ഥിരവാസത്തിന് വന്നതല്ല. കുറച്ചുദിവസം കഴിഞ്ഞാൽ നമുക്ക് ഇവിടുന്ന് പോകാം" അത് പറഞ്ഞുകൊണ്ട് അദ്ദേഹം പോയി. ഞാനിനി എന്തൊക്കെ പറഞ്ഞാലും അദ്ദേഹം വിശ്വസിക്കാൻ പോകുന്നില്ല. സ്വന്തമായ അനുഭവങ്ങൾ ഉണ്ടായാൽ മാത്രമേ ആളുകൾ ഇത്തരത്തിലുള്ള കാര്യങ്ങൾ വിശ്വസിക്കു. ലാലുവിനോട് ഞാൻ വീണ്ടും അന്ന് കണ്ട രൂപത്തെക്കുറിച്ച് വിവരിക്കാൻ പറഞ്ഞിരുന്നു. അവനാവട്ടെ അന്ന് താൻ കണ്ടത് രണ്ടു ചിറകുകളുള്ള മാലാഖയെ ആയിരുന്നു എന്നാണ് പറഞ്ഞത്. അവന് തലയ്ക്ക് വെളിവില്ലെന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ ഒരാൾക്ക് നേരിൽ കണ്ട കാര്യം ഇങ്ങനെ മാറ്റി പറയേണ്ട ആവശ്യമുണ്ടോ. ഇപ്പോൾ എന്റെ ധൈര്യം ചോർന്നുകൊണ്ടിരിക്കുകയാണ്. ഇനിയൊരു സാഹസികത്തിന് മുതിരണോ എന്ന ചിന്തയിലാണ് ഞാനിപ്പോൾ.

 

എൻഡ്രിയുടെ ഡയറി ഡിസംബർ 1937

രാവിലെ എഴുന്നേറ്റപ്പോഴാണ് ഹാരിക്കും മായക്കും അപകടം പറ്റിയ വിവരം ഞാൻ അറിഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് അലക്സാണ്ടർ വ്യക്തമായി പറഞ്ഞു തന്നില്ല.മായക്ക് ബോധം നഷ്ടപ്പെട്ടിട്ടുണ്ട്. ഹാരിക്ക് ചെറിയ മുറിവുകൾ മാത്രമേയുള്ളൂ. എന്നാൽ അവനെ കാണാൻ അലക്സാണ്ടർ സമ്മതിച്ചില്ല. ഒടുവിൽ അലക്സാണ്ടറിന്റെ കണ്ണ് വെട്ടിച്ചു കൊണ്ടാണ് ഞാൻ അവന്റെ മുറിയിൽ ചെന്നത്. അവൻ തളർന്നു കിടക്കുകയായിരുന്നു. അവന്റെ നെറ്റിയിൽ പാസ്റ്റർ ഒട്ടിച്ചിരുന്നു. ഞാൻ അവനെ ഉണർത്തിക്കൊണ്ട് നടന്ന സംഭവത്തെക്കുറിച്ച് ചോദിച്ചു. അവൻ അല്പം സമയം എടുത്തുകൊണ്ട് പറയാൻ തുടങ്ങി.

"ഇന്നലെ രാത്രി ഒരു പന്ത്രണ്ട്‌ മണിയായി കാണും. വാതിൽ തട്ടുന്ന ശബ്ദം കേട്ടാണ് ഞാനുണർന്നത്. വാതിൽ തുറന്നു നോക്കിയപ്പോൾ, ഭയന്ന് വിറങ്ങലിച്ചു നിൽക്കുന്ന മായയെയാണ് ഞാൻ കണ്ടത്. ഞാൻ കാര്യം തിരക്കിയപ്പോൾ, അവൾ വീണ്ടുമാ കുട്ടിയെ കണ്ടെന്നാണ് പറഞ്ഞത്. അതൊരു മനുഷ്യക്കുഞ്ഞല്ലെന്നാണ് അവൾ പറയുന്നത്. എത്രയും വേഗം ഇവിടുന്ന് പോകണം എന്ന് അവൾ വാശി പിടിച്ചു. ഞാനത് അത്ര ഗൗരവമായി എടുത്തില്ല. എന്നാൽ അവൾ ഒറ്റയ്ക്ക് പോകാൻ പുറപ്പെട്ടപ്പോൾ, എനിക്ക് അവളുടെ ഒപ്പം പോകേണ്ടി വന്നു. കാറിന്റെ ചാവി അലക്സാണ്ടർ അറിയാതെ അവൾ എടുത്തിരുന്നു. പോകുന്ന വിവരം ആരോടും പറയരുതെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു അവൾ. അവളെ ദേഷ്യം പിടിപ്പിക്കുന്നത് നല്ലതല്ലെന്ന് കരുതി ഞാനൊന്നും പറയാൻ നിന്നില്ല. അവൾ വണ്ടി അതിവേഗത്തിലായിരുന്നു ഓടിച്ചത്. ഞാൻ വണ്ടിയുടെ വേഗത കുറയ്ക്കാൻ പറയുന്നതിനിടയിൽ അവൾ പെട്ടെന്ന് സ്റ്റേയറിങ് തിരിച്ചു. അപ്പോഴാണ് ഞാൻ മുന്നോട്ടു നോക്കിയത്. ഞങ്ങളുടെ മുന്നിൽ, വിചിത്രമായൊരു രൂപം നിൽക്കുന്നുണ്ടായിരുന്നു. ആ രൂപം എനിക്ക് വ്യക്തമായി കാണാൻ സാധിച്ചില്ലായിരുന്നു. അതിനിടയിൽ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ട്, ഒരു മരത്തിൽ ചെന്നിടിച്ചു. അപ്പോഴേക്കും ഞങ്ങളുടെ ബോധം നഷ്ടപ്പെട്ടിരുന്നു" 

അവൻ കൂടുതൽ പറയാൻ ഒരുങ്ങുമ്പോഴേക്കും മീന മുറിയിലേക്ക് കടന്നു വന്നു. ഞാൻ അവന്റെ മുറിയിൽ കടന്നതിന്റെ പേരിൽ, അവൾ എന്നെ കുറെ ശകാരിച്ചു. അവന് ഇപ്പോൾ വിശ്രമമാണ് വേണ്ടതെന്ന് പറഞ്ഞ് അവൾ എന്നെ മുറിയിൽ നിന്നും പുറത്താക്കി. ഈയൊരു പ്രശ്നം കൂടി ആയതോടെ എന്റെ മനസമാധാനം ആകെ നശിച്ചു.ഇവിടെ നിൽക്കുന്നത് അപകടമാണെന്നാണ് എനിക്ക് തോന്നുന്നത്. ഞാനീ കാര്യം അലക്സാണ്ടറോട് പറഞ്ഞിരുന്നു. കാർ നന്നാക്കി കിട്ടിയാൽ ഇവിടുന്ന് പോകാം എന്നാണ് അലക്സാണ്ടർ പറഞ്ഞത്. ഒരാഴ്ചയ്ക്കകം കാർ ലഭിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോഴേക്കും ഹാരിക്കും മായക്കും സുഖമായാൽ മതിയായിരുന്നു.

 

എൻഡ്രിയുടെ ഡയറി ഡിസംബർ 1937

ഒരാഴ്ച പോയിട്ട് ഒരു ദിവസം പോലും ഇവിടെ നിൽക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ് ഇപ്പോൾ. ഞാൻ തുടർച്ചയായി ഓരോ ദുസ്വപ്നങ്ങൾ കണ്ട് ഞെട്ടി ഉണരുകയാണ്. ഇന്ന് വളരെ ഭീകരമായ ഒരു സ്വപ്നമാണ് ഞാൻ കണ്ടത്. ഞാൻ ഈ മന്ദിരത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ ഹാരി എന്നെ തടഞ്ഞു നിർത്തി. ഞാനൊരു ഷോക്ക് അടിക്കുന്ന യന്ത്രം എടുത്തു അവനെ ബോധം കെടുത്താൻ ശ്രമിച്ചു. പക്ഷേ നിർഭാഗ്യവശാൽ അത് അവന്റെ തലയ്ക്കാണ് കൊണ്ടത്. അവൻ തരിച്ചു കൊണ്ട് നിലത്ത് വീണു. പെട്ടെന്നൊരു സെക്യൂരിറ്റി വന്നെന്നെ തടഞ്ഞുനിർത്താൻ ശ്രമിച്ചു. ഞാൻ മേശപുറത്തിരുന്ന സർജിക്കൽ നൈഫ് എടുത്ത് അയാളെ ആക്രമിച്ചു. പിന്നെ ഞാൻ കാറിൽ പോകുന്നതാണ് കണ്ടത്. ഞാനായിരുന്നു കാറോടിച്ചു കൊണ്ടിരുന്നത്. പെട്ടെന്ന് എന്റെ മുന്നിലേക്ക് തോക്കേന്തി കൊണ്ട് ഒരു ജീർണിച്ച രൂപം പ്രത്യക്ഷപ്പെട്ടു. അപ്പോഴേക്കും ഞാൻ ഞെട്ടി ഉണരുകയും ചെയ്തു. സ്വപ്നമായിരുന്നെങ്കിലും ഇതെല്ലാം ശരിക്കും നടന്നതുപോലെയാണ് എനിക്ക് തോന്നിയത്

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ