mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 ഭാഗം 7

ഏയ് എനിക്കൊരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസമായിരുന്നു അത്. അന്ന് ഹാരി പുറത്തു പോകണമെന്ന ആവശ്യവുമായി എന്റെ അരികിൽ വന്നിരുന്നു. അവൻ എന്തൊക്കെയോ ലക്ഷ്യം മുന്നിൽ കണ്ടിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ അവനോട് പുറത്തു പോക്കേണ്ട എന്ന് നല്ല രീതിയിൽ പറഞ്ഞു നോക്കി. അപ്പോൾ അവൻ എന്നോട് രൂക്ഷമായി കൊണ്ട് പെരുമാറാൻ തുടങ്ങി. പിന്നെ ആലോചിച്ചപ്പോൾ അവനെ പുറത്തുവിടുന്നത് നല്ലതായിരിക്കും എന്ന് ഞാൻ കരുതി. ഈ മന്ദിരത്തെ കുറിച്ചുള്ള കഥകൾ അറിയാൻ വേണ്ടി ആയിരിക്കും അവൻ പുറത്തു പോകുന്നത്. അത് ചിലപ്പോൾ അവന്റെ ഓർമ്മകളെ തിരിച്ചു കൊണ്ടുവരാൻ സഹായിച്ചേക്കും. അതുകൊണ്ട് ഞാൻ അവനെ പുറത്തു പോകാൻ അനുവദിച്ചു. നേരം ഇരുട്ടുന്നതിന് മുമ്പേ തിരിച്ചുവരാൻ അവനോട് ഞാൻ പറഞ്ഞു. അവൻ അതിന് സമ്മതിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.

അതിനിടയിൽ പുറത്തു കാവൽ നിന്നിരുന്ന മുത്തുവുമായി അവൻ ഏറ്റുമുട്ടി. സംഭവം വഷളാകുന്നതിനു മുൻപേ എനിക്ക് അവിടെ എത്താൻ കഴിഞ്ഞതുകൊണ്ട് വലിയ പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല. ഹാരിയുടെ വിചിത്രമായ ഒരു മുഖമാണ് ഞാനവിടെ കണ്ടത്. വളരെ ഗൗരവമേറിയതും, അധികാര ഭാവം കൂടിയതുമായ ഒരു മുഖം. അവന്റെ മാറ്റം എന്നെ അത്ഭുതപ്പെടുത്തി. അതുകൊണ്ട് അവൻ തിരിച്ചു വരുമോ എന്ന് എനിക്ക് ഭയമുണ്ടായിരുന്നു. എന്നാൽ അവൻ വാക്കു നൽകിയത് പോലെ തന്നെ ഇരുട്ടുന്നതിന് മുമ്പേ തിരിച്ചെത്തി. വന്ന പാടെ അവൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അവനീ മന്ദിരത്തിനെ കുറിച്ചുള്ള ചില കാര്യങ്ങളൊക്കെ മനസ്സിലായിട്ടുണ്ടാവും. രാത്രിയായപ്പോൾ അവൻ എന്റെ അരികിലേക്ക് വന്നിരുന്നു. എൻഡ്രി ഇവിടുന്ന് രക്ഷപ്പെടാൻ ഒരുങ്ങുന്ന കാര്യം അവൻ എന്നോട് പറഞ്ഞു. അവനെ ഇവിടുന്ന് രക്ഷപ്പെടാൻ സമ്മതിക്കരുതെന്ന് ഒരു താക്കീതും നൽകി. അവൻ ഒരു അധികാരിയുടെ സ്വരത്തിലായിരുന്നു അത് പറഞ്ഞത്. അവൻ തന്റെ പഴയ പ്രൗഢിയിലേക്ക് എത്തിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. എൻഡ്രി രക്ഷപ്പെടാൻ ഒരുങ്ങുന്ന വിവരം ഞാൻ മീനയോട് പറഞ്ഞു.

"അന്ന് അവൻ എന്താണ് ചെയ്യാൻ ശ്രമിച്ചത്, അതുതന്നെയായിരിക്കും ഇക്കുറിയും അവൻ ചെയ്യാൻ ശ്രമിക്കുക" മീന പറഞ്ഞു.

"അപ്പോൾ അവനെ ശ്രദ്ധിക്കുന്നത് നല്ലതല്ലേ" ഞാൻ അഭിപ്രായപ്പെട്ടു.

"അവന് സംശയം തോന്നാത്ത വിധത്തിൽ വേണം അവനെ ശ്രദ്ധിക്കാൻ. അവൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് നമുക്കറിയണം" മീന പറഞ്ഞതുപോലെ, അവന് സംശയം തോന്നാത്ത വിധത്തിൽ ഞാനവനെ വീക്ഷിക്കാൻ തുടങ്ങി.

പിറ്റേ ദിവസം അവനും ലാലുവും കൂടി എന്തോ ചർച്ച ചെയ്യുന്നത് ഞാൻ കണ്ടിരുന്നു. പിന്നെ അവൻ പതിവുപോലെ പുസ്തകം വായിക്കാൻ തുടങ്ങി. പിന്നെയങ്ങോട്ട് നിഗൂഢമായ ഒരു പ്രവർത്തിയോ ഭാവമാറ്റമോ അവനുണ്ടായിരുന്നില്ല. രാത്രി ആയതോടെ കാലാവസ്ഥ മോശമായി. പതിവിൽ കൂടുതലായി തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. റെയ്മണ്ട് വളരെ വേഗം തന്നെ ഭക്ഷണം ഉണ്ടാക്കി തീർത്തിരുന്നു. ഇന്ന് വിളമ്പാൻ അവർ ഉണ്ടാവില്ലെന്ന് എന്നോട് പറഞ്ഞു. അതിന്റെ കാരണം എന്താണെന്ന് ഞാൻ അയാളോട് തിരക്കി. "ഇന്ന് പൗർണമി നാളാണ്. പ്രേതങ്ങളെല്ലാം വിഹരിക്കുന്ന ദിവസം. നിങ്ങൾക്ക് ഇതിൽ ഒന്നും വിശ്വാസമുണ്ടാവില്ല. എന്നാൽ ഇത്രകാലത്തെ അനുഭവങ്ങൾ കൊണ്ട് പറയുകയാണ്, ഇവിടെ നിൽക്കുന്നതാപത്താണ് സാർ" അയാൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് അല്പം ഭയം തോന്നി. എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ. ഭക്ഷണത്തിന് സമയമായിട്ടും എൻഡ്രിയെ കാണാത്തതുകൊണ്ട് ഞാൻ അവന്റെ മുറി ചെന്ന് നോക്കി. അവനാ മുറിയിൽ ഇല്ലായിരുന്നു. മുറിയുടെ ജനൽ തുറന്നിട്ട നിലയിലായിരുന്നു കാണപ്പെട്ടത്. അപ്പോഴാണ് ലാലുവിനെ കാണുന്നില്ലെന്ന്, വില്യംസ് വന്നു പറഞ്ഞത്. അവർ കുറേ ദൂരം പോയിട്ടില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാനും വില്യംസും, അവരെ തേടിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി. തികച്ചും ഭീകരമായ കാലാവസ്ഥയായിരുന്നു അന്ന് ഉണ്ടായിരുന്നത്. മൂടൽമഞ്ഞ് മേഘങ്ങളെ പോലെ മുന്നിലൊരു തടസ്സമായി നിന്നിരുന്നു. നിലാവിന്റെ വെട്ടം ഉണ്ടായതുകൊണ്ട്, വഴികളെല്ലാം അല്പം തെളിഞ്ഞു കാണപ്പെട്ടിരുന്നു. വളരെ വേഗത്തിൽ നടന്ന് ഞങ്ങൾ പ്രധാന ഗേറ്റിന്റെ അരികിൽ എത്തി. അവിടെ എൻഡ്രിയും ലാലുവും ശിലാശില്പം പോലെ ചലനമറ്റു നിൽക്കുന്നുണ്ടായിരുന്നു. അവർ എന്തിനെയോ കണ്ടു ഭയന്നു നിൽക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ഗേറ്റിന്റെ അരികിൽ തോക്കേന്തി കൊണ്ടൊരു രൂപം നിൽക്കുന്നുണ്ടായിരുന്നു. വില്യംസ് മുത്തുവാണെന്ന് കരുതി ആ രൂപത്തെ നോക്കി ഉറക്കെ വിളിച്ചു. ആ രൂപം മൂടൽമഞ്ഞിന്റെ ഇടയിലൂടെ ഞങ്ങളുടെ അരികിലേക്ക് വന്നു. ഓ.. ആ സമയത്ത് എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. വാൾട്ടറിന്റെ ജീർണിച്ച ശവ ശരീരമായിരുന്നു അത്. അത് തന്റെ വെളുത്ത കണ്ണുകൾ കൊണ്ട്, ഞങ്ങളെ ഒന്ന് നോക്കി. തുടർന്ന് തോക്ക് ഉയർത്തിക്കൊണ്ട് വില്യംസിനെ ലക്ഷ്യമാക്കി വെടിയുയർത്തി. വില്യംസ് വെടിയേറ്റ് നിലത്ത് വീണു. നിരായുധരായ ഞങ്ങൾക്ക് തിരിഞ്ഞോടുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. വാൾട്ടറിന്റെ തോക്കിൽ നിന്നും ഉയരുന്ന വെടിയൊച്ചകൾ, ഒരു ഇടിമുഴക്കം പോലെ എന്റെ കാതുകളിൽ വന്നടഞ്ഞു. ജീവനെ ഭയന്നുകൊണ്ടുള്ള ഓട്ടത്തിലായിരുന്നു ഞങ്ങൾ. ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ഞങ്ങൾക്ക് സമയമുണ്ടായിരുന്നില്ല.

 മന്ദിരത്തിൽ എത്തിയ ഉടനെ ഞങ്ങൾ, കതക് ആഞ്ഞുമുട്ടി. കുറച്ച് സമയം എടുത്തുകൊണ്ടാണ് ആൽബർട്ട് വാതിൽ തുറന്നത്. ഞങ്ങൾ അകത്ത് കയറിയ ഉടനെ അവൻ വെപ്രാളത്തിൽ വാതിൽ അടച്ചു.അകത്തുണ്ടായവരും ഞങ്ങളെപ്പോലെ തന്നെ ഭയന്നു നിൽക്കുകയായിരുന്നു. കാര്യം തിരക്കിയപ്പോൾ ആൽബർട്ട് എന്നെ പുറകുവശത്തെ ജനലിന്റെ അരികിലേക്ക് കൊണ്ടുപോയി. ആ മന്ദിരത്തിൽ വെച്ച് മരണമടഞ്ഞ പലരുടെയും ജീവനുള്ള ശരീരങ്ങൾ, ഞങ്ങളെ ലക്ഷ്യമാക്കി കൊണ്ട് വരുന്നതാണ് ഞാൻ അവിടെ കണ്ടത്. എനിക്ക് തലകറങ്ങുന്നതുപോലെ തോന്നി.

"സാർ ഇപ്പോൾ നമ്മൾ എന്ത് ചെയ്യും" ആൽബർട്ട് ചോദിച്ചു.

"എല്ലാ വാതിലുകളും അടച്ചതാണോ എന്ന് നോക്ക്," ഞാൻ പറഞ്ഞതനുസരിച്ച് ആൽബർട്ട് മറുവശത്തേക്ക് നീങ്ങി. "ഞാൻ നിങ്ങളോട് പറഞ്ഞില്ലേ ഇവിടെ പ്രേതങ്ങൾ ഉണ്ടെന്ന്," തന്റെ വാദം ശരിയായ മട്ടിൽ എൻഡ്രി തുടർന്നു. "നമുക്ക് ഇപ്പോഴും രക്ഷപ്പെടാൻ സമയമുണ്ട്,". ഞാനെന്തു ചെയ്യണമെന്നറിയാതെ മീനയെ നോക്കി. അവർ സ്തംഭിച്ചു നിൽക്കുകയായിരുന്നു. ഇതുപോലെയുള്ള ഒരു കാഴ്ച അവൾ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടുണ്ടാവില്ല. എന്തിനേറെ പറയണം ഇത്രയും കാലത്തെ സർവീസ് ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം എനിക്ക് പോലും ഉണ്ടായില്ല. "സാർ ഒരു പ്രശ്നമുണ്ട്," ആൽബർട്ട് എന്റെ അരികിൽ വന്നു പറഞ്ഞു. അവനെ പിന്തുടർന്നുകൊണ്ട് ഞാൻ അടുക്കള ഭാഗത്തിലേക്ക് ചെന്നു നോക്കി. ആ സത്വങ്ങൾ അടുക്കള വാതിൽ തകർത്തുകൊണ്ട് അകത്തുകയറാൻ ശ്രമിക്കുന്നുണ്ടായിരുന്നു. "സാർ ഏത് നിമിഷം വേണമെങ്കിലും അവർ അകത്തു കടക്കാം" ആൽബർട്ട് പറഞ്ഞു. "നമുക്ക് എത്രയും പെട്ടെന്ന് പുറത്ത് കടക്കാനുള്ള വഴി കണ്ടെത്തണം" ക്യാബിനിൽ എത്തിപ്പെടുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അവിടുന്ന് സ്റ്റേഷനുമായി ബന്ധപ്പെടാൻ കഴിയുമെന്നായിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്.

ഞങ്ങൾ മറുവശത്തുള്ള വാതിലിന്റെ അരികിലേക്ക് നീങ്ങാൻ ആരംഭിച്ചു. അതിനിടയിലാണ് ഇടനാഴിയിൽ റിക്കി മരിച്ചു കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഞാൻ അതിനെ ഒന്ന് തട്ടി നോക്കി. അനക്കം ഒന്നുമില്ല. അതിനെയൊരു മൂലയിലേക്ക് മാറ്റിവെച്ച ശേഷം ഞങ്ങൾ വാതിലിന്റെ അരികിലേക്ക് നീങ്ങി. ഇരയെ കാത്തു നിൽക്കുന്ന ചെന്നായ്ക്കളെപ്പോലെ അവിടെയും ആ നശിച്ച സത്വങ്ങൾ നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ ഉടനെ ഹാളിലേക്ക് നീങ്ങി. ഹാളിൽ നിന്ന് പുറത്തേക്ക് നോക്കിയപ്പോഴും ഇതുതന്നെയിരുന്നു അവസ്ഥ. ആ സത്വങ്ങൾ മന്ദിരത്തിനു ചുറ്റും വളഞ്ഞിട്ടുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. "ഇനി നമ്മൾ എന്തു ചെയ്യും സാർ, നമ്മുടെ ആയുധങ്ങളെല്ലാം ക്യാബിനിലാണ് ഉള്ളത്," ആൽബർട്ട് പറഞ്ഞു. "നമ്മൾ എങ്ങനെയാണ് അവരെ നേരിടാൻ പോകുന്നത്," മീന ചോദിച്ചു. "പുറത്ത് കടന്നാൽ മാത്രമേ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും" ഞാൻ പറഞ്ഞു. "ഇവിടുന്ന് പുറത്ത് കടക്കാനുള്ള രഹസ്യ അറ, ഇവിടെ എവിടെയോ ഉണ്ട്. ഈ മന്ദിരം നിർമ്മിക്കാൻ ഉപയോഗിച്ച പ്ലാനിൽ അതേക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതെ.. കഴിഞ്ഞ പ്രാവശ്യം ഞാനാ വഴിയിലൂടെ രക്ഷപ്പെടാനായിരുന്നു വിചാരിച്ചത്," എന്തൊക്കെയോ ഓർത്തുകൊണ്ട് എൻഡ്രി തുടർന്നു. "ഹോ ദൈവമേ ഈ സംഭവങ്ങൾ വീണ്ടും ആവർത്തിക്കുകയാണല്ലോ,". അവന് ചില കാര്യങ്ങളൊക്കെ ഓർമ്മവരുന്നുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. ആ രഹസ്യ അറയെ കുറിച്ച് അവൻ പറഞ്ഞ കാര്യം നേരായിരിക്കാം എന്ന് എനിക്ക് തോന്നി. എതിരാളികളിൽ നിന്നും രക്ഷപ്പെടാൻ, ഒട്ടുമിക്ക കോട്ടകളിലും ഒരു രഹസ്യ അറ നിർമ്മിക്കുന്നത് പതിവാണ്. ഞാൻ സൗമ്യമായി കൊണ്ട് അവനോട് വീണ്ടും ആ കാര്യത്തെക്കുറിച്ച് ചോദിച്ചു. "അതേ..ഈ ചുമരുകളിൽ എവിടെയോ ആണ് ആ അറ സ്ഥിതി ചെയ്യുന്നത്,". അവൻ നെരിപ്പൊട്ടിന്റെ അരികിലുള്ള ചുമരിലേക്ക് ചൂണ്ടിക്കാട്ടി കൊണ്ട് പറഞ്ഞു. ഞങ്ങളാ ചുമരിന്റെ അരികിലേക്ക് ചെന്നു. "ഈ ചിത്രങ്ങളിലേതോ ഒന്ന് തിരിച്ചാലാണ് ആ അറ തുറക്കുക" ഭിത്തിയിൽ തൂക്കി വെച്ചിരുന്ന ചിത്രങ്ങളിലേക്ക് ചൂണ്ടിക്കാട്ടി കൊണ്ട് അവൻ പറഞ്ഞു. അവൻ ചില ചിത്രങ്ങൾ എല്ലാം മറച്ചും തിരിച്ചും നോക്കാൻ തുടങ്ങി. അതിൽ ഒരു ചിത്രം തിരിച്ചപ്പോൾ, ഭിത്തിയുടെ മറവിൽ നിന്നും ഒരു രഹസ്യ അറ തുറന്നു വന്നു. ഇരുട്ട് കട്ട പിടിച്ച ആ അറയിൽ, താഴോട്ട് ഇറങ്ങത്തക്ക വിധത്തിലുള്ള പടവുകൾ ഉണ്ടായിരുന്നു. ഞാൻ ഞെരിപ്പൊട്ടിന്റെ മുകളിൽ തൂക്കി വെച്ചിരുന്ന തോക്ക് കയ്യിലെടുത്തു. ആൽബർട്ട് ഒരു റാന്തൽ എടുത്തുകൊണ്ട്, ആ പടവുകൾ ഇറങ്ങാൻ തുടങ്ങി. ഞങ്ങൾ അവനെ പിന്തുടർന്നു. ആ പടവുകൾ അവസാനിക്കുന്നത് ഒരു തുരങ്കത്തിലേക്കാണ്. ഞങ്ങളാ തുരംഗത്തിലൂടെ മുന്നോട്ടു നടക്കാൻ തുടങ്ങി. തുരുമ്പരിച്ചു കിടക്കുന്ന ചെറിയ ജയിലുകൾ ഉണ്ടായിരുന്നു ആ തുരങ്കത്തിന്റെ ഇരുവശങ്ങളിലും. ആ തുരങ്കം അവസാനിച്ചത്, മന്ദിരത്തിനു പുറത്തുണ്ടായിരുന്ന ഒരു പഴയ കൂടാരത്തിൽ ചെന്നാണ്. ആ കൂടാരത്തിൽ നിന്നും നൂറടി ദൂരമുണ്ടായിരുന്നു ക്യാബിനിയിലേക്ക്. ഞങ്ങൾ ആ കൂടാരത്തിൽ നിന്നും വളരെ ശ്രദ്ധയോടെ പുറത്തേക്കിറങ്ങി.ഓരോ അടിയും ശ്രദ്ധയോടെ വെച്ചു കൊണ്ടായിരുന്നു ഞങ്ങളുടെ നടത്തം. കരിയിലയുടെ ഞരക്കം പോലും ആ നിശബ്ദതയെ കീറിമുറിക്കുന്ന വിധത്തിലായിരുന്നു. ബുഷ് ചെടികളുടെ അരികിൽ വരെ ബുദ്ധിമുട്ടില്ലാതെ എങ്ങനെയോ എത്തി. അപ്പോഴാണ് ആ ബുഷ് ചെടിയിൽ നിന്നും എന്തോ അനങ്ങുന്നത് പോലെ ഞങ്ങൾക്ക് തോന്നിയത്. പെട്ടെന്ന് എന്തോ ഒന്ന് ഞങ്ങളുടെ നേർക്ക് ചാടി വീണു. അതൊരു ജീർണ്ണിച്ച നായ ആയിരുന്നു. അതിന്റെ കണ്ണിൽ ചോരയുടെ ഒരു അംശം പോലും ഇല്ലായിരുന്നു. അത് പെട്ടെന്ന് നേഴ്സിന്‍റെ ദേഹത്തേക്ക് ചാടി വീണു. ഞാനെന്റെ കയ്യിലുള്ള തോക്കെടുത്തുകൊണ്ട് അതിനെ വെടിവെച്ചു. അൽഭുതം എന്ന് പറയട്ടെ, ആ സത്വം വെടിയേറ്റ ഭാവം പോലും കാണിക്കാതെ നേഴ്സിനെ കടിച്ചു കീറി. വെടിയൊച്ച കേട്ടതോടെ മറ്റു സത്വങ്ങളുടെ രൂപങ്ങൾ, മൂടൽമഞ്ഞിലൂടെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. നേഴ്സിനെ മരണത്തിലേക്ക് തള്ളിയിട്ടു കൊണ്ട് ഞങ്ങൾക്ക് അവിടുന്ന് രക്ഷപ്പെടേണ്ടി വന്നു.

ക്യാബിൻ ലക്ഷ്യം വെച്ചുകൊണ്ട് ഞങ്ങൾ അതിവേഗം കുതിച്ചു. ഞങ്ങളുടെ തൊട്ടു പിന്നാലെ ആ സത്വങ്ങളും ഉണ്ടായിരുന്നു. ഞങ്ങൾ വേഗം ക്യാബിനിൽ കയറി വാതിൽ അടച്ചു. സത്വങ്ങളെല്ലാം, തേനീച്ചക്കൂട്ടങ്ങൾ പോലെ ക്യാബിന് ചുറ്റും വലയം ചെയ്തു. മായയുടെ കരച്ചിൽ കേട്ടപ്പോളാണ് ഞാൻ ക്യാബിന്റെ മുറിയിൽ ചെന്ന് നോക്കിയത്. അവിടെ റൂഫിന്റെ മുകളിലായി മുത്തു തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. അത് ഞങ്ങളെയെല്ലാം ഒന്നും കൂടെ ഭയപ്പെടുത്തി. അത്തരം ഒരു കാഴ്ച ആരും പ്രതീക്ഷിച്ചിരുന്നില്ല. ഞാനും ആൽബർട്ടും ചേർന്ന് മുത്തുവിന്റെ മൃതദേഹം റൂഫിൽ നിന്നും താഴെക്കി ഇറക്കി. ആൽബർട്ട് സ്റ്റേഷനുമായി കണക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും, സിഗ്നൽ ലഭിച്ചില്ല. അപ്പോഴേക്കും ആ നശിച്ച സത്വങ്ങൾ വാതിൽ തല്ലിപ്പൊളിക്കാൻ തുടങ്ങിയിരുന്നു. "വാതിൽ ഏതു നിമിഷം വേണമെങ്കിലും തകർന്നുവീഴാം" എൻഡ്രി ഉറക്കെ വിളിച്ചു പറഞ്ഞു. എന്തുചെയ്യണമെന്നറിയാതെ ഞാൻ അല്പനേരം മൗനം പാലിച്ചു നിന്നു. "സാർ, പുറകിലെ വാതിൽ തുറന്നാൽ മതിലിന്റെ അരികിലേക്ക് പോവാൻ കഴിയും" ആൽബർട്ട് പറഞ്ഞു. "പക്ഷേ നമുക്ക് ഓടി അവിടെ എത്താൻ കഴിയുമെന്ന് തോന്നുന്നില്ല. ആ സത്വങ്ങൾ എളുപ്പത്തിൽ നമ്മളെ പിടികൂടും" ഞാൻ അഭിപ്രായപ്പെട്ടു. "നിങ്ങൾ പുറകിലൂടെ രക്ഷപ്പെട്ടോളൂ ഞാൻ ഇവരെ കൈകാര്യം ചെയ്തോളാം" "അത് അപകടമാണ്," ആൽബർട്ട് പറഞ്ഞു തീരുന്നതിനു മുൻപേ ഞാൻ ഇടയിൽ കയറി പറഞ്ഞു. "സാർ എന്നെ കുറിച്ച് ഓർത്ത് ദുഃഖിക്കേണ്ട. നമ്മുടെ ലക്ഷ്യം, ഇവരുടെ ജീവൻ രക്ഷിക്കുക എന്നതാണ്," പലതും പറഞ്ഞ് അവനെ പിന്തിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ അതിലൊന്നും കാര്യമുണ്ടായില്ല. അവനൊരു ധീരയോദ്ധാവിനെ പോലെ എന്തും നേരിടാൻ തയ്യാറായ മട്ടിൽ ഒരുങ്ങി നിൽക്കുകയായിരുന്നു. ഒടുവിൽ ഞങ്ങൾ ക്യാബിനിൽ ഉള്ള ആയുധങ്ങളെല്ലാം ഒരു ബാഗിൽ ശേഖരിച്ചുകൊണ്ട് പുറത്തിറങ്ങാൻ തയ്യാറെടുത്തു. ഞാൻ പുറകുവശത്തെ വാതിൽ തുറന്ന സമയം തന്നെ ആൽബർട്ട് മുൻവശത്തെ വാതിൽ തുറന്നു കൊണ്ട് ആ സ്വത്വങ്ങളെ ഒക്കെ അകത്തേക്ക് വിളിച്ചുവരുത്തി. അതേസമയം ഞങ്ങൾ മതിലിന്റെ അരികിലേക്ക് ഓടാൻ തുടങ്ങി. ചില സത്വങ്ങൾ ഞങ്ങളെ പിന്തുടർന്ന് വരാൻ തുടങ്ങിയിരുന്നു.ഞാൻ മതിലിന്റെ അരികിൽ എത്തിയ ശേഷം, മരത്തടികൾ നീക്കിവെച്ചുകൊണ്ട് മതിൽ ചാടി കടക്കാൻ പറ്റുന്ന വിധത്തിൽ ആക്കി വെച്ചു. ആദ്യം മീനയോടും ലൂസിയോടും, മതിൽ ചാടിക്കടക്കാൻ ഞാൻ പറഞ്ഞു. ഞങ്ങൾ നാല് പേരും അവരെ സംരക്ഷിച്ചുകൊണ്ട് ആ സത്വങ്ങളെ നേരിടാൻ തുടങ്ങി. ഹാരി ഞങ്ങളെ ആക്രമിക്കാൻ വന്ന ഒരു സത്വത്തിന്റെ ശിരസ്സ് ലക്ഷ്യമാക്കി കൊണ്ട് വെടിയുയർത്തി. അത്ഭുതമെന്ന് പറയട്ടെ ആ സത്വം മരിച്ചത് പോലെ നിലം പതിഞ്ഞു. ആ പിശാചുകളുടെ ശിരസ്സ് ഛേദിച്ചാൽ അവ മരണപ്പെടുമെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങളുടെ ബുള്ളറ്റ് തീരുന്നതുവരെ ഞങ്ങൾ അവരുടെ ശിരസ്സ് ലക്ഷ്യമാക്കിക്കൊണ്ട് വെടിവെച്ചു. ബുള്ളറ്റ് തീർന്നതോടെ ഞങ്ങൾ ക്യാബിനിൽ നിന്നും എടുത്ത മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് അവയെ നേരിടാൻ തുടങ്ങി. ആ സംഘർഷം അല്പനേരം നേരം നീണ്ടു നിന്നിരുന്നു.അതിനിടയിൽ ഒരു കൂട്ടം സത്വങ്ങൾ ചേർന്ന് ലാലുവിനെ കടിച്ചു കൊന്നു. അവയുടെ മൂർച്ചയുള്ള പല്ലുകൾ കൊണ്ട് എനിക്ക് ആയത്തിലുള്ള മുറിവേറ്റു. അവയെ ചെറുത്തുനിൽക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ലായിരുന്നു. വളരെ കഷ്ടപ്പെട്ടുകൊണ്ടാണ് ഞങ്ങളാ മതിൽ ചാടിക്കടന്നത്. അതിനിടയിൽ ചില സത്വങ്ങളാ മതിൽ അള്ളിപ്പിടിച്ച് കേറാൻ തുടങ്ങി. ഞാൻ ക്യാബിനിൽ നിന്നും എടുത്ത മണ്ണെണ്ണ കുപ്പി ആ മതിലിന്മേൽ എറിഞ്ഞു പൊട്ടിച്ച ശേഷം തീ കൊളുത്തി. വളരെ പെട്ടെന്ന് തന്നെ തീ ആളി പിടിച്ചതോടെ ആ സത്വങ്ങളെല്ലാം ഭയന്നുകൊണ്ട് പുറകോട്ട് നീങ്ങാൻ തുടങ്ങി. ആ അവസരം മുതലെടുത്തുകൊണ്ട് ഞങ്ങൾ അവിടുന്ന് രക്ഷപ്പെട്ടു. ഘോരമായ ആ കൂറ്റാക്കൂരിരുട്ടിലൂടെ, എങ്ങോട്ടെന്നില്ലാതെ ആയിരുന്നു ഞങ്ങളുടെ നടത്തം.ചെന്നായികളുടെ ആർപ്പുവിളി എങ്ങും നിറഞ്ഞു കേൾക്കാമായിരുന്നു. "നമുക്ക് അൽപനേരം വിശ്രമിക്കാം" അവശതയോടെ എൻഡ്രി പറഞ്ഞു. അപ്പോഴാണ് ഞാൻ അവനെ ശ്രദ്ധിച്ചത്. അവന്റെ കഴുത്തിൽ കടിയേറ്റതിന്റെ വലിയ പാടുണ്ടായിരുന്നു. അതിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്നത് ഞങ്ങൾ കണ്ടു. "ഈയൊരു അവസ്ഥയിൽ ഇവനു മുന്നോട്ട് നടക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല" മീന പറഞ്ഞു തീരുമ്പോഴേക്കും എൻഡ്രി ബോധംകെട്ട് നിലത്ത് വീണു. ഞാൻ അവനെ എടുക്കാൻ ശ്രമിച്ചപ്പോൾ മീന എന്നെ തടഞ്ഞു. "നമ്മൾ ഇതുവരെ കണ്ടവരെല്ലാം മരണപ്പെട്ടവരാണ് പക്ഷേ അവർ പ്രേതങ്ങളല്ല.ഇതൊരു തരത്തിലുള്ള അവസ്ഥയാണെന്നാണ് എനിക്ക് തോന്നുന്നത്. എൻഡ്രിക്ക് അവരിൽ നിന്നും കടിയേറ്റിട്ടുണ്ട്. ഇതൊരു വൈറസിന്റെ പ്രവർത്തിയാണെങ്കിൽ ഇവനും അവരെ പോലെ ആവാൻ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മൾ ഒന്ന് ശ്രദ്ധിക്കണം" മീനയുടെ സിദ്ധാന്തം കേട്ടപ്പോൾ, ഞാനൊന്നു ഭയന്നു. കാരണം എനിക്കും ആ പിശാചുക്കളിൽ നിന്നും കടിയേറ്റിട്ടുണ്ടായിരുന്നു. അവ പ്രത്യക്ഷത്തിൽ കാണാൻ പറ്റുന്നവ അല്ലായിരുന്നു. ഹാരിയുടെ ശരീരത്തിൽ കടിയേറ്റ പാടുകൾ ഉണ്ടായിരുന്നില്ല. ആ സത്വങ്ങൾ ഞങ്ങളെ രണ്ടു പേരെയായിരുന്നു കൂടുതലായി ആക്രമിച്ചത്. "നീ പറഞ്ഞത് തള്ളിക്കളയാൻ പറ്റില്ല. എന്തായാലും നമുക്ക് ഇവനെ ഇങ്ങനെ കിടത്താൻ കഴിയില്ല. നമുക്ക് തൽക്കാലത്തേക്ക് ഇവനെ ഒരു സുരക്ഷിത സ്ഥലത്തിരുത്താം" ഞാൻ അഭിപ്രായപ്പെട്ടു. ഞാനും ഹാരിയും അവനെ താങ്ങിക്കൊണ്ട് ഒരു മരത്തിന്റെ തണലിൽ ഇരുത്തി. "നമുക്ക് എത്രയും പെട്ടെന്ന് ആരുടെയെങ്കിലും സഹായം തേടണം" മീന പറഞ്ഞു. "ഇവനെ ഇവിടെ ഒറ്റയ്ക്ക് ആക്കി പോകുന്നത് നല്ലതല്ല. അതുകൊണ്ട് നിങ്ങൾ മൂന്നുപേരും പോയിക്കോ ഞാൻ ഇവിടെ നിൽക്കാം" ഞാൻ പറഞ്ഞ കാര്യം അവർ അത്ര പെട്ടെന്ന് ഉൾക്കൊണ്ടില്ല. "എനിക്കും അവയിൽ നിന്ന് കടിയേറ്റിട്ടുണ്ട്," ഞാൻ പറഞ്ഞു. "ഞാനൊരു ഊഹമാണ് പറഞ്ഞത്. അത് ശരിയായി കൊള്ളണമെന്നില്ല" മീന പറഞ്ഞു. "എന്തായാലും മുൻകരുതൽ എടുക്കുന്നത് നല്ലതാണ്. എനിക്കൊന്നും സംഭവിച്ചില്ലെങ്കിൽ ഞാൻ, ഇവനെയും കൊണ്ട് ഇവിടുന്ന് രക്ഷപ്പെടുന്നുണ്ട്. അതിനു മുന്നേ നിങ്ങൾ ഇവിടുന്ന് രക്ഷപ്പെടണം" ഞങ്ങളെ അവിടെ ഉപേക്ഷിച്ചു പോകാൻ അവർക്ക് മനസ്സ് വന്നില്ല. പ്രത്യേകിച്ച് മീനയ്ക്ക്.ഞാൻ വീണ്ടും അവരെ നിർബന്ധിച്ചപ്പോൾ, അവർ അവിടുന്ന് പോകാൻ തയ്യാറായി. അവർ അവിടെ നിന്ന് പോവാൻ ഒരുങ്ങിയപ്പോൾ ആണ് രണ്ട് ചെന്നായ്ക്കൾ റോഡിനരികിലൂടെ വരുന്നത് ഞങ്ങൾ കണ്ടത്. അവ രണ്ടും മരിച്ചതായിരുന്നു. അതിലൊരു ചെന്നായയുടെ പല്ലിൽ, ചോര ഊർന്നു നിൽപ്പുണ്ടായിരുന്നു. അത് നേഴ്സിനെ കടിച്ചു കൊന്ന പിശാചായിരിക്കുമെന്ന് ഞാൻ ഊഹിച്ചു. "നിങ്ങൾ രക്ഷപ്പെട്ടോളൂ ഇവയുടെ കാര്യം ഞാൻ നോക്കിക്കോളാം" ഞാനവയെ നേരിടാൻ ഒരുങ്ങിയപ്പോൾ മീന എന്നെ തടഞ്ഞു. ഞാൻ അവൾ പറയുന്നതൊന്നും കേൾക്കാൻ നിന്നില്ല. അപ്പോൾ അവരെ രക്ഷിക്കാൻ എന്റെ മുന്നിൽ മറ്റൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. ഞാനൊരു വടിയിൽ, കത്തി മുറുകെ കെട്ടി കൊണ്ട് അവയെ നേരിടാൻ ചെന്നു. അവ പൈശാചികമായി എന്നെ ആക്രമിക്കാൻ തുടങ്ങി. എന്നെക്കൊണ്ട് ആകുന്ന വിധത്തിൽ ഞാനവയെ നേരിട്ടു. ഏത് നിമിഷം വേണമെങ്കിലും എന്റെ ജീവൻ നഷ്ടപ്പെടും എന്ന് എനിക്കുറപ്പായിരുന്നു.പെട്ടെന്ന് എന്റെ പുറകിലായി ഒരു വെളിച്ചം പ്രത്യക്ഷപ്പെട്ടു. തൊട്ടു പിന്നാലെ ഒരു ഹോൺ അടി ശബ്ദവും. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ, കാറോടിച്ചു വരുന്ന മിത്രയെയാണ് കണ്ടത്. അവന്റെ കൂടെ മറ്റൊരു ഓഫീസറും ഉണ്ടായിരുന്നു. വണ്ടിയുടെ ശബ്ദം കേട്ടതോടെ ചെന്നായ്ക്കൾ തിരിഞ്ഞോടി. കാറിന്റെ വാതിൽ തുറന്നു കൊണ്ട് മിത്ര പുറത്തേക്ക് ഇറങ്ങി. ഒരു ദേവദൂതൻ മുന്നിൽ പ്രത്യക്ഷപ്പെട്ട ഒരു അനുഭൂതിയായിരുന്നു എനിക്ക് അപ്പോൾ ഉണ്ടായിരുന്നത്. ഞങ്ങൾ എൻഡ്രിയെ കാറിൽ കയറ്റിക്കൊണ്ട്, അവിടുന്ന് വേഗം സ്ഥലം വിട്ടു. പോകുന്ന വഴി ഞാൻ മിത്രയോട് എല്ലാം വിവരിച്ചു. അവനെല്ലാം വിശ്വസിച്ച മട്ടിൽ തന്നെയായിരുന്നു പ്രതികരിച്ചത്.

ഞങ്ങൾ ആദ്യം ചെന്നത് ആശുപത്രിയിലേക്കാണ്. എൻഡ്രിയെയും മായയെയും അവിടെ അഡ്മിറ്റ് ചെയ്തു. നടന്ന ഭീകരമായ സംഭവങ്ങൾ കൊണ്ടാവാം, മായ അവിടെ എത്തുമ്പോഴേക്കും ബോധരഹിതയായിരുന്നു. സത്വങ്ങളുടെ കടിയേറ്റത് മൂലം, എനിക്കും ചികിത്സയിൽ കഴിയേണ്ടി വന്നു. ഞങ്ങളുടെ ശരീരത്തിൽ നിന്നും വൈറസിന്റെ അംശം ഒന്നും ഡോക്ടർമാർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു സാധാരണ മനുഷ്യൻ കടിച്ചുണ്ടാക്കിയ മുറിവായിട്ടാണ് അവർ അതിനെ വിശകലനം ചെയ്തത്. പിറ്റേദിവസം ആയപ്പോഴേക്കും എനിക്ക് ഭേദം തോന്നിത്തുടങ്ങി. ഞാൻ വേഗത്തിൽ തന്നെ അവിടുന്ന് ഡിസ്ചാർജ് ചെയ്തു.

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ