mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 10

മിത്രയുടെ കുറിപ്പ് അലക്സാണ്ടർ എഴുതിയ കേസ് ഡയറിയുടെ അവസാന കുറിപ്പുകളാണിത്. മീനയിൽ നിന്നും ലഭിച്ച വിവരങ്ങളും, ഞങ്ങൾക്കുണ്ടായ അനുഭവങ്ങളുമാണ് ഞാൻ ഇതിൽ വിവരിക്കുന്നത്. ഞങ്ങൾ ലണ്ടനിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന സമയത്താണ് മീന അയച്ച ഒരു കത്ത് അലക്സാണ്ടറിന് കിട്ടിയത്. അതേ തുടർന്ന് ഞങ്ങൾ വേഗം തന്നെ ലണ്ടനിലേക്ക് തിരിച്ചു. ഞങ്ങൾ ഏഴ് പേരായിരുന്നു ലണ്ടനിലേക്ക് പോയത്. മീന കത്തിൽ പരാമർശിച്ച ആന്ദ്രാസിനെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഞങ്ങൾ അവിടെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെന്നു. അവൻ ഒന്ന് രണ്ട് മോഷണക്കേസിൽ അകത്തു കിടന്നിരുന്നു. അതുപോലെ അവന്റെ പേരിൽ ചില കൊലപാതക കേസുകളും ഉണ്ടായിരുന്നു. മതിയായ തെളിവുകൾ ഇല്ലാത്തതുകൊണ്ട് അവനെ അവർക്ക് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. അവൻ മെഡിക്കൽ പരീക്ഷണത്തിന് വേണ്ടി ശവശരീരങ്ങൾ എത്തിച്ചു കൊടുക്കാറുണ്ടായിരുന്നു. അതിൽ ചിലരെയൊക്കെ അവൻ കൊന്നതാണെന്നായിരുന്നു അവനെതിരെ ഉന്നയിച്ച വാദം. അവൻ തന്നെയാണ് കുറ്റം ചെയ്തതെന്നാണ് ഇവർ വിശ്വസിക്കുന്നത്. അവന്റെ മാതാപിതാക്കളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും അവർക്ക് അറിയില്ലായിരുന്നു. അവൻ ഒരു അനാഥനാണെന്നാണ് അവർ പറഞ്ഞത്.

"നമുക്ക് ഇപ്പോൾ അവനെ കുറിച്ച് ഏകദേശം ഒരു ധാരണ കിട്ടിയിട്ടുണ്ട്. ഇനി നമുക്ക് അവനെ പോയി ഒന്ന് കാണാം" അലക്സാണ്ടർ പറഞ്ഞു. "അവനെ ചോദ്യം ചെയ്യാനാണോ" ഞാൻ ചോദിച്ചു. "അവനെക്കുറിച്ച് കൂടുതൽ ഒന്നും അറിയാതെ നമുക്ക് അവനെ ചോദ്യം ചെയ്യാൻ കഴിയില്ല. ഇപ്പോൾ നമ്മൾ അവനെയൊന്ന് പരിചയപ്പെടാനാണ് പോകുന്നത്," അലക്സാണ്ടർ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായി. എന്തെങ്കിലുമൊന്ന് മുൻകൂട്ടി കാണാതെ അദ്ദേഹം ഇങ്ങനെയൊന്നും പറയില്ല.

സ്റ്റേഷനിൽ നിന്നും ഇറങ്ങിയശേഷം ഞങ്ങൾ ഹാരിയുടെ വീട്ടിലേക്കാണ് പോയത്. അപ്പോഴേക്കും നേരം ഇരുട്ടിരുന്നു. ഹാരി അന്ന് ഡിസ്ചാർജ് ചെയ്യുന്നത് കൊണ്ട് മീന് ആശുപത്രിയിൽ ആയിരുന്നു. ഹാരിയെ കൂട്ടിക്കൊണ്ട് വീട്ടിലേക്ക് മടങ്ങാനായിരുന്നു അവൾ വിചാരിച്ചിരുന്നത്. അതിനിടയിലാണ് മിസ്റ്റർ എഡ്വേർഡ് മരിച്ച വിവരം മീന അറിഞ്ഞത്. കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി, മീനക്ക് വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. മീന വീട്ടിലെത്തുമ്പോഴേക്കും പോലീസുകാർ ഒക്കെ അവിടുന്ന് മടങ്ങിയിരുന്നു. അവൾ ചെന്ന പാടെ ആന്ദ്രാസിനോട് കാര്യം തിരക്കി. ബാൽക്കണി വൃത്തിയാക്കുന്നതിനിടയിൽ അയാൾ നിലത്തേക്ക് തെന്നി വീണതാണെന്നാണ് അവൻ പറഞ്ഞത്. അത് അവൾ വിശ്വസിച്ചില്ല. "സോഫിയയും ഡയാനയും എവിടെയാണ്. സംഭവം നടന്ന സമയത്ത് അവർ ഇവിടെ ഉണ്ടായിരിക്കുമല്ലോ?" "ഇല്ല മേം. എന്തോ അത്യാവശ്യ കാര്യത്തിന് വേണ്ടി അവർ വീട്ടിലേക്ക് പോയതാണ്," "അപ്പോൾ ഞാൻ വിചാരിച്ചത് പോലെ തന്നെ" "എന്താണ് മേം?" "നീ പറഞ്ഞതൊക്കെ ഞാൻ വിശ്വസിച്ചു എന്ന് കരുതേണ്ട. എനിക്കറിയാം ഇതിനെല്ലാം പിന്നിൽ നീയാണെന്ന്," മീന രൂക്ഷമായി കൊണ്ടു പറഞ്ഞു. "മേം നിങ്ങൾ എന്താണ് ഈ പറയുന്നത്," "നീ നല്ലവനായി അഭിനയിക്കേണ്ട, നിന്നെ കുറിച്ചുള്ള കാര്യങ്ങളൊക്കെ എനിക്കറിയാം. മര്യാദയ്ക്ക് സത്യം പറയുന്നതാണ് നിനക്ക് നല്ലത്," അവൾ പറഞ്ഞതിൽ നിന്നും അവൻ കുറേ കാര്യങ്ങൾ ഊഹിച്ചെടുത്തു.

 "സോറി മേം" അവൻ പറഞ്ഞു തുടങ്ങി. "അയാളോട് ഇവിടുന്ന് പോകാൻ ഞാൻ മര്യാദയ്ക്ക് പറഞ്ഞതാണ്, കേട്ടില്ല. അതുകൊണ്ടാണ് എനിക്ക് കൊല്ലേണ്ടി വന്നത്" യാതൊരു വികാരവും കൂടാതെയായിരുന്നു അവൻ അത് പറഞ്ഞത്.മീന അൽപ്പനേരത്തേക്ക് തരിച്ച് നിന്നുപോയി. "നിനക്ക് എത്ര ധൈര്യം വന്നു. എന്റെ മുഖത്ത് നോക്കി ഇങ്ങനെ സംസാരിക്കാൻ" അവൾ അമ്പരപ്പ് വിടാതെ പറഞ്ഞു. "മേടത്തിനല്ലേ സത്യം അറിയേണ്ടത്," "നിന്നെ ഞാൻ വെറുതെ വിടില്ല" അവൾ ദേഷ്യത്തോടെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞു. "നിങ്ങൾക്ക് ഇവിടുന്ന് പോകണമെങ്കിൽ എന്റെ അനുവാദം വേണം" ആന്ദ്രാസ് പറഞ്ഞു. "എന്നെ തടയാൻ നീ ആരാണ്," മീന രൂക്ഷമായി കൊണ്ട് ചോദിച്ചു. "അയാം യുവർ ഫാദർ ബേബി" പെട്ടെന്ന് അവന്റെ മുഖം ഭാവം മാറി. അവൻ പോക്കറ്റിൽ നിന്നും ഒരു വിസിൽ എടുത്തു കൊണ്ട് ഊതി. മീന അത് ശ്രദ്ധിക്കാതെ, കോപത്തോടെ വാതിൽ തുറന്നു. അവൾ പുറത്തേക്കിറങ്ങാൻ നോക്കിയപ്പോൾ, ജീർണിച്ചൊരു ശവശരീരം അവളുടെ നേർക്ക് കുതിച്ചു വരുന്നത് അവൾ കണ്ടു. അവൾ ഭയപ്പാടോടെ വീടിനകത്തേക്ക് കയറി. അപ്പോൾ ആന്ദ്രാസ് ഒരു വടി കൊണ്ട് അവളെ തലയ്ക്ക് അടിച്ചു. മീന ബോധം കെട്ട് നിലത്ത് വീണു. അവൾക്ക് ബോധം തിരിച്ചു കിട്ടിയപ്പോൾ, അവൾ ഒരു നിലവറയ്ക്കകത്തായിരുന്നു. അവളുടെ കൈകൾ ഒരു കസേരയുമായി ബന്ധിക്കപ്പെട്ടിരുന്നു. അവൾ കണ്ണ് തുറന്ന് മുന്നോട്ടു നോക്കി. അവളുടെ മുൻപിലായി ആന്ദ്രാസ് നിൽപ്പുണ്ടായിരുന്നു. അവിടെ മന്ദിരത്തിൽ ഉള്ളതുപോലെയുള്ള ജയിലുകൾ ഉണ്ടായിരുന്നു. ജയിലിനകത്ത് ചില സത്വങ്ങൾ നിൽപ്പുണ്ടായിരുന്നു. മീനയ്ക്ക് വല്ലാതെ ഭയം തോന്നി. താൻ എവിടെയാണ് എത്തിപ്പെട്ടതെന്ന് അവൾക്ക് മനസ്സിലായില്ല. "നീയെന്നെ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്," അവൾ ചോദിച്ചു. അവനൊന്നും മിണ്ടിയില്ല.

അല്പസമയം കഴിഞ്ഞപ്പോൾ അവിടേക്ക് ഹാരി കടന്നുവന്നു. മീന അത്ഭുതത്തോടെ അവനെ നോക്കി. "സോറി മീന. നിന്നോട് എല്ലാം തുറന്നുപറയണമെന്ന് ഞാൻ വിചാരിച്ചതാണ്. പക്ഷേ അതിന് പറ്റിയ ഒരു സന്ദർഭം ലഭിച്ചില്ല" ഹാരി പറഞ്ഞു. "അപ്പോൾ നീയാണോ റെയ്മണ്ടിന്റെ മകൻ" "അതെ" അവൾ ഞെട്ടിപ്പോയി. ഇതിന്റെയെല്ലാം പിന്നിൽ ഹാരി ആയിരിക്കും എന്ന് അവൾ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. "എന്തുപറഞ്ഞാണ് നിന്നെ സമാധാനിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ല. പക്ഷേ എന്റെ ജീവിതം എങ്ങനെ ഉള്ളതായിരുന്നു എന്ന് നീ അറിയണം. കഷ്ടപ്പാടും ദുഃഖങ്ങളും നിറഞ്ഞൊരു ജീവിതം ആയിരുന്നു എന്റേത്. പള്ളിക്കൂടത്തിൽ പോകുമ്പോൾ മാത്രമായിരുന്നു എനിക്ക് അല്പമെങ്കിലും സന്തോഷം തോന്നിയിരുന്നത്. അല്ലാത്ത സമയങ്ങളിൽ എല്ലാം ഞാൻ അപ്പനെ സഹായിക്കാൻ വേണ്ടി ആ മന്ദിരത്തിൽ പോകുമായിരുന്നു. വാൾട്ടറിന്റെ മൂത്ത മകനായ പീറ്റർ എന്നെ ഒരു അടിമയായിട്ടാണ് കണ്ടത്. അവൻ എന്നെ കളിക്കാൻ വിളിക്കുമ്പോൾ, എനിക്ക് വളരെ സന്തോഷം തോന്നുമായിരുന്നു. എന്നാൽ എല്ലാ കളിയിലും അവന് ജയിക്കണം, അതിന് അവൻ എന്നെ മനപ്പൂർവ്വം തോൽപ്പിക്കും. അല്ലെങ്കിൽ കളി അവസാനിപ്പിച്ചുകൊണ്ട് അവനെന്നെ മർദ്ദിക്കും. അവന്റെ ആട്ടും തുപ്പും സഹിച്ചു കൊണ്ടായിരുന്നു ഞാൻ അവിടെ ജോലി ചെയ്തത്. വാൾട്ടറും ഒട്ടും മോശമല്ലായിരുന്നു, അവിടെ ജോലി ചെയ്യുന്നവരോടൊക്കെ അയാളും വളരെ ക്രൂരമായി കൊണ്ടാണ് പെരുമാറിയത്. അയാൾ ഒരു കാരണവുമില്ലാതെ എന്റെ അപ്പനെ മർദ്ദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നോട് അയാൾക്ക് വെറുപ്പായിരുന്നു. ഞാൻ അവിടെ നിന്നാൽ, എന്നെ അവർ പള്ളിക്കൂടത്തിൽ വിടാൻ സമ്മതിക്കില്ലെന്ന് അപ്പന് അറിയാമായിരുന്നു. അതുകൊണ്ട് അപ്പൻ എന്നെ അമ്മച്ചിയുടെ വീട്ടിലേക്ക് അയച്ചു. അവിടെ എപ്പോഴും പട്ടിണിയും പരിവട്ടവുമായിരുന്നു. മന്ദിരത്തിൽ ആയ സമയത്ത് രണ്ടുനേരം ഭക്ഷണം എങ്കിലും ലഭിക്കുമായിരുന്നു. ഇവിടെ എന്റെ വിശപ്പടക്കാൻ വേണ്ടി അപ്പാപ്പൻ വളരെ കഷ്ടപ്പെട്ടിരുന്നു. എനിക്ക് സമയം കിട്ടുമ്പോൾ ഒക്കെ ഞാൻ അദ്ദേഹത്തെ സഹായിക്കുമായിരുന്നു. അമ്മച്ചിയും വീട്ടിലേക്ക് വരുന്നുണ്ടെന്ന് കേട്ടപ്പോൾ ഞാൻ വളരെയേറെ സന്തോഷിച്ചതായിരുന്നു. പക്ഷേ അതിനിടയിൽ ആ ദുഷ്ടൻ കാരണം എന്റെ അമ്മച്ചി ജീവനൊടുക്കി. ഞങ്ങളുടെ ജീവിതം നശിപ്പിച്ച വാൾട്ടറിനോടും കുടുംബത്തോടും എനിക്ക് തീർത്താൽ തീരാത്ത പകയായിരുന്നു.

എന്റെ അപ്പാപ്പൻ ഒരു മന്ത്രവാദിയായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തി ഇഷ്ടപ്പെടാതെ വന്നപ്പോൾ നാട്ടുകാർ അദ്ദേഹത്തെ നാടുകടത്തുകയായിരുന്നു. പിന്നീട് അദ്ദേഹം കുടുംബത്തിനു വേണ്ടി മന്ത്രവാദങ്ങളെല്ലാം ഉപേക്ഷിച്ചതായിരുന്നു. വാൾട്ടറിനോട് പകരം ചോദിക്കാൻ അദ്ദേഹത്തിനു മാത്രമേ കഴിയുമായിരുന്നു. അതുകൊണ്ട് അദ്ദേഹം വീണ്ടും തന്റെ മാന്ത്രിക വിദ്യകളെല്ലാം പുറത്തെടുത്തു. ചില മന്ത്രവാദക്രിയകൾ ഒക്കെ അദ്ദേഹം എനിക്ക് പറഞ്ഞു തന്നിരുന്നു. അതിൽ മരിച്ചവരെ അടിമകളാക്കുന്ന വിദ്യയായിരുന്നു ഏറ്റവും മികച്ചത്. വാൾട്ടറിനും അയാളുടെ കുടുംബത്തിനും, അതിൽ പരം മറ്റൊരു ശിക്ഷയും ഞങ്ങൾക്ക് നൽകാൻ കഴിയില്ലായിരുന്നു. പാവങ്ങളെ അടിമകളാക്കി കൊണ്ടു വായുന്ന ഇവരെയൊക്കെ അടിമകളാക്കി കൊണ്ടു വേണം പ്രതികാരം ചെയ്യാൻ. എന്റെ സ്ഥാനത്ത് നീയാണെങ്കിലും ഇങ്ങനെയൊക്കെ ചെയ്യുകയുള്ളൂ"

അവൻ പറഞ്ഞ കാര്യങ്ങളൊക്കെ മീന അത്ഭുതത്തോടെയായിരുന്നു കേട്ടു നിന്നത്. അവൾ ഇതുവരെ കാണാത്ത ഒരു മുഖമായിരുന്നു ഹാരിക്ക് അപ്പോൾ ഉണ്ടായിരുന്നത്. "നീ നിന്റെ കർമ്മങ്ങളെ ന്യായീകരിക്കാനാണ് നോക്കുന്നത്. വാൾട്ടറിന്റെ കുടുംബത്തോട് മാത്രമല്ലല്ലോ നിങ്ങൾ ഇത് ചെയ്തത്. അവിടെ താമസിക്കാൻ വന്ന നിരപരാധികളെ നിങ്ങൾ കൊന്നില്ല" മീന ചോദിച്ചു. "അതിൽ എനിക്ക് പങ്കില്ല. വാൾട്ടറിന്റെ മരണത്തിനുശേഷം ഇതെല്ലാം ഉപേക്ഷിച്ചുകൊണ്ട് നല്ലൊരു ജീവിതം നയിക്കാനായിരുന്നു ഞങ്ങൾ വിചാരിച്ചത്. വാൾട്ടറിന്റെ രഹസ്യ അറയിൽ വെച്ചിരുന്ന സമ്പാദ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് അവരെന്നെ ലണ്ടനിലേക്ക് പഠിക്കാൻ അയച്ചു. ഇവിടെയെത്തിയത് മുതൽ ഞാൻ ഒരു പുതിയ മനുഷ്യനായിരുന്നു. ഞാൻ പഠനത്തിൽ മാത്രമായിരുന്നു ശ്രദ്ധിച്ചിരുന്നത്. അവിടെ അവർ എന്തൊക്കെയാണ് ചെയ്യുന്നതെന്ന്, എനിക്ക് അറിവുണ്ടായിരുന്നില്ല. വീണ്ടും ഇന്ത്യയിലേക്ക് പോയ സമയത്താണ് ഞാൻ ഇതെല്ലാം അറിയുന്നത്. അപ്പന് ജീവിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ഇതൊക്കെ ചെയ്തത്. അതിൽ അപ്പൻ ഖേദം പ്രകടിപ്പിച്ചത് നീ കണ്ടില്ലേ"

"അപ്പോൾ ഈ കാണുന്ന മനുഷ്യരെയൊക്കെ നീ എന്ത് ചെയ്തതാണ്," ജയിലിനകത്തുള്ള സത്വങ്ങളെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു. "മീന നിനക്ക് തെറ്റുപറ്റി. ഇവരെയെല്ലാം ഞാൻ മനപ്പൂർവ്വം അടിമകളാക്കിയതല്ല. ഇവരുടെ ശരീരത്തിൽ ഞാനൊരു പരീക്ഷണം നടത്താൻ ശ്രമിച്ചതായിരുന്നു. മരിച്ച മനുഷ്യന് ജീവൻ നൽകാൻ ഉള്ള ഒരു ശ്രമം. അവരുടെ ഓർമ്മകൾ തിരിച്ചുകൊണ്ട് വന്ന്, ഒരു മനുഷ്യനാക്കാനുള്ള പരീക്ഷണമായിരുന്നു ഞാൻ ഇവരിൽ നടത്തിയത്. പക്ഷേ അത് പരാജയപ്പെട്ടു. ഇവരെ കൊല്ലാനുള്ള നിർദ്ദേശം നൽകിക്കൊണ്ടായിരുന്നു ഞാൻ നാട്ടിലേക്ക് മടങ്ങിയത്. പക്ഷേ ഇവനത് അനുസരിച്ചില്ല. ഇവനാ പരീക്ഷണം വീണ്ടും ചെയ്യാനുള്ളതുകൊണ്ടാണ്, ഇവയെ കൊല്ലാതിരുന്നത്. നിനക്ക് സംശയമുണ്ടെങ്കിൽ ഇവനോട് ചോദിക്കാം"

"സോറി സാർ.സത്യം സത്യമായിട്ട് തന്നെ പറയുന്നതായിരിക്കും നല്ലത്. എപ്പോഴായാലും മേടം അത് അറിയേണ്ടതല്ലേ" ആന്ദ്രാസ് പറഞ്ഞു. "യു" ഹാരി ദേഷ്യത്തോടെ അവന്റെ നേരെ തിരിഞ്ഞു. ആന്ദ്രാസ് പാന്റിന്റെ പുറകിൽ നിന്നും ഒരു റിവോൾവർ എടുത്തുകൊണ്ട് ഹാരിക്ക് നേരെ ചൂണ്ടി. ആന്ദ്രാസിന്റെ പക്കിൽ നിന്നും അത്തരമൊരു പ്രവർത്തി ഹാരി പ്രതീക്ഷിച്ചിരുന്നില്ല. അവൻ ഹാരിയോട് തോക്ക് ചൂണ്ടിക്കൊണ്ട് കസേരയിൽ ഇരിക്കാൻ പറഞ്ഞു. ഹാരിക്ക് അത് അനുസരിക്കുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. ആന്ദ്രാസ് ജയിലിന്റെ അകത്തുള്ള സത്വങ്ങളോട് ഹാരിയെ ബന്ധിപ്പിക്കാൻ പറഞ്ഞു. അവർ അടിമകളെപ്പോലെ അത് അനുസരിച്ച്. "ഇവരെ ഞാൻ ഇവിടെ നിർത്തിയത് എന്റെ അടിമകളാക്കാനാണ്," അവൻ മീനക്ക് നേരെ തിരിഞ്ഞു കൊണ്ട് തുടർന്നു."മേടം നിങ്ങളുടെ ഭർത്താവ് അത്ര നല്ലവനൊന്നുമല്ല. ഇവരുടെ ദേഹത്ത് ഇദ്ദേഹം പരീക്ഷണമാണ് നടത്തിയത്, പക്ഷേ അത് ജീവൻ തിരിച്ചു നിൽക്കാൻ വേണ്ടി അല്ലായിരുന്നു. വിവേകമുള്ള അടിമകളാക്കാൻ വേണ്ടിയായിരുന്നു. വെള്ളക്കാരോട് ഇദ്ദേഹത്തിന് വെറുപ്പായിരുന്നു. ഈ കാണുന്നതെല്ലാം ഇദ്ദേഹം ഉണ്ടാക്കിയത് ഇവരെപ്പോലെയുള്ള അടിമകളെ പണിയെടുപ്പിച്ചു കൊണ്ടാണ്. ഇദ്ദേഹം എന്തിനുവേണ്ടിയാണ് ഇന്ത്യയിലേക്ക് പോയതെന്ന് മേടത്തിന് അറിയാമോ. അവിടെ ആർക്കും വേണ്ടാത്ത പേഷ്യൻസിന്റെ മേൽ പരീക്ഷണം നടത്താൻ. ഞാനും ഒരു അടിമയാണ്. ഇദ്ദേഹത്തിനു വേണ്ടി ശവശരീരങ്ങൾ എത്തിച്ചു കൊടുക്കാനും ഇതുപോലെയുള്ള സത്വങ്ങളെ നിർമ്മിക്കാനുമാണ് എന്നെ ഇവിടെ നിർത്തിയത്," "നീ ആതിരു വിടുകയാണ്. എന്റെ സ്ഥലത്തിൽ നിന്നുകൊണ്ടാണ് നീ ഇതെല്ലാം പറയുന്നത് എന്ന് ഓർമ്മവേണം" ഹാരി കോപത്തോടെ പറഞ്ഞു. "എസ്ക്യൂസ്മി സാർ. ദിസ് ഈസ് മൈ ഫക്കിങ് വേൾഡ്. ഇതെല്ലാം പിടിച്ചടക്കാൻ വേണ്ടിയായിരുന്നു ഞാൻ ഇത്രയും കാലം താങ്കളുടെ അടിമയായി നിന്നത്. ഇതുവരെ എന്റെ പദ്ധതികൾക്കൊന്നും പീച്ചില്ല. ഇനി നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമെടുത്താൽ മതി" "ഞങ്ങളെ നീ കൊല്ലാൻ പോവുകയാണോ" ഹാരി ചോദിച്ചു. "കൊന്നുകൊണ്ട് ജീവിപ്പിക്കും, അതാണല്ലോ നമ്മൾ ഇത്രയും കാലം ചെയ്തുകൊണ്ടിരുന്നത്. മേടത്തിന് വേണമെങ്കിൽ എന്റെ കൂടെ ജീവിക്കാം. ഞാൻ താങ്കളുടെ ഭർത്താവിനെ പോലെയല്ല. ചെയ്ത തെറ്റുകളെല്ലാം ഞാൻ തുറന്നു പറയും" "നീയൊക്കെ ഒരു മനുഷ്യനാണോ.നീ എന്തിനാണ് ഇത്തരത്തിലുള്ള ക്രൂരതകൾ ചെയ്തുകൂട്ടുന്നത്" "ഞാൻ വളർന്നുവന്ന സാഹചര്യം അങ്ങനെയുള്ളതാണ് മേടം. പക്ഷേ എന്നിലുള്ള ചെകുത്താനെ വളരാൻ പ്രേരിപ്പിച്ചത് നിങ്ങളുടെ ഭർത്താവാണ്," "നിന്നെ വിശ്വസിച്ചതാണ് എനിക്ക് പറ്റിയ തെറ്റ്," ഹാരി പറഞ്ഞു. "അങ്ങനെയല്ല സാർ, എന്നെ അടിമയാക്കിയതാണ് നിങ്ങൾ ചെയ്ത തെറ്റ്. ഇനിയുള്ള കാലം എന്റെ അടിമയായിട്ട് നിങ്ങൾക്ക് ജീവിക്കാം" അവൻ പറഞ്ഞു.

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ