mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 9 

ഹാരിക്ക് ചില ഓർമ്മകൾ എല്ലാം തിരിച്ചു കിട്ടിയിരുന്നു. എങ്കിലും പൂർണ്ണമായ ഒരു ചികിത്സയ്ക്ക് വേണ്ടി അവർ ലണ്ടനിലേക്ക് മടങ്ങി. അവർക്ക് നല്ലൊരു യാത്രയയപ്പായിരുന്നു ഞങ്ങൾ നൽകിയത്. കേസിനെ കുറിച്ചുള്ള വിവരങ്ങൾ വിശദമായി അറിയിക്കുന്നുണ്ടെന്ന് ഞാൻ മീനയ്ക്ക് വാക്ക് കൊടുത്തു. കുറ്റവാളിയെ കണ്ടെത്താൻ ശ്രമിച്ച മീനയുടെ ധൈര്യത്തെ ഞാൻ പ്രത്യേകമായി അഭിനന്ദിച്ചു.

ആശുപത്രിയിലെ ചികിത്സ കഴിഞ്ഞതോടെ മായയെയും, എൻഡ്രിയെയും ഹാരി മുൻപ് ജോലി ചെയ്തിരുന്നു ആശുപത്രിയിലേക്ക് മാറ്റി. അവരുടെ നില ഇപ്പോൾ മെച്ചപ്പെട്ടു വരുന്നുണ്ട്. ഞങ്ങളിപ്പോൾ കേസിനെ സംബന്ധിച്ചുള്ള തെളിവുകൾ ശേഖരിക്കുന്ന തിരക്കിലാണ്. കേസിനെ കുറിച്ചുള്ള ബാക്കി വിവരങ്ങൾ മറ്റൊരു അദ്ധ്യായം ആക്കിക്കൊണ്ട് എഴുതാനാണ് ഞാൻ വിചാരിക്കുന്നത്. മീനയുടെ ഡയറി ജനുവരി 27 എല്ലാം നല്ല രീതിയിൽ അവസാനിച്ചു എന്നാണ് ഞാൻ വിചാരിക്കുന്നത്. ജീവിതത്തിൽ ഓർക്കാൻ പോലും തോന്നാത്ത ദിനങ്ങളായിരുന്നു ഇതുവരെ ഉണ്ടായത്.

ലണ്ടനിൽ വന്ന ശേഷം ഡയറി എഴുതാൻ എനിക്കിപ്പോൾ ആണ് സമയം ലഭിച്ചത്. ഇവിടേക്ക് തിരിച്ചുവന്ന പിറ്റേദിവസം തന്നെ ഞങ്ങളുടെ വിവാഹം നടന്നു. പപ്പ ആദ്യം വിവാഹത്തിന് എതിർത്തിരുന്നു. ഹാരിക്ക് ഓർമ്മകളെല്ലാം തിരിച്ചു കിട്ടി പഴയതുപോലെ ആയതിനുശേഷം മതി കല്യാണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പക്ഷേ ഹാരിക്ക് ഇപ്പോൾ ഒരു തുണ ആവശ്യമാണ്, അതുകൊണ്ടാണ് ഞാൻ വിവാഹ കാര്യത്തെക്കുറിച്ച് ചിന്തിച്ചത്. ഒരു ഭാര്യ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തെ കൂടുതലായി ശ്രദ്ധിക്കാൻ കഴിയുമല്ലോ. ഇക്കാര്യങ്ങൾ ഞാൻ പപ്പയോട് പറഞ്ഞപ്പോൾ, പപ്പ ഒടുവിൽ ഞങ്ങളുടെ വിവാഹത്തിന് സമ്മതം മൂളി. അതുകൊണ്ട് ഞങ്ങളുടെ വിവാഹം അതിഗംഭീരമായി തന്നെ നടന്നു. ഞാനിപ്പോൾ ഹാരിയുടെ വീട്ടിൽ നിന്നുമാണ് ഈ ഡയറി എഴുതുന്നത്. മുമ്പൊരിക്കൽ ഞാൻ ഇവിടെ വന്നിരുന്നു. അന്നെനിക്ക് ഈ ഭവനം ചുറ്റികാണാൻ സാധിച്ചില്ലായിരുന്നു. നഗരത്തിൽ നിന്നും മാറി ഒരു ഗ്രാമപ്രദേശത്താണ് ഈ ഭവനം സ്ഥിതി ചെയ്യുന്നത്. അത്യാവശ്യം നല്ല പ്രൗഢി നിറഞ്ഞൊരു ഭവനം തന്നെയാണ് ഇത്. മുൻപിൽ തന്നെ മനോഹരമായ പൂന്തോട്ടമൊക്കെയുണ്ട്. ബഹളങ്ങൾ ഒന്നുമില്ലാതെ വളരെ ശാന്തമായി കിടക്കുന്ന ഒരു അന്തരീക്ഷം. എങ്കിലും തനിച്ച് ഇവിടെ കഴിയുക എന്ന് പറയുന്നത് അസഹനീയമാണ്. പുറകിലായി ഒരു ഓക്കുമര തോട്ടമുണ്ട്. മനോഹരമാണെങ്കിലും രാത്രികാലമാകുമ്പോൾ അല്പം ഭയമുറവാക്കുന്ന ഒന്നാണത്. ഈ തോട്ടം കാണുമ്പോൾ എനിക്ക് യൂക്കാലിപ്സ് തോട്ടത്തെയാണ് ഓർമ്മവരുന്നത്. ഹോ അതെല്ലാം മറക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കാൻ ആന്ദ്രാസ് എന്നൊരു പയ്യനുണ്ട്. ഏകദേശം ഇരുപ്പത്തിഅഞ്ച് വയസ്സ് പ്രായം വരും. ഹാരിയുടെ പ്രൊഫസറായ ഡോക്ടർ വിൻചെസ്റ്ററുടെ സഹായിയായിരുന്നു അവൻ. ഹാരി ഇന്ത്യയിലേക്ക് പോയ സമയത്ത് ഇവനായിരുന്നു ഈ വീടും സ്ഥലവും എല്ലാം നോക്കിയിരുന്നത്. ഭക്ഷണം ഒക്കെ പാചകം ചെയ്യാൻ രണ്ടു ഭൃത്യന്മാറുണ്ട്. അവർ രണ്ടുപേരും ഇംഗ്ലീഷുകാരാണ്. സോഫിയയും അവളുടെ അനന്തരവളായ ഡയാനയും. ഡയാന ചെറുപ്പമാണ് ഏകദേശം ഒരു ഇരുപ്പത്തിരണ്ട് വയസ്സ് കാണും. ഞങ്ങളെ കൂടാതെ ഇവർ മൂന്നു പേരാണ് ഇവിടെ താമസിക്കുന്നത്. ഇപ്പോൾ ഇവിടുത്തെ അന്തരീക്ഷമായി ഞാൻ പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ.

ജനുവരി 31

അലക്സ് അങ്കിളുടെ കത്ത് ലഭിച്ചിരുന്നു. കേസിന്റെ തെളിവുകൾ ശേഖരിക്കുന്ന തിരക്കിലാണ് അദ്ദേഹം ഇപ്പോൾ. എൻഡ്രിയുടെയും മായയുടെയും ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടത്രേ. ഞങ്ങളുടെ വിവാഹം കഴിഞ്ഞതിനെ കുറിച്ച് ഞാൻ അദ്ദേഹത്തിന് എഴുതിയിട്ടുണ്ട്. ഹാരിയുടെ മാനസികനില മെച്ചപ്പെട്ടു വരുന്നുണ്ട്. അവനിപ്പോൾ കുറെ കാര്യങ്ങളൊക്കെ ഓർമ്മയുണ്ട്. ആരോഗ്യനില മുഴുവനും മെച്ചപ്പെട്ടാൽ മാത്രമേ അവനു വീണ്ടും ജോലിയിൽ പ്രവേശിക്കാൻ കഴിയുള്ളൂ. അവനെ കുറച്ചുദിവസത്തേക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. മെഡിറ്റേഷൻ എല്ലാം നടക്കുന്നത് കൊണ്ട് എനിക്ക് അവന്റെ കൂടെ കൂടുതൽ സമയം ചെലവഴിക്കാനുള്ള പെർമിഷനില്ല. അവനെ ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. ഇപ്പോൾ ഞാൻ ഈ ഭവനത്തിൽ ഒറ്റപ്പെട്ടതുപോലെയാണ്. എനിക്ക് കൂട്ടായി ആരുമില്ലെന്ന ഒരു തോന്നൽ. ഇവിടെയുള്ളവർക്കെല്ലാം വിചിത്രമായ സ്വഭാവമാണ്. ഞങ്ങൾ ഇവിടേക്ക് വന്നതൊന്നും അവർക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് തോന്നുന്നത്. ഇത്രയും കാലം ഹാരി ഇവിടെ ഇല്ലായിരുന്നതുകൊണ്ട് ചിലപ്പോൾ ഇവർ ഇവിടെ സുഖിച്ച് ജീവിച്ചിരുന്നിട്ടുണ്ടാവാം. ഇവരുടെ മനസ്സിലിരിപ്പ് എന്താണെന്ന് വ്യക്തമാകുന്നില്ല. എന്തായാലും ഇവരെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്. 

ഫെബ്രുവരി 7

കഴിഞ്ഞ ദിവസം ഞാൻ ഡയറി എഴുതാൻ ഒരുങ്ങിയതായിരുന്നു. അപ്പോഴാണ് ഓക്കുമര തോട്ടത്തിൽ നിന്നും ഒരു വെട്ടം ഞാൻ കണ്ടത്. ഈ മുറിയിൽ നിന്നും നോക്കിയാൽ ഓക്കുമരത്തോട്ടം കാണാൻ സാധിക്കും. വ്യക്തമായിട്ടല്ലെങ്കിലും ഒരു പരിധിവരെ ഇവിടുന്ന് കാണാൻ സാധിക്കും. ഞാൻ ജനലിന്റെ അരികിൽ ചെന്ന് ഒന്നു കൂടെ അങ്ങോട്ടു നോക്കി. അവിടുന്ന് ഒരു നുറുങ്ങുവെട്ടം തെളിയുന്നത് ഞാൻ വീണ്ടും കണ്ടു. ഞാൻ അല്പനേരം ചിന്തിച്ചതിനുശേഷം അവിടേക്ക് ചെന്ന് നോക്കാൻ തന്നെ തീരുമാനിച്ചു. ഞാനൊരു റാന്തൽ എടുത്തുകൊണ്ട് തോട്ടം ലക്ഷ്യമാക്കി കൊണ്ട് നടന്നു. അന്തരീക്ഷം ആകെ മൂടൽമഞ്ഞിൽ മുങ്ങിയിരുന്നു. നിലാവിന്റെ സഹായമുള്ളതുകൊണ്ടാണ് തോട്ടത്തിൽ എത്താൻ കഴിഞ്ഞത്. തോട്ടത്തിന്റെ ഉള്ളിൽ നിന്നും ചില ഞരക്കങ്ങൾ കേൾക്കാമായിരുന്നു. അതെന്താണെന്ന് അറിയാൻ വേണ്ടി ഞാൻ തോട്ടത്തിന്റെ അകത്തേക്ക് കേറി. പെട്ടെന്ന് എന്റെ അടുത്തേക്ക് ഒരു രൂപം പാഞ്ഞടുത്തു. ഞാനെന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നുപോയി. റാന്തലിന്റെ വെളിച്ചം അയാളുടെ മുഖത്ത് തട്ടിയപ്പോളാണ് അത് ആന്ദ്രാസാണെന്നു മനസ്സിലായത് "മിസ്സ് ഹാരി, നിങ്ങൾ എന്താണ് ഇവിടെ ചെയ്യുന്നത്," അവൻ ചോദിച്ചു. "ഞാൻ ചില ശബ്ദങ്ങൾ കേട്ടാണ് ഇങ്ങോട്ട് വന്നത്," "ഓ അതാണോ.രാത്രി സമയങ്ങളിൽ ഇവിടെ വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാവും അവയെ തുരത്താൻ വേണ്ടി ഞങ്ങൾ ഇടയ്ക്ക് ഇങ്ങോട്ട് വരാറുണ്ട്. ഓ.. എന്നോട് ക്ഷമിക്കണം ഞാൻ ഈ കാര്യം നിങ്ങളോട് സൂചിപ്പിക്കാൻ മറന്നുപോയി" അവിടെ നിൽക്കുന്നത് അപകടമാണെന്ന് പറഞ്ഞ് അവൻ എന്നെ വേഗത്തിൽ വീട്ടിലാക്കി തന്നു. രാവിലെ ആയപ്പോഴാണ് ഞാൻ മറ്റൊരു കാര്യം ഓർത്തത്. രാത്രിയിൽ ആന്ദ്രാസിന്റെ കൂടെ ഉണ്ടായവർ ആരായിരുന്നു? ഇക്കാര്യം ഞാൻ അവനോട് ചോദിക്കാൻ മറന്നു. പ്രാതലിനു ശേഷം തന്നെ ഞാൻ ഇക്കാര്യം അവനോട് ചോദിച്ചു. എന്റെ ചോദ്യം കേട്ടപ്പോൾ അവനൊന്ന് പരുങ്ങി. പിന്നെ ഇവിടെ പണിയെടുക്കാൻ വരുന്ന ചിലരാണെന്ന് അവൻ പറഞ്ഞു. ഞാൻ അവരുടെ പേര് ചോദിച്ചപ്പോൾ അവൻ കുറച്ച് സമയം ആലോചിച്ചുകൊണ്ട് ചില പേരുകൾ എനിക്ക് പറഞ്ഞു തന്നു. അവൻ എന്തൊക്കെയോ കാര്യങ്ങൾ ഒളിക്കുന്നുണ്ടെന്ന് വ്യക്തമാണ്. പിന്നെ ഞാൻ അവനോടു കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല. ഹാരിയെ കാണാൻ വേണ്ടി എനിക്ക് ആശുപത്രിയിൽ പോവാനുണ്ടായിരുന്നു. ആശുപത്രിയിൽ നിന്നും വൈകിട്ടാണ് ഞാൻ തിരിച്ചെത്തിയത്. ഭക്ഷണം കഴിച്ചിട്ട് ഉറങ്ങാനായിരുന്നു ഞാൻ വിചാരിച്ചത്. പക്ഷേ എന്തോ എനിക്ക് ഉറക്കം വന്നില്ല. ഞാൻ വെള്ളം കുടിക്കാൻ വേണ്ടി ഹാളിലേക്ക് ചെന്നപ്പോളാണ് ഒരു ശബ്ദം കേട്ടത്. അത് ഡയാനയുടെ ശബ്ദമായിരുന്നു. രതിയിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന ശബ്ദം. ഞാൻ അവളുടെ മുറിയിൽ ചെന്ന് നോക്കി. അവിടെ ആന്ദ്രാസും ഡയാനയും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതാണ് ഞാൻ കണ്ടത്. എനിക്കത് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. ഞാൻ പെട്ടെന്ന് തന്നെ മുറിയിലേക്ക് പോന്നു. എനിക്ക് ആദ്യമേ അവരെ സംശയമുണ്ടായിരുന്നു. അവർ വളരെ സ്വതന്ത്രമായിട്ടാണ് ഇവിടെ ജീവിക്കുന്നത്. ജോലിക്കാരാണെന്ന ചിന്തയൊന്നും അവർക്കില്ല. അവരെ നിയന്ത്രിച്ചില്ലെങ്കിൽ അത് ആപത്തായി മാറും. ഇക്കാര്യം പറഞ്ഞ് ഹാരിയെ ബുദ്ധിമുട്ടിക്കുന്നത് നല്ലതല്ല. ഞാൻ തന്നെ മുൻകൈയെടുത്ത് എന്തെങ്കിലും ചെയ്യണം. 

ഫെബ്രുവരി 10

ആന്ദ്രാസിനെ കുറിച്ചുള്ള സംശയങ്ങൾ കൂടിക്കൂടി വരുകയാണ്. ആശുപത്രിയിൽ നിന്നും മടങ്ങി വന്ന സമയത്ത്, അവൻ ആരോടോ ഫോണിൽ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. എനിക്ക് വ്യക്തമായി ഒന്നും കേൾക്കാൻ കഴിഞ്ഞില്ല. എങ്കിലും അവൻ ഏതോ ഒരു ഓഫീസറോടാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. അതൊരു പോലീസ് ഓഫീസറോ അല്ലെങ്കിൽ ഒരു മിലിറ്ററി ഓഫീസറോ ആവാം. കാരണം അവർ എന്തോ ഒരു മിഷനെ കുറിച്ചാണ് പറയുന്നത്. ചില രഹസ്യ കോഡുകൾ അവർ തമ്മിൽ കൈമാറുന്നുണ്ടായിരുന്നു. എനിക്ക് സംഭാഷണം മുഴുവനായി കേൾക്കാൻ കഴിഞ്ഞില്ല. എന്നെ കണ്ടിട്ടാണെന്ന് തോന്നുന്നു അവൻ പെട്ടെന്ന് ഫോൺ വെച്ചു. ഫോണിൽ ആരായിരുന്നു എന്ന് ഞാൻ ചോദിച്ചപ്പോൾ, റിയൽ എസ്റ്റേറ്റ് നടത്തുന്ന ഒരു വ്യക്തിയാണെന്നാണ് അവൻ പറഞ്ഞത്. കള്ളം പറയാൻ മിടുക്കനാണെന്ന് അവൻ വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഹാരി വന്നതിനുശേഷം വേണം ഈ കാര്യങ്ങളൊക്കെ അവനോട് വിശദമായി ഒന്ന് പറയാൻ. തൽക്കാലത്തേക്ക് എന്റെ സഹായത്തിനായി എഡ്വേർഡിനോട് ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഒരു മുൻഷുണ്ടി കാരനാണ്. ചില സമയത്ത് അദ്ദേഹം എന്നെ തന്നെ അടക്കി നിർത്താറുണ്ട്. ചെറുപ്പം മുതലേ എന്നെ നോക്കിയ വ്യക്തിയാണ് അദ്ദേഹം. ഇവരെ കുറിച്ചുള്ള വിവരങ്ങൾ എല്ലാം ഞാൻ അദ്ദേഹത്തിന് എഴുതിയിട്ടുണ്ട്. ഇവരുടെ കാര്യം ഇനി അദ്ദേഹം നോക്കിക്കോളൂം. അലക്സാണ്ടർ മീനക്കയച്ച കത്ത് പ്രിയപ്പെട്ട മീന, നിനക്കും ഹാരിക്കും അവിടെ സുഖമാണെന്നു കരുതുന്നു. ഒരു പ്രധാന കാര്യം പറയാനാണ് ഞാനീ കത്തയച്ചത്. റെയ്മണ്ട് മരണപ്പെട്ടിരിക്കുന്നു. തെളിവെടുക്കുന്നതിന്റെ ഭാഗമായി അയാളെ വീട്ടിലേക്ക് കൊണ്ടുപോയതാണ് എല്ലാത്തിനും കാരണമായത്. അയാൾ തന്റെ മുറിയിൽ സൂക്ഷിച്ചു വെച്ചിരുന്ന വിഷ ദ്രാവകം ഞങ്ങൾക്ക് കാണിച്ചു തരാൻ ഒരുങ്ങിയപ്പോഴാണ് കൃത്യം നടന്നത്. അയാളാ ദ്രാവകം കുടിക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയില്ല. ഞങ്ങൾക്ക് അയാളെ തടയാൻ പോലും സമയം കിട്ടിയില്ല. എല്ലാം പെട്ടെന്നായിരുന്നു. അയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചതായിരുന്നു. പക്ഷേ അതിനു മുന്നേ അയാൾ മരണപ്പെട്ടു. റെയ്മണ്ട് മരിച്ചതോടെ ഞങ്ങൾക്ക് കേസ് അവിടെ ക്ലോസ് ചെയ്യേണ്ടിവന്നു. ഇത്തരത്തിലുള്ള കേസുകൾ ഒന്നും പുറംലോകം അറിയരുതെന്ന നിർദ്ദേശം ഞങ്ങൾക്ക് ലഭിച്ചിരുന്നു. തന്മൂലം ആ സത്വങ്ങളെ ഞങ്ങൾക്ക് കൊല്ലേണ്ടി വന്നു. ഒരു കണക്കിന് ഇത്തരത്തിലുള്ള ഒരു നിർദ്ദേശം ലഭിച്ചത് നന്നായെന്നാണ് ഞാൻ കരുതുന്നത്. ഈ രഹസ്യങ്ങൾ ഒക്കെ പുറംലോകം അറിഞ്ഞാൽ അത് മറ്റൊരു വിപത്തിലേക്കായിരിക്കും നയിക്കുക. എല്ലാ രഹസ്യങ്ങളും റെയ്മണ്ടിലൂടെ മണ്ണടിഞ്ഞു എന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ റെയ്മണ്ടിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോളാണ് അയാൾക്കൊരു മകനുള്ള കാര്യം ഞങ്ങൾക്ക് മനസ്സിലായത്. ആൻഡ്രോ എന്നാണ് അവന്റെ പേര്. വാൾട്ടറിന്റെ മൂത്തമകനായ പീറ്ററിന്റെ പീഡനം കാരണമാണ് അവൻ തന്റെ മാതൃഗൃഹത്തിലേക്ക് പോയത്. അവനും ആഭിചാരപ്രയോഗങ്ങളെല്ലാം പഠിച്ചു കാണും. കാരണം വാൾട്ടർ മരണപ്പെടുമ്പോൾ ഇവന് ഏകദേശം 17 വയസ്സു കാണും. അവന്റെ സ്കൂൾ പഠനം കഴിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു അത്. അവനെക്കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി ഞങ്ങൾ അവൻ പഠിച്ചിരുന്ന വിദ്യാലയത്തിൽ പോയിരുന്നു. അവനൊരു മികവുറ്റ വിദ്യാർത്ഥിയായിരുന്നെന്നും, പരീക്ഷണങ്ങളിൽ ആയിരുന്നു അവൻ തന്റെ മികവ് പ്രകടിപ്പിച്ചതെന്നും, അവിടെ ഉണ്ടായിരുന്ന ഒരു അധ്യാപിക ഞങ്ങളോട് പറഞ്ഞു. അവൻ ചില ഔഷധങ്ങളെല്ലാം കണ്ടെത്തിയിട്ടുണ്ടെന്ന് അവർ എടുത്തു പറഞ്ഞിരുന്നു. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ അവൻ നിസ്സാരക്കാരനല്ലെന്ന് മനസ്സിലാക്കാം. എവിടെയും ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് അവൻ നാടുകടന്നത്. ഒരുപക്ഷേ റെയ്മണ്ട് താൻ എന്നെങ്കിലും ഒരിക്കൽ പിടിക്കപ്പെടും എന്ന് മുൻകൂട്ടി കണ്ടിട്ടുണ്ടാവും, അതുകൊണ്ടായിരിക്കാം തന്റെ മകനെ ആരും അറിയാതെ ഇവിടുന്ന് പറഞ്ഞയച്ചത്. ചോദ്യം ചെയ്ത സമയത്ത് പോലും അയാൾ തനിക്ക് ഒരു മകനുണ്ടെന്ന കാര്യം ഞങ്ങളോട് പറഞ്ഞില്ല. ഒരുപക്ഷേ ഈ കുറ്റകൃത്യങ്ങളിൽ ഒക്കെ അവനും പങ്കുചേർന്നിട്ടുണ്ടാവാം. അവൻ എപ്പോഴാണ് ഇവിടുന്ന് നാട് കടന്നതെന്ന് വ്യക്തമല്ല. കൂടുതൽ അന്വേഷണം നടത്തിയപ്പോൾ, അവൻ ലണ്ടനിലേക്ക് പോയതാണെന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും അവനെക്കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾ ലണ്ടനിലേക്ക് വരുന്നുണ്ട്. അവന്റെ പിതാവിന്റെ മരണത്തിൽ അറിഞ്ഞോ അറിയാതെയോ നമ്മളെല്ലാം ഉത്തരവാദികളാണ്. തന്റെ പിതാവിന്റെ മരണത്തെക്കുറിച്ച് എന്നെങ്കിലും ഒരിക്കൽ അവൻ അറിയും. അവൻ ഏത് രീതിയിലായിരിക്കും പ്രതികരിക്കുക എന്ന് നമുക്ക് പറയാൻ പറ്റില്ല. അതുകൊണ്ട് നിങ്ങൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. അവനെക്കുറിച്ച് കൂടുതൽ അറിയാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിച്ചാൽ ഞാൻ അറിയിക്കുന്നുണ്ട്. എന്ന് സ്വന്തം അലക്സാണ്ടർ മീനയുടെ ഡയറി അലക്സാണ്ടർ അങ്കിളുടെ കത്ത് ലഭിച്ചതോടെ എന്റെ മനസ്സിലെ ഭയം പതിൽമടങ്ങായി വർദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. ആ രഹസ്യങ്ങളെല്ലാം അറിയുന്ന മറ്റൊരാൾ ജീവിച്ചിരിപ്പുണ്ട്. അതും ഈ ലണ്ടനിൽ. ആൻഡ്രോ എന്ന പേര് കേട്ടപ്പോൾ എനിക്ക് ആദ്യം ഓർമ്മ വന്നത് ആന്ദ്രാസിനയാണ്. ഇനി അവൻ തന്നെ ആയിരിക്കുമോ റെയ്മണ്ടിന്റെ മകൻ. ആൻഡ്രോ എന്ന പേര് എന്തായാലും അവൻ മാറ്റിയിട്ടുണ്ടാവും. ഞാൻ ആന്ദ്രാസിനെ കുറച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ അവനും ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് വണ്ടി കയറിയതാണെന്ന് മനസ്സിലായി. അവന്റെ ഫാമിലിയെ കുറിച്ചുള്ള കാര്യങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഡോക്ടർമാരുടെ ഗുമസ്തനായിട്ടാണ് അവൻ ജോലി ചെയ്തു വന്നത്. അവൻ മറ്റു ജോലികൾ ചെയ്യാറുണ്ടായിരുന്നെങ്കിലും, അവന് താൽപര്യം ജീവശാസ്‌ത്രത്തിലായിരുന്നു. അവൻ കുറെ കാലം ഡോക്ടർ വിൻചെസ്റ്ററുടെ കീഴിൽ പണിയെടുത്തിരുന്നു.അതുവഴിയാണ് അവൻ ഹാരിയെ പരിചയപ്പെടുന്നത്. വൈകാതെ തന്നെ അവൻ ഹാരിയുടെ അസിസ്റ്റൻറ് ആവുകയും ചെയ്തു. ഇന്ത്യയിൽ ഒരു ക്ലിനിക്ക് തുടങ്ങാനുള്ള ആശയം മുന്നോട്ട് വെച്ചതും ആന്ദ്രാസ് തന്നെയാണ്. ആ സ്ഥലത്തെക്കുറിച്ച് പറഞ്ഞുകൊടുത്തതും ഇവൻ തന്നെയായിരിക്കും.അവൻ അത്ര നല്ലവനല്ലെന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. കാരണം അവൻ വിൻചെസ്റ്ററുടെ കീഴിൽ പണിയെടുത്തിരുന്ന കാലത്ത്. അവിടെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാൻ വേണ്ടി അവൻ ശവം എത്തിച്ചു കൊടുക്കുമായിരുന്നു. എന്റെ സുഹൃത്തായ ഡാനിയിൽ നിന്നും എനിക്ക് അവനെ കുറിച്ചുള്ള ഒരു വിചിത്രമായ വിവരണം ലഭിച്ചു. ശവങ്ങൾക്ക് ക്ഷാമം വരുമ്പോൾ, അവൻ ചിലരെയൊക്കെ കൊന്നശേഷം അവരുടെ മൃതശരീരമാണ് വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുക്കാറ്. അവന് കൊട്ടേഷൻ സംഘവുമായി ബന്ധമുള്ളത് കൊണ്ട് ഇതെല്ലാം അവന് സാധാരണ കാര്യമായിരുന്നുവത്രേ. ഡാനിക്ക് അറിയാവുന്ന ഒരു അങ്കിൾ ഈ പ്രവർത്തി നേരിൽ കണ്ടിട്ടുണ്ടെന്നാണ് അവൻ പറഞ്ഞത്. ഒരു ദിവസം രാത്രിയിൽ അദ്ദേഹം വനത്തിൽ വേട്ടയാടാൻ പോയതായിരുന്നു. ഒരു നിലാവുള്ള രാത്രിയായിരുന്നു അത്. അദ്ദേഹത്തിന് അന്ന് വേട്ടയാടാൻ ഒരു മൃഗത്തെ പോലും ലഭിച്ചില്ല. ആ നിരാശയിൽ അദ്ദേഹം അല്പം മദ്യപിച്ചിരുന്നു. അദ്ദേഹം തന്റെ വളർത്തുപട്ടിയെയും കൂട്ടി തിരികെ വീട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് അദ്ദേഹം ആ കാഴ്ച കണ്ടത്. കാറിന്റെ ഡിക്കിയിൽ നിന്നും രണ്ടുപേർ ഒരു ചാക്കെടുത്തു പുറത്തേക്കിടുന്നു. അതിൽ ഒരുവൻ ആന്ദ്രാസായിരുന്നു. ചാക്കിന്റെ കെട്ട് അയച്ചപ്പോഴാണ് അതൊരു മനുഷ്യനാണെന്ന് അദ്ദേഹത്തിന് മനസ്സിലായത്. ആന്ദ്രാസ് ഒരു സിഗ കത്തിച്ചുകൊണ്ട് കാറിൽ നിന്നും ഒരു ഇരുമ്പ് വടി കയ്യിൽ എടുത്തു. ആ മനുഷ്യൻ ഇഴഞ്ഞ് നീങ്ങാൻ ശ്രമിക്കുമ്പോൾ ആന്ദ്രാസ് ആ വടി കൊണ്ട് അയാളുടെ തലയ്ക്ക് ശക്തമായ അടിച്ചു. അടിയുടെ ആഘാതം മൂലം അയാൾ മരണപ്പെട്ടു. ഈ സമയം അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന പട്ടി, കയർ പൊട്ടിച്ചോടി. പട്ടി അവരുടെ അരികിലൂടെ ആയിരുന്നു കുതിച്ചത്. പട്ടിയെ കണ്ടപ്പോൾ അവർക്ക് ഒരു ഹരം തോന്നി. ആന്ദ്രാസ് ഒരു ഇരട്ടക്കുഴൽ തോക്കെടുത്തുകൊണ്ട് അതിനെ വെടിവെച്ചു. അത് കൃത്യമായി പട്ടിക്ക് തന്നെ കൊള്ളുകയും ചെയ്തു. ഇത് കണ്ട് ആന്ദ്രാസ് പൊട്ടിച്ചിരിക്കാൻ തുടങ്ങി. കൂടെയുണ്ടായവനും അവന്റെ ലഹരിയിൽ പങ്കുചേർന്നു. അദ്ദേഹം ആവട്ടെ പേടിച്ചു വിറച്ചുകൊണ്ട് ഒരു മരത്തിന്റെ പുറകിൽ മറഞ്ഞിരുന്നു. അവർ തന്നെ കണ്ടാൽ, വെറുതെ വിടില്ലെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. പിറ്റേദിവസം അദ്ദേഹം ഇതു പോലീസുകാരോട് പറഞ്ഞു. എന്നാൽ അദ്ദേഹം മദ്യപിച്ചതിനാൽ, അവർ അത് അത്ര കാര്യമാക്കി എടുത്തില്ല. അദ്ദേഹം ഡാനിയോട് ഇക്കാര്യം പറഞ്ഞപ്പോൾ, ഡാനിക്ക് ആദ്യം സംശയം തോന്നിയത് ആന്ദ്രാസിനെ ആയിരുന്നു. അദ്ദേഹം വിവരിച്ച രൂപം ആന്ദ്രാസുമായി ഒത്തുചേരുന്നുണ്ടായിരുന്നു. ഇതിൽ അത്ഭുതപ്പെടേണ്ട കാര്യം എന്താണെന്ന് വെച്ചാൽ. സംഭവം നടന്ന് ഒരാഴ്ചയ്ക്കകം, അദ്ദേഹം ഒരു ആക്സിഡന്റിൽ പെട്ടു മരിച്ചു. അത് ഡാനിയെ വല്ലാതൊന്ന് നടുക്കി. അതുകൊണ്ട് ഇക്കാര്യം അവൻ ആരോടും പറയാൻ നിന്നില്ല. ഇതിലൊക്കെ എത്രമാത്രം സത്യമുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ ആന്ദ്രാസിനെ ശ്രദ്ധിക്കുന്നത് നല്ലതാണെന്നാണ് ഞാൻ വിചാരിക്കുന്നത്. അവൻ ഇടയ്ക്കിടെ ഹാരിയുടെ പരീക്ഷണശാലയിൽ നിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുപോലെ രാത്രികാലങ്ങളിൽ അവൻ ഓക്കു മരത്തോട്ടത്തിലേക്ക് പോവാറുമുണ്ട്. അവന്റെ പ്രവർത്തി വീക്ഷിക്കുന്നത് ആപത്തായതുകൊണ്ട് എഡ്വേർഡിനോട് തൽക്കാലത്തേക്ക് അവനെ നിരീക്ഷിക്കേണ്ട എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. എനിക്കിപ്പോൾ എന്ത് ചെയ്യണം എന്ന് അറിയില്ല. ഇതേക്കുറിച്ചെല്ലാം ഞാൻ അലക്സാണ്ടർ അങ്കിളിന് എഴുതിയിട്ടുണ്ട്. ഹാരി ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയിട്ട് വേണം ഈ കാര്യങ്ങളെല്ലാം അവനോട് വിശദമായി ഒന്നു പറയാൻ.

(തുടരും)

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ