ഭാഗം 11
ഏകദേശം ഈ സംഭവങ്ങളെല്ലാം അരങ്ങേറി കഴിഞ്ഞ സമയത്ത് ആയിരുന്നു ഞങ്ങൾ അവിടെ എത്തിയത്. അലക്സാണ്ടർ വീടിന്റെ ബെല്ലടിച്ച സമയത്തൊന്നും വാതിൽ തുറക്കാൻ ആരും വന്നില്ല. രണ്ടുമൂന്നു വട്ടം വീണ്ടും അടിച്ചപ്പോളാണ്, ആന്ദ്രാസ് വാതിൽ തുറന്നത്. അലക്സാണ്ടർ അവനോട് മീന എവിടെയെന്ന് തിരക്കി. അവർ രണ്ടുപേരും വീട്ടിലേക്ക് വന്നില്ലെന്നായിരുന്നു അവന്റെ ഉത്തരം. "അവർ വരുന്നത് വരെ ഞങ്ങൾ ഇവിടെ കാത്തിരിക്കാം" അലക്സാണ്ടർ പറഞ്ഞു. "അവർ വരാൻ സമയമെടുക്കും സാർ. നിങ്ങൾ നാളെ വരുന്നതായിരിക്കും നല്ലത്," "അത് കുഴപ്പമില്ല" ഒരാക്കിയ ചിരിയോടെ അലക്സാണ്ടർ പറഞ്ഞു. അവൻ പലതും പറഞ്ഞു ഞങ്ങളെ അവിടുന്ന് പറഞ്ഞയക്കാൻ ശ്രമിച്ചു. അവൻ എന്തൊക്കെയോ കാര്യങ്ങൾ ഒളിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് വ്യക്തമായി മനസ്സിലായി. ആ വീട് മുഴുവനും ഒന്ന് പരിശോധിക്കണമെന്ന് അലക്സാണ്ടർ അവനോട് ആവശ്യപ്പെട്ടു. അവൻ ആദ്യം ചിലതെല്ലാം പറഞ്ഞു ഞങ്ങളെ തടയാൻ ശ്രമിച്ചു. പക്ഷേ അലക്സാണ്ടർ വിട്ടില്ല. ഒടുവിൽ അവന് സമ്മതിക്കേണ്ടി വന്നു. ഞങ്ങൾ ആദ്യം തന്നെ ഹാൾ ആയിരുന്നു പരിശോധിച്ചത്. വിശാലമായ ഒരാളായിരുന്നു അത്. ഇരിപ്പിടത്തിന്റെ അരികിലായി ഒരു നെരിപ്പോടുണ്ടായിരുന്നു. അതിന്റെ എതിർവശത്തുള്ള ഭിത്തിയിൽ ചില ചിത്രങ്ങൾ തൂക്കി വെച്ചിട്ടുണ്ട്. അലക്സാണ്ടർ സംശയത്തോടെ ആ ഭിത്തിയുടെ അരികിലേക്ക് ചെന്നു. അപ്പോൾ ആ ഭിത്തിയിൽ നിന്നും എന്തോ നിലത്ത് വീഴുന്ന ശബ്ദം കേട്ടതുപോലെ അലക്സാണ്ടർക്ക് തോന്നി. അലക്സാണ്ടർ ആ ഭിത്തി ഒന്ന് മുട്ടി നോക്കി. തുടർന്ന് ഞങ്ങളോട് ആ ചിത്രങ്ങളെല്ലാം നീക്കി നോക്കാൻ പറഞ്ഞു. ഞങ്ങളുടെ പ്രവർത്തി കണ്ട് ആശ്ചര്യത്തോടെ നിൽക്കുകയായിരുന്നു ആന്ദ്രാസ്. അതിൽ ഒരു ചിത്രം ചലിപ്പിച്ച സമയത്ത് ഭിത്തിക്കുള്ളിലെ ഒരു രഹസ്യ മുറി തുറന്നുവന്നു. അലക്സാണ്ടർ അത് പ്രതീക്ഷിച്ചതായിരുന്നു. അതേക്കുറിച്ച് ആന്ദ്രാസിനോട് ചോദിച്ചപ്പോൾ അവനൊന്നും അറിയില്ലെന്നാണ് പറഞ്ഞത്. ഞങ്ങൾ എന്തായാലും അതിനുള്ളിൽ കേറി പരിശോധിക്കാൻ തീരുമാനിച്ചു. ആന്ദ്രാസിനോടും ഞങ്ങളുടെ കൂടെ വരാൻ അലക്സാണ്ടർ പറഞ്ഞു.
അവിടെ ഞങ്ങളെയെല്ലാം അമ്പരപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു ഞങ്ങൾ കണ്ടത്. ഹാരിയും മീനയും ബന്ധിപ്പിക്കപ്പെട്ട അവസ്ഥയിലിരിക്കുന്നു. അവർക്ക് ചുറ്റുമായി അഞ്ചുസത്വങ്ങൾ നീലയുറച്ച് നിൽക്കുന്നു. ഞങ്ങൾ എന്തുചെയ്യണമെന്നറിയാതെ തരിച്ചു നിന്നുപോയി. ഈ അവസരം മുതലെടുത്തുകൊണ്ട് ആന്ദ്രാസ് തന്റെ പാന്റിന്റെ പുറകിൽ നിന്നും ഒരു റിവോൾവർ എടുത്തുകൊണ്ട് അലക്സാണ്ടറുടെ നേരെ ചൂണ്ടി. അവന്റെ മുന്നേറ്റം വളരെ വേഗത്തിലായിരുന്നു. അലക്സാണ്ടറുടെ തലയിൽ തോക്ക് ചൂണ്ടിക്കൊണ്ട് അവൻ ഞങ്ങളുടെ കയ്യിലുള്ള തോക്കുകൾ നിലത്തിടാൻ പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിൽ രണ്ടുപേരുടെ കൈവശം മാത്രമായിരുന്നു റിവോൾവർ ഉണ്ടായിരുന്നത്. അലക്സാണ്ടറുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഞങ്ങൾ ആ തോക്കുകൾ നിലത്തിട്ടു. ആന്ദ്രാസ് ആ സത്വങ്ങളോട് നിലത്തു കിടന്ന തോക്കെടുക്കാൻ വേണ്ടി പറഞ്ഞു. അതിൽ രണ്ടു സത്വങ്ങൾ ഞങ്ങളുടെ തോക്കെടുക്കാൻ ആയി വന്നു. എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് പെട്ടെന്ന് ഹാരി ആന്ദ്രാസിനെ പിടിച്ച് മാറ്റിയത്. ഹാരി തന്ത്രപരമായി, തന്നെ ബന്ധിച്ച കെട്ടുകൾ അഴിച്ചിരുന്നു. പിന്നെ അങ്ങോട്ട് ഒരു പോരാട്ടമായിരുന്നു. ആന്ദ്രാസിനെ കീഴ്പ്പെടുത്താനായി ഹാരി ഒരുങ്ങി. ഞങ്ങൾ ആവട്ടെ ആ സത്വങ്ങളെ വക വരുത്താനുള്ള ശ്രമത്തിൽ ഏർപ്പെട്ടു. ഹാരി ഒരു വിധത്തിൽ ആന്ദ്രാസിന്റെ കൈയിൽനിന്നും തോക്ക് പിടിച്ചു വാങ്ങി. ആ സത്വങ്ങളുടെ പരാക്രമണം നിർത്തിയില്ലെങ്കിൽ അവനെ കൊല്ലുമെന്ന് ഹാരി പറഞ്ഞു. പക്ഷേ അവനതൊരു പ്രശ്നമായിരുന്നില്ല. അതിനിടയിൽ ചില സത്വങ്ങൾ ഹാരിയുടെ നേർക്ക് തിരിഞ്ഞു. ഞങ്ങൾ ഒരു വിധത്തിൽ ചില സത്വങ്ങളെ കൊന്നിരുന്നു. പക്ഷേ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന ഒരു ഓഫീസറിനെ ആ സത്വങ്ങൾ കടിച്ചു കൊന്നിട്ടുണ്ടായിരുന്നു. മറ്റൊരു ഓഫീസറിന് നല്ല രീതിയിൽ, കടിയും ഏറ്റിരുന്നു. എങ്കിലും വലിയ ബുദ്ധിമുട്ട് കൂടാതെ ഞങ്ങൾ ബാക്കിയുള്ള സത്വങ്ങളെയും കൊന്നൊടുക്കി. "ഇതോടെ അവസാനിച്ചു എന്ന് നിങ്ങൾ കരുതേണ്ട" ഇത് പറഞ്ഞ ശേഷം ആന്ദ്രാസ് തന്റെ പോക്കറ്റിൽ നിന്നും ഒരു വിസിൽ എടുത്ത് ഊതാൻ തുടങ്ങി. ഹാരി കോപത്തോടെ അവന്റെ ഹൃദയം ലഭ്യമാക്കി കൊണ്ട് വെടിവെച്ചു. "നമുക്ക് എത്രയും പെട്ടെന്ന് ഇവിടുന്ന് രക്ഷപ്പെടണം" മീന പറഞ്ഞു. ഞങ്ങൾ വേഗം ഹാളിലേക്ക് കുതിച്ചു. "നിങ്ങൾ എത്രയും പെട്ടെന്ന് ഇവിടുന്നു രക്ഷപ്പെടുന്നതാണ് നല്ലത്. ഇതുപോലെ എത്ര പേര് ഇവിടെ ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല" ഹാരി പറഞ്ഞു. "അപ്പോൾ നീയോ" അലക്സാണ്ടർ ചോദിച്ചു. "ഇത് എന്റെ തെറ്റാണ്. ആ തെറ്റ് തിരുത്തേണ്ടത് ഞാൻ തന്നെയാണ്," "നിനക്ക് ഒറ്റയ്ക്ക് അവരെ നേരിടാൻ കഴിയില്ല. ഇപ്പോൾ ഇവിടുന്ന് രക്ഷപ്പെടുന്നതാണ് നല്ലത്,"
"അങ്കിൾ പറഞ്ഞതാണ് ശരി നമുക്കാദ്യം ഇവിടുന്ന് രക്ഷപ്പെടാം" മീന പറഞ്ഞു. തോക്കിലെ ബുള്ളറ്റ് തീരാനായതു കൊണ്ട് ഞങ്ങൾ മുകളിലെ നിലയിലേക്ക് ചെന്നു. ഹാരിയുടെ പക്കിലുള്ള തോക്കും, പടവാളും മറ്റു ചില ആയുധങ്ങളും ശേഖരിച്ചുകൊണ്ട് ഞങ്ങൾ താഴെക്കിറങ്ങി. പക്ഷേ ഞങ്ങൾക്ക് മുൻവശത്തെ വാതിൽ തുറക്കാൻ കഴിഞ്ഞിരുന്നില്ല. ആ വാതിൽ ആരോ പൂട്ടിയിട്ടിട്ടുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. അതിനിടയിൽ, സത്വങ്ങളിൽ നിന്നും കടിയേറ്റിരുന്ന ഓഫീസർ, ബോധംകെട്ടു നിലത്ത് വീണു. പെട്ടെന്ന് തന്നെ അവൻ കണ്ണുകൾ തുറന്നു എഴുന്നേൽക്കുകയും ചെയ്തു. അവന്റെ കണ്ണുകൾക്ക് വെള്ള നിറമായിരുന്നു. "എനിക്ക് എന്താണ് സംഭവിക്കുന്നത്," അവൻ ചോദിച്ചു. അവനോട് എന്താണ് പറയേണ്ടതെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. "നിനക്കെന്തെങ്കിലും മാറ്റം വരുന്നതായി തോന്നുന്നുണ്ടോ" അലക്സാണ്ടർ ചോദിച്ചു. പെട്ടെന്ന് ഞങ്ങളെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് അലക്സാണ്ടർ വെടിയേറ്റ് നിലത്ത് വീണു. ഞങ്ങൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ട കാഴ്ച,അത് തികച്ചും ആശ്ചര്യം ഉറവാക്കുന്നതായിരുന്നു. കയ്യിലൊരു തോക്കേന്തി കൊണ്ട് നിൽക്കുന്ന ആന്ദ്രാസ്. അവന്റെ ചുറ്റുമായി കുറെ സത്വങ്ങളും. അവയിൽ ഞങ്ങൾ കൊന്നൊടുക്കിയ സത്വങ്ങളും, കടിയേറ്റു മരിച്ചുവെന്ന് കരുതിയ ഓഫീസറും ഉണ്ടായിരുന്നു. ആ സത്വങ്ങളിൽ നിന്നും വ്യത്യസ്തനായിരുന്നു ആന്ദ്രാസ്. മറ്റു സത്വങ്ങൾ പോലെ അവന്റെ മുഖം വികൃതമായിരുന്നില്ല.
"ഷാൾ വി പ്ലേ എഗൈൻ" ആന്ദ്രാസ് ഉച്ചത്തിൽ അലറി. ഞങ്ങളെല്ലാവരും തരിച്ചു നിൽക്കുകയായിരുന്നു. അത് മനസ്സിലാക്കിക്കൊണ്ടാണ് അവൻ തുടർന്നു. "ദിസ്'എ ന്യൂ ഡിഫൻഡിങ് മെക്കാനിസം. സാർ ആഗ്രഹിച്ചത് പോലെയുള്ള ഒരു ഇമ്മോർട്ടൽ ലൈഫ്. എൻഡ് ദിസ് ഈസ് മൈ സോൾജിയേഴ്സ്. സാറും ഇവരെപ്പോലെ തന്നെയാണ്," അപ്പോഴാണ് ഞാൻ ഹാരിയുടെ കഴുത്തിൽ ആ സത്വങ്ങൾ കടിച്ച മുറിപ്പാടുകൾ കണ്ടത് "നിങ്ങൾക്കെല്ലാം ഞാൻ ഓഫർ ചെയ്യുന്നത് മരണമില്ലാത്ത ജീവിതമാണ്." ഇത് പറഞ്ഞുകൊണ്ട് ആന്ദ്രാസ് ആ സത്വങ്ങളെ ഞങ്ങളുടെ അരികിലേക്കയച്ചു. ഞങ്ങളുടെ കയ്യിലുള്ള തോക്കുകൾ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായിരുന്നില്ല. ആ സത്വങ്ങളുടെ നെറ്റിയിൽ വെടിവെച്ചാലും അവ അൽപസമയത്തിനകം ഉയർത്തെഴുന്നേക്കുമായിരുന്നു. അവയുടെ ശിരസ് ഛേദിച്ചാൽ മാത്രമേ അവ മരണപ്പെടുമായിരുന്നുള്ളു. ഞങ്ങൾക്ക് അവയെ ചെറുത്തുനിൽക്കാൻ കയ്യിലായിരുന്നു. ഞങ്ങൾ ഉടനെ ഹാളിലുള്ള രഹസ്യ മുറിയിലേക്ക് കടക്കാൻ ശ്രമിച്ചു. അതിനിടയിൽ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന മറ്റൊരു ഓഫീസറെയും ആ സത്വങ്ങൾ കൊന്നൊടുക്കി. ഞങ്ങൾ എങ്ങനെയൊക്കെയോ ആ മുറിക്കകത്ത് കേറിപ്പറ്റി. ഞങ്ങളുടെ പക്കൽ നിന്നും ഇത്തരത്തിലുള്ള ഒരു നീക്കം ആന്ദ്രാസ് പ്രതീക്ഷിച്ചുണ്ടായിരുന്നില്ല.
ഞങ്ങളെ കൊല്ലാതെ അവൻ അടങ്ങിയിരിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. മന്ദിരത്തിൽ ഉള്ളതുപോലെ തന്നെ, അവിടുന്ന് പുറത്തേക്ക് കടക്കാനും ഒരു തുരങ്കം ഉണ്ടായിരുന്നു. ഈ കാര്യം ആന്ദ്രാസിനും അറിയാമായിരുന്നു. അതുകൊണ്ട് അവനാ വഴിയിലൂടെ വരാനുള്ള സാധ്യത കൂടുതലായിരുന്നു. "നമുക്ക് രക്ഷപ്പെടാൻ ഒറ്റ മാർഗമേയുള്ളൂ. ആന്ദ്രാസിനെ കൊല്ലുക. യജമാനൻ നഷ്ടപ്പെട്ടാൽ പിന്നെ അവയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയാതെയാവും" ഹാരി പറഞ്ഞു. ഹാരി പറഞ്ഞത് ഞങ്ങൾക്ക് വ്യക്തമായില്ല. അതുകൊണ്ട് അവൻ അത് വിശദീകരിച്ചു പറഞ്ഞു. "അപ്പാപ്പന്റെ വേദപുസ്തകത്തിൽ ഒരു അപകടകരമായ മന്ത്രവിദ്യയുണ്ട്. അതിൽ കർമ്മം ചെയ്യുന്ന ആൾക്ക് മരണമില്ലാത്ത സിദ്ധി ലഭിക്കും. ആ ആഭിചാരത്തിലൂടെ അവൻ സൃഷ്ടിക്കുന്ന സത്വങ്ങളെല്ലാം അവന്റെ അടിമയായി മാറുകയും ചെയ്യും. മറ്റൊരാളുടെ വാക്കും അത് കേൾക്കില്ല. ഞങ്ങൾ ഇതുവരെ നിർമിച്ചത് അപകടകാരികളല്ലാത്ത സത്വങ്ങളെ ആയിരുന്നു. എന്നാൽ ഈ സത്വങ്ങൾ അപകടകാരികളാണ്. അവയുടെ കടിയേക്കുന്നവരും അവരെ പോലെയായി മാറും. എനിക്കെറ്റ മുറി ചെറുതായതുകൊണ്ടാണ് ഞാനിപ്പോൾ മാറാതെ നിൽക്കുന്നത്. പക്ഷേ ഏതെങ്കിലും ഒരു സമയം ഞാൻ അവയെപ്പോലെയായി മാറാനുള്ള സാധ്യതയുണ്ട്. ഈ കർമ്മം ഞങ്ങൾ പലവട്ടം ചെയ്യാൻ ശ്രമിച്ചതായിരുന്നു. പക്ഷേ അതെല്ലാം പരാജയപ്പെടുകയാണ് ചെയ്തത്. അവനീ കർമ്മം നടത്തിക്കൊണ്ട് വിജയിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. ഇനി നമ്മുടെ മുന്നിൽ ഒരു വഴി മാത്രമേയുള്ളൂ ആന്ദ്രാസിനെ കൊല്ലുക. രണ്ടു രീതിയിൽ മാത്രമേ അവനെ വധിക്കാൻ കഴിയുള്ളൂ. ഒന്നെങ്കിൽ അവൻ്റെ ശിരസ്സ് ഛേദിക്കണം, അല്ലെങ്കിൽ അവനെ ജീവനോടെ കത്തിക്കണം" "പക്ഷേ അതെങ്ങനെ സാധ്യമാകും" ഞാൻ ചോദിച്ചു. "ആ തുരങ്കം വഴി എന്തായാലും ആന്ദ്രാസ് വരാൻ ശ്രമിക്കും. അവനെയും അവന്റെ കൂടെ ഉണ്ടാവുന്ന സത്വങ്ങളെയും നമുക്ക് കത്തിച്ചു കളയാം. എരിഞ്ഞു ചാമ്പലായി കഴിഞ്ഞാൽ പിന്നെ അവയ്ക്ക് ഉയർത്തെഴുന്നേൽക്കാൻ കഴിയില്ല. ഈ സെല്ലിനകത്ത് ഞാനൊരു ആവശ്യത്തിനുവേണ്ടി ഒരു ടാങ്ക് പെട്രോൾ വെച്ചിരുന്നു" അത് പറഞ്ഞുകൊണ്ട് ഹാരി ജയിലിനകത്തേക്ക് കയറി. അവിടെ ഒരു ടാങ്ക് നിറയെ പെട്രോൾ ഉണ്ടായിരുന്നു. ഞങ്ങൾ ആ ടാങ്ക് എടുത്തു കൊണ്ട് തുരങ്കത്തിലേക്ക് പോയി. പെട്ടെന്നാർക്കും കണ്ടുപിടിക്കാൻ പറ്റാത്ത വിധത്തിൽ, ഞങ്ങളാ ടാങ്ക് അവിടെ സ്ഥാപിച്ചു. "ഇനി നിങ്ങളെല്ലാവരും ഇവിടുന്ന് പോയിക്കോളു. ആന്ദ്രാസ് വന്നു കഴിഞ്ഞാൽ ഞാനിത് വെടിവെച്ച് പൊട്ടിക്കുന്നുണ്ട്," ഹാരി പറഞ്ഞു. "അങ്ങനെ ചെയ്താൽ നീയും മരിക്കും" മീന പറഞ്ഞു. "എനിക്ക് കടിയേറ്റതാണ്, ഞാൻ ഏത് നിമിഷം വേണമെങ്കിലും അവരെ പോലെ ആയി മാറും. അതിലും നല്ലത് ഇതെല്ലാം അവസാനിപ്പിച്ചുകൊണ്ട് മരിക്കുന്നതാണ്," മീനയ്ക്ക് അത് താങ്ങാൻ പറ്റുന്ന കാര്യമായിരുന്നില്ല. അവൾ അവനെ പിന്തിരിപ്പിക്കാൻ കുറെ ശ്രമിച്ചു. പക്ഷേ അവൻ അതിനു വഴങ്ങിയില്ല.
"ഇത് ഞാൻ ചെയ്ത തെറ്റാണ്. ഇതിന് പരിഹാരം കാണേണ്ടത് ഞാൻ തന്നെയാണ്. നിങ്ങൾ ഇവിടുന്ന് രക്ഷപ്പെടണം, ബാക്കിയുള്ള സത്വങ്ങളെ നശിപ്പിക്കേണ്ടത് നിങ്ങളുടെ ദൗത്യമാണ്," ഹാരി രണ്ടും കൽപ്പിച്ചായിരുന്നു അത് പറഞ്ഞത്. അവനെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. "എങ്കിൽ ഞാനും നിന്റെ കൂടെ നിൽക്കാം" ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു ഓഫീസർ പറഞ്ഞു. അപ്പോളാണ് അയാൾക്കും ആ സത്വങ്ങളിൽ നിന്നും കടിയേറ്റ വിവരം ഞങ്ങൾ അറിഞ്ഞത്. അവരെ രണ്ടുപേരെയും അവിടെ നിർത്തിക്കൊണ്ട് ഞങ്ങൾക്ക് തിരിച്ചു പോകേണ്ടി വന്നു. വളരെ കഷ്ടപ്പെട്ടുകൊണ്ടാണ് ഞാൻ മീനയെ സമാധാനിപ്പിച്ചത്. ഞങ്ങൾ അല്പനേരം നിലവറയിൽ തന്നെ നിന്നു. പെട്ടെന്ന് ഹാരി അവിടേക്ക് ഓടി വന്നു. അവന്റെ പദ്ധതികൾ ആകെ തകിടം മറിഞ്ഞിരുന്നു. തുരങ്കത്തിലൂടെ വന്ന സത്വങ്ങളുടെ കൂട്ടത്തിൽ ആന്ദ്രാസ് ഇല്ലായിരുന്നു. 'ആ സത്വങ്ങളെ ഞാൻ ഒറ്റയ്ക്ക് വക വരുത്താമെന്ന്,' ആ ഓഫീസർ പറഞ്ഞതുകൊണ്ടാണ് ഹാരി ഞങ്ങളുടെ അരികിലേക്ക് വന്നത്. ആന്ദ്രാസിന്റെ ശിരസ്സ് ഛേദിക്കുക എന്നതായിരുന്നു ഹാരി മുന്നിൽ കണ്ട മറ്റൊരു ലക്ഷ്യം. അതത്ര എളുപ്പമല്ല എന്ന് ഞങ്ങൾക്കറിയാമായിരുന്നു. എങ്കിലും ഹാരി ആ പോരാട്ടത്തിന് ഒരുങ്ങി നിൽക്കുകയായിരുന്നു. മീനയെ അകത്തു നിർത്തിക്കൊണ്ട് ഞങ്ങൾ മൂന്നുപേരും പുറത്തേക്ക് ഇറങ്ങി. പുറത്ത് ആന്ദ്രാസും അവന്റെ അടിമകളും ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു. പെട്ടെന്ന് അവിടം എല്ലാം കോരിത്തരിപ്പിച്ചുകൊണ്ട് പെട്രോൾ പൊട്ടിത്തെറിക്കുന്ന ശബ്ദം ഉയർന്നു.
"നൈസ് ഷോട്ട്," കയ്യടിച്ചുകൊണ്ട് ആന്ദ്രാസ് തുടർന്നു."ബട്ട് നിങ്ങൾക്ക് ഇവിടുന്നു രക്ഷപ്പെടാൻ കഴിയില്ല." "നിന്നെ കൊന്നിട്ടാണെങ്കിലും, ഞാൻ ഇവരെ രക്ഷപ്പെടുത്തും" ഹാരി അത് പറഞ്ഞുകൊണ്ട് ആന്ദ്രാസിന്റെ അരികിലേക്ക് കുതിച്ചു. പടയാളികളെ പോലെ ചില സത്വങ്ങൾ ആന്ദ്രാസിന്റെ മുമ്പിലായി വന്നു നിന്നു. ഹാരിയെ സഹായിക്കാൻ വേണ്ടി എന്റെ കൂടെയുണ്ടായിരുന്ന ഓഫീസറും ചെന്നു. എനിക്കും അവനെ സഹായിക്കണമെന്നുണ്ടായിരുന്നു. പക്ഷേ മീനയെ സംരക്ഷിക്കാനുള്ള ചുമതല ഹാരി എനിക്കായിരുന്നു തന്നത്, അതുകൊണ്ട് ഞാൻ ആ വാതിലിന്റെ അരികിൽ തന്നെയായിരുന്നു നിന്നത്. വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റാത്ത ഒരു സംഘർഷമായിരുന്നു തുടർന്ന് അവിടെ ഉണ്ടായത്. ഒരു വിധത്തിൽ ഹാരി അവരെ എതിർത്തുകൊണ്ട് മുന്നോട്ടു കുതിച്ചു. പക്ഷേ ഓഫീസർക്ക് ചെറുത്തുനിൽക്കാൻ കഴിഞ്ഞില്ല. സത്വങ്ങൾ ഹാരിയേയും കടിച്ചു മുറിവേൽപ്പിച്ചിരുന്നു. എങ്കിലും അവൻ ആന്ദ്രാസിനെ ആക്രമിക്കാൻ തുടങ്ങിയിരുന്നു. അവനെ തടയാൻ ശ്രമിച്ച ചില സത്വങ്ങളെ ഞാൻ വെടിവെച്ചു വീഴ്ത്തി. പക്ഷേ അതുകൊണ്ടൊന്നും കാര്യമുണ്ടായിരുന്നില്ല. അവ അല്പസമയം കഴിയുമ്പോഴേക്കും ഉയർത്തെഴുന്നേൽക്കുന്നുണ്ടായിരുന്ന. ഹാരി ധീരമായി അവയെ നേരിട്ടുകൊണ്ട് ഒരു വിധത്തിൽ ആന്ദ്രാസിന്റെ ശിരസ്സ് ഛേദിക്കാൻ ഒരുങ്ങിയതായിരുന്നു. പക്ഷേ പെട്ടെന്ന് ഹാരി കുഴഞ്ഞുകൊണ്ട് നിലത്ത് വീണു. അവൻ നിലത്ത് വീണു പിടയാൻ തുടങ്ങി. അവനെ ആ സത്വങ്ങൾ നല്ല രീതിയിൽ ആക്രമിച്ചത് കൊണ്ടാവാം, അവനും പെട്ടെന്ന് അവരെ പോലെ ആയി മാറി. ഞാൻ വേഗം വാതിൽ തുറന്നു മുറിക്കകത്ത് കയറി. മീന എന്നോട് കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല. എന്റെ മുഖഭാവത്തിൽ നിന്നും, അവൾ എല്ലാം മനസ്സിലാക്കിയിരുന്നു. അവളുടെ ഉള്ളിൽ വിഷാദം ഉണ്ടായിരുന്നെങ്കിലും അവൾ അത് പുറത്തു കാണിച്ചില്ല. "ഞാൻ പറയുന്ന സമയത്ത് നിങ്ങൾ ആന്ദ്രാസിന്റെ തല ലക്ഷ്യം വെച്ച് വെടിവെക്കണം" മീന ഗൗരവത്തോടെ പറഞ്ഞുകൊണ്ടു വാതിൽ തുറന്ന് പുറത്തിറങ്ങി. വാതിലിന്റെ അരികിലേക്ക് ചില സത്വങ്ങൾ വരുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ അവർ അവിടെ തന്നെ നിന്നു. "ആന്ദ്രാസ്," മീന ഉറക്കെ വിളിച്ചു. "ഓലാ മമ്മാ." അവൻ ചിരിച്ചുകൊണ്ട് മറുപടി നൽകി. "നീ ആണാണെങ്കിൽ എന്നെ ഒറ്റയ്ക്ക് നേരിട്." ആന്ദ്രാസിന്റെ മുഖത്ത് പരിഹാസത്തിന്റെ ചിരി വിടർന്നു. "ഓക്കേ ബോയ്സ് കം ബെക്ക്. ഐ വാണ്ട് ടു ബൈറ്റ് ഹെർ." മീന മുഷ്ടിചുരുട്ടി അവന്റെ നേർക്കടുത്തു. ആന്ദ്രാസ് അവളെ നോക്കി ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. "നൗ" അത് പറഞ്ഞുകൊണ്ട് മീന എന്റെ മുന്നിൽ നിന്നും മാറി. ഞാൻ പെട്ടെന്ന് തോക്കെടുത്ത് അവന്റെ തല ലക്ഷ്യം വെച്ച് വെടിയുയർത്തി. ഭാഗ്യമെന്ന് പറയട്ടെ അത് കൃത്യമായി അവന്റെ തലയിൽ തന്നെ കൊണ്ടു. അവൻ ഉയർത്തെഴുന്നേൽക്കും മുന്നേ, മീന നിലത്തു കിടന്ന പടവാൾ എടുത്ത് അവന്റെ കഴുത്തിന് നേരെ വെച്ചു. "ഓക്കേ..ഓക്കേ" ആന്ദ്രാസ് ക്ഷമാപണത്തോടെ പറഞ്ഞു തുടങ്ങി "ഈ വൈറസ് നശിപ്പിക്കാനുള്ള ആന്റിബയോട്ടിക് എന്റെ പക്കിലുണ്ട്. നിങ്ങളെന്നെ വെറുതെ വിട്ടാൽ," അത് പറഞ്ഞു തീർക്കുമ്പോഴേക്കും, മീന അവന്റെ ശിരസ്സ് ഛേദിച്ചു. ഒരു മഹായുദ്ധം കഴിഞ്ഞ ശാന്തതയായിരുന്നു അപ്പോൾ അവിടെ ഉണ്ടായത്. മീന എന്നെ നോക്കിയതിനുശേഷം പടവാൾ നിലത്തിട്ടു. അവളുടെ മനസ്സ് വല്ലാതെ തളർന്നിരുന്നു. സത്വങ്ങളെല്ലാം എന്ത് ചെയ്യണം എന്ന് അറിയാതെ ചുറ്റുപാടും വീശിക്കാൻ തുടങ്ങി. യജമാനന്റെ ആജ്ഞയില്ലാതെ അവയ്ക്കൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു. മീനക്ക് സങ്കടം ഒതുക്കി വെക്കാൻ കഴിഞ്ഞില്ലായിരുന്നു. അവൾ പെട്ടെന്ന് പൊട്ടിക്കരയാൻ തുടങ്ങി. ഞാൻ അവളെ സമാധാനിപ്പിച്ചുകൊണ്ട് ആ ഭവനത്തിൽ നിന്നും പുറത്തിറങ്ങി.
സത്വങ്ങളൊന്നും പുറത്തു പോകാതിരിക്കാൻ വേണ്ടി, ഞാൻ പുറകുവശത്തെ വാതിൽ പൂട്ടിയിട്ടു. മീനയെ വീട്ടിലാക്കിയ ശേഷം ഞാൻ നേരെ സ്റ്റേഷനിലേക്ക് പോയി, നടന്ന കാര്യങ്ങളെല്ലാം അവതരിപ്പിച്ചു. ഞാൻ പറഞ്ഞതൊന്നും അവർക്ക് വിശ്വാസമായില്ല. പക്ഷേ എന്റെ കൂടെ ഹാരിയുടെ വീട്ടിലേക്ക് വരാൻ അവർ തയ്യാറായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് സംഗതിയുടെ കിടപ്പ് അവർക്ക് മനസ്സിലായത്. ഇരു ചെവി അറിയാതെ ആ സത്വങ്ങളെ കൊന്നൊടുക്കാൻ തന്നെ അവർ തീരുമാനിച്ചു. ആ കാഴ്ച കാണാൻ ഞാൻ അവിടെ നിന്നില്ല. എനിക്ക് പരിചയമുള്ളവരുടെ തല അറക്കുന്നത് കാണാനുള്ള കരുത്ത് എനിക്കുണ്ടായിരുന്നില്ല. എല്ലാം അവിടം കൊണ്ട് അവസാനിച്ചു എന്നാണ് ഞാൻ കരുതുന്നത്. ആന്ദ്രാസിന്റെ പരീക്ഷണ രഹസ്യം മറ്റാർക്കും അറിയില്ലെങ്കിൽ യാതൊരു കുഴപ്പവും ഉണ്ടാവില്ല. എന്നാൽ അതിനെക്കുറിച്ച് അറിയുന്ന ആരെങ്കിലുമുണ്ടെങ്കിൽ, അവർക്ക് ഈ ലോകത്തെ തന്നെ തലകീഴായി മറിച്ചിടാൻ കഴിയും. ഞങ്ങൾക്കുണ്ടായ വിചിത്രമായ അനുഭവങ്ങൾ പുറംലോകം അറിയണമെന്ന ലക്ഷ്യത്തോടെയായിരിക്കും അലക്സാണ്ടർ ഈ കേസ് ഡയറി എഴുതിയത്. ആ ഭീകരമായ കേസ് ഡയറിയുടെ അവസാന പത്രിക ഇതോടെ അവസാനിക്കുകയാണ്. ഇതുപോലെയുള്ള ഒരു ദുരന്തം ഇനി ഉണ്ടാവാതിരിക്കട്ടെ.
ഒരു ജർമൻ സാർജന്റിന്റെ ഡയറിക്കുറിപ്പ് വളരെ വിചിത്രമായ ഒരു സംഭവത്തെക്കുറിച്ചാണ് ഞാൻ ഇതിൽ വിവരിക്കുന്നത്. ഞങ്ങളെല്ലാവരും ബ്രിട്ടന്റെ അതിർത്തിയിൽ ക്യാമ്പടിച്ചു കിടക്കുകയായിരുന്നു. അന്ന് യുദ്ധത്തിനു വേണ്ടിയുള്ള പദ്ധതികളെല്ലാം ചർച്ച ചെയ്തതിനുശേഷം ആയിരുന്നു ഞങ്ങൾ ഉറങ്ങാൻ കിടന്നത്. പെട്ടെന്നായിരുന്നു ഒരു കൂട്ടം പട്ടാളക്കാർ ഞങ്ങളുടെ ക്യാമ്പ് ആക്രമിച്ചത്. ആക്രമണത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ ഞങ്ങൾ മുമ്പേ ഒരുക്കി വെച്ചിരുന്നു. അതുകൊണ്ട് ഞങ്ങൾ പെട്ടെന്ന് തന്നെ അവരെ തിരിച്ചക്രമിക്കാൻ തുടങ്ങി. എന്നാൽ അപ്പോഴാണ് ഞങ്ങൾക്കൊരു കാര്യം മനസ്സിലാവുന്നത്. ഞങ്ങൾ യുദ്ധം ചെയ്യുന്നത് മനുഷ്യരോടല്ലായിരുന്നു, അവ മറ്റെന്തോ ആയിരുന്നു. കാരണം ഞങ്ങൾ എത്ര വെടിവെച്ചിട്ടും അവ മരിക്കുന്നുണ്ടായിരുന്നില്ല. ബോംബുകൾ കൊണ്ടു മാത്രമേ അവയെ ഞങ്ങൾക്ക് കൊല്ലാൻ കഴിഞ്ഞിരുന്നുള്ളൂ. അവയോട് പൊരുതി ജയിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഞങ്ങൾക്ക് അവിടുന്നു രക്ഷപ്പെടുകയല്ലാത്തെ മറ്റൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. എനിക്ക് ഉറപ്പാണ് ഇത് ഇംഗ്ലീഷുക്കാരുടെ തന്ത്രമാണെന്ന്. യുദ്ധം ജയിക്കാൻ വേണ്ടി അവർ വിചിത്രമായ മനുഷ്യരെ നിർമ്മിച്ചതായിരിക്കും. അവ മനുഷ്യനാണോ മൃഗമാണോ എന്നതൊരു ചുരുളറിയാത്ത രഹസ്യമായി തന്നെ നിൽക്കുകയാണ്.
-The End-