അഞ്ച് - അലക്സാണ്ടറുടെ കേസ് ഡയറി
വളരെ വിചിത്രമായ ഒരു കേസിനെ കുറിച്ചാണ് ഞാൻ ഇതിൽ വിവരിക്കുന്നത്. എന്റെ സർവീസ് കാലത്തിനിടയിൽ ഇത്രയും സങ്കീർണ്ണം പിടിച്ചൊരു കേസുണ്ടായിട്ടില്ല. പ്രകൃതിയുടെ സുപരിചിത സീമയിൽ ഒതുങ്ങാത്ത ഒരു സംഭവത്തെക്കുറിച്ചുള്ള അന്വേഷണമായിരുന്നു ഇത്.
ഇവിടെ ഭീതിയാർന്നൊരു ഇരുണ്ട വശം ഉണ്ടെന്ന് എനിക്ക് ഈ കേസിലൂടെയാണ് മനസ്സിലായത്. ഈ കേസിലേക്ക് ഞാൻ എത്താനുള്ള കാരണം മീനയാണ്. എന്റെ ഉറ്റ ചങ്ങാതിയുടെ മകളാണ് അവൾ. അവൻ വിവാഹത്തിനുശേഷം ലണ്ടനിൽ പോയതായിരുന്നു. നാട്ടിൽ വരുന്ന സമയത്തെല്ലാം അവൻ എന്നെ കാണാൻ വരുമായിരുന്നു. അങ്ങനെ ഒരു ദിവസം അവനും മീനയും യാതൊരു മുന്നറിയിപ്പുമില്ലാതെ എന്നെ കാണാൻ വന്നു. ഞാൻ കാര്യം തിരക്കിയപ്പോൾ ആണ്, മീനയുടെ ഭാവിവരനായ ഹാരിയുടെ വിവരമൊന്നും ലഭിക്കുന്നില്ലെന്ന് പറഞ്ഞത്. അവൻ ഓരോ ആഴ്ച കൂടുമ്പോഴും കമ്പി അടിക്കാറുണ്ടായിരുന്നുവത്രേ.
അവന്റെ കത്തുകൾ ലഭിക്കാത്തപ്പോഴാണ് അവൾക്ക് എന്തോ പ്രശ്നം തോന്നിയത്. അവനെന്തോ അത്യാപത്ത് സംഭവിച്ചിട്ടുണ്ടാവും എന്നാണ് അവൾ കരുതിയിരുന്നത്. ഹാരിയെ കുറിച്ചുള്ള ചില വിവരങ്ങൾ അവൾ എനിക്ക് പറഞ്ഞു തന്നു. അത് വെച്ചൊരു അന്വേഷണം നടത്തിയപ്പോഴാണ്, അവന് അപകടം പറ്റി വിവരം ഞാൻ അറിഞ്ഞത്. തലയ്ക്ക് ഷോക്കേറ്റ മൂലം അവന്റെ ഓർമ്മ നഷ്ടപ്പെട്ടിരുന്നു. മീന ആരാണെന്ന കാര്യം പോലും അവന് ഓർമ്മയില്ലായിരുന്നു. അത് അവൾക്ക് വലിയൊരു ആഘാതമായിരുന്നു. ഓർമ്മകൾ തിരിച്ചു കിട്ടാൻ കുറേ ദിവസം വേണ്ടിവരും എന്നാണ് ഡോക്ടർ പറഞ്ഞത്. അവന് ഓർമ്മ തിരിച്ചു കിട്ടാൻ ഉതകുന്ന കാര്യങ്ങളെക്കുറിച്ച് പറയുന്നത് നല്ലതാണെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു. ഹാരിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാൻ വേണ്ടി ഞാൻ അവിടെയുള്ള പോലീസ് സ്റ്റേഷനിൽ ചെന്നിരുന്നു.ആ കേസിനെ കുറിച്ച് വിചിത്രമായ കാര്യങ്ങളാണ് അവർ എനിക്ക് പറഞ്ഞു തന്നത്.
തുടക്കം ആ മന്ദിരത്തെ കുറിച്ചുള്ള കഥകളായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തിന്റെ തുടക്കമായിരുന്നു ആ മന്ദിരം നിർമ്മിക്കപ്പെട്ടത്. വലിയ വലിയ ഉദ്യോഗസ്ഥർക്ക് താമസിക്കാൻ വേണ്ടിയായിരുന്നു ആ മന്ദിരം. കുടുംബസമേതം ഇന്ത്യയിലേക്ക് വന്ന ഉദ്യോഗസ്ഥരായിരുന്നു അവിടെ അധികവും താമസിച്ചിരുന്നത്. വാൾട്ടർ എന്ന ഉദ്യോഗസ്ഥന്റെ മരണത്തോടുകൂടിയാണ് അവിടെ വിചിത്രമായ സംഭവങ്ങൾ നടക്കാൻ തുടങ്ങിയത്. അദ്ദേഹം തന്റെ ഭാര്യയെയും രണ്ടു മക്കളെയും വിഷം കൊടുത്ത് കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. 1922 ഒരു പൗർണമി നാളിലാണ് ഇതെല്ലാം നടന്നത്. ഇത് അന്വേഷിക്കാൻ വന്ന അദ്ദേഹത്തിന്റെ സഹോദരനായ കാൾട്ടർ പൗർണമി നാളിൽ തന്നെ തൂങ്ങിമരിച്ചു. അയാളുടെ ഡയറിയിൽ വാൾട്ടറുടെ എട്ടു വയസ്സുള്ള മകനെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതേപോലെ തോക്കേന്തി കൊണ്ട് മന്ദിരത്തിന് ചുറ്റും നടക്കുന്ന വാൾട്ടറിനെ കണ്ടതായി പറയുന്നുണ്ട്. അവിടെ കേസ് അന്വേഷിക്കാൻ വന്ന ഉദ്യോഗസ്ഥരും അയാളുടെ രൂപം കണ്ട് ഭയന്നിട്ടുണ്ടത്രേ. ഇത്രയും ആയതുകൊണ്ട് മറ്റൊരു ഉദ്യോഗസ്ഥരും വാൾട്ടറിന്റെ കേസ് അന്വേഷിക്കാൻ മുതിർന്നില്ല. പിന്നെ അവിടെ താമസിക്കാൻ വന്നവരെല്ലാം അവിടെവെച്ച് മരണമടഞ്ഞ പലരുടെയും ആത്മാക്കളെ കണ്ടതായി വാദിച്ചിരുന്നു. ഇതെല്ലാം എതിർത്തുകൊണ്ട് അവിടെ അഞ്ചു ഉദ്യോഗസ്ഥർ താമസിച്ചിരുന്നു. അവരെല്ലാം കൃത്യം പൗർണമി നാളിൽ തന്നെ തൂങ്ങിമരിക്കുകയാണ് ചെയ്തത്. ഈ സംഭവങ്ങളെല്ലാം കാരണം അവിടേയ്ക്ക് ആരും പോകാതെയായി. വൈകാതെ തന്നെ അതൊരു പ്രേതഭവനമായി പ്രഖ്യാപിക്കപ്പെട്ടു. ആ മന്ദിരത്തിനെ ചുറ്റിപ്പറ്റി പല കഥകളും ഉയരാൻ തുടങ്ങി.
പൊതുശ്മശാനത്തിന്റെ അടുത്തായി നിർമ്മിച്ചത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നതെന്നാണ് ഒരു വാദം. വാൾട്ടറിന്റെ ചെയ്തികളാണ് ഇതെല്ലാമെന്ന് മറ്റൊരു വാദം. പൗർണമി നാളിൽ ഉയർത്തെഴുന്നേൽക്കുന്ന നീചശക്തികൾ കാരണമാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും ചിലർ പറയുന്നുണ്ട്. ഇത്തരം കഥകൾ മൂലം അവിടേക്ക് ആരും താമസിക്കാൻ വരാതായി. ഇതിനിടയിൽ അവിടെ മോഷണം നടത്താൻ വന്ന രണ്ടു കള്ളന്മാരെ, അവിടെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വാൾട്ടർ ഉപയോഗിച്ചിരുന്ന തോക്കിലെ ബുള്ളറ്റായിരുന്നു അവരുടെ ശരീരത്തിൽ നിന്നും കണ്ടെത്തിയത്. വാൾട്ടർ മരിച്ച രണ്ടാം ദിവസം കാണാതായതാണ് ആ തോക്ക്. ഇത് വാൾട്ടറിന്റെ പണി തന്നെയായിരിക്കും എന്നാണ് ഇവിടെയുള്ള നാട്ടുകാരും ഉദ്യോഗസ്ഥരും വിശ്വസിച്ചിരുന്നത്. 1930 ഭൂത പ്രേതങ്ങളെ കുറിച്ച് റിസർച്ച് ചെയ്യുന്ന രണ്ടുപേർ അവിടെ താമസിക്കാൻ വന്നിരുന്നു. അവരും പൗർണമി നാളിൽ തൂങ്ങിമരിക്കുകയാണ് ചെയ്തത്. ഇതെല്ലാം കാരണം ഭരണകൂടം ആ പ്രോപ്പർട്ടി വിൽക്കാൻ തീരുമാനിച്ചു. എന്നാൽ അത് വാങ്ങാൻ ആരും ധൈര്യപ്പെട്ടിട്ടില്ല. അങ്ങനെ കുറെ വർഷത്തോളം ആ മന്ദിരം അനാഥപെട്ട് കിടന്നു. ഒടുവിലാണ് അത് ഹാരി വാങ്ങുന്നത്. ഹാരിക്കും സംഘത്തിനും അന്ന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. അന്ന് ആ മന്ദിരത്തിൽ വച്ച് അഞ്ച് മരണം നടന്നതായിട്ടാണ് കേസ് റിപ്പോർട്ട്. അതിൽ ആദ്യത്തേത് ഹാരിയുടെ കീഴിൽ പണിയെടുത്തിരുന്ന ഒരു സെക്യൂരിറ്റി ഗാർഡാണ്. സർജിക്കൽ നൈഫ് കൊണ്ടുള്ള കുത്തേറ്റു കൊണ്ടാണ് അയാൾ മരിച്ചത്. പതിനൊന്ന് മണിക്കാണ് ഇത് സംഭവിക്കുന്നത്. രണ്ടാമത്തേത് മാനസിക രോഗിയായ ഇർഫാന്റെ മരണമാണ്. അവൻ വെടിയേറ്റാണ് മരിച്ചത്. അവന്റെ ദേഹത്തിൽ നിന്നും കിട്ടിയ ബുള്ളറ്റ് വാൾട്ടർ ഉപയോഗിച്ചിരുന്ന തോക്കിൽ നിന്നുള്ളതായിരുന്നു. മറ്റു രണ്ട മരണവും ആത്മഹത്യ ആയിട്ടാണ് റിപ്പോർട്ട് ചെയ്തത്. ഹാരിയുടെ കീഴിൽ പണിയെടുത്ത് കൊണ്ടിരുന്ന രണ്ട് നേഴ്സിനെയും മറ്റൊരു സെക്യൂരിറ്റി ഗാർഡിനെയുമാണ് തൂങ്ങിമരിച്ച നിലയിൽ അവിടെ കണ്ടെത്തിയത്. മൂന്നു മണിക്കാണ് അവരുടെ മരണം നടന്നത്. അന്ന് എന്താണ് സംഭവിച്ചതെന്ന് വിവരിച്ചത് ഹാരിയുടെ പേഷ്യന്റ് ആയ എൻട്രിയാണ്. ഒരു മാനസികരോഗി ആയതുകൊണ്ട് അവൻ പറഞ്ഞതിൽ എത്രത്തോളം സത്യമുണ്ടെന്ന് വിശ്വസിക്കാൻ കഴിയില്ല. ഇതിന്റെ എല്ലാം സത്യാവസ്ഥ മനസ്സിലാക്കാൻ വേണ്ടി ഞാനൊരു വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചു.
ഹാരി ഇന്ത്യയിൽ തന്നെയാണ് ജനിച്ചു വളർന്നത്. തന്റെ രക്ഷിതാക്കളുടെ മരണശേഷമായിരുന്നു അവൻ ലണ്ടനിലേക്ക് പഠിക്കാൻ പോയത്. ഇന്ത്യയിൽ ഒരു ക്ലിനിക്ക് തുടങ്ങണം എന്നൊരു പദ്ധതി അവനുണ്ടായിരുന്ന. അതുകൊണ്ട് അവൻ ആദ്യം ജോലി ചെയ്യാൻ ഇന്ത്യയിലേക്കാണ് വന്നത്. തുടക്കം ചുരുങ്ങിയ പേഷ്യൻസിനെ വെച്ചുകൊണ്ട് ഒരു ക്ലിനിക് തുടങ്ങാനായിരുന്നു അവൻ ഉദ്ദേശിച്ചത്. അങ്ങനെയാണ് അവൻ ആ മന്ദിരം വാങ്ങുന്നത്. അവന്റെ സഹായത്തിനു വേണ്ടിയായിരുന്നു മരിച്ചുപോയ രണ്ട് സെക്യൂരിറ്റി ഗാർഡുകളെയും രണ്ട് നേഴ്സുമാരെയും അവൻ അവിടെ നിയമിച്ചത്. അവൻ മുൻപ് ജോലി ചെയ്തിരുന്ന ഭ്രാന്താശുപത്രിയിൽ ഉള്ള അഞ്ച് പേഷ്യൻസിനെ ആയിരുന്നു അവൻ അവിടേക്ക് ഷിഫ്റ്റ് ചെയ്തത്.എഴുപത്തിഅഞ്ച് വയസ്സ് പ്രായം വരുന്ന മാധവൻ ആയിരുന്നു അതിലൊരാൾ.അയാൾ സംഭവം നടക്കുന്നതിന്റെ തലേദിവസം മരണപ്പെട്ടിരുന്നു.ചികിത്സയിനിടയിൽ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. രണ്ടാമത്തെ പേഷ്യന്റ് ആയിരുന്നു വെടിയേറ്റു മരിച്ച ഇർഫാൻ. മൂന്നാമത്തെ ആളായിരുന്നു ഇരുപത്തിരണ്ട് വയസ്സുകാരിയായ മായ. പിതാവിന്റെ മരണം നേരിൽ കണ്ടപ്പോൾ ഉണ്ടായ ഷോക്ക് മൂലമായിരുന്നു അവളുടെ മാനസികനില തെറ്റിയത്. ഒരു കുട്ടികളുടെ സ്വഭാവമായിരുന്നു അവളുടേത്. തന്റെ മനസ്സിന് ആഘാതം ഏൽപ്പിക്കുന്ന കാര്യങ്ങളെല്ലാം അവൾ പെട്ടെന്ന് തന്നെ മറക്കും. അന്ന് രാത്രി അവിടെ എന്താണ് സംഭവിച്ചതെന്ന് അവൾക്ക് ഓർമ്മയുണ്ടായിരുന്നില്ല. കേസുമായി ഉതകുന്ന ഒന്നും തന്നെ അവളുടെ പക്കിൽ നിന്നും ലഭിച്ചില്ലെന്ന് സാരം. ആ ദുരന്തം അതിജീവിച്ച് മറ്റൊരു പേഷ്യന്റ് ആയിരുന്നു ലാലു. അമിതമായ ലഹരിയുടെ ഉപയോഗം മൂലമാണ് അവന്റെ സമനില തെറ്റിയത്. മൂകനായ ഒരു വ്യക്തിയാണ് അവൻ. ഈ കേസിനെ കുറിച്ച് അവന് പല അഭിപ്രായങ്ങളാണ് ഉള്ളത്. അവിടെയുള്ള പ്രേതങ്ങളുടെ കയ്യിൽനിന്നു കഷ്ടിച്ച് രക്ഷപ്പെട്ടതാണെന്നാണ് അവൻ ആദ്യം പറഞ്ഞത്. പിന്നെ അവൻ അത് മാറ്റിപ്പറഞ്ഞു. ഒരു കാരണവുമില്ലാതെയാണ് ഞങ്ങൾ അവിടുന്ന് രക്ഷപ്പെട്ടതെന്നാക്കി. വീണ്ടും ആ കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അവന് ഒന്നും അറിയില്ലെന്ന് പറഞ്ഞു. ഇവരിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു എൻഡ്രി. എൻഡ്രി ഒരു ഡോക്ടറായിരുന്നു. സംശയരോഗം മൂലം അവൻ തന്റെ ഭാര്യയെ കൊല്ലുകയാണുണ്ടായത്. തന്മൂലമാണ് അവന്റെ സമനില തെറ്റിയത്. അവന് ചില സമയങ്ങളിൽ എല്ലാം മതിഭ്രമം ഉണ്ടാവാറുണ്ട്. തന്റെ ഭാര്യയെ തന്നെയാണ് അവൻ മിക്കവാറും കാണാറ്. എന്നാൽ അത് തന്റെ ഭാര്യയാണെന്ന തിരിച്ചറിവ് അവനുണ്ടാവില്ല. തന്റെ മനസ്സിൽ പതിഞ്ഞ ചില കാര്യങ്ങളൊക്കെ അവൻ ഹാലൂസിനേഷൻ ചെയ്യാറുണ്ട്. മിത്രഭ്രമം ഇല്ലാത്ത സമയങ്ങളിൽ അവൻ വളരെ നോർമൽ ആയിട്ടാണ് പെരുമാറുക. അവന് ദേഷ്യം പിടിക്കുന്ന സമയത്താണ് അവൻ കൂടുതൽ വയലൻറ് ആവാറ്.താൻ ഒരു രോഗിയാണെന്ന ചിന്തയൊന്നും അവന് ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടർ ആയിട്ടാണ് അവൻ തന്നെ കണ്ടിരുന്നത്. മറ്റുള്ളവരെ ചികിത്സിക്കാൻ വേണ്ടിയാണ് താൻ ആ മന്ദിരത്തിലേക്ക് വന്നത്, എന്നായിരുന്നു അവൻ കരുതിയിരുന്നത്. എൻഡ്രി സ്ഥിരമായി ഡയറി എഴുതുന്ന കൂട്ടത്തിൽ ആയിരുന്നു. അവന്റെ ഡയറി ഞാൻ വായിച്ചിരുന്നു. നിഗൂഢമായ കാര്യങ്ങളെല്ലാം അന്വേഷിക്കുന്നതിൽ അവൻ വിദഗ്ധനാണെന്ന് എനിക്ക് മനസ്സിലായി. അവനാ മന്ദിരത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ വേണ്ടിയായിരുന്നു കൂടുതൽ സമയം ചിലവഴിച്ചിരുന്നത്. അവന്റെ ഡയറിയിലെ ചില കുറിപ്പുകൾ എല്ലാം വെച്ചുകൊണ്ട് അവൻ പോലീസുകാർക്ക് ഒരു വിവരണം തയ്യാറാക്കിയിരുന്നു.അത് ഇപ്രകാരമായിരുന്നു.
തുടക്കം മുതലേ ആ മന്ദിരത്തിന് ചുറ്റും എന്തോ പന്തികേടുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. രോഗികളെ ചികിത്സിക്കാൻ പറ്റിയ പ്രകൃതിമനോഹരമായ സ്ഥലം തന്നെയായിരുന്നു അത്. പൂന്തോട്ടവും കാടും എല്ലാം മനസ്സിന് ശാന്തമേകുന്നവയാണ്. പുലർകാലത്തെ മൂടൽമഞ്ഞും, തണുപ്പും എല്ലാം മനസ്സിന് കുളിരേകും. എന്നാൽ പകൽ നേരത്തെ സൗന്ദര്യവും നിശബ്ദതയും രാത്രിയാകുമ്പോഴേക്കും കെട്ടണയും. രാത്രികാലങ്ങളിൽ സ്വയം രൂപം മാറുന്ന ഒരു അന്തരീക്ഷമായിരുന്നു അവിടെ ഉണ്ടായിരുന്നത്. രാത്രികളിൽ അവിടെ കൂടെ പല നിഴൽ രൂപങ്ങൾ മിന്നി മായുന്നത് ഞാൻ കണ്ടിരുന്നു. പ്രത്യേകിച്ചും യൂക്കാലിപ്സ് തോട്ടത്തിൽ. അതുപോലെതന്നെ ആ സമയമാകുമ്പോൾ ആണ്, വന്യ മൃഗങ്ങളുടെ ആർപ്പുവിളികൾ ഉയരുക. ഓ..അത് തികച്ചും ഭയാനകമായിരുന്നു. ഇതൊന്നും കൂടാതെ, രാത്രി പുറത്തിറങ്ങരുതെന്ന ഹാരിയുടെ നിർദ്ദേശവും. എന്റെ മനസ്സിൽ അപ്പോഴൊക്കെ ചില സംശയങ്ങൾ ഉയർന്നിരുന്നു. അതോടെ ഞാൻ ആ മന്ദിരത്തെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. അവിടെ പാൽ വിൽക്കാൻ വന്ന പയ്യനോട് ഞാൻ ഇതേക്കുറിച്ച് ചോദിച്ചു. മന്ദിരത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ അവന് കുറച്ച് പണം നൽകേണ്ടി വന്നു. അപ്പോഴാണ് ആ മന്ദിരത്തിൽ വെച്ച് മരിക്കുന്നവരെല്ലാം ഉയർത്തെഴുന്നേൽക്കുമെന്ന ഞെട്ടിക്കുന്ന സത്യം ഞാൻ മനസ്സിലാക്കുന്നത്. ഞാൻ അപ്പോൾ അത് അത്ര വലിയ കാര്യമാക്കി എടുത്തില്ല. അങ്ങനെയിരിക്കെ ഒരിക്കൽ എനിക്ക് ഒരു മുറിയിൽ നിന്നും വാൾട്ടറിന്റെ മരണത്തെ കുറിച്ചുള്ള പത്രക്കുറിപ്പുകളും വാൾട്ടറിന്റെ സഹോദരനായ കാൾട്ടറിന്റെ ഒരു കത്തും ലഭിച്ചത്. അതിലും ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു ഉള്ളത്. ഇതിൽ എല്ലാം എന്തെങ്കിലും സത്യമുണ്ടോ എന്ന് അറിയാൻ വേണ്ടി ഞാനൊരു രാത്രി പുറത്തിറങ്ങാൻ തന്നെ തീരുമാനിച്ചു. ശ്മശാനം ലക്ഷ്യം വെച്ചായിരുന്നു ഞാൻ നടന്നത്. അതിനിടയിൽ യൂക്കാലിസ് തോട്ടത്തിൽ വെച്ച് ഞാനൊരു രൂപത്തെ കണ്ടു. അതൊരു മനുഷ്യനാണോ, പ്രേതമാണോ എന്ന് എനിക്ക് പറയാൻ കഴിയില്ല. ഒരു പഴകിയ ശവശരീരം ജീവനോടെ നിൽക്കുന്ന അതേ പ്രതീതി. എനിക്ക് താങ്ങാൻ കഴിയുന്നതിലും ഭീകരമായ ഒരു കാഴ്ചയായിരുന്നു അത്. എന്റെ സ്വബോധം അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു. പിറ്റേദിവസം ഞാൻ കണ്ണുതുറന്നു നോക്കിയപ്പോൾ, ഞാനെന്റെ മുറിയിൽ കിടക്കുകയായിരുന്നു. ആദ്യം ഞാൻ കരുതിയത് അത് എന്റെ സ്വപ്നമായിരുന്നു എന്നാണ്. എന്റെ സംശയം ദൃഢീകരിക്കാൻ വേണ്ടി ഞാൻ പിറ്റേ ദിവസവും അവിടെ പോയി നോക്കി. എന്നാൽ അന്ന് എനിക്ക് അവിടെ ആരെയും കാണാൻ സാധിച്ചില്ല. എന്നാൽ അവിടെ അമാനുഷികമായ സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു. അതിനിടയിലാണ് മാധവൻ നായർ മരണപ്പെടുന്നത്. അയാളുടെ ശരീരം ശ്മശാനത്തിൽ ആയിരുന്നു ഞങ്ങൾ അടക്കം ചെയ്തത്. മാധവൻ നായരുടെ ശവശരീരം ഉയർത്തെഴുന്നേൽക്കുമോ എന്ന ചോദ്യം എന്നെ വേട്ടയാടാൻ തുടങ്ങിയിരുന്നു. അങ്ങനെ ഞാൻ വീണ്ടും ആ സ്മശാനത്തിലേക്ക് പോകാൻ തീരുമാനിച്ചു.
അപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്. ഒരു കൂട്ടം ജീവനുള്ള ശവശരീരങ്ങൾ യൂക്കാലിപ്സ് തോട്ടത്തിന്റെ പല ഭാഗങ്ങളിലായി ചിതറി നിൽക്കുന്നു. ഞാൻ എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ചു കൊണ്ട് അവിടുന്ന് ഓടി രക്ഷപ്പെട്ടു. തിരിച്ചുവന്ന ഉടനെ ഞാനീ കാര്യം ഹാരിയോട് പറഞ്ഞു. അവൻ എന്നെ വിശ്വസിക്കാത്ത മട്ടിൽ ഞാൻ പറഞ്ഞതെല്ലാം അവഗണിച്ചു.ഞാനിവിടെ നിന്ന് പോകുമെന്ന് പറഞ്ഞപ്പോൾ അവൻ എന്നെ തടഞ്ഞു നിർത്താൻ ശ്രമിച്ചു. അവൻ സെക്യൂരിറ്റികളെ വിളിക്കാൻ ഒരുങ്ങിയപ്പോൾ, ഞാൻ ഷോക്ക് അടിക്കുന്ന യന്ത്രം ഉപയോഗിച്ച് അവനെ ബോധം കെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അത് അവന്റെ തലയ്ക്കാണ് കൊണ്ടത്. അതോടെ അവൻ ബോധം കെട്ടു നിലത്ത് വീണു. അപ്പോഴേക്കും അവിടേക്ക് ഒരു സത്വം കടന്നു വന്നിരുന്നു. അതൊരു സെക്യൂരിറ്റിയെ ആക്രമിക്കാൻ തുടങ്ങി. ഞാൻ ഉടനെ ഹാരിയേയും താങ്ങി പിടിച്ചുകൊണ്ട് അവിടുന്ന് രക്ഷപ്പെട്ടു. ഞാൻ ബാക്കിയുള്ളവരെയെല്ലാം വിളിച്ചുണർത്തി, കാറിൽ കയറാനുള്ള നിർദ്ദേശം കൊടുത്തു. ഞാനായിരുന്നു കാറോടിച്ചത്. മന്ദിരത്തിന്റെ പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോളാണ്, ഞാൻ റോഡിന്റെ മുന്നിൽ ഒരു രൂപത്തെ കണ്ടത്. അത് തോക്ക് പിടിച്ച് നിൽക്കുന്ന വാൾട്ടറായിരുന്നു. അയാൾ എന്നെ ലക്ഷ്യം വെച്ചുകൊണ്ട് വെടിവെച്ചു. പക്ഷേ അത് ഇർഫാനായിരുന്നു കുടുങ്ങിയത്. ഞാൻ കാറൊരു വശത്തേക്ക് തിരിച്ചുകൊണ്ട് മുന്നോട്ട് ഓടിച്ചു. അപ്പോളെല്ലാം വാൾട്ടർ കാറിനെ ലക്ഷ്യം വെച്ചുകൊണ്ട് വെടിവെക്കുന്നുണ്ടായിരുന്നു. ഞങ്ങൾ എങ്ങനെയൊക്കെയാണ് അവിടുന്ന് രക്ഷപ്പെട്ടത്. ഇർഫാന് വെടിയേറ്റത് മൂലം ഞാൻ ആദ്യം ആശുപത്രിയിലേക്കാണ് പോയത്. പക്ഷേ അവർക്ക് അവനെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഇതാണ് സത്യത്തിൽ അന്ന് സംഭവിച്ചത്.
(തുടരും)