രണ്ട് ഹാരിയുടെ ഡയറി ഡിസംബർ 1937
ഇന്നലെ രാത്രി മീന വീഞ്ഞ് തരാൻ വേണ്ടി എന്റെ മുറിയിലേക്ക് വന്നിരുന്നു. അവൾ ഒരു ചുവന്ന സാരിയായിരുന്നു അണിഞ്ഞത്. ആ വസ്ത്രത്തിൽ അവൾ ഒരു വിശ്വസുന്ദരിയെ പോലെയായിരുന്നു. ഞാനറിയാതെ തന്നെ അവളുടെ അരികിലേക്ക് അടുത്തു പോയി. അവിടെ നിർമ്മിച്ച പ്രത്യേകതരം വീഞ്ഞാണെന്ന് പറഞ്ഞ് അവൾ ഒരു ക്ലാസ് എന്റെ അരികിലേക്ക് നീട്ടി.
അവളുടെ കണ്ണുകൾ എന്നെ കൊത്തി പറിക്കുന്നുണ്ടായിരുന്നു. ഞാൻ ഗ്ലാസ് മേശപ്പുറത്ത് വെച്ചശേഷം വീണ്ടും അവളുടെ നേർക്ക് തിരിഞ്ഞു. അവൾ എന്റെ അരികിൽ നിന്നും ഒട്ടും വിട്ടു മാറിയിരുന്നില്ല. ഒരു നിമിഷത്തേക്ക് എനിക്കെന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ അവളുടെ ചുടുചുണ്ടിന്മേൽ ഒരു ചുംബനം നൽകി. അവളും എന്റെ മുഖം തലോടിക്കൊണ്ട് എന്നെ ചുംബിക്കാൻ ഒരുങ്ങി. അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. അവളുടെ കയ്യിൽ ഒരു മോതിരം ഉണ്ടായിരുന്നു. അവൾ കല്യാണം കഴിച്ചതാണോ എന്ന സംശയം എന്നിൽ ഉടലെടുത്തു. അതെന്നെ വല്ലാതെ തളർത്തി. തന്റെ കല്യാണം കഴിഞ്ഞതാണോ എന്ന് ഞാൻ അവളോട് ചോദിച്ചു. പെട്ടെന്നവൾ ഷോക്കേറ്റതുപോലെ തരിച്ചുനിന്നു. ഞാനവളോട് ക്ഷമ ചോദിക്കാൻ ഒരുങ്ങുമ്പോളേക്കും, അവൾ പെട്ടെന്ന് മുറിക്കു പുറത്തേക്ക് ഇറങ്ങി.
ഇന്ന് രാവിലെ അവളുടെ മുഖത്തൊരു മ്ലാനത നിറഞ്ഞു നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. "ഞാൻ ചോദിച്ചതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം." ഞാൻ അവളോട് ക്ഷമ ചോദിച്ചു.
"അയ്യോ.. ഞാനാണ് നിങ്ങളോട് ക്ഷമ ചോദിക്കേണ്ടത്," മൃദുലമായ സ്വരത്തിൽ അവൾ പറഞ്ഞു തുടങ്ങി
"ഞാൻ നിങ്ങളെ അപമാനിച്ചു കൊണ്ടല്ലേ ഇന്നലെ ഇറങ്ങിപ്പോയത്,".
"ഹേയ്.. അങ്ങനെയൊന്നുമില്ല" ഞാൻ പറഞ്ഞു.
"നിങ്ങൾ എന്റെ പഴയ കാര്യങ്ങളെക്കുറിച്ച് ഓർമിപ്പിച്ചത് കൊണ്ടാണ് എനിക്കപ്പോൾ ഒന്നും പറയാൻ പറ്റാതിരുന്നത്,"
അവളെ കുറിച്ച് കൂടുതൽ അറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു പക്ഷേ എവിടുന്ന് തുടങ്ങണം എന്ന് എനിക്കറിയില്ലായിരുന്നു.
"ഞാൻ കാരണമാണല്ലോ നിങ്ങൾ ആ പഴയ കാര്യത്തെക്കുറിച്ച് ഓർക്കേണ്ടിവന്നത്," ഒടുവിൽ ഞാനൊരു തുടക്കമിട്ടു.
"നിങ്ങൾ വിചാരിക്കുന്നത് പോലെ ഇത് അത്ര വലിയ ദുഃഖം നിറഞ്ഞ കഥ ഒന്നുമല്ല" ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അവൾ തന്റെ കഥ പറയാൻ തുടങ്ങി.
"ഞാൻ ലണ്ടനിൽ പഠിക്കുന്ന സമയത്താണ്, ആദ്യമായി അദ്ദേഹത്തെ കാണുന്നത്. പുള്ളിക്കാരന് എന്നോട് എന്തോ അനുകമ്പയുണ്ടായിരുന്നു എന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു. അദ്ദേഹം ഒരു നാണക്കാരനായതുകൊണ്ട് പ്രണയം തുറന്നു പറയാൻ മടിയായിരുന്നു. അങ്ങനെ ഒരു ദിവസം ഞങ്ങൾ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ നോക്കുന്ന സമയത്ത് പെട്ടെന്നൊരു മഴ പെയ്തു. മഴ നനയാതിരിക്കാൻ വേണ്ടി ഞങ്ങൾ അടുത്തുള്ള ഒരു ഷെൽട്ടറിന്റെ അരികിലേക്ക് ഓടി. ആ സമയം ഞങ്ങൾ പരസ്പരം ഒട്ടിച്ചേർന്നതുപോലെയായിരുന്നു. ഒടുവിൽ എനിക്കൊരു ചുംബനം നൽകിക്കൊണ്ട് അദ്ദേഹം തന്റെ പ്രണയം തുറന്നു പറഞ്ഞു. പഠനം കഴിഞ്ഞ ഉടനെ ഞങ്ങളുടെ എൻഗേജ്മെൻറ് നടന്നു. അദ്ദേഹം പ്രാക്ടീസിന് വേണ്ടിയായിരുന്നു ഇന്ത്യയിലേക്ക് വന്നത്. ഇവിടെ സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. ക്ലിനിക് എല്ലാം തുടങ്ങിയ ശേഷം തിരിച്ചുവന്ന് എന്നെ വിവാഹം ചെയ്തോളാം എന്ന് അദ്ദേഹം എനിക്കി വാക്കു തന്നിരുന്നു. തുടക്കകാലം മുടങ്ങാതെ അദ്ദേഹത്തിന്റെ കത്തുകൾ എനിക്ക് ലഭിച്ചിരുന്നു. പിന്നെ അദ്ദേഹത്തിന്റെ കത്തുകൾ ലഭിക്കാതായപ്പോൾ ഞാനിവിടെക്കി വന്നു. പക്ഷേ നിർഭാഗ്യവശാൽ എനിക്ക് അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്നാണ് ഞാൻ ഇവിടെ തന്നെ സെറ്റിൽ ചെയ്യാൻ തീരുമാനിച്ചത്. പക്ഷേ ഇതുവരെ അദ്ദേഹത്തിന്റെ ഒരു വിവരവും ലഭിച്ചില്ല."
ഒരു നേർത്ത വിരഹത്തോടെ അവൾ അല്പനേരം മൗനം പാലിച്ചു നിന്നു. പിന്നെ കൂടുതൽ കാര്യമൊന്നും ഞാൻ ചോദിക്കാൻ നിന്നില്ല. അവൾക്കൊരു ഇടം നൽകിക്കൊണ്ട് ഞാൻ അവിടുന്ന് മാറി. അവളോട് എനിക്ക് എന്തോ ഒരു അനുകമ്പം തോന്നുന്നുണ്ട്. എന്നിലെ എന്തോ ഒരു വികാരം ഉണരുന്നത് പോലെ. അവൾക്കും എന്നോട് താല്പര്യം ഉണ്ടെന്നാണ് തോന്നുന്നത്. അത് പ്രേമമാണോ അതോ ആകർഷണമാണോ എന്ന് എനിക്ക് മനസ്സിലാവുന്നില്ല.
എൻഡ്രിയുടെ ഡയറി ഡിസംബർ 1937
ഇന്ന് വളരെ വിചിത്രമായ ഒരു സംഭവം നടന്നു. രാവിലെ തന്നെ ലാലുവിനെ കാണാനില്ലെന്ന് പറഞ്ഞു അലക്സാണ്ടർ എന്റെ അരികിൽ വന്നിരുന്നു. ഞങ്ങളെല്ലാവരും ആ മന്ദിരം മുഴുവനും അരിച്ചുപെറുക്കിയിട്ടും അവനെ കണ്ടെത്താനായില്ല. അതേത്തുടർന്ന് ഞങ്ങളുടെ അന്വേഷണം മന്ദിരത്തിന്റെ പുറത്തേക്കും വ്യാപിച്ചു. ഒടുവിൽ യൂക്കാലിപ്സ് മരങ്ങൾക്കിടയിൽ നിന്നും അവനെ കണ്ടെത്തി. ബോധംകെട്ട നിലയിലായിരുന്നു അവൻ അവിടെ കിടന്നിരുന്നത്. അവനു ബോധം തിരിച്ചു കിട്ടിയ സമയത്ത് അവന്റെ മുഖത്ത് ആദ്യം വന്നത് ഭയമായിരുന്നു. അൽപ്പനേരത്തെ വിശ്രമത്തിനുശേഷമായിരുന്നു അവൻ ഞങ്ങളോട് കാര്യങ്ങളെല്ലാം വിവരിച്ചത്.
"ഇന്നലെ രാത്രി ഞാൻ പുകവലിക്കാൻ വേണ്ടി പുറത്തേക്കിറങ്ങിയിരുന്നു. ഞാൻ ലൈറ്റർ എടുത്ത് സിഗ കത്തിക്കുന്ന സമയത്താണ് എന്തോ ഒരു ശബ്ദം കേട്ടത്. ഞാനാ ശബ്ദം പിന്തുടർന്നുകൊണ്ട് യൂക്കാലിപ്സ് തോട്ടത്തിൽ എത്തി. ആരോ ഒരാൾ യൂക്കാലിപ്സ് മരത്തിന്റെ തൊലി ഉരിയുന്നുണ്ടായിരുന്നു. അതാരാണെന്ന് അറിയാൻ വേണ്ടി ഞാൻ അയാളുടെ അരികിലേക്ക് നീങ്ങി. എന്റെ കാൽ പെരുമാറ്റം കേട്ടിട്ടാവണം, അയാൾ തന്റെ പണി നിർത്തിക്കൊണ്ട് അവിടെ തന്നെ നിന്നു. അപ്പോൾ ഞാൻ ഒന്ന് ഭയന്നു. പെട്ടെന്നയാൾ എന്റെ നേർക്ക് തിരിഞ്ഞു. ദൈവമേ ഞാൻ കണ്ട കാഴ്ച. അത്.. അത് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. ജീർണിച്ച വികൃതമായ ഒരു ശവശരീരം ആയിരുന്നു അത്. പക്ഷേ അതിനു ജീവനുണ്ട്. അത് എന്നെ ലക്ഷ്യമാക്കി വന്നത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ. പിന്നെ ഞാൻ കണ്ണുതുറന്നപ്പോൾ, നിങ്ങളെയാണ് കണ്ടത്."
അവൻ പറഞ്ഞത് അംഗീകരിക്കാൻ പലർക്കും കഴിഞ്ഞില്ല. അവൻ പറഞ്ഞതിന്റെ സത്യാവസ്ഥ അറിയാൻ വേണ്ടി അലക്സാണ്ടറും ചില സെക്യൂരിറ്റികളും ഇന്ന് രാത്രി അവിടെ പോകുമെന്ന് പറഞ്ഞിട്ടുണ്ട്. എനിക്കും അവരുടെ കൂടെ പോകണമെന്നുണ്ടായിരുന്നു. എന്നാൽ അലക്സാണ്ടർ അതിനു സമ്മതിച്ചില്ല. വാൾട്ടറിന്റെ ജീർണിച്ച ശവ ശരീരമായിരിക്കുമോ അവൻ കണ്ടത്?. അല്ലെങ്കിൽ അവനും എന്നെപ്പോലെ സ്വപ്നം കണ്ടതാണോ?. നാളെ നേരം പുലർന്നാൽ മാത്രമേ ഇതിന്റെയെല്ലാം സത്യാവസ്ഥ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.
ഹാരിയുടെ ഡയറി ഡിസംബർ 1937
ഇന്നൊരു ദുസ്വപ്നം കണ്ടാണ് ഞാൻ ഉണർന്നത്. ഭീകരവും അതിലുപരി യാഥാർത്ഥ്യമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു സ്വപ്നമായിരുന്നു അത്. സ്വപ്നത്തിൽ ഞാൻ യൂക്കാലിപ്സ് തോട്ടത്തിലൂടെ നടക്കുകയായിരുന്നു. എന്റെ കൂടെ അലക്സാണ്ടറും റെയ്മണ്ടും ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അലക്സാണ്ടറെ കാണാതായി. ഞാനും റെയ്മണ്ട് മാത്രം. അദ്ദേഹം എന്നോട് എന്തൊക്കെയോ പറയുന്നുണ്ട്, ഞാൻ അതിനെല്ലാം മറുപടിയും കൊടുക്കുന്നുണ്ട്. ഒരു റാന്തലിന്റെ സഹായത്തോടെ ആയിരുന്നു ഞങ്ങൾ ആ വനത്തിലൂടെ നടന്നത്. കുറച്ചു കഴിഞ്ഞപ്പോൾ റെയ്മണ്ടനെയും കാണാതായി. അപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. എന്റെ പുറകിലായി കുറേ ശവശരീരങ്ങൾ നിൽപ്പുണ്ടായിരുന്നു, അവയ്ക്കെല്ലാം ജീവനും ഉണ്ടായിരുന്നു. അതിൽ തോക്കേന്തി കൊണ്ട് നിൽക്കുന്ന ഒരു രൂപം എന്നെ നോക്കിക്കൊണ്ട് എന്തോ ആംഗ്യത്തിൽ കാണിച്ചു. അത്രമാത്രമേ എനിക്ക് ശരിക്കും ഓർമ്മയുള്ളൂ അതിനിടയിൽ എപ്പോളോ ഞാൻ ഉണർന്നു പോയി. പ്രാതലിന്റെ സമയത്തെല്ലാം ഞാനീ സ്വപ്നത്തെക്കുറിച്ചായിരുന്നു ചിന്തിച്ചത്. ആ സമയത്താണ് അലക്സാണ്ടർ അവിടേക്ക് വന്നത്. രാത്രി ഉറങ്ങാത്തതിന്റെ ക്ഷീണം അദ്ദേഹത്തിന്റെ മുഖത്ത് തെളിഞ്ഞു കണ്ടിരുന്നു. എൻഡ്രി ആവേശത്തോടെ ഇന്നലെ രാത്രി എന്തെങ്കിലും സംഭവിച്ചിരുന്നോ എന്ന് അദ്ദേഹത്തോട് ചോദിച്ചു.
"ലാലു പറഞ്ഞതുപോലെയുള്ള ഒരു രൂപമൊന്നും അവിടെയില്ല. എന്തായാലും നിങ്ങൾ രാത്രികാലങ്ങളിൽ പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്. രാത്രിയിൽ വന്യമൃഗങ്ങൾ ഇറങ്ങാൻ സാധ്യതയുണ്ട്," അദ്ദേഹം പറഞ്ഞു. പ്രാതൽ കഴിച്ച ശേഷം അദ്ദേഹം തന്റെ മുറിയിലേക്ക് പോയി. ഞാൻ കണ്ട സ്വപ്നത്തെക്കുറിച്ച് ആരോടും ഒന്നും പറയാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. എല്ലാം വളരെ വിചിത്രമായി തോന്നുന്നു.
(തുടരും)